Image

സൗദിയില്‍ പ്രവാസി സഹോദരങ്ങള്‍ കഷ്ടതയില്‍

സുരേഷ് കുമാര്‍ Published on 02 April, 2013
സൗദിയില്‍ പ്രവാസി സഹോദരങ്ങള്‍ കഷ്ടതയില്‍
സൗദിയില്‍ ആയിരക്കണക്കിന് മലയാളികള്‍ ജോലി നഷ്ടപ്പെട്ടും, നിയമകുരുക്കില്‍ പെട്ടും ദുരിതങ്ങള്‍ അനുഭവിക്കുന്നു. നമ്മുടെ സര്‍ക്കാരുകള്‍ അവിടുത്തെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ശരിയായി വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. നമ്മള്‍ കാണാത്തതും, അനുഭവിക്കാത്തതുമായ കാര്യങ്ങളില്‍ ഒരുതരം നിസ്സംഗത വച്ചുപുലര്‍ത്തുന്നവരാണ് ഏറെയും. അതുകൊണ്ട് തന്നെ പ്രശ്നങ്ങളുടെ ആഴങ്ങളിലേക്ക് അധികം ആരും എത്തിനോക്കാറില്ല എന്നുള്ളതാണ്‍% യഥാര്‍ത്ഥ വസ്തുത.

നിതാഖത് പദ്ധതി 2009 മുതല്‍ തന്നെ സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. 2011 മുതല്‍ അത് പാലിക്കാതിരുന്ന കമ്പനികളെ റെഡ് കാറ്റഗറിയില്‍ പെടുത്തി. അന്നുമുതല്‍ ആ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ യാതൊരു സേവനവും ലഭ്യമല്ലായിരുന്നു. ഇപ്പൊള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പരിശോധനയില്‍ അവരില്‍ ആരെങ്കിലും പിടിക്കപ്പെടുകയാണെങ്കില്‍ കുടുംബം അടക്കം ജയിലില്‍ കിടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

ഒന്‍പത് തൊഴിലാലികള്‍ക്ക് മുകളില്‍ വിദേശ തൊഴിലാളികള്‍ ഉള്ള കമ്പനികളെ ആയിരുന്നു ആദ്യഘട്ടം നിതാഖത് പരിധിയില്‍  കൊണ്ടുവന്നത്. എന്നാല്‍ ഇപ്പോള്‍ ഒന്‍പത് തൊഴിലാളികളില്‍ താഴെ ഉള്ള മുഴുവന്‍ കമ്പനികളെയും സ്പോണ്‍സര്‍മാരെയും നിതാഖത്തിന്റെ പരിധിയില്‍ കൊണ്ടുവരികയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തു. ഈ പുതിയ പരിഷ്കരണം പാലിക്കാന്‍ സാധിച്ചില്ലായെങ്കില്‍ അവര്‍ക്കെല്ലാം സര്‍ക്കാര്‍ സേവനം തടയപ്പെടും. ഇത് പോലെ നിതാഖത് നീയമത്തിന്റെ ഊരാക്കുടുക്കില്‍ അകപ്പെട്ട പല കമ്പനികളിലെയും മലയാളി തൊഴിലാളികളില്‍ കുടുംബം ആയിട്ടുള്ളവരുടെ പലരുടെയും ഇക്കാമ പുതുകാതെ എക്സ്പയര്‍ ആയി പോയിട്ടുണ്ട്. ഈ പരിശോധനയില്‍ അവര്‍ പിടിക്കപ്പെടുകയാണെങ്കില്‍ കുടുംബം അടക്കം ജയിലില്‍ കിടക്കേണ്ട അവസ്ഥയാണു ഇപ്പൊള്‍ നിലവിലുള്ളത്. ഒന്‍പത് തൊഴിലാളികള്‍ക്ക് മുകളില്‍ വിദേശ തൊഴിലാളികള്‍ ഉള്ള കമ്പനികളെ ആയിരുന്നു ആദ്യഘട്ടം നിതാഖത്ത് പരിധിയിൽ കൊണ്ട് വന്നത്, എന്നാല്‍ ഇപ്പോൾ നിലവിലുള്ള മുഴുവൻ കമ്പനികളെയും സ്പോണ്‍സർമാരെയും നിതാഖത്തിന്റെ പരിധിയിൽ അവര്‍ കൊണ്ടുവന്നു. ഈ പുതിയ പരിഷ്കരണം പാലിക്കാൻ സാധിച്ചില്ലായെങ്കില്‍ അവര്‍ക്ക് ഒക്കെ സര്‍ക്കാര്‍ സഹായങ്ങളും സേവനങ്ങളും തടയപ്പെടും. അങ്ങനെയാവുമ്പോള്‍ ഒരു വലിയ വിഭാഗം ആൾക്കാർ വീണ്ടും നിയമലംഘകരായി മാറ്റപ്പെടും.

ഇക്കാമയില്‍ ഡേറ്റ് ഉള്ള അത്രയും കാലം ഇവിടെ തങ്ങാം എന്നാൽ അത് എക്സ്പയര്‍ ആവുന്നതിനു മുന്പ് എക്സിറ്റ് അടിച്ചു നാട്ടില്‍ പോകണം. കമ്പനിയും സ്പോണ്‍സറും അനുവദിക്കാതെ വിദേശ തൊഴിലാളികള്‍ക്ക് അത് സാധ്യമാവുന്ന കാര്യമല്ല. ഈ നിയമത്തിൽ ഇളവു പ്രതീക്ഷിച്ചു കമ്പനികളും സ്പോണ്‍സര്‍മാരും തൊഴിലാളികളെ ഇവിടെ തന്നെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുമൂലമുണ്ടാവുന്ന പ്രധാന പ്രശ്നം, പ്രതീക്ഷകളുമായി കാത്തിരുന്നു ഇക്കാമ എക്സ്പയര്‍ ആയി തൊഴിലാളി നിയമലംഘകന്‍ ആവുന്നു. അവര്‍ പിടിക്കപ്പെടുമ്പോൾ തർഹീലുകളിൽ അടക്കപ്പെടുന്നു. ഇതാണ് വസ്തുത എന്നിരിക്കെതന്നെ പലരും ഫ്രീ വിസയിലും ഹൗസ് ഡ്രൈവർ വിസയിലും ഇവിടെയെത്തി മറ്റു ജോലികളിൽ ഏര്‍പ്പെടുന്നു വെന്നാരോപിച്ച് അങ്ങനെയുള്ളവര്‍ക്കു മാത്രമേ ഈ പ്രശ്നം ബാധകമാകൂ എന്നുള്ള മുന്‍ വിധിയാല്‍ പലരും ഈ പ്രശ്നത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇനി സൗദിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകര്‍ നേരില്‍ കണ്ട ചില കാഴ്ച്ചകള്‍ ഇങ്ങനെ വിവരിക്കുന്നു. ദമാം തർഹീളിലെ (ജയിലിലെ) കരളുപൊട്ടുന്ന ചില രംഗങ്ങൾ ആണ്. അവിടെ ഒരു റൂമില്‍ മാടുകളെ പോലെ ആളുകളെ കൂട്ടി ഇട്ടിരിക്കുന്നു. അതില്‍ വൃദ്ധരുണ്ട്, രോഗികളുണ്ട്, മറ്റ് അടിയന്തര സഹായങ്ങള്‍ വേണ്ടവര്‍ ഉണ്ട്. പൊട്ടിയൊലിക്കുന്ന വൃണങ്ങളില്‍ ഒരു തുണിപോലും വച്ചുകെട്ടുവാന്‍ നിവര്‍ത്തിയില്ലാത്ത, വര്‍ദ്ധിച്ച വേദനയ്ക്കു ആശ്വാസത്തിനു ഒരു ഗുളികപോലും കഴിക്കുവാന്‍ പോലും നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന നിരപരാധികളായ അനേകര്‍. മനുഷ്യമനസ്സാക്ഷിയുള്ള ഏതൊരു വ്യക്തിയുടെയും കരളലിയിപ്പിക്കുന്ന, കണ്ണ് നിറക്കുന്ന, ഹൃദയം പിളര്‍ക്കുന്ന കാഴ്ച്ചകള്‍.

ഇക്കാമ പുതുക്കാതെയും ഹുരൂബ് ആക്കപ്പെട്ടവരുമാണ് അവരില്‍ കൂടുതലും. ഒരു ചെറിയ കുട്ടി അവിടെയുള്ള ഒരു മലയാളി സുഹൃത്തിന്റെ കടയിലേക്ക് വന്നു. വളരെ അവശനും ക്ഷീണിതനുമായ അവന്‍ എന്തെങ്കിലും ഭക്ഷണം വാങ്ങിച്ചു വീട്ടിലേക്ക് കൊണ്ടുപോകാനായി അവിടെ നിന്നവരോടും കടയിലെ സുഹൃത്തിനോടും സഹായം അഭ്യര്‍ത്ഥിച്ചു. അദേഹം കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ കമ്പനി റെഡില്‍ ആയതിനാൽ ഇക്കാമ എക്സ്പയർ ആണ്, അതിനാല്‍ പിതാവിന് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാൻ ഭയം. ആ മേഖലയില്‍ നിരന്തരം ചെക്കിങ്ങ് നടക്കുന്നതിനാല്‍ മൂന്നു ദിവസമായി വീട്ടില് നിന്നും ആരെങ്കിലും പുറത്തിറങ്ങിയിട്ടു. ഭവനത്തിലുണ്ടായിരുന്ന കരുതല്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുഴുവനും തീര്‍ന്നിരിക്കുന്നു. അഭിമാനം കരുതി അച്ഛന്‍ മറ്റു സുഹൃത്തുക്കളെ ആരെയും വിളിക്കുകയോ വിവരങ്ങള്‍ പറയുകയോ ചെയ്തില്ല. കടയില്‍ നിന്നു കുറച്ച് ആഹാര സാധനങ്ങള്‍ എടുത്ത് ഒരുസഞ്ചിയിലാക്കി ആ കുട്ടിയോടൊപ്പം റൂമിലേക്ക് ചെന്ന അദേഹം അവിടുത്തെ രംഗങ്ങള്‍ കണ്ടു കരഞ്ഞു പോയി എന്ന് അവിടെനിന്നും തിരികെയെത്തിയപ്പോള്‍ പറഞ്ഞു . അതു പറയുമ്പോൾ അദേഹത്തിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. അത്രയും ദയനീയ അവസ്ഥയിലാണ് ആ കുടുംബം ജീവിക്കുന്നത്.

ഇതു പോലെയാണ് പല കുടുംബങ്ങളിലെയും ജീവിതാന്തരീക്ഷം. വിശന്നുപൊരിയുന്ന വയറിനെ അമര്‍ത്തിപ്പിടിച്ചും, പാലിനും ആഹാരത്തിനുമായി വാവിട്ടുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് പച്ചവെള്ളവും ആശ്വാസവും കുടുപ്പിച്ചും കഴിപ്പിച്ചും അവരുടെ വയറു നിറപ്പിച്ച്, പോലീസ് പിടിക്കാതെ എങ്ങനെയെങ്കിലും നാട്ടില്‍ ചെന്നുപറ്റിയാല്‍ മതിയെന്നുള്ള പ്രാര്‍ത്ഥനായാലാലും പ്രതീക്ഷയാലുമാണ് ഈ കിരാത നിതാഖത് നീയമത്തിന്റെ ഊരാക്കുടുക്കില്‍ പെട്ടുപോയിട്ടുള്ള പലരും ജീവിക്കുന്നത്.

ഇവരില്‍ പലരും നിലവിലുള്ള മലയാളി സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഫോണില്‍ ബന്ധപ്പെടുകയും കൂടാതെ അവരുടെ മുന്‍പില്‍ സഹായാഭ്യര്‍ത്ഥനയുമായി കടന്നു ചെല്ലാറുമുണ്ട്. അവരാല്‍ ആകുന്ന സഹായങ്ങള്‍ അവര്‍ എല്ലാവര്‍ക്കും ചെയ്തുകൊടുക്കാറുമുണ്ടെങ്കിലും അതിനെല്ലാം അതാതിന്റേതായ പരിമിതികള്‍ ഉണ്ട്.

ഇതൊക്കെ ആണ് ഇവിടത്തെ യഥാര്‍ഥ വസ്തുത എന്നിരിക്കെ, ഈ വലിയ പ്രശ്നത്തെ നിസാരവല്കരിക്കാൻ പലരും ശ്രമിക്കുന്നത് ക്രൂരതയാണ്. ഇത്തരത്തിൽ പെട്ടുപോയ പാവങ്ങള്‍ക്ക് നാട്ടിൽ എത്താനുള്ള സൗകര്യം ആണ് ഒരുക്കേണ്ടത്. അതിനാണ് നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഈ വിഷയങ്ങൾ ആണ് നമുടെ അധികാര വര്‍ഗ്ഗത്തിനു മുന്നില്‍ എത്തേണ്ടത്. സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണം, ഇത്തരത്തില്‍ ഇവിടെ പെട്ടുപോയവര്‍ക്ക് എങ്ങനെയെങ്കിലും ശിക്ഷ ഇല്ലാതെ നാട്ടിൽ എത്താനുള്ള അവസരം ഉണ്ടാവണം. അല്ലാതെ, പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി നടത്തുന്ന സ്വാന്തന പ്രഹസനമല്ല ആവിശ്യം.

നമ്മുടെ സഹോദരങ്ങള്‍ അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയ ഈ ദുരവസ്ഥയില്‍ നിന്നും അവരെ രക്ഷിക്കേണ്ടത് നമ്മുടെ കൂടെ ബാധ്യതയല്ലേ? കുടുംബം പുലര്‍ത്താനായി എല്ലാം വിറ്റുപെറുക്കി ഈ മണലാരണ്ണ്യത്തില്‍ വന്നു കഷ്ടപ്പെടുന്നതിന്റെ ഇടയില്‍ ഇതുപോലെ അകപ്പെട്ടുപോകുന്ന നിരപരാധികളെ രക്ഷിച്ചു നാട്ടില്‍ എത്തിക്കാനുള്ള ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് താമസംവിനാ ഉണ്ടാവണം. ഈ പ്രശ്നത്തിനും പ്രവാസികളായി അന്യനാടുകളില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് ആവശ്യകരമായ സഹായം നമ്മുടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നു നമുക്കു പ്രതീക്ഷിക്കാം. 
സൗദിയില്‍ പ്രവാസി സഹോദരങ്ങള്‍ കഷ്ടതയില്‍
Join WhatsApp News
George Kuttickal 2013-04-20 12:08:10
Why don't all these people go back to Kerala . there are many jobs available only willingness is needed. But our people do not want to work in kerala but anywhere else. It is a shame. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക