Image

സഭാചരിത്രത്തില്‍ പുതിയ തലമുറയ്‌ക്ക്‌ അവബോധമുണ്ടാക്കണം: മാര്‍ മാത്യു അറയ്‌ക്കല്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2011
സഭാചരിത്രത്തില്‍ പുതിയ തലമുറയ്‌ക്ക്‌ അവബോധമുണ്ടാക്കണം: മാര്‍ മാത്യു അറയ്‌ക്കല്‍
കൊച്ചി: സഭയുടെ ചരിത്രത്തെക്കുറിച്ചും തനിമയെക്കുറിച്ചും ആഴത്തിലുള്ള അവബോധം പുതിയ തലമുറയില്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ പറഞ്ഞു. അല്‌മായ കമ്മീഷന്‍ ഹിസ്റ്ററി ആന്‍ഡ്‌ റിസര്‍ച്ച്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സംഘടിപ്പിച്ച ചരിത്രസെമിനാറിന്റെ സമാപനത്തോടനുബന്ധിച്ചു, മാര്‍ കരിയാറ്റി, പാറേമ്മാക്കല്‍ തോമാ കത്തനാര്‍ അനുസ്‌മരണ സിംപോസിയം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭാചരിത്രത്തില്‍ സമഗ്രമായ പഠനം ഇന്നിന്റെ ആവശ്യമാണ്‌. പുതിയ തലമുറക്കു സഭാചരിത്രത്തെക്കുറിച്ചു വേണ്ടത്ര അവബോധമില്ലാത്തതു സഭ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്‌. സുറിയാനി സഭയുടെ വളര്‍ച്ചക്കു വേണ്ടി കഠിനാധ്വാനം ചെയ്‌ത മഹാവ്യക്തിത്വങ്ങളായിരുന്നു മാര്‍ കരിയാറ്റിയും പാറേമ്മാക്കല്‍ തോമാ കത്തനാരും. ദേശീയതക്കും സഭയുടെ ഐക്യത്തിനും വേണ്ടി മാര്‍ കരിയാറ്റി നടത്തിയ സേവനങ്ങള്‍ വിലപ്പെട്ടതാണ്‌. സഭയില്‍ പുനരൈക്യശ്രമങ്ങള്‍ ആദ്യം നടത്തിയതും അദ്ദേഹമാണ്‌. പാറേമ്മാക്കല്‍ തോമ കത്തനാരുടെ നേതൃത്വത്തില്‍ നടന്ന അങ്കമാലി പടിയോല യോഗം സഭാചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണെന്നും മാര്‍ അറയ്‌ക്കല്‍ അനുസ്‌മരിച്ചു.

കൂരിയ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. കേരള സഭാചരിത്രത്തിലെ ജ്വലിക്കുന്ന പ്രകാശ ഗോപുരങ്ങളാണ്‌ മാര്‍ കരിയാറ്റിയും പാറേമ്മാക്കല്‍ തോമ കത്തനാരുമെന്നു അദ്ദേഹം പറഞ്ഞു. സഭയുടെ വളര്‍ച്ചയില്‍ മാര്‍ കരിയാറ്റി സ്വീകരിച്ച വ്യക്തമായ നയം ഇന്നും മാതൃകയാണ്‌. മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതിയായ തോമ കത്തനാരുടെ വര്‍ത്തമാന പുസ്‌തകം ചരിത്രകാരന്മാര്‍ക്കും സഭാമക്കള്‍ക്കു മുഴുവനും വലിയ മുതല്‍ക്കൂട്ടാണ്‌. ഇത്തരം ചരിത്രരേഖകള്‍ സൂക്ഷിക്കുന്നതിനും പഠിക്കുന്നതിനും നാം താത്‌പര്യമെടുക്കണം. ചരിത്രാവബോധം സങ്കുചിത താത്‌പര്യങ്ങളും തെറ്റായ അഭിമാനബോധവും ഉണ്ടാക്കാനാവരുത്‌; മറിച്ച്‌ കൂടുതല്‍ വിശാലമനസ്‌കതയോടെ വസ്‌തുതകളെ സമീപിക്കാന്‍ വേണ്ടിയാവണമെന്നും മാര്‍ പുത്തൂര്‍ ഓര്‍മിപ്പിച്ചു.

സീറോ മലബാര്‍ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍, ഹിസ്റ്ററി ആന്‍ഡ്‌ റിസര്‍ച്ച്‌ ഫോറം കണ്‍വീനര്‍ ജോണ്‍ കച്ചിറമറ്റം, ഫാ. തോമസ്‌ മേല്‍വട്ടം, സിസ്റ്റര്‍ രശ്‌മി, പ്രഫ. വി.എ വര്‍ഗീസ്‌, എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ ആലങ്ങാട്ട്‌ പള്ളിയിലെ മാര്‍ കരിയാറ്റിയുടെ കബറിടത്തിലേയ്‌ക്ക്‌ തീര്‍ഥയാത്രയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. വിശുദ്ധ കുര്‍ബാനക്കു ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ കാര്‍മികത്വം വഹിച്ചു.
സഭാചരിത്രത്തില്‍ പുതിയ തലമുറയ്‌ക്ക്‌ അവബോധമുണ്ടാക്കണം: മാര്‍ മാത്യു അറയ്‌ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക