Image

കോലഞ്ചേരി തര്‍ക്കം: ഓര്‍ത്തഡോക്‌സ്‌ സഭ സമരം അവസാനിപ്പിച്ചു

Published on 19 September, 2011
കോലഞ്ചേരി തര്‍ക്കം: ഓര്‍ത്തഡോക്‌സ്‌ സഭ സമരം അവസാനിപ്പിച്ചു
കോലഞ്ചേരി: ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭ സമരം അവസാനിപ്പിച്ചു. കോലഞ്ചേരി പള്ളി തര്‍ക്കം സംബന്ധിച്ചു 15 ദിവസത്തിനകം സമവായത്തില്‍ എത്തണ മെന്നും ഇല്ലെങ്കില്‍ കോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചാണു സമരം അവസാനിപ്പിക്കുന്നതെന്നു സഭാ വൃത്തങ്ങള്‍ അറിയിച്ചു. കോലഞ്ചേരി കാതോലിക്കേറ്റ്‌ സെന്ററില്‍ ഉപവാസം അനുഷ്‌ഠിച്ചിരുന്ന പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായ്‌ക്ക്‌ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസും കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസിന്‌ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസും ഇളനീര്‍ നല്‍കി. സര്‍ക്കാര്‍ നിര്‍ദേശത്തോടു യാക്കോബായ സഭ ഇന്നു പ്രതികരിക്കും.

കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌, മന്ത്രിമാരായ കെ.സി. ജോസഫ്‌, കെ. ബാബു, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ബെന്നി ബഹനാന്‍ എംഎല്‍എ, ഐജി ആര്‍. ശ്രീലേഖ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, മീഡിയേഷന്‍ സെന്റര്‍ അംഗങ്ങള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ഇന്നലെ കോലഞ്ചേരി പ്രശ്‌നം ചര്‍ച്ച ചെയ്‌തു.

``കോലഞ്ചേരിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഒത്തുതീര്‍പ്പു ഫോര്‍മുലയൊന്നും ആയിട്ടില്ല. സര്‍ക്കാരിനു ശുഭാപ്‌തി വിശ്വാസമുണ്ട്‌, വ്യക്‌തമായ സമീപനവുമുണ്ട്‌. ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണ്‌. രണ്ടു വിഭാഗക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ട.്‌ പക്ഷം പിടിക്കാന്‍ സര്‍ക്കാരില്ല. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു ചര്‍ച്ചകള്‍ നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തര്‍ക്കത്തെത്തുടര്‍ന്ന്‌ സമൂഹത്തില്‍ ഉണ്ടായേക്കാവുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

ഇതിനിടെ പള്ളിക്കു സമീപം യാക്കോബായ ചാപ്പലില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ അഖണ്ഡ പ്രാര്‍ഥനാ യജ്‌ഞം തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക