Image

വിവാദങ്ങളുടെ ബലിയാട് - മൊയ്തീന്‍ പുത്തന്‍‌ചിറ

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 04 April, 2013
വിവാദങ്ങളുടെ ബലിയാട്  - മൊയ്തീന്‍ പുത്തന്‍‌ചിറ
വിവാദങ്ങള്‍ക്കൊടുവില്‍ വനം, സ്പോര്‍ട്സ് , സിനിമാവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രാജി വെച്ചു. രാജിയുടെ ലാഭവും നേട്ടവും ആര്‍ക്കാണ് ? സത്യപ്രതിജ്ഞ മുതല്‍ കെ.ബി. ഗണേഷ് കുമാറിന്റെ രാജിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തിയ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും ഗണേഷ് കുമാറിന്റെ പിതാവുമായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും സൗഹൃദത്തിന്‍റെ പേരില്‍ നീതിക്കു നിരക്കാത്ത നടപടികള്‍ക്കായി ശുപാര്‍ശ ചെയ്തു പിണങ്ങിപ്പിരിഞ്ഞ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനും ഇവര്‍ക്കുപിന്നിലും അണിനിരന്ന സ്വാര്‍ത്ഥമതികള്‍ക്കും അവകാശവാദങ്ങള്‍ ഉന്നയിക്കാം. കൈനനയാതെ മീന്‍ പിടിച്ച പ്രതിപക്ഷത്തിനും നേട്ടം അവകാശപ്പെടാം. പക്ഷേ, നഷ്ടം ആര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. അഴിമതിവിരുദ്ധഭരണം ആഗ്രഹിക്കുന്നവര്‍ക്കു മാത്രം. 

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയനാടകങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. അതിനുശേഷമേ ലാഭനഷ്ടങ്ങളുടെ അന്തിമ പട്ടിക തയാറാക്കാന്‍ കഴിയുകയുള്ളൂ. ഗണേഷ് കുമാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആര്‍. ബാലകൃഷ്ണപിള്ള ജയിലിലായിരുന്നു. പിള്ളയെ ജയില്‍ വിമുക്തനാക്കാന്‍ വേണ്ടി യുഡിഎഫ് നടത്തിയ ശ്രമങ്ങളുടെ മുന്‍പന്തിയില്‍ ഗണേഷ് കുമാറുമുണ്ടായിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയ ഗോദായിലേക്കിറങ്ങിയ നവാഗതനായ ഗണേഷിനു രാഷ്ട്രീയ കപടതകള്‍ അന്യമായിരുന്നു. നീതി, ന്യായം എന്നിവയില്‍ ഊന്നിയുള്ള ഭരണത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയത്. 

അതുകൊണ്ടു തന്നെയായിരിക്കാം പെഴ്‌സനല്‍ സ്റ്റാഫിനെ നിയോഗിച്ചപ്പോള്‍ അച്ഛനോടും മറ്റുള്ളവരുമായും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാകാതിരുന്നത് . അച്ഛന്റെ ഉള്ളിലിരിപ്പ് നന്നായി അറിയാവുന്ന ആളായതുകൊണ്ട് തന്റെ കൂടെ നില്‍ക്കുന്നവര്‍ ആരായിരിക്കണമെന്ന് വ്യക്തമായ ധാരണയും ഈ നവമന്ത്രിക്ക് ഉണ്ടായിരുന്നു. എന്നാലും പിള്ള ഒപ്പം നില്‍ക്കുന്ന ആജ്ഞാനുവര്‍ത്തികളില്‍ ചിലരെ മന്ത്രിയുടെ പെഴ്‌സനല്‍ സ്റ്റാഫില്‍ തിരുകിക്കയറ്റാന്‍ ഒരു വൃഥാശ്രമം നടത്തിയിരുന്നു. ഇതിനു വഴങ്ങാന്‍ ഗണേഷ് തയ്യാറായില്ല്. ഈ നിലപാടു സ്വീകരിക്കുമ്പോള്‍ അഴിമതി വിരുദ്ധ സുതാര്യ ഭരണം ആഗ്രഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗണേഷ് കുമാറിന്  ശക്തമായ പിന്തുണയും നല്‍കിയിരുന്നു. പ്രകോപിതനായ പിള്ള കിട്ടുന്ന അവസരങ്ങളിലെല്ലാം ഉമ്മന്‍ ചാണ്ടിക്കെതിരേ ഒളിയമ്പുകള്‍ തൊടുക്കുന്നതിനു മാത്രമല്ല പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായി ആക്രമിക്കാനും തുടങ്ങി. 

പാര്‍ട്ടിക്കു മന്ത്രിയെ കിട്ടിയപ്പോള്‍, മകന്‍ മന്ത്രിയായപ്പോള്‍ സന്തോഷിച്ച പിതാവിനെയല്ല പിന്നീട് കേരളം കണ്ടത്. നിസ്സാരമായ  ഈഗോയായിരുന്നു യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ പിള്ളയുടെ മനസ്സില്‍ . മുന്നണി സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ട പാര്‍ട്ടി, അച്ഛന്‍- മകന്‍ പ്രശ്നത്തില്‍ മുന്നണിക്കു തന്നെ എതിരായി. പാര്‍ട്ടി ചെയര്‍മാന്‍ പറയുന്നതു വേദവാക്യമായി എടുക്കുന്ന ഒരു കൂട്ടത്തിന്റെ പിന്തുണ മാത്രമുണ്ടായിരുന്ന പിള്ള സാമുദായിക പിന്തുണയ്ക്കുള്ള ശ്രമങ്ങളും തുടര്‍ന്നു. എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനാ നേതാക്കളുടെ പിന്തുണ പിള്ളയ്ക്ക് ഒരു ഘട്ടത്തില്‍ ലഭിച്ചു. ഇതോടെ എന്തു നിലപാടെടുത്താലും പിന്തുണ കിട്ടുമെന്ന ധാരണയിലായി പിന്നീടുള്ള പ്രവര്‍ത്തനം. അവിടെ പിള്ളയ്ക്കു തെറ്റി. മുന്നണി നേതാക്കള്‍ പിള്ളയുടെ നിലപാടോടു യോജിക്കാന്‍ തയാറായില്ല. എങ്കിലും മന്ത്രിയെ മാറ്റണമെന്നു നിരന്തരം ആവശ്യപ്പെട്ടു. പാര്‍ട്ടി നിയോഗിച്ച മന്ത്രിയെ പിന്‍വലിക്കാനുള്ള അവകാശം പാര്‍ട്ടിക്കുണ്ടെന്ന വാദം ഉയര്‍ത്തി സമ്മര്‍ദ്ദവുമായി രംഗത്തു വന്നു. ഇതിനായി കത്തു നല്‍കുകയും വിവാദങ്ങള്‍ മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു. 

പാര്‍ട്ടിക്കുള്ളില്‍ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ രക്ഷകരായി എത്തിയവരാണ് അവസാനം ശിക്ഷകരായി കലാശിച്ചത്. വ്യക്തമായ താത്പര്യങ്ങളുണ്ടായിരുന്ന അവര്‍ ഗണേഷ് കുമാറുമായി സൗഹൃദം നടിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആയിരുന്നു അതില്‍ പ്രധാനി. ഗണേഷ് കുമാറിന്റെ വിശ്വസ്ത സുഹൃത്തായിട്ടായിരുന്നു പി.സി. ജോര്‍ജ് രംഗത്തുവരുന്നത്. അച്ഛനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്ന ധാരണ പരത്താനും, പ്രശ്ന പരിഹാരത്തിനെന്ന പേരില്‍ പലതവണ പിള്ളയുമായി ചര്‍ച്ചകള്‍ നടത്താനും ജോര്‍ജ്ജ് മറന്നില്ല. ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തുന്ന ജോര്‍ജിനെ ഏറ്റവുമടുത്ത സുഹൃത്തായി ഗണേഷ് കുമാറും കണ്ടു. ഇതിനിടയിലാണ് പിള്ളയ്ക്കെതിരേ വാളകം സ്കൂളിലെ അധ്യാപകന്റെ ആരോപണങ്ങളുണ്ടാകുന്നത്. പിള്ളയുടെ ആജ്ഞാനുവര്‍ത്തികളാണ് അധ്യാപകനെ മര്‍ദ്ദിച്ചതും കമ്പിപ്പാര പ്രയോഗം നടത്തിയതെന്നുമുള്ള ആരോപണങ്ങളുണ്ടായത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഗണേഷ് കുമാറും ജോര്‍ജ്ജുമായിരുന്നു ശക്തമായ പ്രതിരോധം തീര്‍ത്തത്.  

എന്നാല്‍, കെണി പിന്നീടാണ് ഗണേഷ് തിരിച്ചറിഞ്ഞത്. നെല്ലിയാമ്പതിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചപ്പോള്‍ തോട്ടങ്ങള്‍ പാവപ്പെട്ട കൃഷിക്കാരുടേതാണെന്ന വാദവുമായി മന്ത്രിയെ കാണാന്‍ പി.സി. ജോര്‍ജെത്തി. ജോര്‍ജിനൊപ്പം നിവേദനവുമായി വന്ന പാവപ്പെട്ട കര്‍ഷകര്‍ കൈയേറ്റക്കാരായ മുതലാളിമാരും ഭുപ്രഭുക്കളുമാണെന്ന് ഗണേഷ് തിരിച്ചറിഞ്ഞു. ഇതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും തിരിച്ചുപിടിക്കുമെന്ന ശക്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പി.സി. ജോര്‍ജ് പിന്നീട് ഗണേഷിനെതിരായ നിലപാടു ശക്തമാക്കി. ശേഷം പതിവു ശൈലിയില്‍ അപവാദപ്രചാരണം, വെല്ലുവിളി, ഭീഷണി എന്നിവയുമായി ഉറഞ്ഞു തുള്ളി. ജീവനുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കുമെന്ന പ്രഖ്യാപനവുമായി വാര്‍ത്താസമ്മേളനങ്ങളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. പത്രസമ്മേളനം നടത്തി തെമ്മാടിക്കൂത്ത് നടത്താനും, മുത്തശ്ശിയാകാന്‍ പ്രായമുള്ള കെ.ആര്‍. ഗൗരിയമ്മയെ അസഭ്യം പറയാനും ഈ നേതാവിന് യാതൊരു ഉളുപ്പും ഉണ്ടായിരുന്നില്ല. 

കേരളത്തിലുടനീളം മൈക്ക് കിട്ടിയ ഇടങ്ങളിലൊക്കെ അസഭ്യധ്വനികളുമായി ജോര്‍ജ് അഴിഞ്ഞാടി. മന്ത്രിയെ പുറത്താക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ജോര്‍ജ് തേടി. കിട്ടാവുന്നവരുടെ സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിനിടയില്‍ സുഹൃത്തു ചമഞ്ഞിരുന്ന കാലത്തു ഗണേഷില്‍ നിന്നു തന്നെ കുടുംബ പ്രശ്നങ്ങള്‍ മനസിലാക്കിയിരുന്ന ജോര്‍ജ് ഭാര്യയുടെ നിലപാടുകളും വ്യക്തമായി അറിഞ്ഞിരുന്നു.

ഈ സമയത്താണ് ഒരു മന്ത്രിയെ വീട്ടില്‍ കയറി തല്ലിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. മന്ത്രിയുടെ പേരോ തിരിച്ചറിയാനുള്ള സൂചനകളോ ഒന്നുമില്ലാതിരുന്ന ആ വാര്‍ത്ത ഒരു ഗോസിപ്പായി മാത്രം അവസാനിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ വാര്‍ത്ത വന്നു മണിക്കൂറുകള്‍ക്കകം തന്നെ ചീഫ് വിപ്പ് വാര്‍ത്താസമ്മേളനം നടത്തി വാര്‍ത്തയിലെ ആരോപണ വിധേയനായ മന്ത്രി കെ.ബി. ഗണേഷ് കുമാറാണെന്നു വിളിച്ചുപറഞ്ഞു. ഇതോടെ വിവാദങ്ങള്‍ കനത്തു. പിണങ്ങിപ്പിരിഞ്ഞിരുന്ന ഭാര്യയുമായി അനുരജ്ഞനത്തിനുള്ള ശ്രമങ്ങളായി പിന്നീട്. മുഖ്യമന്ത്രിയെവരെ പ്രശ്നത്തില്‍ ഉള്‍പ്പെടുത്തി. പിന്നെ കരാറും അനുരഞ്ജനവും ചര്‍ച്ചകളുമായി രംഗം സജീവം. ഒടുവില്‍ കരാര്‍ലംഘനവും. ഇതിനിടയില്‍ ചില നിയമോപദേശകരുടെ വാക്കുകളില്‍ മാത്രം വിശ്വസിച്ച് ഗണേഷ് കുമാര്‍ കോടതിയിലുമെത്തി. കേസിലും പ്രതിയായി മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 

അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ചില മൂല്യങ്ങളുണ്ട്. സദാചാരത്തിനു വിലമതിക്കുന്നവരാണ് മലയാളികള്‍ . ഭരണചക്രം തിരിക്കുന്ന ഒരു മന്ത്രിയും സദാചാരം പാലിക്കാന്‍ ബാധ്യസ്ഥനാണ്. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ചിലപ്പോള്‍ വ്യാജമായിരിക്കാം. എങ്കിലും 16 വര്‍ഷം കൂടെ ജീവിച്ച ഭാര്യയാണ് അതുന്നയിക്കുന്നത്. അതുകൊണ്ടു തന്നെ ചിലര്‍ വിശ്വസിച്ചേക്കും. തീയില്ലാതെ പുകയുണ്ടാകില്ലെന്നു പറയുകയും കരുതുകയും ചെയ്യും. അതു മനസിലാക്കി അത്തരമൊരു ആരോപണം ഒഴിവാക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. ആരോപണം ഉന്നയിക്കേണ്ട സാഹചര്യമെങ്കിലും ഒഴിവാക്കണമായിരുന്നു. നാലു ചുമരുകള്‍ക്കുള്ളില്‍ തീരേണ്ട വിഷയം സമൂഹമധ്യത്തില്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ അനുവദിക്കരുതായിരുന്നു. 

ഒരുമിച്ചു ജീവിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ നിയമപരമായി പിരിയാന്‍ സംവിധാനങ്ങളുള്ള രാജ്യമാണ് ഭാരതം. ആ മാര്‍ഗം സ്വീകരിക്കണമായിരുന്നു. സര്‍ക്കാരിനും മന്ത്രിക്കും നാടിനും മാത്രമല്ല നാണക്കേട്. ഒരു തെറ്റും ചെയ്യാത്ത രണ്ടു കുട്ടികളുടെ കാര്യമെങ്കിലും ഓര്‍ക്കണമായിരുന്നു.   സ്വന്തം മുത്തച്ഛന്‍ തന്നെ തങ്ങളെ  വഴിയാധാരമാക്കുകയും, പിതാവിനെ തള്ളിപ്പറയുകയും ചെയ്തെന്ന സത്യം ആ ഇളം മനസ്സുകളെ വല്ലാതെ മുറിവേല്പിക്കും.  നാളെ സമൂഹം അവരെ നോക്കി അടക്കം പറയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസികവ്യഥയ്ക്കു പരിഹാരമുണ്ടാക്കാന്‍ ഈ നാടകത്തില്‍ വേഷം കെട്ടിയ ആര്‍ക്കും സാധിക്കില്ല.
വിവാദങ്ങളുടെ ബലിയാട്  - മൊയ്തീന്‍ പുത്തന്‍‌ചിറവിവാദങ്ങളുടെ ബലിയാട്  - മൊയ്തീന്‍ പുത്തന്‍‌ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക