Image

റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പ്രതിഷേധ യോഗം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 20 September, 2011
റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പ്രതിഷേധ യോഗം
ന്യൂയോര്‍ക്ക്‌: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌, സെന്റ്‌ പോള്‍സ്‌ ഇടവകയില്‍ 1934ലെ സഭാ ഭരണഘടന അനുസരിച്ച്‌ ഭരിക്കപ്പെടണമെന്നുള്ള കോടതി വിധി പൂര്‍ണ്ണമായും നടപ്പിലാക്കിക്കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ സെപ്‌തംബര്‍ 18 ഞായറാഴ്‌ച വി. ആരാധനയ്‌ക്കുശേഷം പൊതുസമ്മേളനം നടന്നു.

ഭരണഘടനയേയും കോടതിയേയും ബഹുമാനിക്കാത്ത, 2002-ല്‍ രൂപം കൊടുത്ത പുത്തന്‍കുരിശ്‌ സൊസൈറ്റിയുടെ കുത്സിത നീക്കങ്ങളെ ശക്തമായി നേരിടുന്നതിന്‌ യോഗത്തില്‍ പ്രസംഗിച്ചവര്‍ ആഹ്വാനം ചെയ്‌തു. കേസ്‌ കൊടുക്കുകയും, കേസ്‌ തോറ്റപ്പോള്‍ നീതിന്യായവ്യവസ്ഥകളെ ചോദ്യം ചെയ്‌ത്‌ തെരുവില്‍ ഇറങ്ങിയിട്ടുള്ള ഇക്കൂട്ടര്‍ ക്രിസ്‌തീയ സഭയ്‌ക്ക്‌ ഒരു ആക്ഷേപമാണെന്ന്‌ പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി.
വി. മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന മലങ്കര സഭയുടെ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ നീതിക്കുവേണ്ടിയുള്ള സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും പരിശുദ്ധ സഭയ്‌ക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നു പ്രാസംഗികര്‍ പ്രസ്‌താവിച്ചു. വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ സഭയ്‌ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി.

യോഗത്തില്‍ വികാരി റവ. ഫാ. ഡോ. രാജു വര്‍ക്ഷീസ്‌ അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, എബ്രാഹാം പോത്തന്‍, ജോര്‍ജ്ജ്‌ താമരവേലില്‍, അലക്‌സ്‌ എബ്രഹാം, ജോണ്‍ ജേക്കബ്ബ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇടവക സെക്രട്ടറിയും സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗവുമായ ഫിലിപ്പോസ്‌ ഫിലിപ്പ്‌ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ അവതരിപ്പിച്ച പ്രമേയം അംഗങ്ങള്‍ ഐകകണ്‌ഠ്യേന കൈയ്യടിച്ച്‌ പാസ്സാക്കി. ഇടവക ട്രസ്റ്റീ ബെന്നി കുരിയന്‍ പ്രമേയത്തിന്റെ അനുവാദകന്‍ ആയിരുന്നു. കാതോലിക്കാ മംഗളഗാനത്തോടെ യോഗം പര്യവസാനിച്ചു.
റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പ്രതിഷേധ യോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക