Image

കോലഞ്ചേരി പള്ളിത്തര്‍ക്കം : ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നു ഹൈക്കോടതി

Published on 20 September, 2011
കോലഞ്ചേരി പള്ളിത്തര്‍ക്കം :  ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നു ഹൈക്കോടതി
കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുമായി ബന്ധപ്പെട്ടു ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനു ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നു ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു അനുകൂലമായ കോടതി വിധിക്കെതിരെ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

മൂപ്പതിനു കേസു പരിഗണിക്കുമെന്നും പള്ളിയിലെ ആരാധന സംബന്ധിച്ചു അന്നു ഇടക്കാല ഉത്തരവ് നല്‍കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. തര്‍ക്കം പരിഹരിക്കുന്നതിനു ഹൈക്കോടതി മീഡിയേഷന്‍ സെന്റര്‍ നിയമിച്ച അഭിഭാഷകസമിതിയുടെ ശ്രമങ്ങള്‍ ഫലം കാണാതിരുന്ന സാഹചര്യത്തില്‍ സമിതി ഇതു സംബന്ധിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതു രേഖപ്പെടുത്തണമെന്നു അഭിഭാഷക സമിതി കോടതിയോടു ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

തര്‍ക്കം പരിഹരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ പതിനഞ്ചു ദിവസത്തെ സമയം ആവശ്യപ്പെട്ടതായി അഭിഭാഷക സമിതി ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നതു മുപ്പതിലേക്കു മാറ്റിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക