Image

യു.എസ് എയര്‍ഷോ: മരിച്ചവരുടെ എണ്ണം പത്തായി

Published on 20 September, 2011
യു.എസ് എയര്‍ഷോ: മരിച്ചവരുടെ എണ്ണം പത്തായി
വാഷിങ്ടണ്‍: അമേരിക്കയിലെ നെവാഡയില്‍, ലോകപ്രശസ്ത റെനോ വ്യോമാഭ്യാസ മത്സരത്തിനിടെ യുദ്ധവിമാനം തകര്‍ന്ന് കാണികള്‍ക്കിടയിലേക്ക് വീണ് മരിച്ചവരുടെ എണ്ണം പത്തായി. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.

പ്രശസ്ത വ്യോമാഭ്യാസിയും സിനിമകളിലെ സ്റ്റണ്ട് പൈലറ്റുമായ ജിമ്മി ലീവാര്‍ഡ് പറത്തിയ രണ്ടാം ലോക യുദ്ധകാലത്തെ യുദ്ധവിമാനമാണ് നിയന്ത്രണം വിട്ട് കാണികള്‍ക്കിടയിലേക്ക് പതിച്ചത്. ഫേഌറിഡയില്‍ ഒക്കാലയില്‍ നിന്നുള്ള 80 വയസ്സുകാരനായ ലീവാര്‍ഡ് 1970 മുതല്‍ റെനോ എയര്‍ ഷോയില്‍ മത്സരാര്‍ഥിയാണ്. മൂന്നാം ലാപ് പറക്കവെ നിയന്ത്രണം വിട്ട മത്സരവിമാനം കാണികള്‍ക്കിടയിലേക്ക് കൂപ്പുകുത്തി പൊട്ടിത്തെറിക്കുകയായിരുന്നു.

എല്ലാവര്‍ഷവും സപ്തംബറില്‍ നടക്കുന്ന റെനോ എയര്‍ ഷോ അമേരിക്കയിലെ ദേശീയ വ്യോമാഭ്യാസ മത്സരം കൂടിയാണ്. സാധാരണ പൗരന്മാരും സൈനിക ഓഫിസര്‍മാരും പങ്കെടുക്കുന്ന എയര്‍ഷോ കാണാന്‍ നിരവധി പേരാണ് റെനോയില്‍ എത്തുന്നത്. 2007, 2008 വര്‍ഷങ്ങളിലും എയര്‍ഷോക്കിടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക