Image

ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ നൃത്ത സംഗീത സായാഹ്നം ഒരുക്കുന്നു

ജോസ്‌ മാളേയ്‌ക്കല്‍ Published on 22 September, 2011
ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ നൃത്ത സംഗീത സായാഹ്നം ഒരുക്കുന്നു
ഫിലാഡല്‍ഫിയ: കഴിഞ്ഞ 25 വര്‍ഷങ്ങളായി ഡെലവെയര്‍വാലിയിലെ യുവജനങ്ങളെയും, സ്‌പോര്‍ട്ട്‌സ്‌ പ്രേമികളെയും വിവിധ സ്‌പോര്‍ട്ട്‌സ്‌ ഇനങ്ങളില്‍ നാഷണല്‍ ടൂര്‍ണമെന്റുകള്‍ക്കായി പരിശീലിപ്പിക്കുകയും, യുവതലമുറയെ കായികരംഗത്തേക്ക്‌ ആകര്‍ഷിക്കുന്നതിനായി വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഡെലവെയര്‍വാലിസ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ (ഡി. വി. എസ്‌. സി) കൂടുതല്‍ പേര്‍ക്കു പ്രയോജനപ്പെടത്തക്ക രീതിയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും, വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനുംവേണ്ടി ഫണ്ട്‌ സമാഹരിക്കുന്ന തിനായി 2011 ഒക്ടോബര്‍ 15 ശനിയാഴ്‌ച്ച നൃത്തസംഗീത സായാഹ്നം നടത്തുന്നു.

നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയായിലെ ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (10175 Bustleton Ave.; Philadelphia PA 19116) വൈകിട്ട്‌ 6 മുതല്‍ 9 വരെയാണു വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നത്‌. ഡെലവെയര്‍വാലിയിലെ പ്രശസ്‌തരായ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ഗാനമേള, നൃത്തം, ഹാസ്യകലാപ്രകടനം എന്നിവ കലാസന്ധ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രവേശനം പാസുമൂലം നിയന്ത്രിക്കും. വിശാലഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ വേദിയായ ഡെലവെയര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ (ഡി വി എസ്‌ സി) ഒരു നോണ്‍ പ്രോഫിറ്റ്‌ സംഘടനയാണു.

പൂര്‍ണ ആരോഗ്യമുള്ള ഒരു ശരീരത്തിനുമാത്രമേ നന്നായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, ഫലം പുറപ്പെടുവിക്കാനും കെല്‍പ്പുള്ള ഒരു മനസിന്റെ ഉടമയാകാന്‍ സാധിക്കൂ. കായിക വിനോദം ആരോഗ്യത്തോടൊപ്പം മാനസികോല്ലാസവും പ്രദാനം ചെയ്യുന്നു. ആരോഗ്യമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്‌പോര്‍ട്ട്‌സിനും, ഭക്ഷണക്രമത്തിനും ഉള്ള പ്രാധാന്യം മനസിലാക്കിയിട്ടുള്ള അപൂര്‍വം ചില വ്യക്തികളില്‍ ഒരാളാണു ഡെലവെയര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്ന എം. സി. സേവ്യര്‍. യുവതലമുറ അമിതഭാരവും, വണ്ണവും, കുടവയറുമായി അനാരോഗ്യമുള്ളവരായിത്തീരാതെ അവരെ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കായിക വിനോദത്തിലേക്കും, പോഷകസമ്പന്നമായ ഒരു ഭക്ഷണരീതിയിലേക്കും തിരിച്ചുവിട്ട്‌ വേണ്ട പരിശീലനം നല്‍കി ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനായി പ്രതിഫലേച്ചയില്ലാതെ എത്ര സമയം വേണമെങ്കിലും ചെലവഴിക്കുന്നതിനു ഡെലവെയര്‍വാലിയിലെ പ്രമുഖ സ്‌പോര്‍ട്ട്‌സ്‌ സംഘാടകനായ സേവ്യറിനു യാതൊരു മടിയുമില്ല.

വളരെ കുറച്ച്‌ അംഗങ്ങളുമായി എളിയ രീതിയില്‍ തുടക്കമിട്ട ഈ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ ഇന്ന്‌ അംഗസംഖ്യയിലും, നടത്തുന്ന സ്‌പോര്‍ട്ട്‌സ്‌ ഇനങ്ങളുടെ എണ്ണത്തിലും മറ്റു ക്ലബുകളെക്കാള്‍ മുന്‍പന്തിയിലാണു. ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്‌, ബാറ്റ്‌മിന്റണ്‍, സോക്കര്‍, ടെന്നീസ്‌ എനിങ്ങനെ വിവിധക്ലബുകള്‍ ഡി വി എസ്‌ സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഒത്തുകൂടാന്‍ സ്വന്തമായി സ്ഥലമോ കളികള്‍ക്കായി ആധുനിക സൗകര്യങ്ങളുള്ള ഒരു ജിമ്മോ ഇല്ലാത്തതിനാല്‍ ഭീമമായ വാടക കൊടുത്ത്‌ പലയിടങ്ങളിലായിട്ടാണു ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്‌. യുവതലമുറയെ നമ്മുടെ സമൂഹവുമായി ഇഴുകി ചേര്‍ക്കുന്നതിനും, അവരുടെ കഴിവുകള്‍ സമൂഹനന്മക്കായി ഉപയോഗപ്പെടുത്തുന്നതിനും സ്‌പോര്‍ട്‌സിലൂടെ മാത്രമേ സാധിക്കുകയുള്ളു.

ഫണ്ട്‌ റെയിസിംഗ്‌ പ്രോഗ്രാമിന്റെ ടിക്കറ്റ്‌സെയില്‍ കിക്ക്‌ ഓഫ്‌ സീറോമലബാര്‍ പള്ളിയുടെ ഹാളില്‍ കൂടിയ മീറ്റിങ്ങില്‍ ആദ്യ ടിക്കറ്റ്‌ ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍ അറ്റോര്‍ണി ജോസ്‌ കുന്നേലിനു നല്‍കിക്കൊണ്ട്‌ ഡി. വി. എസ്‌. സി പ്രസിഡന്റ്‌ എം. സി. സേവ്യര്‍ നിര്‍വഹിച്ചു. മറ്റു ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍മാരായ സുധ കര്‍ത്ത, ജയ്‌സണ്‍ സെബാസ്റ്റ്യന്‍ എന്നിവരും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.

പ്രോഗ്രാമിന്റെ വിജയത്തിനായി എം. സി. സേവ്യര്‍, ബിജു മുഞ്ഞേലി, സാബു ജേക്കബ്‌ എന്നിവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍മാരായും, ജയ്‌സണ്‍ പൂവത്തിങ്കല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും, അഭിലാഷ്‌ ലൂക്കോസ്‌, വിപിന്‍ ഡേവിസ്‌, മനു വര്‍ഗീസ്‌, ജിന്നി ജോര്‍ജ്‌, ബാബു വര്‍ക്കി, സ്റ്റാന്‍ലി എബ്രാഹം, സെബാസ്റ്റ്യന്‍ എബ്രാഹം, ജിമ്മി കോശി, ടിപ്‌സണ്‍ ജോസഫ്‌, ജോസ്‌ കുന്നേല്‍, സാബു ജോസഫ്‌, സിബി തോമസ്‌, ജെയിക്ക്‌ പുതിയമടത്തില്‍, എബ്രാഹം മേട്ടില്‍, ധാന്‍ ഫിലിപ്പ്‌ എന്നിവര്‍ വിവിധ സ്‌പോര്‍ട്ട്‌സ്‌ ഇനങ്ങളുടെ കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു. പാപ്പന്‍ എബ്രാഹം, സാക്ക്‌ മാത്യു, ഷാജിമോന്‍ ജോര്‍ജ്‌, ഷാജി മിറ്റത്താനി, തോമസ്‌ നെടുമാക്കല്‍, ജസ്റ്റീന്‍ മാത| എന്നിവര്‍ ഫൈനാന്‍സും; റെനെ ജോസഫ്‌, ജയ്‌സണ്‍
സെബാസ്റ്റ്യന്‍, ജോസ്‌ മാളേയ്‌ക്കല്‍ എന്നിവര്‍ പബ്ലിക്ക്‌ റിലേഷനും കൈകാര്യം ചെയ്യും.

പ്രോഗ്രാം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എം. സി. സേവ്യര്‍ 215 840 3620
ബിജു മുഞ്ഞേലി 267 980 9516 സാബു ജേക്കബ്‌ 215 833 7895 ജയ്‌സണ്‍ പൂവത്തിങ്കല്‍ 215 820 6554
ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ നൃത്ത സംഗീത സായാഹ്നം ഒരുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക