Image

വില്യം ഷേക്‌സ്‌പിയര്‍, നിങ്ങള്‍ ആരാണ്‌? (കാരൂര്‍ സോമന്‍, ചാരുംമൂട്‌)

Published on 21 April, 2013
വില്യം ഷേക്‌സ്‌പിയര്‍, നിങ്ങള്‍ ആരാണ്‌? (കാരൂര്‍ സോമന്‍, ചാരുംമൂട്‌)
സുഹൃത്തേ, യേശുവിനെ ഓര്‍ത്ത്‌,
ഈ പൊടിമണ്ണ്‌ ഇളക്കിമറിക്കാതിരിക്കുക;
ഈ കല്ലുകളെ വെറുതേവിടുന്നവന്‍ അനുഗ്രഹീതന്‍,
ഈ അസ്ഥികള്‍ എടുത്തുമാറ്റുന്നവന്‌ ശാപം.

വിശ്വം ഇളക്കിമറിച്ച അതിമഹത്തരമായ കാവ്യശില്‌പങ്ങള്‍ നിര്‍മ്മിച്ച ഒരു കവിയുടെ ശവകുടീരത്തിലേതാണ്‌ ഈ വരികള്‍. അത്‌ മറ്റാരുമല്ല, ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയും `ബാര്‍ഡ്‌' എന്ന പേരില്‍ അറിയപ്പെട്ടിരുന്നതുമായി വില്യം ഷേക്‌സ്‌പിയറിന്റെ ഓര്‍മ്മക്കുടീരത്തിലാണ്‌ സത്യക്രിസ്‌ത്യനികളുടെ കല്ലറയ്‌ക്കു സമാനമായ വാചകങ്ങള്‍ ഉള്ളത്‌. ലോകക്ലാസിക്കുകള്‍ എന്നറിയപ്പെടുന്ന 38 നാടകങ്ങളും 154 ഗീതകങ്ങളും പത്തോളം കാവ്യങ്ങളും രചിച്ച മഹാനായ എഴുത്തുകാരന്‍. അദ്ദേഹം ജനിച്ചതെന്നു കരുതുന്ന സംരക്ഷിതവസതിയിലേക്കുള്ള കവാടത്തിനു മുന്നിലും ഇങ്ങനെ ചില വരികള്‍ കാണാം.

ഇംഗ്ലണ്ടിലെ സ്‌ട്രാറ്റ്‌ഫോഡ്‌ അപോണ്‍ ഏവോണിലെ ഈ മണിമാളിക സന്ദര്‍ശിക്കാത്ത സാഹിത്യകുതകികള്‍ ഉണ്ടാവുമോയെന്നു സംശയം. ഷേക്‌സ്‌പിയര്‍ കൃതികള്‍ വായിച്ചിട്ടില്ലാത്തവര്‍ പോലും ഇവിടേക്ക്‌ വരുന്നു. എന്നാലും ഷേക്‌സ്‌പിയറിന്റെ കൃതികളുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‌ ഒട്ടും യോജിക്കാത്ത നിലയിലാണ്‌ കുടീരത്തിലെ വരികളെന്നത്‌ ആരെയും വേദനിപ്പിക്കും. ഷേക്‌സ്‌പിയറുടെ അന്ത്യവിശ്രമസ്ഥാനം, മറ്റേതെങ്കിലും മാന്യന്റെ സംസ്‌കാരസ്ഥാനമായി പിന്നീട്‌ മാറുന്നത്‌ തടയുക എന്ന സദുദ്ദേശത്തോടെ എഴുതപ്പെട്ടതാവാം സ്‌മാരകശിലയിലെ വരികളെന്നു ഇംഗ്ലീഷ്‌ സാഹിത്യപണ്ഡിതനായ വില്യം ലോങ്‌ പറയുന്നു. ശവകുടീരം സ്ഥിതി ചെയ്യുന്നത്‌ ഇംഗ്ലണ്ടിലെ സ്‌ട്രാറ്റ്‌ഫോഡ്‌ ഹോളി ട്രിനിറ്റി പള്ളിയിലെ ചാപ്പലില്‍ ആണ്‌. ഈ പള്ളിയുടെ കിഴക്കേ ഭിത്തില്‍ ഷേക്ക്‌സ്‌പിയറിന്റെ അര്‍ദ്ധകായ പ്രതിമ കാണാം. ഷേക്‌സ്‌പിയറിനു ജന്മനാടിന്റെ ശിലാസ്‌മാരകം. ഈ സ്‌മാരക ശിലയില്‍ വില്യം ഷേക്‌സ്‌പിയറിനെ നെസ്‌തോര്‍, സോക്രറ്റീസ്‌, വിര്‍ജില്‍ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുന്നുണ്ട്‌. എന്നാല്‍ ആരായിരുന്നു ഈ ഷേക്‌സ്‌പിയര്‍, യഥാര്‍ത്ഥത്തില്‍ അദ്ദേഹമെഴുതിയതായിരുന്നുവോ ഈ കൃതികളെല്ലാം എന്നതു സംബന്ധിച്ച്‌ ഇന്നും സജീവമായ ചര്‍ച്ചകള്‍ക്ക്‌ അരങ്ങ്‌ കൊഴുക്കുന്നു.

ഷേക്‌സ്‌പിയര്‍ സ്‌ട്രാറ്റ്‌ഫോഡുകാരന്‍ തന്നെയാണോ എന്ന കാര്യം വിവാദവിഷയമായി നിലകൊള്ളുമ്പോഴും അദ്ദേഹത്തിന്റെ വസതിയും ശവകുടീരവുമെല്ലാം ഇവിടെതെന്നെയുള്ളത്‌ അദ്ദേഹം ബേകൊനിയകാരനോ അല്ലെങ്കില്‍ ഓക്‌സ്‌ഫോഡുകാരനോ ആയിരിക്കാമെന്ന വാദത്തെ തള്ളിപ്പറയുന്നുണ്ട്‌. ഇവിടെ വന്നു ചേരുന്ന ആയിരക്കണക്കിനാളുകള്‍ക്ക്‌ ഷേക്‌സ്‌പിയര്‍ സ്‌ട്രാറ്റ്‌ഫോഡുകാരനാണെന്നു വിശ്വസിക്കുന്നതാണ്‌ ഇഷ്‌ടവും.

വില്യം ഷേക്‌സ്‌പിയര്‍ എന്നത്‌ ഒരു അപരനാമം മാത്രമാണെന്നും ആ പേരില്‍ മറ്റൊരാളോ ഒന്നിലധികം ആളുകളോ ആണ്‌ യഥാര്‍ത്ഥ രചയിതാക്കള്‍ എന്നാണ്‌ ഇന്നും പലരും കരുതുന്നത്‌. എന്നാല്‍ ഇതാരാണെന്നതിനെക്കുറിച്ചും കടുത്ത അഭിപ്രായഭിന്നതയുണ്ട്‌. ഇവരില്‍ മുന്‍നിരക്കാര്‍ ഫ്രാന്‍സിന്‍സ്‌ ബേക്കണ്‍, ക്രിസ്റ്റഫര്‍ മാര്‍ലോ, എഡ്വേഡ്‌ ഡിവെറെ എന്നിവരാണ്‌. എന്നാല്‍ അതും വിശ്വസിക്കാന്‍ പ്രയാസം. ഇവര്‍ക്കു പുറമേ എലിസബത്ത്‌ രാജ്ഞി, സ്റ്റുവാര്‍ട്ട്‌ മേരി റാണി, ജേംസ്‌ ഒന്നാമന്‍ രാജാവ്‌, വാള്‍ട്ടര്‍ റാലി എന്നിവരുടെ പേരുകള്‍ കൂടി കേള്‍ക്കുമ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ ഈ വിശ്വവിഖ്യാത എഴുത്തുകാരന്റെ ജീവിതത്തെക്കുറിച്ച്‌ കൂടുതല്‍ ഗവേഷണം നടത്താന്‍ തോന്നിപ്പോവുന്നത്‌.

ഒരു സര്‍വ്വസാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയും വെറും സാധാരണ വിദ്യാഭ്യാസം മാത്രം ലഭിച്ചയാളുമായിരുന്നു ഷേക്‌സ്‌പിയര്‍ എന്നാണ്‌ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാരെല്ലാം തന്നെ പൊതുവേ സമ്മതിച്ചിട്ടുള്ള കാര്യം. എന്നാല്‍, അത്തരത്തിലുള്ള കുടുംബ പശ്ചാത്തലമുള്ള ഒരാള്‍ക്കും ഷേക്‌സ്‌പിയറിന്റെ ഇപ്പോള്‍ ലഭ്യമായിട്ടുള്ളതു പോലെയുള്ള കൃതികള്‍ ഒരിക്കലും രചിക്കാനാവില്ല എന്നതാണ്‌ ചരിത്രഗവേഷകരില്‍ ഒരു കൂട്ടര്‍ ഉയര്‍ത്തിക്കാണിക്കുന്ന ന്യായവാദങ്ങളിലൊന്ന്‌.

അക്കാലത്ത്‌ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചിരുന്നത്‌ പ്രഭുക്കന്മാര്‍ക്കും , ഉന്നത കുലജാതര്‍ക്കും മാത്രമാണ്‌. ഈ ഗണത്തിലൊന്നും പെടാതിരുന്ന ഷേക്‌സ്‌പിയര്‍ പിന്നെയെങ്ങനെ മാക്‌ബത്തും ജൂലിയസ്‌ സീസറും പോലെയുള്ള ഉദാത്ത ക്ലാസിക്കുകള്‍ രചിച്ചുവെന്നത്‌ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം. ശ്രേഷ്‌ഠ വിദ്യാഭ്യാസം ലഭിച്ചവര്‍ക്കു മാത്രമേ ഇത്തരത്തില്‍ ക്ലാസിക്കുകള്‍ സൃഷ്‌ടിക്കാനാവൂ എന്ന വാദം മറച്ചു പിടിക്കാന്‍ പറ്റുന്നുമില്ല.

രാജഭരണക്കാലത്തെ കൊട്ടാര കിംവദന്തികളും, ഉള്ളറക്കഥകളും, കൊട്ടാരത്തിനുള്ളിലെ കലാപങ്ങളുമെല്ലാം ഷേക്‌സ്‌പിയര്‍ കൃതികളില്‍ ആവര്‍ത്തിച്ചു കാണുന്ന രചനാപ്രമേയങ്ങളാണ്‌. കൊട്ടാരത്തിന്റെ പടിവാതില്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക്‌ ഇതൊക്കെയും എങ്ങനെ രചിക്കാനാവുമെന്നതിനെക്കുറിച്ച്‌ പലരും ചോദ്യം ചെയ്യുന്നുണ്ട്‌. സാധാരണക്കാര്‍ മാത്രം താമസിച്ചിരുന്ന സ്‌ട്രാറ്റ്‌ഫോഡ്‌കാരന്‌ ഒരിക്കലും ഇതു സാധ്യമല്ലെന്ന വാദത്തെ ഖണ്‌ഡിക്കാന്‍ കാല്‌പനികത എന്ന വാചകം ഉപയോഗിക്കാമെങ്കിലും ഷേക്‌സ്‌പിയര്‍ കൃതികളില്‍ കാണുന്നത്‌ ശരിക്കും അന്നത്തെ കാലത്തെ ഡോക്യുമെന്റേഷനാണെന്നത്‌ ആര്‍ക്കും മനസ്സിലാവും. പുറമേ, ഷേക്‌സ്‌പിയര്‍ കൃതികളുടെ രചയിതാവിനു നിയമം, സംഗീതം , വിദേശഭാഷകള്‍, കായികം , ആയോധനം തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം ഉണ്ടായിരുന്നതായി മനസ്സിലാവുന്നു. സ്‌ട്രാറ്റ്‌ഫോഡുകാരനായ്‌ വില്യമിനു ഈ വിജ്ഞാനങ്ങള്‍ ഉണ്ടാവാനുള്ള ഒരു മാര്‍ഗ്ഗവുമില്ലായിരുന്നുവത്രേ. അപ്പോള്‍ പിന്നെ ഏതാണ്‌ സത്യം, ഏതാണ്‌ മിഥ്യ? ഷേക്‌സ്‌പിയര്‍ എന്ന പേരില്‍ ഈ കൃതികളെല്ലാം പിന്നീടാണെങ്കില്‍ പോലും പുറത്തു വന്നതിനു പിന്നിലെ സാഹിത്യരഹസ്യം എന്തായിരിക്കും?

ഷേക്‌സ്‌പിയറിന്റെ ആദ്യത്തെ ജീവചരിത്രകാരന്‍ നിക്കോളാസ്‌ റോ പറയുന്നത്‌ ഷേക്‌സ്‌പിയര്‍ എന്ന്‌ ധനികനെക്കുറിച്ചാണ്‌. അക്കാലത്ത്‌ നിരോധിക്കപ്പെട്ട മാന്‍ വേട്ട കാരണമുണ്ടായ ശിക്ഷയില്‍ നിന്ന്‌ രക്ഷപെടാന്‍ സ്‌ട്രാറ്റ്‌ഫോര്‍ഡില്‍ നിന്ന്‌ പലായനം ചെയ്‌തയാളാണ്‌ ഷേക്‌സ്‌പിയര്‍ എന്നു പറയുന്നു. എന്നാലിത്‌ വില്യം ഷേക്‌സ്‌പിയര്‍ അല്ലെന്നും വില്യമിന്റെ അച്ഛനായ ജോണ്‍ ആയിരുന്നുവെന്നും ഒരു വാദമുണ്ട്‌. മറ്റൊരു ജീവചരിത്രത്തില്‍ ഷേക്‌സ്‌പിയര്‍ ലണ്ടനിലെ നാടകസമിതി ഉടമകളുടെ കുതിരയെ മേയിക്കുന്ന ആളാണ്‌. ഏതു വിശ്വസിക്കണമെന്നു നിങ്ങളുടെ യുക്തിക്കനുസരിച്ച്‌ തീരുമാനിക്കാമെന്നായിരുന്നു ശവകുടീരത്തിനു സമീപമുണ്ടായിരുന്ന ഗൈഡ്‌ പറഞ്ഞത്‌.

ഞാന്‍ വായിച്ച ജീവചരിത്രമെഴുതിയ ജോണ്‍ ഓബ്രിയ പറയുന്നത്‌ ഷേക്‌സ്‌പിയര്‍ ഒരു സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരുന്നുവെന്നാണ്‌. ഇരുപതാം നൂറ്റാണ്ടിലെ ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ ലങ്കാഷയറിലെ ഭൂപ്രഭുവായിരുന്ന അലക്‌സാണ്ടര്‍ ഹോഗ്‌റ്റണ്‍ ഷേക്‌സ്‌പിയറിനെ സ്‌കൂള്‍ അദ്ധ്യാപകനാക്കിയത്രേ. അദ്ദേഹത്തിന്റെ വില്‌പത്രത്തില്‍ പ്രതിപാദിച്ചിരുന്ന 'വില്യം ഷേക്‌സ്‌ഷാഫ്‌റ്റ്‌' എന്ന വ്യക്തി വില്യം ഷേക്‌സ്‌പിയര്‍ തന്നെയാണ്‌ എന്ന്‌ ജോണ്‍ വാദിക്കുന്നുണ്ട്‌. ജീവിച്ചിരുന്നകാലത്ത്‌ ആരും അറിയപ്പെടാത്ത ഒരാളായിരുന്നു ഷേക്‌സ്‌പിയര്‍ എന്ന വാദം പ്രസക്തമാകുന്നത്‌ അറിയപ്പെടാത്ത ഈ ജീവിതം കൊണ്ടാണ്‌. രഹസ്യങ്ങളുടെ കലവറയായിരുന്നു ഷേക്‌സ്‌പിയറിന്റെ ജീവിതമത്രേ.

എന്തായാലും ഷേക്‌സ്‌പിയറിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്‌ മറ്റൊരു സാഹിത്യകാരനായിരുന്ന ബര്‍ണാഡ്‌ ഷാ ആയിരുന്നുവെന്നത്‌ യാദൃശ്ചികമായിരുന്നു. എന്നാല്‍ അന്നുമിന്നും വിശ്വസാഹിത്യത്തിലെ സജീവ ചര്‍ച്ചകളിലൊന്ന്‌ ഷേക്‌സ്‌പിയര്‍ കൃതികളുടെ കര്‍ത്താവ്‌ സ്‌ട്രാറ്റ്‌ഫോഡ്‌ സ്വദേശി വില്യം അല്ലെന്നും മറ്റാരോ ആണെന്നുമാണ്‌. ആന്റണി ആന്‍ഡ്‌ ക്ലിയോപാട്ര, കൊറിയോലനസ്‌, ഹാംലറ്റ്‌, ജൂലിയസ്‌ സീസര്‍, കിങ്ങ്‌ ലിയര്‍, മാക്‌ബത്ത്‌, ഒഥല്ലോ, റോമിയോ ആന്‍ഡ്‌ ജൂലിയറ്റ്‌, ടിമണ്‍ ഓഫ്‌ ഏഥന്‍സ്‌, ടൈറ്റസ്‌ അന്‍ഡോണിക്കസ്‌ എന്നിവ എഴുതിയത്‌ ഷേക്‌സ്‌പിയര്‍ അല്ലെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു സാഹിത്യപ്രേമിക്കും ഉള്ളിലൊരു വേദന തോന്നുമെന്നുറപ്പ്‌.

പാഴ്‌ഭൂമിയെന്ന കാവ്യത്തിന്റെ ആദ്യവരികളില്‍ ടി.എസ്‌ ഏലിയറ്റ്‌ ഏപ്രില്‍ ആണ്‌ ഏറ്റവും ക്രൂരമാസം എന്നു എന്തിനാണ്‌ പാടിയതെന്ന്‌ പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്‌. ഷേക്‌സ്‌പിയര്‍ ഇല്ലാതായ ഏപ്രില്‍, ഇംഗ്ലീഷ്‌ ഭാഷയിലെ ഏറ്റവും ഉദാത്തമായ വരികള്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ വരച്ചിട്ട കവിയുടെ വേര്‍പാടിന്റെ വേദനകളില്‍ നിന്നാവും ഒരു പക്ഷേ ഏലിയറ്റ്‌ അത്‌ എഴുതിയത്‌. 1616 ഏപ്രില്‍ 23 നാണ്‌ ഷേക്ക്‌സ്‌പിയര്‍ മരിച്ചത്‌. നാനൂറു വര്‍ഷങ്ങള്‍ തികയാന്‍ ഇനി നാലു വര്‍ഷം ബാക്കി. ഷേക്‌സ്‌പിയറിന്റെ മരണദിനം ഏപ്രില്‍ 23 ലോകപുസ്‌തകദിനമായി ലോകമെങ്ങും ആചരിക്കുന്നുണ്ട്‌. വിശ്വസാഹിത്യത്തിലെ അതികായനായ ഷേക്‌സ്‌പിയറിനോടുള്ള ആദര സൂചകമായാണ്‌ ഈ ദിനം ലോക പുസ്‌തക ദിനമായി ആചരിക്കാന്‍ 1995 ലെ യുനെസ്‌കോ പൊതു സമ്മേളനം തീരുമാനിച്ചത്‌. അദ്ദേഹം മരിച്ചിട്ട്‌ 350 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ സാഹിത്യ അതികായന്മാര്‍ക്ക്‌ അതിന്റെ വിശേഷത മനസ്സിലായതെന്നത്‌ മറ്റൊരു വിരോധാഭാസം.

ഇംഗ്ലണ്ടിലെ വാര്‍വിക്‌ഷയര്‍ സ്റ്റ്‌റാറ്റ്‌ഫോര്‍ഡ്‌ അപ്പോണ്‍ ഏവോണിലാണ്‌ ഷേക്ക്‌സ്‌പിയറിന്റെ വസതി. ഇത്‌ അദ്ദേഹം തന്നെ നിര്‍മ്മിച്ചതാണോയെന്നതും ഉറപ്പായ കാര്യമല്ല. സ്‌നിറ്റര്‍ഫീല്‍ഡിലെ കയ്യുറനിര്‍മാതാവും ആല്‍ഡര്‍മാനുമായിരുന്ന ജോണ്‍ ഷേക്‌സ്‌പിയറിന്റെ ഹെന്‍ലീ സ്‌ട്രീറ്റിലെ കുടുംബ വീട്ടിലാണ്‌ വില്യം ജനിച്ചത്‌ എന്നു കരുതപ്പെടുന്നു. എന്തായാലും ഇവിടേക്ക്‌ പ്രതിവര്‍ഷം ആയിരക്കണക്കിന്‌ സന്ദര്‍ശകരാണ്‌ ഒഴുകുന്നത്‌. പുരാതന വാസ്‌തുശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ ഈ വീടിന്റെ അകത്തളങ്ങളിലിരുന്നാണ്‌ ഷേക്ക്‌സ്‌പിയര്‍ രചന നിര്‍വഹിച്ചിരുന്നതത്രേ. ഷേക്‌സ്‌പിയറിന്റെ രചനകളായി രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ആദ്യത്തേത്‌ റിച്ചാര്‍ഡ്‌ മൂന്നാമന്‍ എന്ന രചനയും ഹെന്റി നാലാമന്‍ എന്ന കൃതിയുടെ മൂന്ന്‌ ഭാഗങ്ങളും ആണ്‌. ഷേക്‌സ്‌പിയറിന്റെ നാടകങ്ങളുടെ കാലഗണനം പ്രയാസമേറിയതാണെങ്കിലും കോമഡി ഓഫ്‌ എറഴ്‌സ്‌, ദി റ്റേയ്‌മിങ്‌ ഓഫ്‌ ദി ഷ്രൂ, റ്റൈറ്റസ്‌ അന്‍ഡ്രിയോനിക്കസ്‌, ജെന്റില്‍മെന്‍ ഓഫ്‌ വെറോണ എന്നീ കൃതികള്‍ ഷേക്‌സ്‌പിയറിന്റെ ആദ്യ കൃതികളാണ്‌ എന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കൃതികള്‍ ദുരന്തം, ചരിത്രം, ഹാസ്യം , പ്രണയം എന്നിവയായി തരം തിരിക്കപ്പെട്ടിട്ടുണ്ട്‌.

ഏറ്റവും കൂടുതല്‍ പഠനങ്ങളുണ്ടായിട്ടുള്ളതും ഗവേഷകന്മാര്‍ ജന്മം മുഴുവന്‍ പഠിച്ചിട്ടുള്ള അപൂര്‍വ്വം സാഹിത്യകാരന്മാരിലൊരാളാണ്‌ ഷേക്ക്‌സ്‌പിയര്‍ എന്നു സമ്മതിക്കേണ്ടി വരും. സാഹിത്യ ചരിത്രകാരന്മാര്‍ ഷേക്‌സ്‌പിയറുടെ രചനാകാലയളവിനെ നാലു വ്യത്യസ്‌ത ഘട്ടങ്ങളായി മാറ്റിയിരിക്കുന്നു. 1590-കളില്‍ അദ്ദേഹമെഴുതിയിരുന്ന കൃതികളില്‍ കൂടുതലും ചരിത്രവും ഹാസ്യവും നിറഞ്ഞു നിന്നിട്ടുള്ളതായി കാണാം. റോമന്‍, ഇറ്റാലിയന്‍ സാഹിത്യമാതൃകകളെ അനുകരിക്കുന്ന ഈ രീതിയെക്കുറിച്ചാണ്‌ ഏറെ വിവാദം. അതു കൊണ്ടു തന്നെ ഇക്കാലത്ത്‌ ഷേക്ക്‌സ്‌പിയര്‍ കൃതികളെന്നു കരുതുന്നുത്‌ മറ്റാരുടേതൊക്കെയോ ആണെന്നും കരുതപ്പെടുന്നു.

ഏറെക്കാലം ചരിത്രം പഠിച്ചതിനു ശേഷമാണ്‌ ഷേക്ക്‌സ്‌പിയറിന്റെ പിന്നീടുള്ള തൂലികാചലനമെന്നു കാണാം. ചരിത്ര നാടകങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ പ്രധാനമായും ശുഭാന്തനാടകങ്ങളാണ്‌ എഴുതിയത്‌. രണ്ടാം ഘട്ടമായ 1595 മുതല്‍ 1599 വരെയുള്ള നാലുവര്‍ഷത്തെ കാലയളവ്‌ ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട്‌ ദുരന്തനാടകങ്ങളോടെയാണ്‌. റോമിയോ ആന്‍ഡ്‌ ജൂലിയറ്റും ജൂലിയസ്‌ സീസറും അദ്ദേഹം എഴുതിയിരിക്കുന്ന ഈ കാലഘട്ടത്തിലാണ്‌. ബൈസാന്റിയന്‍ കാലഘട്ടത്തിന്റെ വേലിയേറ്റങ്ങള്‍ ടര്‍ക്കിയിലും ഇറ്റലിയിലേക്കുമൊക്കെ വികാസം പ്രാപിക്കുന്ന കാലഘട്ടത്തിലാണ്‌ ഈ രചനയെന്നതാണ്‌ ഷേക്ക്‌സ്‌പിയറിന്റെ മഹത്വം വര്‍ധിപ്പിക്കുന്നത്‌. ഉദാത്തമായ ചരിത്രാഖ്യായിക എന്ന നിലയില്‍ സാഹിത്യചരിത്രകാരന്മാര്‍ക്ക്‌ വിലപ്പെട്ട സാഹിത്യതെളിവുകള്‍ കൂടിയാണിത്‌.

എന്നാല്‍ പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ്‌ ഷേക്ക്‌സ്‌പിയറിന്റെ രചനകള്‍ ഉദാത്തമായ അവസ്ഥയിലെത്തുന്നത്‌. അടുത്ത എട്ടുവര്‍ഷം ഷേക്ക്‌സ്‌പിയര്‍ എഴുതി കൂട്ടിയത്‌ ലോകത്തെ പിടിച്ചു കുലുക്കാന്‍ പോകുന്ന സാഹിത്യകൃതികളായിരുന്നു. എഴുതിയ കാലത്ത്‌ എല്ലാവരാലും തമസ്‌ക്കരിക്കപ്പെട്ട കൃതികള്‍ കൂടിയായിരുന്നു ഇതെന്നു ഓര്‍ക്കണം. ഹാംലറ്റ്‌, ഒഥല്ലോ, കിങ്ങ്‌ ലിയര്‍, മാക്‌ ബത്ത്‌, ആന്‍റണി ആന്‍റ്‌ ക്ലിയോപാട്ര, കൊറിയോലനസ്‌ എന്നിവയുടെ രചനാകാലമാണിത്‌. അന്ന്‌ നാടകകൃത്ത്‌ എന്ന നിലയില്‍ ഷേക്ക്‌സ്‌പിയര്‍ ഇംഗ്ലണ്ടില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.

എന്തായാലും, എഴുത്തില്‍ നിന്നു മാത്രമായിരുന്നില്ല അദ്ദേഹത്തിനു വരുമാനം എന്നു തീര്‍ച്ചയായിരുന്നു. കാരണം, മരണസമയത്ത്‌ ഷേക്‌സ്‌പിയര്‍ ധനികനായിരുന്നു. വലിയ എസ്റ്റേറ്റ്‌, മണിമാളിക, കുതിരാലയം എന്നിവയൊക്കെ ഷേക്ക്‌സ്‌പിയറിനു സ്വന്തമായുണ്ടായിരുന്നു. പ്രഭുക്കന്മാര്‍ക്ക്‌ മാത്രം സാധിച്ചിരുന്ന എണ്ണഛായചിത്രത്തിനു മുന്നിലും അദ്ദേഹം ഇരുന്നു കൊടുത്തിട്ടുണ്ട്‌. ലണ്ടനിലെ നാഷണല്‍ പൊര്‍ട്രേയ്‌റ്റ്‌ ഗാലറിയില്‍ ഷേക്‌സ്‌പിയറിന്റേതെന്ന്‌ കരുതുന്ന ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.

മൂത്ത മകളായ സൂസന്നയുടെ ആദ്യമകനാണ്‌ എസ്‌റ്റേറ്റിന്റെ ഏറിയപങ്കും വില്‍പത്രത്തില്‍ ഷേക്‌സ്‌പിയര്‍ എഴുതിവച്ചത്‌. എന്നാല്‍ സൂസന്നയ്‌ക്ക്‌ ഉണ്ടായത്‌ ഒരു മകളാണ്‌. പേര്‌ എലിസബത്ത്‌. ഈ എലിസബത്തിനാവട്ടെ മക്കള്‍ ഉണ്ടായതേയില്ല. അങ്ങനെ അന്യാധീനപ്പെട്ടു പോകാനായിരുന്നു ഷേക്‌സ്‌പിയറിന്റെ എസ്റ്റേറ്റിന്റെ വിധി. ഭാര്യയായ ആനിന്‌ തന്റെ രണ്ടാമത്തെ മികച്ച കട്ടില്‍ മാത്രമാണ്‌ ഷേക്‌സ്‌പിയര്‍ എഴുതി വച്ചത്‌. എന്നാല്‍, എസ്‌റ്റേറ്റിന്റെ മൂന്നിലൊന്നിന്‌ നിയമാനുസൃതമായുണ്ടായിരുന്ന അവകാശം കൊണ്ട്‌ ആഢ്യത്വപൂര്‍ണമായി അവര്‍ക്ക്‌ മരണം വരെയും ജീവിക്കാന്‍ പറ്റി.

സ്‌ട്രാറ്റ്‌ഫോഡിലായിരുന്നുവെങ്കിലും ഷേക്‌സ്‌പിയര്‍ ഇടക്കിടെ ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു.1613 മാര്‍ച്ചില്‍ ബ്ലാക്ക്‌ഫ്രയേര്‍സില്‍ ഒരു ഗസ്‌റ്റ്‌ഹൌസ്‌ വാങ്ങുകയും 1614 നവംബറില്‍ അദ്ദേഹത്തിന്റെ മരുമകനായ ജോണ്‍ ഹാളിനൊപ്പം ലണ്ടന്‍ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നുവത്രേ. 1616 ഏപ്രില്‍ ഇരുപത്തിമൂന്നിനാണ്‌ ഷേക്‌സ്‌പിയര്‍ മരിക്കുന്നത്‌. ഇത്‌ യഥാര്‍ത്ഥ ഷേക്‌സ്‌പിയര്‍ തന്നെയാണോ എന്നതിനെക്കുറിച്ച്‌ ഇന്നും തര്‍ക്കം നടക്കുന്ന വേളയില്‍ വിവിധ അന്വേഷണങ്ങള്‍ ഇന്നും നടക്കുന്നു. എന്തായാലും ഇന്ന്‌ സ്‌ട്രാറ്റ്‌ഫോഡിലെ മാത്രമല്ല, ലോകത്തിലെ തന്നെ ലിറ്റററി പ്രഭുവാണ്‌ ഈ മഹത്‌ വ്യക്തി എന്നതിന്‌ ഇവിടം സന്ദര്‍ക്കുന്ന ആയിരങ്ങള്‍ തന്നെ തെളിവ്‌. സ്‌ട്രാറ്റ്‌ഫോഡിലെ ശവകുടീരത്തില്‍ നിന്ന്‌ ഒരൂ പൂമ്പാറ്റ പറന്നു പോകവേ ഏറ്റവും അടിയിലായി നിലകൊള്ളുന്ന ആമേന്‍ എന്ന വാചകം എന്റെ കണ്ണില്‍പ്പെട്ടു. രഹസ്യങ്ങളുടെ ഭണ്‌ഡാരം പോലെ തോന്നിപ്പിക്കുന്ന കല്ലറയ്‌ക്കു മുന്നില്‍ നില്‍ക്കവേ, കല്ലറയ്‌ക്കുള്ളില്‍ മറ്റൊരു മാക്‌ബത്താണ്‌ ഉറങ്ങഉന്നതെന്നു എനിക്കു തോന്നി, ഞാന്‍ ധന്യതയോടെ കണ്ണുകളടച്ചു.
വില്യം ഷേക്‌സ്‌പിയര്‍, നിങ്ങള്‍ ആരാണ്‌? (കാരൂര്‍ സോമന്‍, ചാരുംമൂട്‌)വില്യം ഷേക്‌സ്‌പിയര്‍, നിങ്ങള്‍ ആരാണ്‌? (കാരൂര്‍ സോമന്‍, ചാരുംമൂട്‌)വില്യം ഷേക്‌സ്‌പിയര്‍, നിങ്ങള്‍ ആരാണ്‌? (കാരൂര്‍ സോമന്‍, ചാരുംമൂട്‌)വില്യം ഷേക്‌സ്‌പിയര്‍, നിങ്ങള്‍ ആരാണ്‌? (കാരൂര്‍ സോമന്‍, ചാരുംമൂട്‌)വില്യം ഷേക്‌സ്‌പിയര്‍, നിങ്ങള്‍ ആരാണ്‌? (കാരൂര്‍ സോമന്‍, ചാരുംമൂട്‌)
Join WhatsApp News
Keeramutty 2013-04-22 07:23:08
വായിച്ചു.  ഒരുപാട് ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ ഉദകുന്ന നല്ല ഒരു  ലേഖനം.

കീറാമുട്ടി


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക