Image

മതേതരത്വവുമായിട്ടുള്ള ഏറ്റുമുട്ടലുകള്‍ (ജോണ്‍ മാത്യു)

Published on 22 April, 2013
മതേതരത്വവുമായിട്ടുള്ള ഏറ്റുമുട്ടലുകള്‍ (ജോണ്‍ മാത്യു)
മതം എന്ന വാക്കിന്‌ നിഘണ്ടു എന്ത്‌ അര്‍ത്ഥം കല്‍പിച്ചാലും നമ്മുടെ സാധാരണ വ്യവഹാരങ്ങളില്‍ ഇത്‌ സംഘടിത സ്ഥാപനങ്ങള്‍ത്തന്നെ. അതുമല്ല ചുരുക്കം ചില അപവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ നാമെല്ലാം ജനിച്ച്‌ വളര്‍ന്നിടംതന്നെ നമ്മുടെ മതവും. കീഴ്‌മേല്‍ നോക്കാതെ, ആരോ പറഞ്ഞുകേട്ട തത്വസംഹിതക്കുവേണ്ടി നാമൊക്കെ പലപ്പോഴും വീറോടെ വാദിച്ചെന്നുമിരിക്കും. തത്വസംഹിതകള്‍ക്കുവേണ്ടി മാത്രമല്ല അല്ലറചില്ലറ ആചാരങ്ങള്‍പോലും ന്യായീകരിക്കേണ്ടുന്നത്‌ കടമയായും കണക്കാക്കുന്നു. ചിലരുടെ പെരുമാറ്റം കണ്ടാല്‍ ഇവര്‍ താങ്ങിയില്ലെങ്കില്‍ ദൈവംതന്നെ താഴെപ്പോകുമെന്നും തോന്നും. ദൈവത്തെ സംരക്ഷിക്കാന്‍ പെടുന്നപാടേ!

അമേരിക്കയിലെയും ഇന്ത്യയിലെയും സെക്ക്യുലറിസ്റ്റ്‌ രീതികള്‍ ഒന്നല്ല. പ്രയോഗത്തിലാക്കുന്നതും മനസിലാക്കിയിരിക്കുന്നതും തമ്മിലും അത്ര സാദൃശ്യമൊന്നുമില്ലതന്നെ. രാജ്യം ദൈവത്തിന്റെ ഭരണത്തിലാണെന്ന്‌ നെഞ്ചില്‍ കൈവെച്ച്‌ അമേരിക്കയില്‍ ഭംഗിവാക്ക്‌ പറയാറുണ്ടെങ്കിലും സംഘടിതമതങ്ങള്‍ക്കോ ദൈവത്തിനോപോലുമോ ഔദ്യോഗികകാര്യങ്ങളില്‍ ഒരു പങ്കുമില്ല. ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്ക്‌ വിലക്കുകളില്ലെങ്കിലും സര്‍ക്കാര്‍ ഒരു മതവിഭാഗത്തിന്റെയും പക്ഷം ചേരുന്നുമില്ല. ഇന്ത്യയില്‍ ഇതൊന്ന്‌ പ്രയോഗിച്ചുനോക്കാന്‍ ആത്മാര്‍ത്ഥമായി ശശി തരൂര്‍ ഹൃദയത്തോടുചേര്‍ത്ത്‌ കൈവെച്ച്‌ ദേശീയഗാനം ആലപിച്ചതിന്റെ അനന്തരഫലം കണ്ടും കഴിഞ്ഞു.

ഇന്ത്യയില്‍ സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തിരിക്കുന്ന ചുമതലയാണ്‌ സര്‍വ്വമതങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയം. പത്ത്‌ വോട്ടാണ്‌ ലക്ഷ്യമെന്നത്‌ കേവലം ഉപരിപ്ലവമായ ആരോപണമാണ്‌, അത്‌ സത്യമാണെങ്കില്‍ക്കൂടി.
മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഒരു ജനതയായി താല്‍പര്യം കാണിച്ചിരുന്നത്‌ ഒരു കാലത്ത്‌ ആത്മാര്‍ത്ഥതകൊണ്ടുമാത്രമായിരുന്നു. വ്യക്തികളെ ആദരിക്കമാത്രമല്ല മറ്റുള്ളവരുടെ പ്രസ്ഥാനങ്ങള്‍ക്കും വെറും പിന്തുണയില്‍ക്കവിഞ്ഞുള്ള സഹകരണവും നല്‍കിയിരുന്നു. അതുകൊണ്ടാണ്‌ ദേശത്തുള്ള ഉത്സവങ്ങളും ആഘോഷങ്ങളും സ്വന്തമായി എല്ലാവരും കണക്കാക്കിയിരുന്നത്‌. ഈ ജീവിതരീതിതന്നെയാണ്‌ എല്ലാറ്റിന്റെയും പ്രോത്സാഹനമായി സര്‍ക്കാര്‍പോലും കണക്കാക്കുന്നതും. എല്ലായിടത്തും മതത്തിന്റെ സ്വാധീനമുണ്ട്‌. അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്‌ സമൂഹത്തിന്റെ ന്യൂനതയായി പറഞ്ഞേക്കാം, പക്ഷേ അത്രവലിയ രഹസ്യങ്ങളൊന്നുമില്ലാതിരുന്ന കാലവും ഉണ്ടായിരുന്നല്ലോ. ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല നഗരങ്ങളിലെ കോണികളില്‍പ്പോലും എത്ര വേഗമാണ്‌ സുഹൃത്‌ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നത്‌.

മതേതരത്വത്തിന്റെ ഈ ജീവിതരീതി മറ്റൊരു സംസ്‌ക്കാരവുമായി ഇണങ്ങിച്ചേര്‍ന്നവര്‍ക്ക്‌ അത്രവേഗം മനസിലാവുകയില്ല. അമേരിക്കയിലെ സെക്കുലറിസം വെറും മതകാര്യങ്ങള്‍ മാത്രമല്ല. നമ്മുടെ ദൈനംദിന ജീവിതത്തിലും അന്യര്‍ക്ക്‌ ഒരു സ്ഥാനവുമില്ല. കെട്ടിയടക്കപ്പെട്ട വീടിനുള്ളില്‍ നീറിപ്പുകയുന്ന രഹസ്യങ്ങളുമായി നമ്മളെല്ലാം ജീവിക്കുന്നു.
സംഘടിതമത കാര്യങ്ങളിലോ തനതായ വിശ്വാസങ്ങളിലോ ഭരണത്തിന്‌ ഒരുകാര്യവുമില്ലെന്ന്‌ പറയുന്നതിനേക്കാള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്‌ മനുഷ്യന്‍ ഒറ്റക്കാണെന്ന കല്‍പനയാണ്‌. സമൂഹത്തിന്റെ വരുതിയില്‍നിന്ന്‌ വിപ്ലവകരമായി മോചനം പ്രാപിച്ച മനുഷ്യനാണിവിടെ. മതസംഘടനകളും കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ്‌ ചിന്താഗതികളും അവരുടെ സാഹിത്യവും സമൂഹത്തിന്‌ മുന്‍ഗണന കൊടുക്കുമ്പോള്‍ വ്യക്തികളുടെ സ്വതന്ത്ര്യത്തിന്റെ ഘോഷിക്കലാണിന്നത്തെ വേറിട്ട ചര്‍ച്ച. ഇവിടെ ഞാന്‍ കക്ഷിചേരുന്നില്ല. പക്ഷേ, ഈ ഒറ്റപ്പെടലിന്റെ തിരിച്ചറിവായിരുന്നു ആധുനികതയും ഉത്തരാധുനികതയും മുഴുവന്‍. അതിന്റെ തുടര്‍ച്ച തന്നെ പാശ്ചാത്യനാടുകളിലെ സെക്കുലര്‍ വീക്ഷണങ്ങളും.

ഏതാനും നാളുകള്‍ക്കുമുന്‍പ്‌ ക്രൈസ്‌തവസഭ ആകമാനം വിശുദ്ധവാരം ആചരിച്ചു. ക്രൈസ്‌തവര്‍ ഏറ്റവും അധികം വസിക്കുന്ന ഈ ഐക്യനാടുകളില്‍ അതിന്‌ ഒരു അവധിദിനം പോലുമില്ലായിരുന്നുതാനും. ഭരണകൂടം ഇങ്ങനെയുള്ള വിശേഷദിവസങ്ങള്‍ക്ക്‌ പ്രാധാന്യം കല്‍പിക്കുന്നില്ലെന്നത്‌ എത്രയോ കാലമായി കണ്ടുവരുന്നു. ഇതിനൊന്നും ആര്‍ക്കും പ്രതിഷേധവുമില്ല. മതം അപകടത്തില്‍ എന്ന്‌ ആരും മുദ്രാവാക്യം മുഴക്കാറുമില്ല.
എന്നാല്‍ ഏതോ സാങ്കേതികകാരണത്താല്‍ ഈ വിശുദ്ധവാരത്തില്‍ ഇന്ത്യയിലെ റിസര്‍വ്‌ ബാങ്ക്‌ ദുഃഖവെള്ളിയാഴ്‌ച പ്രവര്‍ത്തിദിനമാക്കിയതിനെ പ്രതിഷേധത്തിനുള്ള അവസരമായി കുറേപ്പേരെങ്കിലും കണ്ടെത്തി. ഇതിനെ ഒരു സുഹൃത്ത്‌ വിശേഷിപ്പിച്ചത്‌ ഇങ്ങനെ:

വിശുദ്ധവാരത്തില്‍ ഡബിള്‍ഷിഫ്‌റ്റ്‌ ജോലിക്ക്‌ ഭാര്യയെ പറഞ്ഞയച്ചിട്ട്‌ നമ്മുടെ അച്ചായന്‍ ഒരുകുപ്പിമുന്തിയമദ്യവുമായി ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഈ ഗുരുതരമായ പ്രശ്‌നം തലയില്‍വന്നുപെട്ടത്‌. അപ്പോള്‍ തന്റെ ഒറ്റയാള്‍ ബറ്റാലിയന്‌ ഓര്‍ഡര്‍ കൊടുക്കുകയായി: `മാര്‍ച്ച്‌, ഓലക്കാല്‍, ശീലക്കാല്‍..........'

ആര്‌ ഭരിച്ചാലും എങ്ങനെ ഭരിച്ചാലും മതം അപകടത്തിലാണ്‌. ദൈവത്തിനുപോലുംവേണ്ടാത്ത ഈ സംഘടിത പ്രസ്ഥാനങ്ങളെ രക്ഷപ്പെടുത്തുന്ന ഭാരവും പേറി നടക്കുന്ന പാവങ്ങളെ ഓര്‍ത്ത്‌ നമുക്കും വിലപിക്കാം.
മതേതരത്വവുമായിട്ടുള്ള ഏറ്റുമുട്ടലുകള്‍ (ജോണ്‍ മാത്യു)
Join WhatsApp News
Sudhir Panikkaveetil 2013-04-22 09:02:43
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന്  കവികൾ പാടുമ്പോൾ
മതഭ്രാന്തന്മാർ
പറയുന്നു മനോഹര തീരം മരണ ശേഷമാനെന്നു. അതും  പറ ഞ്ഞ് അവർ ഭൂമിയെ നശിപ്പിക്കുന്നു . വണ്ടേ നീ ചാകുന്നു വെളിച്ചവും കെടുത്തുന്നു എന്ന പോലെ. എന്ത് ചെയ്യാൻ പറ്റും . തീർഥാടകരുടെ എണ്ണം പ്രതിദിനം വര്ധ്ധിക്കുന്നത് ഭക്തി കൊണ്ടല്ല പണം കൂടിയത്കൊണ്ടാണു. മതഭ്രാന്തിന്റെ പരാക്രമം കാണിക്കാൻ പണം  സഹയാകമാകുന്നു. ലേഖനം നന്നായിരുന്നു.  മതത്തെ കുറിച്ച്ചല്ലാതെ ഒന്നും വായിക്കരുത് എന്ന് മതഭ്രാന്തന്മാർ അട്ടഹസിക്കുംബോൾ വായിക്കുന്നവരുടെ എണ്ണവും കു റ ഞ്ഞ്പോകുന്നു.
ദൈവം 2013-04-22 19:00:05
"ചിലരുടെ പെരുമാറ്റം കണ്ടാല്‍ ഇവര്‍ താങ്ങിയില്ലെങ്കില്‍ ദൈവംതന്നെ താഴെപ്പോകുമെന്നും തോന്നും. ദൈവത്തെ സംരക്ഷിക്കാന്‍ പെടുന്നപാടേ!" എന്ത് ചെയ്യാം എനിക്കും ജീവിക്കേണ്ടേ? ഞാൻ നിങ്ങളെ ഒണ്ടാക്കി, ഞാൻ ഭയങ്കരനാണ്‌ , ശിക്ഷിക്കുന്ന ദൈവം ആണ്, ഞാൻ കൊപിഷട്ട്ൻ ആകുമ്പോൾ ഇടിനാദവും, ഞാൻ കീഴ്വായു വിടുമ്പോൾ കൊടുംകാറ്റും, ഞാൻ പിസ്ഡഓഫ്‌ ആകുമ്പോൾ മഴയും ഒക്കെ ഉണ്ടാകും എന്നൊക്കെ  പറഞ്ഞാണ് ചില അവന്മാര് ഭൂമിയിൽ മറ്റുള്ളവരെ പറ്റിച്ചു ഉപജീവനം കഴിയുന്നത്‌. എന്നാൽ ഞാൻ ഒരു പാവം മനുഷ്യ സ്രിഷിട്ടി ആണെന്ന സത്യം ചുരുക്കം ചിലര്ക്ക് മാത്രം അല്ലെ അറിയൂ . നിങ്ങളുടെ വയലാർ എന്ന കവിക്ക്‌ അറിയാം ആയിരുന്നു.  
"ഞാനീപ്രപഞ്ചം വളർത്തീടുന്നു 
ഞാനീ പ്രപഞ്ചം നയിച്ചിടുന്നു 
സർഗ്ഗ സ്ഥിതികാരകൻ ഞാൻ 
സത്യസ്വരൂപി ഞാൻ; ഞാൻ മനുഷ്യൻ 
വല്ലാത്ത കൊപത്തോടന്നു ദൈവം 
വന്ന വഴിക്ക് തിരിച്ചുപൊയി 
ആ വന്നതാരെന്നറിയുവാനായി 
അമ്മ മുറിക്കുള്ളിൽ വന്നു വീണ്ടും 
"അമ്മ കണ്ടില്ലല്ലോ ഞാൻ പറഞ്ഞു 
"നമ്മൾക്കയാളെ പണിക്കു നിർത്താം"
"ആരാണ് കുഞ്ഞേ കിഴവനല്ലേ?"
"ആരാകിലെന്തമ്മേ ദൈവമല്ലേ ?"
Manoj M. 2013-04-23 14:11:26

"ആര് ഭരിച്ചാലും എങ്ങനെ ഭരിച്ചാലും മതം അപകടത്തിലാണ്. ദൈവത്തിനുപോലുംവേണ്ടാത്ത ഈ സംഘടിത പ്രസ്ഥാനങ്ങളെ രക്ഷപ്പെടുത്തുന്ന ഭാരവും പേറി നടക്കുന്ന പാവങ്ങളെ ഓർത്ത് നമുക്കും വിലപിക്കാം."

വിലപിച്ചതുകൊണ്ട് തീരില്ല.  മുക്കിനു-മുക്കിനു പള്ളികളും, മോസ്ക്കുകളും പണിതുകൂട്ടി വൈദികപ്പടകളും, പൂജാരികളും കൂടി നേടിയത് വൻപിച്ച മനുഷ്യപ്രയത്നം അമ്പേ നഷ്ടമാക്കിക്കൊണ്ട് പടുത്തുയർത്തിയ ഒരു മഹാരാജ്യമാണ്‌ - ദൈവത്തിന്റെ സ്വന്തം നാടെന്നു പേരിട്ട മഹാഭാരതം!  മഹാഭാരതം എന്തുകൊണ്ടോ മഹത്തായ ഒരു രാജ്യം തന്നെയെന്നു  ഇവരെല്ലാം കൂട്ടത്തോടെ സ്വയം പാടി പുകഴ്ത്തുകയും ചെയ്യുന്നു. അമ്മ എന്നും, ദേവി, ഗുരു, പിതാവ്, ബിഷോപ്പ്, മുള്ളാ എന്നെല്ലാം പറഞ്ഞു ദൈവരാജ്യത്തു പോവാൻ വഴി പറഞ്ഞു കൊടുക്കുന്ന ജോലിയുടെ മേധാവികളായ ഇവർ  വിശ്വാസികളുടെ ചോര കുടിച്ചു വീർക്കുകയും മനോനില തെറ്റിയ വിശ്വാസികളെ കൂടുതൽ പിഴിഞ്ഞുകൊണ്ട് അവരുടെ ജീവിതത്തിൽ പിടി മുറുക്കുകയും ചെയ്തതോടെ തമ്മിലടിയും കുത്തും വെട്ടും ഉണ്ടാക്കി പരസ്പരം വെറുക്കുന്ന ഐക്യബോധമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയേ ഉണ്ടായിട്ടുള്ളൂ. ജാതി മത വർഗ ദേശ ഭാഷകൾ കൊണ്ട് കുഴഞ്ഞു മറിഞ്ഞിരുന്ന നാട്ടിൽ വിദേശികൾ കടന്നു വന്നു ആധിപത്യം ഉറപ്പിക്കയും ചെയ്തു. ഇതൊന്നും കാണാനും തടുക്കാനും കെല്പ്പില്ലാത്ത അലസപ്രിയന്മാരായ യുവാക്കൾക്ക് ജോലി നേടാൻ വിദേശത്തു പോവേണ്ടിയും വന്നു. വിദേശികളുടെ ദാസന്മാരായി, രാജ്യവും സ്വത്തും അവർക്കടിയറ വെച്ചു വിദേശബാങ്കിൽ പണവും കൊണ്ടിട്ടു വിളവു കാത്തിരിക്കുന്ന ഭരണ വര്ഗ്ഗങ്ങളുടെ അടിമകളുമായി മഹാഭാരതീയർ! അങ്ങനെ ദൈവത്തിന്റെ ഭൂമിയിലെഏജന്ടന്മാരുണ്ടാക്കിയ ദൈവത്തിന്റെ സ്വന്ത രാജ്യത്തിപ്പോൾ പകുതിയിലധികം പേർ കഠിന ദാരിദ്ര്യത്തിൽ കഴിയുന്നു. രാജ്യത്തിന്റെ സ്വത്തിന്റെ 75 ശതമാനവും വിദേശബാങ്കിൽ ഒളിച്ചു വെച്ചു അതിലൂടെ വികസനങ്ങൾ നടത്തുന്നതിനു പുറം നാടുകൾ ചുറ്റുന്നു മന്ത്രി പുല്ലവന്മാർ. അഞ്ചു വയസ്സ് പ്രായമുള്ള  കുഞ്ഞിനെപ്പോലും കാമാവേശത്തോടെ കടന്നു പിടിച്ചു, മൃഗങ്ങൾ പോലും കാട്ടാത്ത ഹീനമായ പ്രവർത്തികൾ ചെയ്യുന്ന - അതിൽ പ്രവണതയുള്ള ചെറുപ്പക്കാരുടെ ശല്യം കൊണ്ട് സ്ത്രീകളും കുഞ്ഞുങ്ങളും പൊറുതി മുട്ടുന്നു. ഒരു  ട്രെയിനോ ബസ്സോ കിട്ടി യാത്ര ചെയ്യാൻ ഉന്തും തള്ളും നിറഞ്ഞ സാഹചര്യത്തിൽ ആയിരങ്ങൾ കഷ്ടപ്പെടുന്നു, മത്സരിക്കുന്നു. അഴുക്കും പൊടിയും ചേറും ചെളിയും നിറഞ്ഞ പരിസരങ്ങളുമായി കുടിവെള്ളവും ശുദ്ധവായുവും കിട്ടാൻ വയ്യാത്ത വിധം ജനജീവിതം പാളി. ഹരിതകം നഷ്ടമായിരിക്കുന്നു, നദികളും തോടുകളും വറ്റിപ്പോയിരിക്കുന്നു. മഴ പെയ്യിക്കാൻ മഴ-ഭഗവതി മടി കാട്ടുന്നു. നമുക്ക് "കരഞ്ഞു പ്രാർത്ഥിക്കണം, ഇനി ", എങ്കിലെ പരിഹാരമുണ്ടാവൂ എന്നോതിക്കൊണ്ട്  ദൈവ ശാസ്ത്രഞ്ഞന്മാർ ദൈവവേലയിൽ വന്ന പോരായ്മ  കണ്ടു പിടിച്ചു  പരിഹാരം പറഞ്ഞു വീണ്ടും നമ്മളെ സമീപിക്കുന്നു. വിദേശത്തു കൂലിപ്പണിയും കിട്ടില്ലാത്ത വിധം സ്ഥിതികൾ വന്നു ചേരുന്നതോടെ ജീവിതം കുറേക്കൂടി ദുഷ്ക്കരമാവുമ്പോൾ സാക്ഷാൽ ദൈവം എത്തിച്ചേരും എന്നു നമൂക്കു പ്രതീക്ഷിക്കാം. മിക്കവാറും ചൈനക്ക് കൂലിപ്പണി ചെയ്യേണ്ട സ്ഥിതി വന്നുചേരും എന്നു അയൽ രാജ്യത്തിന്റെ വളർച്ച കാണിക്കുന്നു.

താങ്കളുടെ ലേഖനം മത-ബിസിനസ്സുകാരുടെ മനം മടുപ്പിക്കുന്നതാണ്. എന്നാൽ മാനസികമായി അവർക്കടിമപ്പെട്ടവരെ രക്ഷിക്കാൻ ദൈവത്തിനും കഴിയുമോ എന്നറിയില്ല. നമുക്ക് വിധിക്കപ്പെട്ടതല്ല്യോ നമുക്ക് കിട്ടുക?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക