Image

ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ തിരുവോണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2011
ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ തിരുവോണം ആഘോഷിച്ചു
അര്‍ബാനാ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഷാംപെയിന്‍ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവോണം വിപുലമായി ആഘോഷിച്ചു. ചാപ്‌റ്റര്‍ രൂപീകരണത്തിനുശേഷം നടന്ന ആദ്യത്തെ തിരുവോണാഘോഷങ്ങളില്‍ ആര്‍ബാനാ, ഷാംപെയിന്‍ നഗരങ്ങളില്‍ താമസിക്കുന്ന അനവധി മലയാളി കുടുംബങ്ങള്‍ ആഘോഷപൂര്‍വ്വം പങ്കെടുത്തു.

സെപ്‌റ്റംബര്‍ പത്താംതീയതി ശനിയാഴ്‌ച രാവിലെ പതിനൊന്നുമുതല്‍ വൈകിട്ട്‌ അഞ്ചുമണി വരെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഇല്ലിനോയി അര്‍ബാനാ കാമ്പസിലായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്‌. ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ വനിതാ വേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂക്കളമൊരുക്കിക്കൊണ്ടാണ്‌ ആഘോഷപരിപാടികള്‍ ആരംഭിച്ചത്‌.

തുടര്‍ന്ന്‌ ചാപ്‌റ്റര്‍ കണ്‍വീനര്‍ ജോണ്‍ വിജോ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്‌ ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം ഭദ്രദീപം തെളിയിച്ച്‌ ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു. മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണം അമേരിക്കയിലെ കൊച്ചു നഗരങ്ങളില്‍ പോലും ആഘോഷിക്കപ്പെടുന്നതില്‍ അദ്ദേഹം സംതൃപ്‌തി രേഖപ്പെടുത്തി. യൂത്ത്‌ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഫില്‍സ്‌ മാപ്പിളശ്ശേരില്‍ ഓണസദ്യ വിളമ്പല്‍ ഉദ്‌ഘാടനം ചെയ്‌തു. വിമന്‍സ്‌ കോര്‍ഡിനേറ്റര്‍ ഡോ. സുമ പീറ്റര്‍ കൃതജ്ഞതാ പ്രസംഗം നടത്തി.

ഓണസദ്യയ്‌ക്കുശേഷം നടന്ന വിവിധ ഗെയിമുകളില്‍ കുട്ടികളും മുതിര്‍ന്നവരും ആവേശപൂര്‍വ്വം പങ്കെടുത്തു. ഡോ. ടെസ്സി പൗലോസ്‌, പ്രിയ ബിജോയി, ഡോ. മേരി ജോണ്‍ എന്നിവര്‍ കലാമത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. പ്രൊഫസര്‍ മനോജ്‌ പ്രഭാകരന്‍, പോള്‍ പീറ്റര്‍, മോഹന്‍ ഫിലിപ്പ്‌, ബിജോയി കണ്ണാടിക്കര, വിപിന്‍ രാജ്‌, ജോണി യൂ, സിന്ധു, മധുര സിദ്ധപ്പജി എന്നിവര്‍ ഈവര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിച്ചു. സ്വയം പാചകം ചെയ്‌തുകൊണ്ടുവന്ന ഓണവിഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചും ഓണപ്പൂക്കളമൊരുക്കിയും ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്ററിന്റെ കന്നി ഓണാഘോഷങ്ങള്‍ അവിസ്‌മരണീയമായി.
ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ തിരുവോണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക