Image

പെസഹയാല്‍ പെസഹാടിനെ നീക്കിയാ…!!! -(മീനു എലിസബത്ത്)

മീനു എലിസബത്ത് Published on 28 March, 2013
പെസഹയാല്‍ പെസഹാടിനെ നീക്കിയാ…!!! -(മീനു എലിസബത്ത്)
ഇത്‌ ഹാശാ ആഴ്‌ച. ലോകം മുഴുവന്‍ ക്രിസ്‌ത്യാനികള്‍ സഹനത്തോടും, പ്രാര്‍ത്ഥനയോടും, ഉള്‍വിളിയോടും ത്യാഗത്തോടും നൊയമ്പിന്റെ അകമ്പടിയോടെ കൊണ്ടാടപ്പെടെണ്ട ആഴ്‌ച. ഓശാനയില്‍ തുടങ്ങി, ഉയിര്‍പ്പില്‍ അവസാനിക്കുന്ന പള്ളി ദിവസങ്ങള്‍..., തങ്ങളുടെ പ്രിയപ്പെട്ട, ദാവീദിന്‍ സുതനെ പെണ്‍കഴുതപ്പുറത്തേറ്റി, ആര്‍പ്പുവിളികളോടെ ഒലിവീന്തല്‍ തലകളാല്‍ ഓശാന പാടിയ ആഴ്‌ച. ദൈവപുത്രനോട്‌ കൂടി പെസഹാ അപ്പം പങ്കിട്ട ആഴ്‌ച. ലോകത്തിന്റെ പാപം മുഴുവന്‍ സ്വന്തം തോളില്‍ താങ്ങിയ തങ്ങളുടെ പ്രിയപുത്രന്‌, ക്രൂശു മരണം നേടിക്കൊടുത്ത ആഴ്‌ച. എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട്‌ അത്യുന്നതന്‍ ഉയിര്‍ത്തെഴുന്നേറ്റ ആഴ്‌ച. സന്തോഷത്തില്‍ തുടങ്ങി സങ്കടത്തിന്റെ പെരുമഴ പെയ്യിച്ചു. ഉയിര്‍പ്പോടെ, വീണ്ടും ആഹ്ലാദത്തില്‍, ആഘോഷങ്ങളില്‍ അവസാനിക്കുന്ന ആഴ്‌ച.

ചെറുപ്പകാലത്ത്‌, ഓശാന ഞായറാഴ്‌ച, അത്യുത്സാഹത്തോടെയാണ്‌ പള്ളിയില്‍ പോവുക.. ഇളം കുരുത്തോലകള്‍ ആട്ടി, പള്ളിക്ക്‌ ചുറ്റുമുള്ള പ്രദക്ഷിണം. ഇടയ്‌ക്കിടയ്‌ക്ക്‌ പൂക്കളുടെ പെരുമഴ. നിര്‍ത്തി നിര്‍ത്തിയുള്ള ചൊല്ലുകള്‍, വായനകള്‍, കയ്യില്‍ വന്നു വീഴുന്ന പല ജാതി പൂക്കളില്‍, മഞ്ഞക്കൊളാമ്പിയും, ബോഗൈന്‍വില്ലയും, ചെമ്പകവും, വാകയും. കഴുതപ്പുറത്ത്‌ കയറി വരുന്ന യേശുവിന്റെ രൂപം മനസില്‍....., അന്ന്‌ വരെ വായിച്ച കഥകളിലെല്ലാം കഴുത ഒരു തിരുമണ്ടന്‍ മൃഗമാണ്‌.. എന്നാലും യേശുവിനു ഈ പാവം കഴുതയെ മാത്രമേ കിട്ടിയുള്ളൊ എന്നൊക്കെ മനസ്‌ പറയും.

`യെരുശലേമിലെ വന്മലമേല്‍ ഓരുകിലെന്നെ ആരെറ്റി
വരവാഹനാനായ്‌ പുരി പൂകും പരസുതനെ ഞാന്‍ കാണുന്നു...
ഓശാനാ.. ഓശാനാ.. ദാവിതാത്മഞ്‌ജനോശാനാ
സയിത്തിന്‍ കൊമ്പുകളേന്തിതാ പിഞ്ചു കിടാങ്ങള്‍ പാടുന്നു...

അതിമനോഹരമായ ഓശാന ഗാനങ്ങള്‍... ഈണത്തില്‍ പാടി.. പ്രദക്ഷിണം അവസാനിച്ചു പള്ളിയിലേക്ക്‌ കയറുമ്പോള്‍ സങ്കടമാണ്‌.

വീണ്ടും നാല്‌ ദിവസം കഴിഞ്ഞു പെസാഹപ്പെന്നാള്‍.., അമേരിക്കയില്‍ പെസഹാ ശുശ്രൂഷകള്‍ വിശ്വാസികളുടെ സൗകര്യപൂര്‍വ്വം ഓര്‍ത്തഡോക്‌സ്‌ സഭ ബുധനാഴ്‌ചകളില്‍ ആക്കിയിരിക്കുന്നു. നല്ല കാര്യം. ഇന്നലെ രാത്രി പെസഹാപ്പെന്നാളിന്‌ പള്ളി കഴിഞ്ഞിറങ്ങുമ്പോള്‍ അപ്പനും അമ്മയും പള്ളത്ത്‌ പള്ളിയും ആയിരുന്നു മനസ്സില്‍...

സാധാരണ ഞായറാഴ്‌ചകളില്‍ കുട്ടികള്‍ക്ക്‌ സണ്‍ഡേ സ്‌കൂള്‍ ഉള്ളതിനാല്‍ വിശുദ്ധ ദിവസങ്ങളില്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ചു പള്ളിയിലേക്കിറങ്ങൂ. വീട്ടില്‍ നിന്നു മുണ്ടും മടക്കിക്കുത്തി പളളിയിലേക്ക്‌ വരുന്ന അപ്പന്‍, പള്ളിയുടെ പടിഞ്ഞാറേ നടയാകുമ്പോള്‍ മടക്കിക്കുത്തു താഴ്‌ത്തി, നെഞ്ചത്ത്‌ ഒരു കൈവെച്ച്‌, ഓടിച്ചൊരു കുരിശു വരക്കും. `എന്റെ പൗലോസ്‌ സ്ലീഹായെ' എന്ന്‌ മെല്ലെ ഒന്ന്‌ വിളിക്കും. അമ്മ തന്റെ, കഞ്ഞിപ്പശ മുക്കി, വടിപോലെ തേച്ചു, ചുളിവ്‌ കളഞ്ഞ, വെള്ളയില്‍ കുഞ്ഞു പൂക്കള്‍ തയിച്ച കോട്ടണ്‍ സാരിയുടെ മുന്താണിയെടുത്തു തലവഴി പുതക്കും. റെന്ത അരികില്‍ പിടിപ്പിച്ച സ്‌കാര്‍ഫ്‌ എന്റെ തലയില്‍ കെട്ടും. ആങ്ങളെ അപ്പന്റെ കൂടെയും, ഞാന്‍ അമ്മയുടെ കൂടെയും ഇടതും വലതും വാതിക്കല്‍ കൂടെ കുരിശുവരച്ചു കൊണ്ട്‌ പള്ളിയിലേക്ക്‌ കയറും.

കറുത്ത കുപ്പായം ഇടുവിച്ചിരിക്കുന്ന ത്രോണോസ്‌. മദ്‌ബഹായില്‍ പതിവലധികം ശുശ്രൂഷക്കാര്‍, പ്രത്യേകം ക്ഷണത്തില്‍ വന്നിരിക്കുന്ന ചില അച്ചന്മാര്‍ സെമിനാരിയില്‍ പഠിക്കുന്ന ചില അച്ചന്‍ കുഞ്ഞുങ്ങള്‍... ഇവരുടെയെല്ലാം നടുക്ക്‌ രൂപം കൊണ്ടും, ശബ്ദം കൊണ്ടും വേറിട്ട്‌ നില്‍ക്കുന്ന റവറന്‍ ഫാദര്‍, ഡോക്ടര്‍ ടി.ജെ. ജോഷ്വാച്ചന്‍!..

പള്ളിയില്‍ പതിവില്ലാത്ത ആള്‍ക്കൂട്ടമാണ്‌. ദൂരദേശത്ത്‌ താമസിക്കുന്ന പലരും തന്നെ, ഹാശാ ആഴ്‌ചകളില്‍ തങ്ങളുടെ ഇടവകപ്പള്ളിയിലേക്ക്‌ തിരികെ വരും. എന്റെ അപ്പന്റെ പെങ്ങളും, അത്‌ പോലെ, മറ്റിടവകകളില്‍ കെട്ടിച്ചു വിട്ടിട്ടുള്ള ഞങ്ങളുടെ കുടുംബത്തിലെ പല പെണ്ണുങ്ങളും, ഹാശാ ആഴ്‌ചകളില്‍ താന്താങ്ങളുടെ ഇടവകകളിലേക്ക്‌ മടങ്ങി വരുന്നതു പതിവാണ്‌. ആ പതിവ്‌ അമേരിക്കയില്‍ ഞാനും തുടരുന്നു. ഹാശാ ആഴ്‌ചകളില്‍ ഞാനും കുട്ടികളും ഓര്‍ത്തഡോക്‌സ്‌ പള്ളികളിലാണ്‌ പോകാറ്‌.

കുമ്പിടീല്‍ തകൃതിയായി നടക്കുന്നു. അന്നൊക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ കുമ്പിടീല്‍ ഒരു ആവേശമായിരുന്നു. ഒരു കുമ്പു പോലും മുടക്കാതെ, മടുക്കാതെ, ചെയ്യും. ശരീരഭാരത്താല്‍, കുമ്പിടാതെ, നില്‍ക്കുന്നവരേക്കുറിച്ചു മനസ്സില്‍ പലതും ചിന്തിക്കും.. `ഇവര്‍ക്കൊക്കെ, ഞങ്ങളെ പോലയങ്ങു കുമ്പിട്ടുകൂടെ.. വെറുതെ വന്നു നില്‍ക്കുവാ..' എന്നൊക്കെ കുന്നായ്‌മ പറയും. ഇന്നല്ലെ മനസിലാവുന്നത്‌, അന്നത്തെ അമ്മച്ചിമ്മാര്‍ എന്ത്‌ കഷ്ടപ്പെട്ടാണ്‌ മണിക്കൂറുകളോളം ആ നില്‍പ്പ്‌ തന്നെ നിന്നിരുന്നത്‌ എന്ന്‌. ഇന്ന്‌ നാട്ടിലെ ഓര്‍ത്തഡോക്‌സ്‌ പള്ളികളില്‍ പുറകിലെ ഒരു നിരയില്‍ കസേരകളോ, ബെഞ്ചുകളോ കാണും. അന്നത്‌ പോലുമില്ല.

പെസാഹയുടെ പാട്ടുകള്‍ നിര്‍ത്തില്ലാതെ തുടരുന്നു.. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍... യേശു തന്റെ ശിഷ്യന്മാരോരുമിച്ചു പെസഹാപ്പെരുന്നാള്‍ അനുസ്‌മരിച്ചതിന്റെ ഓര്‍മ്മ.. എളിമയോടെ ശിഷ്യന്മാരുടെ കാല്‍ കഴുകല്‍ ശുശ്രൂഷ ചെയ്‌തത്തിന്റെ വായനകള്‍ ഇതെല്ലാം അനുസ്‌മരിപ്പിക്കുന്ന അര്‍ത്ഥവത്തായ, ഭക്തി നിര്‍ഭരമായ ശീലുകള്‍ എല്ലാ കണ്‌ഠങ്ങളില്‍ നിന്നും അനസ്യൂതം നിര്‍ഗളിക്കുന്നു.

നിന്‍ വിധി ചെയ്‌തോര്‍ വിധിയേല്‍ക്കുംപോള്‍,
വിധി ചെയ്യരുതേ... ഞാങ്ങളെയീശാ.
എല്ലാ വരികളും ഓരോ തേങ്ങലുകളാണ്‌. ഒരു പേടി നിറഞ്ഞ അപേകഷകളാണ്‌, യാചനകളാണ്‌. കരുണയ്‌ക്കുവേണ്ടിയുള്ള മുറവിളികളാണ്‌.

ഞങ്ങള്‍ക്കായുള്ളവായൊരു നിന്‍ ബഹു കഷ്ടതയാല്‍ കൃപ ചെയ്‌ക..
നിന്‍ ഹാശായില്‍ കഷ്ടതയാല്‍, നേടണമവകാശം രാജ്യേ
ദേവാ.. ദയയുണ്ടാകേണം. നാഥാ... കൃപ തോന്നേണം അലിവാല്‍...

തലേ ദിവസം കുംമ്പസാരിച്ചിട്ടുള്ള മുതിര്‍ന്നവരും, അച്ചനെക്കൊണ്ട്‌ തലയില്‍ തൊട്ട്‌ പ്രാര്‍ത്ഥിച്ചിട്ടുള്ള കൊച്ചുകുട്ടികളും കുര്‍ബാന കൊള്ളആനായി വരിവരിയായി വരുമ്പോള്‍ ആണ്‌..

`രഹസ്യം രഹസ്യം ഉടയോനരുളി-
രഹസ്യം എനിക്കും എന്‍വീട്ടുകാര്‍ക്കും-
സ്വര്‍ഗ്ഗാധി നാഥആ മഹത്വമണാളാ ..
സ്‌തോത്രം - തിരുനാമത്തിനു നിത്യം.'

ഈ രഹസ്യപ്പാട്ടും പാടി കുുര്‍ബാനയും അനുഭവിച്ചു വീട്ടിലേക്കൊരു മടക്കയാത്ര.. പിറ്റേദിവസം ദുഃഖവെളളിയാഴ്‌ച. അതി രാവിലെ തന്നെ, പള്ളിയില്‍ വരേണ്ടതാണ്‌. ഒരു ദിവസം മുഴുവന്‍ കുമ്പിടാനും ഒറ്റ നില്‌പ്പ്‌ നില്‍ക്കാനുമുള്ളതാണ്‌. ഹാശാ ആഴ്‌ചകളില്‍ കഴിവതും മൗനം പാലിക്കണമെന്നും, ഭക്തിയോടെ അന്യോന്യം വര്‍ത്തിക്കണമെന്നുമെല്ലാമുള്ള ടി.ജെ. ജോഷ്വാച്ചന്റെ, മുഴക്കമുള്ള ശബ്ദം ചെവിയില്‍ മുഴങ്ങുന്നതിനാല്‍ കളിചിരികളോ, വലിയ കുശലപ്രശ്‌നങ്ങളോ ഒന്നുമില്ലാതെയാണ്‌ കുട്ടികള്‍ പോലും വീട്ടിലേക്കു മടങ്ങുക..

അതു ഒരു കാലം...

ഇന്നലെ പെസഹാപ്പെരുനാള്‍ കൂടി തിരികെ വരുമ്പോള്‍ അപ്പന്‍ തലതൊട്ട ഇരട്ടകളിലൊരാള്‍ ചോദിച്ചു..

"Can we please have some hamburger tonight ??!! അവന്റെ സ്വരത്തില്‍ ഒരു ചെറിയ പരിഭവം. ഹാശാ ആഴ്‌ചയില്‍ എല്ലാവര്‍ക്കും നോയമ്പാണ്‌.

`കമോണ്‍ യു കാന്‍ വെയിറ്റ്‌.. ഒണ്‍ലി ത്രീ മോര്‍ ഡേയ്‌സ്‌' അവനോടു മറുപടി പറയുമ്പോള്‍ എന്റെ ചിന്ത വീണ്ടും അവരെക്കുറിച്ചായിരുന്നു.

`സ്വര്‍ഗ്ഗത്തില്‍ പെസഹാപ്പം ഉണ്ടാക്കാന്‍ അമ്മ കൂടുവാരിക്കും'!!!... അവിടേ നോയമ്പ്‌ കാണുമോ ആവോ?... എന്നാല്‍ അപ്പന്‌ പെട്ടത്‌ തന്നെ?...

പാവം, അപ്പന്‌ നാട്ടില്‍ വെച്ച്‌ ഈസ്റ്റര്‍ വരെ പിടിച്ചു നിക്കാന്‍ പാടായിരുന്നു.... ദുഃഖ ശനിയാഴ്‌ച തന്നെ അപ്പന്റെ നോമ്പ്‌ വീടും. കുപ്പി പൊട്ടിക്കുമ്പോള്‍ പറയാന്‍ ഒരു ന്യായവും കാണും.

`എടി, കര്‍ത്താവ്‌ ശനിയാഴ്‌ചയേ പാതാളത്തില്‍ ഉയിര്‍ത്തില്ലേ പിന്നെ നമ്മളെന്നാത്തിനാ ഞായറാഴ്‌ച വരെ കാക്കുന്നത്‌? അച്ചന്‍മ്മാര്‌ പോലും ഇന്ന്‌ രണ്ടെണ്ണം വീശും അപ്പോളാ!

`രഹസ്യം രഹസ്യം ഉടയോനരുളി.....
രഹസ്യമെനിക്കും എന്‍വീട്ടുകാര്‍ക്കും..'


പെസഹയാല്‍ പെസഹാടിനെ നീക്കിയാ…!!! -(മീനു എലിസബത്ത്)പെസഹയാല്‍ പെസഹാടിനെ നീക്കിയാ…!!! -(മീനു എലിസബത്ത്)
Join WhatsApp News
ജോൺ 2018-03-29 13:58:27
ജൂഡാസ് ഒറ്റിയത് കൊണ്ടാണ് യേശുവിനെ തൂക്കിലേറ്റിയത് എന്ന് ആണ് എല്ലാ ക്രിസ്ത്യാനികളും വിശ്വസിക്കുന്നതും വിശ്വസിപ്പിച്ചു പോരുന്നതും. 
ഒരു വശത്തു ജൂദാസിനെ വളരെ മോശമായി പറയുന്ന പുരോഹിതർ മറുവശത്തു യേശുവിന്റെ കുരിശു മരണത്തെ വാനോളം പുകഴ്ത്തുന്നു. ദൈവത്തിന്റെ നിശ്ചയം ആയിരുന്നു, യേശുവിനു തന്നെ കുരിശിക്കുമെന്നു അറിയാമായിരുന്നു പിതാവിന്റെ ഹിതം നിറവേറ്റുകയായിരുന്നു എന്നൊക്കെ ആണ് കാര്യ കാരണ സഹിതം വിവരിക്കുന്നത്. 
അങ്ങനെ എങ്കിൽ ദൈവം തന്റെ ഹിതം നിറവേറ്റാൻ ഈ യൂദാസിനെ തിരങ്ങെടുത്തതല്ലേ. ദൈവം തന്നെ ഏല്പിച്ച ജോലി ചെയ്യുക മാത്രമല്ലേ ആ പാവം ചെയ്തുള്ളു. കാശ് വാങ്ങിയത് ശരിയായില്ല എന്ന് തോന്നിയത് കൊണ്ടാണ് അത് അവരുടെ നേരെ വലിച്ചെറിഞ്ഞത്. 
അന്ന് ഈ യൂദാസ് ആ പണി ചെയ്തില്ല എന്ന് കരുതുക. ഒരു പക്ഷെ യേശു കൊല്ലപ്പെടില്ലായിരിക്കാം. അങ്ങനെ സംഭവിച്ചിരുന്നെകിൽ ഒന്നാലോചിക്കു ഈ കാണുന്ന ക്രിസ്ത്യൻ സഭയോ പുരോഹിതരോ ഉണ്ടാവുമായിരുന്നോ ? തലച്ചോറ് പുരോഹിതർക്ക് പണയം വെക്കാതെ ചിന്തിക്കു 
Born again Blessed 2018-03-29 13:01:18
is Judas the one showing the middle finger?
Ashley 2018-03-29 12:12:25
Good one 👏👏👏
Mathew V. Zacharia, NEW YORK 2018-03-29 12:44:06
The Last Supper. The apostles in this picture by Juan de Juanes  be identified by the halos bearing their names. Only the traitor Judas, seated near the end of the table, is without a halo. His hair is red ( an artistic reference to the devil ), and he clutches in his right hand the thirty pieces of silver he received for his betrayal of Jesus. Ridden with guilt, Judas hanged himself after Jesus was crucified. For your information.
Mathew V. Zacharia. New York.
Jack Daniel 2018-03-29 19:46:50
സർവ്വ മത ഭ്രാന്തന്മാരും ഇളകിയിട്ടുണ്ട് .  ഈസ്റ്റർ നേരത്തെ തുടങ്ങിയെന്നു തോന്നുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക