Image

മഴക്കാലങ്ങളെപ്പറ്റി, മീനമഴയെപ്പറ്റി ഒരു നിരീക്ഷണം (ജോണ്‍മാത്യു)

Published on 07 April, 2013
മഴക്കാലങ്ങളെപ്പറ്റി, മീനമഴയെപ്പറ്റി ഒരു നിരീക്ഷണം (ജോണ്‍മാത്യു)
മലയാളത്തിലെ മനോഹരങ്ങളായ നാടന്‍ ചൊല്ലുകളില്‍ ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്‌ മഴയുടെ ശാസ്‌ത്രത്തിന്റെയും മനുഷ്യസ്വഭാവത്തിന്റെയും ആഴത്തിലുള്ള ചിന്തയുണര്‍ത്തുന്ന `കാലവര്‍ഷം കണ്ട്‌ ഇരുന്നവരും തുലാവര്‍ഷം കണ്ട്‌ ഓടിയവരും' എന്ന പഴഞ്ചൊല്ല്‌. ഇത്‌ ഇനിയും ഒന്ന്‌ മറിച്ചിട്ടാലും അര്‍ത്ഥം അതുതന്നെ. അതായത്‌: `തുലാവര്‍ഷം കണ്ട്‌ ഇരുന്നവരും കാലവര്‍ഷം കണ്ട്‌ ഓടിയവരും' എന്നായാലും.
മഴ കവിതയാകുന്ന നാട്‌ കേരളമല്ലാതെ മറ്റെവിടമാണ്‌. പല രാജ്യങ്ങളിലും അടിച്ചുതിമിര്‍ത്തൊക്കെ മഴപെയ്യുമായിരിക്കും, ശക്തമായ മിന്നലും അനുഭവപ്പെടാം, പക്ഷേ പുതുമഴ ഒരു ഖണ്‌ഡകാവ്യമാകുന്നത്‌. നാടകീയമാകുന്നത്‌ കേരളത്തിലല്ലേ.....
`മകരത്തില്‍ മഴ പെയ്‌താല്‍ മലയാളം മുടിയും' എന്ന്‌ മറ്റൊരു ചൊല്ല്‌.

നിറഞ്ഞപൂക്കളുമായി സൗരഭ്യം പരത്തി വണ്ടുകളെ ആകര്‍ഷിച്ച്‌ നില്‍ക്കുന്ന മാമ്പൂക്കള്‍ മഴക്കാറു കാണുമ്പോള്‍തന്നെ ഉരുകിപ്പോകുമെന്നാണ്‌ പറച്ചിലും, പിന്നെ അനുഭവും. `മക്കളേം മാമ്പൂവും കണ്ട്‌ അഹങ്കരിക്കരുതെന്ന പേടിപ്പെടുത്തുന്ന പഴഞ്ചൊല്ലും മലയാളിയുടെ തലക്കുമേല്‍ ഡമോക്‌ളിസിന്റെ വാളുപോലെ തൂങ്ങിനില്‍ക്കുന്നു.
കാലം തെറ്റിയുള്ള മകരമഴ മലയാളം മുടിക്കും. തീര്‍ച്ച! കേരളം സമ്പല്‍സമൃദ്ധമാകാന്‍ മീനത്തില്‍ത്തന്നെ പുതുമഴവേണം. ഇക്കാലത്ത്‌ അതില്ലാന്ന്‌ കേട്ടപ്പോള്‍ ഞാന്‍ മറുപടി കൊടുത്തു: നിങ്ങള്‍ക്കെന്തിനാ മഴ, അത്‌ കൃഷിക്കാര്‍ക്കല്ലേ വേണ്ടൂ. കൃഷിയൊക്കെ വേണ്ടെന്ന വെച്ചിട്ട്‌ ഇപ്പോള്‍ പരാതി പറയുകയാണ്‌, മഴയില്ല, ചൂടാണ്‌ എന്നൊക്കെ.
ഈ ഭൂമിയില്‍ത്തന്നെ ഏറ്റവുമധികം മഴയുള്ള ദേശത്ത്‌ കുടിക്കാന്‍പോലും വെള്ളവുമില്ലത്രേ. മീനം മേടമാസങ്ങളിലെ ജലക്ഷാമം അത്ര പുതുമയൊന്നുമല്ല. ഒരമ്പത്‌ വര്‍ഷം മുന്‍പും വേനല്‍ക്കാലത്ത്‌ പലപ്പോഴും വെള്ളംകിട്ടാനില്ലായിരുന്നു. അന്ന്‌ മണിമലയാറ്റിലെ മണല്‍ത്തിട്ടകളില്‍ കുഴികുഴിച്ച്‌ വെള്ളമെടുത്ത ഓര്‍മ്മയുണ്ട്‌. ചില വര്‍ഷങ്ങളില്‍ മഴ താമസിക്കും. പക്ഷേ, ജനങ്ങള്‍ ഇത്രയും തിങ്ങിപ്പാര്‍ത്തിരുന്നില്ലല്ലോ അക്കാലങ്ങളില്‍.

നമ്മുടെ ഇടവപ്പാതിമഴയാണ്‌ ലോകചരിത്രംതന്നെ തിരുത്തിക്കുറിച്ചത്‌. ഇടവപ്പാതിയും ഞാറ്റുവേലയും കള്ളക്കര്‍ക്കിടവും കഴിഞ്ഞ്‌ ഒന്ന്‌ തെളിഞ്ഞ്‌ തിരുവോണത്തിന്‌ കാത്തിരിക്കുമ്പോള്‍ മഴയുടെ മഹാകാവ്യം വായിച്ചുതീര്‍ത്ത്‌, ആസ്വദിച്ച സംതൃപ്‌തി.
കേരളത്തിന്റെ മഴ കവിതയാണെന്നൊക്കെ പറയാമെങ്കിലും മലയാളികള്‍ക്ക്‌, പ്രതിയേകിച്ച്‌ വിദേശമലയാളികള്‍ക്ക്‌, പരാതിമാത്രമേ ബാക്കിയുള്ളൂ. ചൂടും, കൊതുകും, വിവിധയിനം പനികളും, റോഡപകടങ്ങളും എല്ലാം ചേര്‍ന്ന്‌ സാധാരണ ജീവിതം ദുസ്സഹമാക്കുന്നു.

ഭാരതത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍നിന്നു മാത്രമല്ല ലോകരീതികളില്‍നിന്നുതന്നെ കേരളസമൂഹം വേറിട്ട്‌ നില്‍ക്കുന്നു. നീണ്ടുനില്‍ക്കുന്ന കാലവര്‍ഷക്കാലം മടിപിടിപ്പിക്കുന്നതാണോ? പുറംലോകവുമായുള്ള പോരാട്ടത്തിന്‌ മുതിരാതെ തിണ്ണമിടുക്കിനുമാത്രം പ്രേരിപ്പിക്കുന്നതാണോ? ഇതേ സമയം ധൃതിപിടിച്ചുവരുന്ന തുലാവര്‍ഷം എടുത്തുചാട്ടങ്ങളാണോ നല്‍കുന്നത്‌? ഏതായാലും ഈ ശൈലിയിലാണ്‌ നമ്മുടെ സമൂഹം പ്രവര്‍ത്തിക്കുന്നത്‌, ഉള്ളിലേക്ക്‌ ഒതുങ്ങുകയും സ്വന്തം ചുറ്റുവട്ടങ്ങളില്‍ത്തന്നെനിന്നുള്ള സമരങ്ങളുമായി അത്‌ മലയാളികളുടെ രാഷ്‌ട്രീയകക്ഷികളില്‍ മുതല്‍ ഇങ്ങേത്തലക്കലുള്ള മതസംഘടനകളിലും സമാജങ്ങളില്‍വരെയും കാണപ്പെടുന്നു. എല്ലാറ്റിനും തികഞ്ഞ വാശിയും വൈരാഗ്യവും.
കേരളത്തിന്റെ നിയമസഭ മുതലുള്ള എല്ലാ കൂടിവരവുകളിലും ചെറുപതിപ്പുകളായി ഈ പൊതുസ്വഭാവം ആവര്‍ത്തിക്കുന്നു. തങ്ങളുടെ വാദഗതികള്‍ നിര്‍ബന്ധപൂര്‍വ്വം അംഗീകരിപ്പിക്കാനും ഒപ്പം മറ്റുള്ളവര്‍ക്ക്‌ കുത്തുവാക്കുകള്‍ കൊടുക്കാനും ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവരും വിദ്യസമ്പന്നരുംപോലും മടിക്കാറില്ല.
പഴഞ്ചൊല്ലുകളിലാണല്ലോ തുടങ്ങിയത്‌. `വെട്ടൊന്ന്‌ മുറി രണ്ട്‌'?ഇതും ഇവിടെച്ചേരും. അതാണ്‌ മീനമഴ. അന്നാണ്‌ കിഴക്കന്‍മലനിരകള്‍ ഭീമത്സ രൂപമെടുക്കുന്നത്‌. കറുത്തിരുണ്ടു കയറിവരുന്ന കാര്‍മേഘം. അതിനിടയില്‍ തീനാളങ്ങള്‍. ഭൂമിപിളര്‍ക്കുന്ന ഇടിയുടെ മുഴക്കം. ഇപ്പോള്‍ മഴ വീഴുമെന്ന തോന്നല്‍, പക്ഷേ, ആ മേഘം ഉടനെ പെയ്‌തില്ലെന്നുമിരിക്കാം.

ഇവിടെ ഒന്നു പറയാന്‍ മറന്നു. പേടിപ്പെടുത്തുന്ന ആ മീനമാസ മഴയാണ്‌ കര്‍ഷകന്റെ ജീവന്‍. ദേശംമുഴുവന്‍ മീനമഴക്കുവേണ്ടി കൃഷിയിറക്കാന്‍ പാകപ്പെടുത്തിയ നിലവുമായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകമായിരുന്നു. മീനത്തിലെ ആ മിന്നലും ഇടിമുഴക്കവും ഭൂമിയില്‍ ഒന്നുമറിയാതെ സുഖമായി ഉറങ്ങിക്കിടക്കുന്ന വിത്തുകളെ മാടിവിളിക്കുന്നു, ഉണര്‍ന്നുവരൂ എന്ന്‌. ഇതുതന്നെയാണോ കാലത്തിന്റെ ഉത്സവങ്ങള്‍, ഭൂമിയോട്‌ ബന്ധപ്പെട്ട ആഘോഷങ്ങള്‍, ഇനിയും പല വിശ്വാസങ്ങള്‍ക്കുപോലും ആധാരം!
പുതുമഴ കഴിഞ്ഞ്‌ എല്ലാം ശാന്തമാകുമ്പോള്‍ പുതിയ നാമ്പ്‌ പ്രത്യക്ഷപ്പെടുകയായി, അപ്പോള്‍ പാരമ്പര്യം അനുസരിച്ചുള്ള കൊന്നപ്പൂക്കളില്‍ സമൃദ്ധമായ ഒരു പുതുവര്‍ഷവും. ചിലപ്പോള്‍ അല്‍പം വൈകിയാല്‍പ്പോലും നിശ്ചിതമായി, ഉണ്ടാകുന്ന മഴയാല്‍ നിയന്ത്രിക്കപ്പെടുന്ന നാടുതന്നെ കേരളം, നമ്മുടെയെല്ലാം മനസും അതില്‍നിന്ന്‌ മാറ്റിവെക്കപ്പെടാനാവാതെ നിലകൊള്ളുന്നു. ഇവിടെ പഴഞ്ചൊല്ലുകള്‍ക്കും ജീവിതത്തോട്‌ ചേര്‍ത്തുതന്നെയുള്ള അര്‍ത്ഥം കൊടുക്കുക.
മഴക്കാലങ്ങളെപ്പറ്റി, മീനമഴയെപ്പറ്റി ഒരു നിരീക്ഷണം (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക