Image

യാമിനിയുടെ വെളിപ്പെടുത്തലുകള്‍: ജോസ് കാടാപുറം

Published on 03 April, 2013
യാമിനിയുടെ വെളിപ്പെടുത്തലുകള്‍: ജോസ് കാടാപുറം
ചാനലുകള്‍ക്ക് ഇപ്പോള്‍ കൊയ്ത്തുകാലമാണ്. അങ്ങനെയിരിക്കുമ്പോള്‍ കിണറിന്റെ വക്കത്തിരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഓട് പതുക്കെ ഒന്ന് ഇളകും, പിന്നെയങ്ങോട്ട് സെവന്‍സ് ഫുട്‌ബോളിന്റെ ആരവമാണ് കേരളത്തിലെ രാഷ്ട്രീയക്കളത്തില്‍. കര്‍ത്താവിന്റെ ഉയിര്‍പ്പിന് മുമ്പ് ജോര്‍ജ് പുണ്യാളന്‍ കാലില്‍ നെല്ലിയാമ്പതിയിലെ തടി വീണ് നീര് വീണിരിക്കുകയായിരുന്നു. ഉയിര്‍പ്പ് കഴിഞ്ഞ് ഞായറാഴ്ച പുണ്യാളനോടു പ്രാര്‍ത്ഥിച്ച് കളത്തിലിറങ്ങിയ പി.സി. ജോര്‍ജിന് കിട്ടിയ പൊന്നും, മിറയും കുന്തിരിക്കവും പോലെയായി യാമിനി തങ്കച്ചിയുടെ വെളിപ്പെടുത്തലുകള്‍…

ഗണേഷ്്കുമാറിനെതിരെ ഭാര്യ നല്‍കിയ പരാതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുക്കിയെന്ന് പി.സി. ജോര്‍ജ്ജ് പറഞ്ഞത് പരമാര്‍ത്ഥമാണെന്ന് ഡോ. യാമിനി തങ്കച്ചി കേരളീയ സമൂഹത്തോടു പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് താന്‍ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയത് സ്വീകരിക്കാതെ ഗണേഷിന്റെ ഭീഷണിക്കു മുമ്പില്‍ ഉമ്മന്‍ചാണ്ടി മുട്ടുമടക്കി. മന്ത്രിസ്ഥാനം രാജിവച്ചാല്‍ എം.എല്‍.എ സ്ഥാനവും രാജിവെയ്ക്കുമെന്നതായിരുന്നു ഭീഷണി.

പരാതി സ്വീകരിക്കാതെ തിരികെയയച്ചിട്ട് ഒത്തുതീര്‍പ്പിനു ഒരവസരം തരണമെന്ന് മുഖ്യന്‍ അഭ്യര്‍ഥിച്ചു. യാമിനി അത് വിശ്വസിച്ചു. രണ്ട് മക്കള്‍ക്കുവേണ്ടി കാത്തിരുന്നു. അവസാനം ഗത്യന്തരമില്ലാതെ ി പത്രസമ്മേളനം നടത്തി സംഭവിച്ചതെല്ലാം കേരള സമൂഹത്തെ അറിയിച്ചു.

യാമിനിയാദ്യം പറഞ്ഞത് പി.സി.ജോര്‍ജ് ഗണേഷിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണെന്നാണ്. പതിനാറുവര്‍ഷമായി ഗണേഷ് തന്നെ നിരന്തം ദേഹോപദ്രവമേല്‍പ്പിക്കുകയായിരുന്നുയെന്നാണ്. ഓരോ പ്രാവശ്യവും കുടുംബവഴക്ക് ഏതെങ്കിലും പരസ്ത്രീ ബന്ധവുമായിട്ടായിരിക്കുമെന്നാണ് യാമിനി പറഞ്ഞത്.

ഇത്തവണ ഫെബ്രുവരി 22നാണ്് ഗണേഷിന് കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുകിട്ടിയത്. ആ തല്ലുകിട്ടിയതിന്റെ ഫോട്ടോയാണ് ഗണേഷ് ഇപ്പോള്‍ യാമിനി മര്‍ദ്ദിച്ചതാക്കി മാറ്റി കേസു കൊടുക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍നിന്നും ഗണേഷ് നല്ല നടനാണെന്ന് തെളിയ്ക്കുകയാണ്.

ഈ കൊള്ളരുതായ്മയെല്ലാം മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ് നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുകയാണെന്ന് യാമിനി പറയുന്നത് വിശ്വസിക്കാതിരിക്കാന്‍ കഴിയുന്നില്ല. മുന്‍കൂട്ടി അനുവാദം വാങ്ങിയാണ് കാമുകിയുടെ ഭര്‍ത്താവ് മന്ത്രിയെ കാണാന്‍ എത്തിയത്. ഗണേഷിന്റെ വഴിവിട്ട ബന്ധം യാമിനിയുടെ മുമ്പില്‍ വച്ച് അയാള്‍ വിവരിച്ചു. ആരോപണങ്ങള്‍ സമ്മതിച്ച് മാപ്പപേക്ഷിച്ചുകൊണ്ട് ഗണേഷ് കാമുകിയുടെ ഭര്‍ത്താവിന്റെ കാല്‍ക്കല്‍ വീണു.

കാമുകിയുടെ ഭര്‍ത്താവ് പോയശേഷം ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ കൈയ്ക്കും കാലിനും പരിക്കേറ്റു. പിന്നീട് തന്നെ ഹോസ്പിറ്റലില്‍ കൊണ്ടു പോയത് ഗണേഷിന്റെ സഹോദരിയുടെ ഭര്‍ത്താവാണെന്ന് യാമിനി പറഞ്ഞു. ഇതിനെ തുടര്‍ന്ന് രേഖാമൂലം പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. പരാതി വായിച്ചു നോക്കാതെ തിരികെ തന്ന് പ്രശ്‌നപരിഹാരത്തിന് നല്‍കിയ അവസരങ്ങളിലെല്ലൊം മന്ത്രിസഭ വീഴാതെ നോക്കാന്‍ വേണ്ടിയും ഗണേഷിന്റെ ഭീഷണിക്ക് മുമ്പിലും വഴങ്ങി..

അങ്ങനെ തന്നെ മുഖ്യമന്ത്രിയും വഞ്ചിച്ചിരിക്കുകയാണെന്ന് യാമിനി പറഞ്ഞത് വിശ്വസിക്കുമ്പോള്‍ നമ്മള്‍ക്ക് മുമ്പിലുള്ള ചോദ്യം യാമിനി പരാതിപ്പെട്ടത് ഉമ്മന്‍ചാണ്ടിയെന്ന് വ്യക്തിയോടല്ല മിറച്ച് മുഖ്യമന്ത്രിയെന്ന അധികാര സ്ഥാനത്തോടാണ്. എന്നിട്ടും കുറ്റചെയ്തയാളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വഴിവിട്ട് പ്രവര്‍ത്തിച്ചത് നമ്മള്‍ കണ്ടു.

സ്വഭാവ ദൂഷ്യമുള്ളയാള്‍ എത്ര ഉന്നതനായാലും അയാളെ ഒഴിവാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. നിസ്സഹായയായ ഒരു സ്ത്രീ തന്നെ നിരന്തരം ഉപദ്രവിക്കുന്ന മനുഷ്യനെ കുറിച്ച്, പരാതി പറഞ്ഞിട്ട്, കേള്‍ക്കാത്ത ആദ്യത്തെ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയത് ഖേദകരമാണ്. മാത്രമല്ല മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള നിയമപരമായ വീഴ്ച പലതാണ.് മന്ത്രി വസതിയില്‍ ഗണേഷ് തന്നെ മര്‍ദ്ദിച്ചുവെന്ന് യാമിനി മുഖ്യമന്ത്രിയെ വാക്കാല്‍ അറിയിച്ചാല്‍ പോലും ഗാര്‍ഹികപീഡനനിയമപ്രകാരം ഗണേഷിനെതിരെ കേസ്സ് എടുക്കാത്തതിന്; ഗാര്‍ഹിക പീഢനകേസ്സില്‍ സമവായത്തിലൂടെ കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്; മന്ത്രിസഭാംഗത്തെ രക്ഷിക്കാന്‍ വേണ്ടി പരാതി വാങ്ങാതെയിരിക്കുമ്പോള്‍ നിസ്സഹായരായ കേരളത്തിലെ സ്ത്രീകളോട് സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.
യഥാര്‍ത്ഥത്തില്‍ ഗണേഷ് വിഷയം കേവലം ഒരു കുടുംബപ്രശ്‌നം മാത്രമല്ല. കാരണം മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കുറ്റകൃത്യമാണ്. ഭാര്യയെ മന്ത്രി തല്ലിയെന്നും അതിനിടയാക്കിയത് മന്ത്രിയുടെ പരസ്ത്രീ ബന്ധങ്ങളാണെന്നും പരസ്യമായി ഭാര്യ പരാതിപ്പെട്ടിട്ടും ഗണേഷിനെ തുണച്ച മുഖ്യമന്ത്രി, സുര്യനെല്ലി പെണ്‍കുട്ടിയുടെ പരാതിയും സ്വീകരിച്ചില്ല.

എന്നിട്ടോ പ്രതികളിലൊരാളെന്ന് മുഖ്യപ്രതി ധര്‍മ്മരാജന്‍ പറഞ്ഞ നേതാവിനെ മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിനയച്ച്, സര്‍വ്വ നസ്രാണിയുടെയും പേര് കളഞ്ഞ് കുളിച്ചു.

ചുരുക്കത്തില്‍ കേരളത്തിലെ ഭരണ നേതൃത്വം ജനങ്ങളെ അപമാനിക്കുന്നതിന്റെ മാലിന്യകുഴിയിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. പത്താനാപുരത്ത് ഇനിയൊരു ഇലക്ഷന്‍ വന്നാല്‍ യാമിനി തങ്കച്ചിയെന്ന സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കൂടുതല്‍ ജനകീയ അംഗീകാരം കിട്ടുന്നത് യൂഡിഎഫില്‍ നിന്നും തന്നെയായിരിക്കും.
യാമിനിയുടെ വെളിപ്പെടുത്തലുകള്‍: ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക