Image

ഫ്രാന്‍സിലെ തെരുവുകളില്‍ പ്രാര്‍ഥനയ്ക്ക് വിലക്ക്

Published on 17 September, 2011
ഫ്രാന്‍സിലെ തെരുവുകളില്‍ പ്രാര്‍ഥനയ്ക്ക് വിലക്ക്

ഫ്രാന്‍സിലെ തെരുവുകളില്‍ മുസ്‌ലിംകള്‍ നടത്തിവന്നിരുന്ന പ്രാര്‍ഥനയ്ക്ക് വിലക്ക് നിലവില്‍ വന്നു.


പള്ളികളില്‍ വെള്ളിയാഴ്ചത്തെ ഉച്ചപ്രാര്‍ഥനയ്ക്ക് ഇടം ലഭിക്കാത്തവരാണ് പാരീസുള്‍പ്പെടെയുള്ള നഗരങ്ങളില്‍ തെരുവോരങ്ങളെ ആശ്രയിച്ചുവന്നത്. വിശ്വാസികള്‍ വിരികളുമായി നടപ്പാതകളിലെത്തി പ്രാര്‍ഥിക്കുന്നത് പതിവുകാഴ്ചയായിരുന്നു. എന്നാലിത് ഫ്രാന്‍സിന്റെ മതനിരപേക്ഷതത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് നിക്കൊളാസ് സര്‍ക്കോസി സര്‍ക്കാറിന്റെ നിലപാട്. ഉപയോഗശൂന്യമായ ബാരക്കുകളിലും താത്കാലികകേന്ദ്രങ്ങളിലും പ്രാര്‍ഥനയാകാമെന്ന് ആഭ്യന്തരമന്ത്രി ക്ലോദ് ഗ്രീന്റ് അറിയിച്ചു.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംജനസംഖ്യയുള്ള ഫ്രാന്‍സില്‍ ഈ വര്‍ഷം പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതും വിവാദമായിരുന്നു. തെരുവിലെ പ്രാര്‍ഥന അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ക്ലോദ് ഗ്രീന്റ് പറഞ്ഞു. ആരെങ്കിലും വിലക്ക് ലംഘിക്കുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പള്ളികളില്‍ സ്ഥലമില്ലാത്തതിനാലാണ് തെരുവില്‍ പ്രാര്‍ഥന നടക്കുന്നതെന്ന് ഗുട്ട് ദെ ഓര്‍ നഗരത്തിലെ ഇമാം മുഹമ്മദ് സലാ ഹംസ പറഞ്ഞു. പകരം സംവിധാനമൊരുക്കിയെന്നു പറയുന്ന ബാരക്കുകളിലെ സ്ഥിതി ശോചനീയമാണ്. വിശ്വാസികളെ കാലികളായി കാണുന്നത് അരാജകത്വമാണ്-അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക