Image

എസ്.എം.എസ് വിവാദം: പി.ജെ ജോസഫിന് സമന്‍സ്‌ അയക്കാന്‍ കോടതി ഉത്തരവിട്ടു

Published on 17 September, 2011
എസ്.എം.എസ് വിവാദം: പി.ജെ ജോസഫിന് സമന്‍സ്‌ അയക്കാന്‍ കോടതി ഉത്തരവിട്ടു
തൊടുപുഴ: വിവാദമായ എസ്.എം.എസ് കേസില്‍ മന്ത്രി പി.ജെ.ജോസഫിന് സമന്‍സ് അയക്കാന്‍ തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. തൊടുപുഴ സ്വദേശിനിയായ സുരഭി ദാസ് എന്ന സ്ത്രീയുടെ മൊബൈലിലേക്ക് പി.ജെ ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ശൂന്യ എസ്.എം.എസ് അയച്ചുവെന്നതാണ് കേസിന് ആധാരം. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കോടതി സമന്‍സ് അയക്കാന്‍ ഉത്തരവായിരിക്കുന്നത്.

ഒക്‌ടോബര്‍ 22ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ജോസഫിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 511 പ്രകാരവും ഐ.ടി വകുപ്പിലെ ആറ് അനുസരിച്ച് സൈബര്‍ കുറ്റകൃത്യം എന്ന നിലയിലുമാണ് കേസെടുത്തിരിക്കുന്നത്. സുരഭി ദാസ് സമര്‍പ്പിച്ച സ്വകാര്യ അന്യായം ഹര്‍ജിയായി പരിഗണിച്ച് കോടതി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയായിരുന്നു. ബന്ധപ്പെട്ടവരുടെ മൊഴികേട്ട ശേഷമാണ് പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കണ്ട് സമന്‍സ് അയക്കാന്‍ ഉത്തരവായത്. അടുത്ത വ്യാഴാഴ്ച ഈ കേസ് വീണ്ടും പരിഗണിക്കും.

പരാതിക്കാരിയായ സുരഭി ദാസിന്റെ ഭര്‍ത്താവായ ജെയ്‌മോന്‍ കേസിന്റെ മൊഴിരേഖപ്പെടുത്തുന്ന വേളയില്‍ ഇടയ്ക്ക് പി.ജെ.ജോസഫിന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. പി.സി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്നുള്ള ഗൂഢാലോചനയാണിതെന്നാണ് ജെയ്‌മോന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇതേ തുടര്‍ന്ന് വിവാദം കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ വന്‍ ബഹളത്തിന് വഴിവെച്ചു.

ഇതിനിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ജെയ്‌മോന്‍ വീണ്ടും മൊഴിമാറ്റി. മന്ത്രി പി.ജെ.ജോസഫുമായി ബന്ധപ്പെട്ട എസ്.എം.എസ്. വിവാദത്തില്‍ കേരള കോണ്‍ഗ്രസ്സുകാരില്‍നിന്ന് വധഭീഷണിയുണ്ടെന്ന് കേസില്‍ അഞ്ചാം സാക്ഷിയുമായ പത്തനംതിട്ട ചിറ്റാര്‍ പള്ളിനടയില്‍ ജെയ്‌മോന്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ജെയ്‌മോന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് സി.ആര്‍.രവിചന്ദര്‍ രേഖപ്പെടുത്തി. ജെയ്‌മോന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമാണ് കേസെടുക്കാന്‍ കോടതി തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക