Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം ഒക്‌ടോബര്‍ 15-ന്‌ ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2011
ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം ഒക്‌ടോബര്‍ 15-ന്‌ ശനിയാഴ്‌ച
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇരുപതാമത്‌ യുവജനോത്സവം 2011 ഒക്‌ടോബര്‍ 15-ന്‌ ശനിയഴ്‌ച നടത്തപ്പെടുമെന്ന്‌ ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, യൂത്ത്‌ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഫില്‍സ്‌ മാത്യു മാപ്പിളശേരില്‍ എന്നിവര്‍ അറിയിച്ചു.

മോര്‍ട്ടണ്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ഈവര്‍ഷത്തെ യുവജനോത്സവം നടത്തപ്പെടുന്നത്‌. രാവിലെ എട്ടുമണിക്ക്‌ മുന്‍വര്‍ഷത്തെ കലാപ്രതിഭ/കലാതിലകം എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി യുവജനമേളയ്‌ക്ക്‌ തുടക്കംകുറിക്കും. തുടര്‍ന്ന്‌ രണ്ടുവേദികളിലായി വിവിധയിനം മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്‌.

യുവജനോത്സവത്തിന്റെ നടത്തിപ്പിലേക്കായി ഫില്‍സ്‌ മാപ്പിളശ്ശേരില്‍ (ചെയര്‍മാന്‍), സന്തോഷ്‌ കളരിക്കപ്പറമ്പില്‍ (കോ-ചെയര്‍മാന്‍), ഷൈനി ഹരിദാസ്‌ (കോ-ചെയര്‍പേഴ്‌സണ്‍), ജിഷ ഏബ്രഹാം, ജയിംസ്‌ ലൂക്കോസ്‌ (ആര്‍ട്‌സ്‌ ക്ലബ്‌ ചെയര്‍മാന്‍) എന്നിവര്‍ അടങ്ങുന്ന യൂത്ത്‌ ഫെസ്റ്റിവല്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ഫോമും വിശദവിവരങ്ങളും അടങ്ങുന്ന യൂത്ത്‌ ഫെസ്റ്റിവല്‍ ബ്രോഷര്‍ ഷിക്കാഗോലാന്റിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലും എല്ലാ മലയാളി ഗ്രോസറി കടകളിലും ലഭ്യമാണ്‌. അസോസിയേഷന്റെ വെബ്‌സൈറ്റില്‍ നിന്നും (www.ima4us.org) അപേക്ഷാഫോറം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എടുക്കാവുന്നതാണ്‌. സബ്‌ ജൂണിയര്‍ (കെ.ജി-4), ജൂണിയര്‍ ((5 -8), സബ്‌ സീനിയര്‍ (9-12) എന്നീ മൂന്ന്‌ വിഭാഗങ്ങളിയാരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി പുഞ്ചിരി മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സ്‌പെല്ലിംബീ ചോദ്യങ്ങള്‍, പ്രസംഗമത്സരങ്ങള്‍ക്കുള്ള വിഷയങ്ങള്‍ എന്നിവയും വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പെന്‍സില്‍ ഡ്രോയിംഗ്‌, കളര്‍ പെയിന്റിംഗ്‌ എന്നിവയ്‌ക്കുള്ള ക്യാന്‍വാസ്‌ ഒഴികെയുള്ള ഉപകരണങ്ങള്‍ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരേണ്ടതാണ്‌. അപേക്ഷാഫോറം സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ എട്ടാം തീയതിയാണ്‌. രജിസ്‌ട്രേഷന്‍ ഫോമിനൊപ്പം ഐ.എം.എയുടെ പേരില്‍ ചെക്കായി രജിസ്‌ട്രേഷന്‍ ഫീസും നല്‍കേണ്ടതാണ്‌. അവസാന തീയതിക്കുശേഷം ലഭിക്കുന്നതോ, രജിസ്‌ട്രേഷന്‍ ഫീസ്‌ ഒപ്പം സമര്‍പ്പിക്കാത്തതോ ആയ രജിസ്‌ട്രേഷന്‍ ഫോമുകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും സമയക്രമം പാലിക്കുന്നതിനും യൂത്ത്‌ ഫെസ്റ്റിവല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന്‌ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഈവര്‍ഷത്തെ യുവജനോത്സവത്തോടനുബന്ധിച്ച്‌ മത്സര രഹിത വിഭാഗമായി ഷാഷന്‍ ഷോ പ്രോഗ്രാം നടത്തുവാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഐ.എ.എ യൂത്ത്‌ ഫ്രണ്ട്‌ നേതൃത്വംനല്‍കുന്ന ഫാഷന്‍ ഷോ പ്രോഗ്രാം ഈവര്‍ഷത്തെ യുവജനോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ഫാഷന്‍ ഷോ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍ ജിഷ ഏബ്രഹാമിനെയോ, യൂത്ത്‌ ഫ്രണ്ട്‌ നേതാക്കളായ ജെറി കൊല്ലാപുരം, ഫിയോനാ മോഹന്‍ എന്നിവരുമായോ ബന്ധപ്പെടേണ്ടതാണ്‌.

ഷിക്കാഗോലാന്റിലെ യുവതലമുറയുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി യുവജനോത്സവം എന്ന സങ്കല്‍പ്പം ആദ്യമായി ഇവിടെ യാഥാര്‍ത്ഥ്യമാക്കിയ ഇല്ലിനോയി മലയാളി അസോസിയേഷന്‍ രണ്ട്‌ ദശാബ്‌ദങ്ങളിലെ അനുഭവ സമ്പത്തുമായാണ്‌ ഈവര്‍ഷത്തെ കലാമേളയ്‌ക്ക്‌ അരങ്ങൊരുക്കുന്നത്‌. മഹത്തായ ലക്ഷ്യത്തോടെ നടത്തുന്ന അസോസിയേഷന്റെ ഈ ജനകീയ പരിപാടി വിജയപ്രദമാക്കുവാന്‍ എല്ലാ രക്ഷിതാക്കളുടേയും സഹകരണം സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫില്‍സ്‌ മാപ്പിളശ്ശേരില്‍ (708 310 2800), ഷൈനി ഹരിദാസ്‌ (630 290 7143), സന്തോഷ്‌ കളരിക്കപ്പറമ്പില്‍ (630 709 8233) എന്നിവരുമായി ബന്ധപ്പെടുക.
ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം ഒക്‌ടോബര്‍ 15-ന്‌ ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക