Image

മനോഹരം ഈ `പ്രണയം'

Published on 22 September, 2011
മനോഹരം ഈ `പ്രണയം'
പുതുമ എന്നത്‌ പ്രണയമെന്ന ചിത്രത്തെ സംബന്ധിച്ചിടത്തോളം വാക്കുകളില്‍ ഒതുങ്ങുന്നില്ല. ശരിക്കും വ്യത്യസ്‌തമായ ഒരു ചലച്ചിത്രം. അതാണ്‌ ബ്ലസി സംവിധാനം ചെയ്‌തിരിക്കുന്ന പ്രണയം. താരങ്ങളുടെ വര്‍ണ്ണപകിട്ടില്ല, പാട്ടുപാടി മരംചുറ്റി നടക്കുന്ന നായകനും നായികയുമില്ല, ഡയലോഗുകളുടെ കസര്‍ത്തും ധാരാളിത്തവുമില്ല... ചുരുക്കി പറഞ്ഞാല്‍ മലയാള സിനിമയില്‍ കണ്ടുമടുത്ത സ്ഥിരം ചേരുവകള്‍ ഒന്നുമില്ല പ്രണയത്തില്‍. പക്ഷെ പ്രണയം മലയാള സിനിമ കാത്തിരുന്ന ചിത്രമായി മാറിയിരിക്കുന്നു.

മധ്യവയസ്‌ പിന്നിട്ടവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു എന്നതൊന്നും ഈ സിനിമയെ ചെറുപ്പക്കാരില്‍ നിന്നും അകറ്റുന്നില്ല. ഏവരും കാണാന്‍ ആഗ്രഹിക്കുന്ന ഒരുചിത്രം അതാണ്‌ പ്രണയം. ഇന്ന്‌ കേരളത്തിലെ തീയേറ്ററുകളില്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റവും കുടുതല്‍ എത്തുന്നതും ആര്‍ഭാടങ്ങളില്ലാത്ത ഈ ചിത്രം കാണുവാനാണ്‌. താരആഘോഷങ്ങളോടെ വന്ന മറ്റുചിത്രങ്ങള്‍ തീയേറ്റര്‍ വിട്ടിട്ടും പ്രണയം ശക്തമായ സാന്നിധ്യം അറിച്ചുകൊണ്ട്‌ കേരളത്തിലെ തീയേറ്ററുകളില്‍ തുടരുന്നു.

മലയാള സിനിമ സ്ഥിരമായി തിരഞ്ഞെടുക്കുന്ന ഒരു പ്രമേയമായിരുന്നില്ല ബ്ലസി തന്റെ പുതിയ ചിത്രമൊരുക്കാന്‍ ശ്രമിച്ചപ്പോള്‍ തിരഞ്ഞെടുത്തത്‌ എന്നതില്‍ തുടങ്ങങ്ങുന്നു പ്രണയമെന്ന ചിത്രത്തിന്റെ പുതുമ. വളരെ ഫ്രെഷായ ഒരു പ്രമേയം. ജീവിതത്തിന്റെ റീട്ടയര്‍മെന്റ്‌ പ്രായത്തിലുള്ള മാത്യൂസും ഗ്രേസും. അവര്‍ക്കിടയിലേക്ക്‌ അവിചാരിതമായി നാല്‌പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കടന്നു വരുന്ന ഗ്രേസിന്റെ ആദ്യഭര്‍ത്താവ്‌. പിന്നീട്‌ ഒരു ത്രീകോണ ആത്മബന്ധത്തിന്റെ തീവ്രതയിലൂടെ കടന്നു പോകുന്ന കഥ.

പ്രണയത്തിന്റെ ഒരു സ്ഥിരം കാഴ്‌ചയല്ല ബ്ലസി ഈ ചിത്രത്തിലൂടെ സമ്മാനിക്കുന്നത്‌. അസാധാരണമായ തലങ്ങളുള്ള പ്രണയത്തിന്റെ വ്യത്യസ്‌തമായ മറ്റൊരു കാഴ്‌ചയാണ്‌ പ്രണയം എന്ന ചിത്രത്തില്‍. ഇവിടെ പ്രണയം മാത്രമല്ല പ്രമേയമായി കടന്നു വരുന്നത്‌. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ തളരാതെ മുമ്പോട്ടുപോകാനുള്ള പ്രചോദനം. ജീവിതത്തെ അര്‍ത്ഥവത്തായി നോക്കിക്കാണാനുള്ള പ്രേരണ തുടങ്ങിയവയും പ്രണയം ബാക്കി വെക്കുന്നു.

കടലിന്റെ പശ്ചാത്തലത്തില്‍ കാമറവെച്ച്‌ കഥ പറയാന്‍ ശ്രമിച്ചിരിക്കുന്നത്‌ കാരണം പ്രണയം എന്ന ചിത്രത്തിന്റെ ദൃശ്യഭംഗി അപാരമാണ്‌. ഈ ദൃശ്യഭംഗി തിരക്കഥയ്‌ക്ക്‌ അനുയോജ്യമായ രീതിയില്‍ ഒരുക്കപ്പെട്ടിരിക്കുന്നതിനാല്‍ സ്ഥിരം മലയാള സിനിമകളില്‍ നിന്നും പ്രണയം വേറിട്ടൊരു കാഴ്‌ചയാണ്‌.

ജീവിതത്തിന്റെ സാഹ്‌യാനം നഗരത്തിലുള്ള മകന്റെ ഫ്‌ളാറ്റില്‍ ജീവിച്ചു തീര്‍ക്കാന്‍ എത്തിയതാണ്‌ അച്യുതമേനോന്‍. അനുപംഖേറാണ്‌ അച്യുത മേനോനെ അവതരിപ്പിക്കുന്നത്‌. അച്യുത മേനോന്റെ മകന്‍ വിദേശത്താണ്‌. മകന്റെ ഭാര്യക്കും മകള്‍ക്കും ഒപ്പമാണ്‌ അച്യുതമേനോന്റെ താമസം. യാദൃശ്ചികമായിട്ടാണ്‌ തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന ഗ്രേസിനെ (ജയപ്രദ) അച്യുതമേനോന്‍ കാണുന്നത്‌. ഗ്രേസ്‌ അച്യുതമേനോന്റെ ഭാര്യയായിരുന്നു. നാല്‌പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രണയിച്ച്‌ വിവാഹം കഴിച്ച ഇരുവരും മകന്‍ ജനിച്ച്‌ നാളുകള്‍ക്ക്‌ ശേഷം വേര്‍പിരിയുന്നു. പിന്നീട്‌ പല നാടുകള്‍ അലഞ്ഞ അച്യുതമേനോന്‍ അവിവാഹിതനായി തുടര്‍ന്നു.

ഗ്രേസ്‌ പിന്നീട്‌ മാത്യൂസിനെ (മോഹന്‍ലാല്‍) വിവാഹം ചെയ്‌ത്‌ മറ്റൊരു കുടുംബ ജീവിതത്തിലേക്ക്‌ കടക്കുന്നു. ഫിലോസഫി പ്രൊഫസറായിരുന്ന മാത്യൂസ്‌ ശരീരം തളര്‍ന്ന്‌ വീല്‍ചെയറിലാണ്‌. ഗ്രേസും മാത്യൂസുമാകട്ടെ തീവ്രമായി പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവരും. ഇതിനിടയില്‍ ആദ്യമായി താന്‍ പ്രണയിച്ച അച്യുതമേനോനെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ടുമുട്ടുന്ന ഗ്രേസിന്റെ മാനസിക വികാരങ്ങളിലൂടെയാണ്‌ തുടര്‍ന്ന്‌ കഥ മുമ്പോട്ടു പോകുന്നത്‌.

ഗ്രേസ്‌ ഇന്ന്‌ മറ്റൊരാളുടെ ഭാര്യയാണെന്ന്‌ മനസിലാക്കുമ്പോഴും ഗ്രേസിനെ കാണാന്‍ ആഗ്രഹിക്കുന്ന അച്യുതമേനോന്‍, നഷ്‌ടപ്രണയത്തിന്റെ ഓര്‍മ്മകളിലേക്ക്‌ ഗ്രേസ്‌ വഴുതി വീഴുന്നുവെന്ന്‌ അറിയുമ്പോഴും തന്റെ സ്‌നേഹം കുടുതല്‍ ശക്തമായി പ്രകടിപ്പിക്കുന്ന മാത്യൂസ്‌. അച്യുതമേനോനും മാത്യൂസിനും ഇടയില്‍ പലപ്പോഴും വിതുമ്പിപ്പോകുന്ന ഗ്രേസ്‌. പിന്നീട്‌ ഇവര്‍ക്കിടയിലെ മാനസിക സഞ്ചാരങ്ങള്‍. അവര്‍ക്കിടയില്‍ പെട്ടന്ന്‌ രൂപപ്പെടുന്ന സൗഹൃദം. സൗഹൃദത്തിനിടയില്‍ മറഞ്ഞും തെളിഞ്ഞും പ്രണയത്തിന്റെ കാഴ്‌ചകള്‍. പക്ഷെ അവരുടെ ബന്ധങ്ങളുടെ തെളിമ മനസിലാക്കാന്‍ കഴിയാതെ പോകുന്ന ബന്ധുക്കള്‍. അങ്ങനെ വളരെ വലിയൊരു വൈകാരിക തലങ്ങളിലൂടെയാണ്‌ പ്രണയം എന്ന ചിത്രം കടന്നു പോകുന്നത്‌.

ചിത്രത്തിലെ കാസ്റ്റിംങിലാണ്‌ ബ്ലസി ഏറ്റവും വലിയ വിജയം നേടിയത്‌. അനുപംഖേര്‍, മോഹന്‍ലാല്‍, ജയപ്രദ എന്നിവര്‍ ആരെയും അമ്പരപ്പിക്കും വിധം സമാനതകളില്ലാത്ത അഭിനയ പ്രകടനം കാഴ്‌ചവെച്ചിരിക്കുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ വേളയില്‍ നടന്‍ അനുപംഖേര്‍ പറഞ്ഞത്‌ തന്റെ ഇത്രയും കാലത്തെ ചലച്ചിത്ര ജീവതത്തിലെ ഏറ്റവും മികച്ച ഏഴ്‌ കഥാപാത്രങ്ങളിലൊന്ന്‌ പ്രണയം എന്ന ചിത്രത്തിലേതാണ്‌ എന്നായിരുന്നു. ഇത്‌ ശരിവെക്കുന്ന തരത്തിലുള്ള കാഴ്‌ച തന്നെയായിരുന്നു പ്രണയത്തിലെ അച്യുതമേനോന്‍. ബോളിവുഡില്‍ നിന്നും ഈ താരത്തെ മലയാള സിനിമയിലേക്ക്‌ എത്തിച്ചപ്പോള്‍ ഇത്‌ മലയാളത്തിന്‌ എന്നെന്നും അഭിമാനിക്കാവുന്ന ഒരു കഥാപാത്രത്തെ സമ്മാനിച്ചുവെന്നതില്‍ ബ്ലസിയെ തീര്‍ച്ചയായും അഭിനന്ദിക്കണം.

അനുപംഖേറിനെ പോലെ തന്നെ മോഹന്‍ലാലും എല്ലായിടത്തും മികച്ചു തന്നെ നില്‍ക്കുന്നു. ലാലിനെ ഇത്തരമൊരു അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളില്‍ കാണുക എന്നതു തന്നെ വിരളമായിരിക്കുന്ന സാഹചര്യങ്ങളില്‍ പ്രണയം തീര്‍ച്ചയായും മോഹന്‍ലാലിനെ ഇഷ്‌ടപ്പെടുന്ന മലയാളികള്‍ക്ക്‌ ഒരു വ്യത്യസ്‌തത സമ്മാനിക്കും. ലാലിനും അനുപം ഖേറിനും ഒപ്പം തന്നെ ജയപ്രദയും മികച്ച അഭിനയപ്രകടനം തന്നെ ചിത്രത്തില്‍ കാഴ്‌ചവെച്ചിരിക്കുന്നു.

പ്രണയം എന്ന ചിത്രം കണ്ടുകഴിയുപ്പോള്‍ ഏതൊരു പ്രേക്ഷകനും അനുഭവപ്പെടുക ജീവിതം ഒരു വലിയ യാത്ര തന്നെയാണ്‌ എന്ന യഥാര്‍ഥ്യമാണ്‌. ജീവിതത്തിന്റെ വ്യത്യസ്‌തമായ കാലഘട്ടങ്ങളില്‍ വ്യത്യസ്‌തമായ മാനസിക വികാരങ്ങളിലൂടെ നാം എവിടേക്കൊക്കെയോ സഞ്ചരിക്കുന്നു. ഇവിടെ തിരിച്ചറിവുകള്‍ പലപ്പോഴും വൈകിയാവും തേടിയെത്തുക. ഇത്തരം ചില സന്ദേശങ്ങളും പ്രണയം ബാക്കിവെക്കുന്നുണ്ട്‌.

എല്ലാത്തിനും ഉപരിയായി നില്‍ക്കുന്ന കണ്ടുമടുത്ത സ്ഥിരം പ്രണയകാഴ്‌ചകളില്‍ നിന്നും ഒരു വ്യത്യസ്‌തത പ്രണയം നല്‍കുന്നുണ്ട്‌ എന്നതാണ്‌. ചെറുപ്പത്തില്‍ മാത്രമല്ല മധ്യവയസ്‌ പിന്നിടുമ്പോഴും പ്രയാധിക്യം ഏറുമ്പോഴും പ്രണയമെന്ന വികാരത്തിന്‌ മാറ്റമുണ്ടാകുന്നില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ്‌ ഈ ചിത്രം നല്‍കുന്നത്‌. പ്രണയം അത്‌ ഓരോ വ്യക്തിക്കും ഒപ്പം അവന്റെ ജീവിതത്തോളം സഞ്ചരിക്കുന്ന ഒരു ഭാവമാണ്‌. അത്‌ ഏത്‌ വ്യക്തിക്കും ഒരു പോലെയുമാണ്‌ എന്ന്‌ പ്രണയം എന്ന ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം പ്രണയത്തിനു മുമ്പില്‍ നിയമങ്ങളില്ല എന്ന വിളിച്ചു പറയുകയും ചെയ്യുന്നു.
മനോഹരം ഈ `പ്രണയം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക