Image

ബഹുകൃതവേഷം (കൃഷ്‌ണ)

Published on 01 April, 2013
ബഹുകൃതവേഷം (കൃഷ്‌ണ)
സാധാരണനിലയില്‍ ഒരാള്‍ അത് രാജാവാകട്ടെ, മന്ത്രിയാകട്ടെ, ആരുമാകട്ടെ തന്റെ ഭാര്യയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നു എന്ന് കരുതുക. ആ സ്ത്രീ എന്തായിരിക്കും ചെയ്യുക? വാക്കുകൊണ്ടോ പ്രവര്‍ത്തേികൊണ്ടോ എതിര്‍ക്കുക, സ്വന്തം വീട്ടുകാരോടോ ഭര്‍ത്താവിന്റെ വീട്ടുകാരോടോ പരാതിപ്പെടുക, സ്വന്തം വീട്ടില്‍ പോയി താമസിക്കുക, ഒരു നിവര്‍ത്തിയുമില്ലെങ്കില്‍ പോലീസിനെയോ കോടതിയെയോ സമീപിക്കുക. ഇവയൊക്കെയാകില്ലേ ആ സ്ത്രീ ചെയ്യുക? അല്ലാതെ ഭര്‍ത്താവിന്റെ മേലധികാരിക്കോ സഹപ്രവര്‍ത്തകര്‍ക്കോ പരാതി എഴുതി കൊടുക്കുകയല്ലല്ലോ ചെയ്യുക? അഥവാ ഒരു സ്ത്രീ അങ്ങനെ ചെയ്യുന്നു എന്നു കരുതുക. കേള്‍ക്കുന്നവര്‍ എന്ത് വിചാരിക്കും? ഒന്നുകില്‍ ആ സ്ത്രീയ്ക്ക് മാനസികമായ തകരാറുണ്ട്. അല്ലെങ്കില്‍ അവരുടെ ലക്ഷ്യം മറ്റെന്തോ ആണ്. അങ്ങനെയല്ലേ ചിന്തിക്കുക?
ഞാന്‍ ഇത് പറഞ്ഞത് ഒരു വാര്‍ത്ത കേട്ടതുകൊണ്ടാണ്? ദക്ഷിണരാജ്യത്തെ ഒരു മന്ത്രിയുടെ ഭാര്യയായ ഭാമിനിക്കുഞ്ഞമ്മ ഭര്‍ത്താവ് ഉപദ്രവിക്കുന്നു എന്ന് അവിടുത്തെ പ്രധാനമന്ത്രിയ്ക്ക് പരാതി എഴുതിക്കൊടുത്തുപോലും. എല്ലാവിധ നിയമസംവിധാനങ്ങളും ഉള്ള രാജ്യമാണത്. അവിടുത്തെ പ്രധാനമന്ത്രിയ്ക്ക് നിയമസംവിധാനത്തില്‍ കൈകടത്താന്‍ അധികാരവുമില്ല. പക്ഷെ പ്രധാനമന്ത്രി ആയിപ്പോയില്ലേ? എന്തെങ്കിലും മറുപടി പറയണമല്ലോ? ഗെറ്റ് ഔട്ട് എന്ന് പറയാനാകില്ലല്ലോ? ബന്ധപ്പെട്ട മന്ത്രിയോട് ഞാന്‍ സംസാരിക്കാം എന്ന് പറഞ്ഞിരിക്കാം. അല്ലാതെ 'പോയി പെട്ടെന്ന് കേസ്സുകൊടുക്ക്' എന്ന് പറയണമായിരുന്നോ? സാധാരണനിലയില്‍ ഒരാള്‍ പോലും ഈ സാഹചര്യത്തില്‍ അങ്ങനെ പറയില്ലല്ലോ? പിന്നെയാണോ ഒരു പ്രധാനമന്ത്രി?
പക്ഷെ ഭാമിനിക്കുഞ്ഞമ്മയുടെ ഇപ്പോഴത്തെ പരാതി പ്രധാനമന്ത്രി തന്നെ ചതിച്ചെന്നാണ്. പ്രധാനമന്ത്രി അസാദ്ധ്യമായ ഉറപ്പൊന്നും കൊടുത്തുകാണില്ല. വിഷമിക്കാതിരിക്കൂ, എല്ലാം ശരിയാകും എന്നോ മറ്റോ പറഞ്ഞിരിക്കാം. പരാതിക്കാരിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരിക്കാം. പക്ഷെ ഒന്നും ശരിയായില്ലെങ്കില്‍ ഉത്തരവാദികള്‍ കുഞ്ഞമ്മയും കൂട്ടുകാരുമല്ലേ? ഭര്‍ത്താവല്ലേ? അത് പ്രധാനമന്ത്രിയുടെ ചതി ആകുന്നതെങ്ങനെ?
ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍ ഒന്നേ ചിന്തിക്കൂ. കുഞ്ഞമ്മയുടെ ലക്ഷ്യം ഭര്‍ത്താവിനെ വീട്ടിലും ഓഫീസിലും മോശക്കാരനാക്കുകയാണ്.
അപ്പോള്‍ ഒന്നുകൂടി നമുക്ക് ചിന്തിക്കാം. ആ ഭര്‍ത്താവിനെ നശിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്ന ആരുടെയോ കയ്യിലെ ചട്ടുകമാകുകയാണ് കുഞ്ഞമ്മ. ഭീഷണിയിലൂടെയോ മറ്റോ അവരെക്കൊണ്ട് അയാള്‍ കാര്യം നടത്താന്‍ ശ്രമിക്കുന്നു. അതല്ലാതെ അവരുടെ പ്രശ്‌നം യഥാര്‍ഥത്തില്‍ ഉള്ളതാണെങ്കില്‍ കോടതിയിലൂടെ പരിഹാരം നേടാനല്ലേ ശ്രമിക്കേണ്ടത്? മന്ത്രിയെയും പ്രധാനമന്ത്രിയെയും നാണം കെടുത്താന്‍ ശ്രമിച്ചുകൊണ്ടല്ലല്ലോ? ചാനലുകളുടെ മുന്‍പില്‍ പ്രധാനമന്ത്രി ചതിച്ചു എന്ന് പറഞ്ഞുകൊണ്ടല്ലോ? (ഇപ്പോള്‍ പോലീസിനെ സമീപിച്ചു എന്നും കേള്‍ക്കുന്നു. എല്ലാ പഴുതും അടയ്‌ക്കെണ്ടേ?) പക്ഷെ കോടതിയെ സമീപിച്ചതായി കേട്ടില്ല. അതോ അതും നടന്നോ?
ഇതിനിടയില്‍ മറ്റൊരു വാര്‍ത്തയും എത്തിയിരിക്കുന്നു. തന്നെ ഭാര്യ ദേഹോപദ്രവം ഏല്‍പ്പിക്കുന്നു എന്ന പരാതിയുമായി മന്ത്രി രംഗത്തെത്തി. പക്ഷെ ഭാര്യ ഒറ്റയ്ക്ക് വീട്ടിനുള്ളില്‍വച്ചു ദേഹോപദ്രവം ഏല്‍പ്പിച്ചത് നിശബ്ദനായി സഹിച്ചുകൊണ്ട് മന്ത്രി വീട്ടിലിരുന്നു എന്ന് വിശ്വസിക്കുന്നതെങ്ങനെ? ആരായാലും തന്റെ കഴിവിനൊത്ത് പ്രതികരിച്ചുപോകില്ലേ? അതോ അത്രയേറെ ഭയം തോന്നിയ സാഹചര്യമായിരുന്നോ അത്? അങ്ങിനെയായിരുന്നെങ്കില്‍ അത് എന്തുകൊണ്ട്? എന്തോ ഒരു ദുരൂഹതയുടെ ഗന്ധം.
തന്നെയുമല്ല, മന്ത്രിസ്ഥാനം അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. കഴിവുള്ള, അത്യാഗ്രഹങ്ങളില്ലാത്ത ഒരു മന്ത്രിയായിരുന്നു അദ്ദേഹമെന്നും നേരത്തെ ദക്ഷിണദേശത്ത് മന്ത്രിയായിരുന്നപ്പോഴും നല്ല ഭരണം കാഴ്ചവച്ചിട്ടുള്ള ആളാണെന്നുമാണ് എങ്ങൊക്കെയോ വായിച്ചിട്ടുള്ളത്. അങ്ങനെ ഒരു മന്ത്രിയുടെ സാന്നിദ്ധ്യം സ്വാര്‍ഥത മുഖമുദ്രയാക്കിയവര്‍ക്ക് അസൌകര്യമായതിനാല്‍ മന്ത്രിയെക്കൊണ്ട് രാജിവയ്പ്പിക്കാനായിരുന്നോ ഈ നാടകങ്ങളെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനും നിവര്‍ത്തിയില്ല. കാരണം എങ്ങനെ ഒരാവശ്യം അവിടുത്തെ രാഷ്ട്രീയക്കാരില്‍ പലരും നേരത്തെ ഉന്നയിച്ചിട്ടുള്ളതാണല്ലോ? മന്ത്രി ജനങ്ങള്‍ക്കുവേണ്ടിയല്ല, തന്നെ സ്ഥാനാര്‍ഥിയാക്കിയ പാര്ട്ടിക്കുവേണ്ടിയാണ് ഭരിക്കേണ്ടത് എന്നല്ലേ അവര്‍ പറഞ്ഞതായി കണ്ടത്? ജനാധിപത്യം എന്നതിന്റെ അര്‍ത്ഥം മാറിയോ? അതറിയാന്‍ ഏതു ഡിക്ഷണറി ആണ് നോക്കേണ്ടത്?
പക്ഷെ ഒരു സംശയം നിലനില്‍ക്കുന്നു. വളരെയേറെ പണം മുടക്കി തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെ അര്‍ത്ഥം ഇതൊക്കെയാണോ? ഇതെല്ലാം കൊണ്ട് ചാനലുകാര്‍ക്ക് ഒരു ചൂടുവാര്‍ത്ത, ജനങ്ങള്‍ക്ക് ഒരു വിനോദോപാധി എന്നതിലേറെ മറ്റെന്തെങ്കിലും ഗുണമുണ്ടോ? ഇതിലൂടെയൊക്കെയാണോ രാഷ്ട്രീയക്കാര്‍ ജനങ്ങളെ സേവിക്കാന്‍ പോകുന്നത്? അതോ സേവിക്കുക എന്നതിന് വിഴുങ്ങുക എന്നാണോ അര്‍ത്ഥം?
ഉദരനിമിത്തം ബഹുകൃതവേഷം എന്ന് പറയുന്നതുപോലെ അധികാരഭ്രാന്തുനിമിത്തം ബഹുകൃതവേഷം എന്ന് ഇതിനെയെല്ലാം പറയാമോ?
ഇനി കേസെങ്ങാനും കൊടുത്താല്‍ പ്രധാനമന്ത്രിയെയും കക്ഷിയാക്കുമോ എന്തോ? ഏതായാലും നാടകത്തിന് ടിക്കറ്റ് കൊടുത്തുകഴിഞ്ഞല്ലോ? ബല്ലും മുഴങ്ങിയല്ലോ? ഇനി കാത്തിരുന്നു കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക