Image

ഇനി മാറേണ്ടത് കോടതി ഭാഷ: ഡി. ബാബുപോള്‍

Published on 17 April, 2013
ഇനി മാറേണ്ടത് കോടതി ഭാഷ: ഡി. ബാബുപോള്‍
നാടാകെ ഭരണഭാഷാവര്‍ഷം വന്നിരിക്കുന്നു. ഭരണത്തില്‍ ഇരിക്കുന്നവര്‍ മലയാളഭാഷാ വിരോധികളാണ് എന്ന് പറയാതെ പറയുകയാണ് പരിഷ്‌കാരം. നമ്മുടെ ചലച്ചിത്രങ്ങള്‍ക്കൊക്കെ ഇംഗഌഷില്‍ പേരിടുന്നത് ആരും ശ്രദ്ധിച്ചുകാണുന്നില്ല. എന്തിന് ചലച്ചിത്രങ്ങള്‍? ചാനലുകളുടെ പേരിലും ഏഷ്യാനെറ്റ് തുടങ്ങിവെച്ചതിന്റെ ബാക്കിയാണ് നാം കാണുന്നത്. കണ്ണിലിരിക്കുന്ന കോല്‍ അവിടെ ഇരിക്കട്ടെ, അയല്‍ക്കാരന്റെ കണ്ണിലെ കരടാണ് അതിനെക്കാള്‍ വലിയ പ്രശ്‌നം.

മാതൃഭാഷ പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കണം. എന്നാല്‍, താല്‍കാലികമായി കേരളത്തില്‍ സ്ഥലം മാറി വരുന്ന ഉത്തരേന്ത്യക്കാരന്റെ സന്താനം സി.ബി.എസ്.ഇ സംവിധാനത്തില്‍ മൂന്നോ നാലോ കൊല്ലം മലയാളം പഠിക്കണം എന്ന് നിര്‍ബന്ധിക്കരുത്. പണ്ട് ഞാനും അത് പറഞ്ഞിട്ടുണ്ട്. എന്റെ മകന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റമായി ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം. ഐ.സി.എസ്.സി സംവിധാനമുള്ള സ്‌കൂള്‍. എന്നാല്‍, ആ നാട്ടിലെ ഭാഷ നിര്‍ബന്ധം. നാലാം കഌസിലാണ് ചേരുന്നത്. എട്ടുവരെ ആ ഭാഷ കൂടിയെ കഴിയൂ. ആ ഭാഷയെ ആ കുട്ടി വെറുക്കുകയും ശപിക്കുകയും ആണ്. അത് വേണ്ട എന്ന് ഞാന്‍ പറയും. മലയാളി കേരള സിലബസില്‍ പഠിക്കുമ്പോള്‍ മലയാളം ഒഴിവാക്കാന്‍ അനുവദിക്കരുത് എന്നത് ന്യായം. ആള്‍ മലയാളിയാണെങ്കില്‍ സി.ബി.എസ്.ഇ സമ്പ്രദായത്തിലും മലയാളം പഠിക്കണം എന്ന് പറയാം. ഹിന്ദിക്കാരന്റെയും ബംഗാളിയുടെയും മക്കളെക്കൊണ്ട് നമ്മുടെ മാതൃഭാഷയെ ശപിപ്പിക്കരുത്. അവരത് ചെയ്യുന്നു എന്നത് നാം അത് ചെയ്യാന്‍ മതിയായ ന്യായമല്ല. തമിഴ്‌നാട്ടില്‍ ചെന്നാല്‍ ഒരൊറ്റ ഫലകം വായിക്കാനാവുന്നില്ല. ഇംഗഌഷ് കൂടെ എഴുതാതിരിക്കുന്നതിനെ സ്വഭാഷാഭിമാനം എന്നല്ല ഭാഷാ ഭ്രാന്ത് എന്നോ ധിക്കാരം എന്നൊ ആണ് വിളിക്കേണ്ടത്.

എല്ലാ വര്‍ഷവും നവംബര്‍ ഒന്നിനും ചിങ്ങം ഒന്നിനും വേഷം കെട്ടുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു. കേരളീയം എന്ന വിശ്വാസത്തോടെ അവതരിപ്പിക്കുന്ന വേഷത്തിന് കേരളീയതയില്ല. സാരി ദേവവസ്ത്രമാക്കി ഭാരതീയ മനസ്സുകളില്‍ ഉറപ്പിച്ചത് രാജാ രവിവര്‍മയാണ് എന്നതിനാല്‍ ആ മഹാരാഷ്ട്രീയന്‍ചേലക്ക് ഒരു കേരളീയ ബന്ധം ഉണ്ട് എന്ന് പറയാമെന്ന് മാത്രം. പിറ്റേന്നുമുതല്‍ പഞ്ചാബി വേഷവും പാശ്ചാത്യവേഷാഭാസങ്ങളും തന്നെ വീണ്ടും.

വേഷം പോലെ ഭാഷയും. മലയാളം അവഗണിക്കപ്പെടുന്നു. മലയാളം ഭരണത്തിനുപയോഗിക്കുന്നില്ല. ആവര്‍ത്തനംകൊണ്ട് കാപട്യം ആരോപിക്കപ്പെടാവുന്ന മട്ടിലാണ് ഈ സംഘഗാനത്തിന്റെ പുറപ്പാട്. പിറ്റേന്ന് വീണ്ടും പേരക്കിടാങ്ങള്‍ പള്ളിക്കൂടത്തില്‍ ട്വിങ്കിള്‍ ട്വിങ്കിള്‍ പാടുന്നത് ഭടാറ്റാബൈബൈ അപ്പൂപ്പാ' എന്ന് നമുടെ ഭാഷാഭിമാനിയോട് യാത്ര പറഞ്ഞ് പോയിട്ടാണ്. നമ്മുടെ വേഷവും മരിക്കുന്നില്ല. ഭാഷയും മരിക്കുന്നില്ല. കാപട്യവും മരിക്കുന്നില്ല.

മലയാളം മരിക്കുന്നു എന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനം? നമ്മുടെ പത്രങ്ങളുടെയും മാസികകളുടെയും എണ്ണം കുറയുന്നില്ലെന്ന് മാത്രമല്ല, അര്‍ഹിക്കുന്നത് അതിജീവിക്കുകയും പ്രചാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഭാഷയില്‍ കൂടുതല്‍ കൃതികള്‍ പുറത്തുവരുന്നു. ഇമെയിലിലും മൊബൈലിലും നമ്മുടെ ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഒരുയന്ത്രം ഉണ്ടാക്കാന്‍ പെട്ട പാട് 60 വയസ്സിനുമേല്‍ പ്രായമുള്ള മലയാളികള്‍ മറന്നിരിക്കാനിടയില്ല. 1970ല്‍ കലക്ടറായി എത്തിയപ്പോള്‍ പാലക്കാട് കലക്ടറേറ്റില്‍ ആകെ ഒരൊറ്റ മലയാളം ടൈപ്പ്‌റൈറ്ററാണ് ഉണ്ടായിരുന്നത്. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ സാങ്കേതിക രംഗത്തെ വളര്‍ച്ചയിലും മലയാളത്തിന് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാണ്.

ഇംഗഌഷ് മീഡിയം സ്‌കൂളുകളില്‍ കുഞ്ഞുങ്ങളെ ചേര്‍ക്കാന്‍ തെക്കുവടക്ക് ഓടുന്നവനാണ് മലയാളി. അത്തരം സ്‌കൂളുകളില്‍ ഇംഗഌഷ് സംസാരിച്ച് ശീലിക്കാന്‍ വേണ്ടി സ്‌കൂള്‍ സമയത്ത് മലയാളം കഌസിലല്ലാതെ മലയാളം പറയരുത് എന്ന് നിയമം ഉണ്ടാവുന്നത് തെറ്റാണോ? ഉമ്മന്‍ ചാണ്ടി ബി.എ, ബി.എല്‍ പഠിച്ച വക്കീലാണ്. എന്നാല്‍, ഇംഗഌഷില്‍ സംസാരിക്കേണ്ടിവരുമ്പോള്‍ ഓരോ വാക്യവും തുടങ്ങുന്നത് മലയാളത്തില്‍ ഭപിന്നെ' എന്ന് പറഞ്ഞിട്ടാണ് എന്ന് ടി.വിയില്‍ വാര്‍ത്ത കാണുന്നവര്‍ ശ്രദ്ധിക്കാതിരിക്കുന്നില്ല. ശ്രീമതി ടീച്ചറുടെ ബബ്ബബ്ബ ആഗോള പ്രചാരം നേടിയത് മറക്കാറായിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെയും ടീച്ചറുടെയും എന്റെയും തലമുറ മലയാളം മീഡിയം സ്‌കൂളുകളില്‍ പഠിച്ചവരാണ്. ഇംഗഌഷ് വേലകള്‍ പഠിക്കുന്നവര്‍ക്ക് ഇംഗഌഷില്‍ അനായാസമായി സംസാരിക്കാന്‍ കഴിയണ്ടേ? അതിനുള്ള ഒരു വഴിയാണ് ഭപനസി ദശായാം പാശി!' എന്ന മാതൃകയിലായാലും ഇംഗഌഷില്‍തന്നെ സംസാരിക്കണം എന്ന നിയമം. അത് തെറ്റിക്കുന്ന ഏതെങ്കിലും വിദ്യാര്‍ഥിയെ അധികൃതര്‍ ശിക്ഷിച്ചാല്‍ അഡ്മിഷന് വേണ്ടി സ്‌കൂളുകളിലേക്ക് ഓടിയതിനൊക്കുന്ന വേഗത്തില്‍ രക്ഷകര്‍ത്താവ് ഓടുകയായി പത്രം ഓഫിസിലേക്ക്. കേരളത്തില്‍ മലയാളം പറയുന്നതിന് ശിക്ഷയോ എന്ന് പത്രം വേലിക്കെട്ടില്‍ വാര്‍ത്ത കൊടുക്കുന്നു. മലയാള നാട്ടിലെ പുഴയോരത്തിരുന്ന് സൊറ പറയുമ്പോള്‍ മലയാളപദം ഉച്ചരിച്ചതിനല്ല ശിക്ഷ. ഇംഗഌഷ് മീഡിയം സ്‌കൂളില്‍ അവിടത്തെ ചട്ടം ലംഘിച്ചതിനാണ് എന്ന ലളിതയുക്തി മറക്കുന്നു നാം. 1962ല്‍ മുതല്‍ ഫയല്‍ കൈകാര്യം ചെയ്ത് തുടങ്ങിയ ഉദ്യോഗസ്ഥനാണ് ഞാന്‍. അന്ന് ഭരണഭാഷ ഇംഗഌഷ് ആയിരുന്നു. എന്നാല്‍, അന്നും പൊലീസ് സ്‌റ്റേഷനിലും വില്ലേജോഫിസിലും മലയാളം തന്നെയാണ് ഉപയോഗിച്ചിരുന്നത്. താലൂക്കു കച്ചേരി ആയിരുന്നു ദ്വിഭാഷാവേദി.

ജനങ്ങളുമായി നേരിട്ട് ഇടപാടുകള്‍ ഇല്ലാത്ത ഓഫിസുകളില്‍ ഇംഗഌഷ് മാത്രം ഉപയോഗിച്ചുവന്നു. സെക്രട്ടേറിയറ്റിലും കലക്ടറേറ്റിലും മറ്റും മലയാളം ആരും ഉപയോഗിച്ചിരുന്നില്ല. ഇംഗഌഷറിയാത്ത ഇമ്പിച്ചിബാവപോലും ്രൈപവറ്റ് സെക്രട്ടറിയെ വിശ്വസിച്ച് ഫയലുകളില്‍ ഒപ്പിട്ടിരുന്ന കാലം.

ഇ.എം.എസും അച്യുതമേനോനും ആണ് മലയാളം സര്‍ക്കാര്‍ ഭാഷയാക്കണം എന്ന ലക്ഷ്യം ഗൗരവത്തോടെ കണ്ടത്. ഡി.സി. കിഴക്കേമുറിയെപ്പോലെയുള്ള ദീര്‍ഘവീക്ഷണ ചതുരര്‍ ലിപി പരിഷ്‌കരണത്തില്‍ ഏറെ ചെയ്തു. സമാനപദങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ ആര്‍. രാമചന്ദ്രന്‍ നായരും ആനന്ദക്കുട്ടനും തൊട്ട് തുടങ്ങി. കഥനാങ്കമാതൃക ഒഴിവാക്കിയെങ്കിലും ഫ്രംടു എന്നുതന്നെ ഉപയോഗിക്കുകയോ മലയാളത്തില്‍ ചിന്തിച്ച് ടുഫ്രം എന്ന മട്ടില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ അവര്‍കള്‍ക്ക് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അയക്കുന്നത് നടപ്പാക്കുകയോ ചെയ്യാനുള്ള പ്രത്യുല്‍പന്നമതിത്വം പ്രദര്‍ശിപ്പിക്കാതെ സായിപ്പിന്റെ ഫ്രം ടു പ്രയോഗം മലയാളത്തില്‍ പകര്‍ത്തി പ്രേഷകന്‍, സ്വീകര്‍ത്താവ് എന്ന മട്ടില്‍ ചാരുതയില്ലാത്തതും കൃത്രിമത്വം മുഴച്ചുനില്‍ക്കുന്നതും ആയ പ്രയോഗങ്ങള്‍ രൂപപ്പെടുത്തിക്കളഞ്ഞു സര്‍ക്കാര്‍. എങ്കിലും ഭരണഭാഷയായി മലയാളം പ്രയോജനപ്പെടുത്തുന്നവരായിട്ടുണ്ട് നാം, ഒട്ടൊക്കെ.

മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പുകള്‍ മലയാളത്തിലാവണം എന്ന് ശഠിച്ചത് കാന്തലോട്ട് കുഞ്ഞമ്പു ആയിരുന്നു. എനിക്ക് ഇംഗഌഷ് അറിഞ്ഞുകൂടാ. മലയാള പരിഭാഷ കിട്ടിയേ തീരൂ എന്ന് ശഠിച്ചു അദ്ദേഹം. പിന്നീടാണ് മലയാളത്തിലാവണം മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പ് എന്നു തീരുമാനമായത്. ആ തീരുമാനം ഉണ്ടാകാന്‍ കാരണം ഇംഗഌഷിലും മലയാളത്തിലും രേഖ ഉണ്ടായിരിക്കെ അര്‍ഥം വ്യക്തമാക്കാന്‍ വേണ്ടി മൂലം തേടണമെങ്കില്‍ ഏതാണ് മൂലരേഖയായി കാണേണ്ടത് എന്ന പ്രശ്‌നം ബുദ്ധിരാക്ഷസനായ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഉന്നയിച്ചതാണ്. മലയാളമാണ് മൂലം. ഇംഗഌഷിലുള്ളത് വിവര്‍ത്തനം എന്ന് ഉത്തരവുണ്ടായി. തൊണ്ണൂറുകളുടെ അവസാനത്തില്‍ മലയാളം അറിയുന്ന സെക്രട്ടറിമാര്‍ മലയാളം കുറിപ്പില്‍ തിരുത്തലുകള്‍ വരുത്തിയിട്ട് ഭഇംഗഌഷ് വിവര്‍ത്തനം അഡീഷനല്‍ സെക്രട്ടറി ശ്രദ്ധിക്കണം' എന്നെഴുതി തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ മലയാളം ഭരണഭാഷ ആയിട്ടില്ല എന്ന് പരിതപ്പിക്കുന്നതില്‍ കാര്യമില്ല. ജനങ്ങളുമായി ബന്ധപ്പെടുന്ന ഇടങ്ങളിലൊക്കെ മലയാളം തന്നെയാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്.

മാറാത്തത് കോടതികളാണ്. ഭകവിതക്കേസി'ലെ കാള കണ്ഠരായര്‍ വക്കീലിനെപ്പോലെ ഭഐ ആം ഓള്‍ഡര്‍ ദാന്‍ യുവര്‍ ഫാദര്‍ ഇഫ് എനി' എന്നു പറയുന്ന വക്കീലന്മാരോ മഹാകവി തുംഗന്‍ എന്ന പേരിനെച്ചൊല്ലി തര്‍ക്കം വരുമ്പോള്‍ ഭഹി ഫോളോസ് മക്കത്തായം സിസ്റ്റം ആന്‍ഡ് മഹാകവി ഈസ് ഹിസ് തകുപ്പന്‍സ് നെയിം, ജസ്റ്റ് ആസ് അരുണാചലം വേലപ്പന്‍' എന്ന് പറയുന്ന ആവണി മുത്തു മുന്‍സിഫിനെ പോലെയുള്ള ന്യായാധിപന്മാരോ ഇന്ന് ഇല്ലായിരിക്കാം. എങ്കിലും കോടതികള്‍ സാമാന്യ ജനങ്ങളില്‍നിന്ന് അകന്നുതന്നെയാണ് കഴിയുന്നത് ഇപ്പോഴും.

ജഡ്ജിമാരുടെ വേഷവും പരാമര്‍ശിക്കാതെ വയ്യ, കോടതിയിലെ വേഷം സംബന്ധിച്ച് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍, നാട്ടിന്‍പുറത്തെ വായനശാലയുടെ വാര്‍ഷികത്തിനായാലും ജില്ലാ ജഡ്ജി മുതല്‍ മേലോട്ടുള്ളവര്‍ ഇംഗഌഷ് മീഡിയം സ്‌കൂളിലെ കോംപഌന്‍ കുട്ടികളെപ്പോലെ സ്യൂട്ടും പൂട്ടീസും ഇടുന്നതുതന്നെ ഭഞങ്ങള്‍ നിങ്ങളല്ല' എന്നുപറയുന്ന മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. ഐ.സി.എസ് ജഡ്ജി പി.ടി രാമന്‍ നായരോ പാന്റ്‌സും ഷര്‍ട്ടുംപില്‍ക്കാലത്ത് സുബ്രഹ്മണ്യന്‍ പോറ്റിയോ മുണ്ട് ജൂബ ഒന്നും ഈ രോഗം ബാധിച്ചവരായിരുന്നില്ല.

അത് പോകട്ടെ കോടതികളില്‍ വാദവും പ്രതിവാദവും വിധിയും ഒക്കെ ആകാവുന്നത്ര മലയാളത്തിലാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കഴിവും കൗതുകവും പോലെ ഭാഷ പഠിക്കട്ടെ അല്ലെങ്കില്‍ ഹൈകോടതിയില്‍ ഒരു ഔദ്യാഗിക വിവര്‍ത്തന വിഭാഗം ഉണ്ടാകട്ടെ. സംശയമുള്ള കേസുകളില്‍ അവരുടെ വിവര്‍ത്തനത്തെ ആശ്രയിക്കാം.

ഒരു കാര്യം കൂടെ. 1956ല്‍ രൂപവത്കൃതമായ സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് ഉറപ്പിക്കാന്‍ ഇനി എ.കെ. ആന്റണി പ്രധാനമന്ത്രിയാവാന്‍ കാത്തിരിക്കണോ? മദ്രാസ് തമിഴ്‌നാടായി, മൈസൂര്‍ കര്‍ണാടകയായി. കേരളം ഇപ്പോഴും ഭകേരള'തന്നെ. ഗോസായി ഭാഷ അതിലും കഷ്ടം: കേരള്‍. നമ്മുടെ നാടിന്റെ പേര് കേരളം എന്നാവണം. ഏത് ഭാഷയിലും. ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ ചെയ്യണം. കേരള്‍ കാ ആദ്മി വേണ്ട; കേരളം കാ ആദ്മി എന്ന് പറയട്ടെ ഹിന്ദിയില്‍.
http://www.madhyamam.com/news/221968/130417
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക