Image

അന്തര്‍ദ്ദേശീയ 56 ചീട്ടുകളി മത്സരത്തിന്‌ ദിവസങ്ങള്‍ മാത്രം

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2011
അന്തര്‍ദ്ദേശീയ 56 ചീട്ടുകളി മത്സരത്തിന്‌ ദിവസങ്ങള്‍ മാത്രം
ഫ്‌ളോറിഡ: പതിമൂന്നാമത്‌ അന്തര്‍ദ്ദേശീയ ചീട്ടുകളി മത്സരങ്ങള്‍ക്ക്‌ കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന ഫ്‌ളോറിഡയിലെ താമ്പായില്‍ തിരശ്ശീല ഉയരുമ്പോള്‍ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും കാനഡയില്‍ നിന്നുമായി അമ്പതോളം ടീമുകളാണ്‌ മത്സര ഗോദായില്‍ ഇറങ്ങുന്നത്‌. സെപ്‌റ്റംബര്‍ 30, ഒക്‌ടോബര്‍ 1, 2 തീയതികളില്‍ ബ്രാന്‍ഡണിലെ എസ്‌.എച്ച്‌.കെ.സി കമ്യൂണിറ്റി ഹാളിലാണ്‌ മത്സരങ്ങള്‍ അരങ്ങേറുന്നത്‌.

തമാശയ്‌ക്കും നേരംപോക്കിനും വേണ്ടിയാണ്‌ നാം പലപ്പോഴും ചീട്ടുകളിക്കാറുള്ളതെങ്കിലും അത്‌ മനസ്സിന്‌ കുളിര്‍മയും ഹൃദയത്തില്‍ സന്തോഷവും പകരുന്നു. അതുമാത്രമല്ല ചീട്ടുകളി ബുദ്ധിക്ക്‌ വികാസവും, ഹൃദയത്തിന്‌ സഹനശക്തിയും വളര്‍ത്തുന്നു. ചരിത്രം പരിശോധിച്ചാല്‍ കാണാം രാജഭരണകാലത്ത്‌ സമൂഹത്തിലെ ഉന്നതരും സമ്പന്നരും ചെസ്സും ചതുരംഗവും വിനോദത്തിനായി തെരഞ്ഞെടുത്തപ്പോള്‍, സാധാരണക്കാരന്റെ വിനോദം ചീട്ടുകളിയായിരുന്നു. 28, റമ്മി, മുശീട്ട്‌, ഫ്‌ളാഷ്‌ , പോക്കര്‍, ബ്ലാക്‌ ഓക്ക്‌ എന്നിങ്ങനെ ഒട്ടനവധി ചീട്ടുകളിയുണ്ടെങ്കിലും കേരളത്തിനു മാത്രം അവകാശപ്പെട്ട ഒരു കളിയാണ്‌ `56'. പക്വതയും, പാകതയും, ബുദ്ധിയും, യുക്തിയും, ക്ഷമയും, ഓര്‍മ്മയും, മനോധര്‍മ്മവും, നര്‍മ്മവും, പരസ്‌പര ധാരണയും, ആത്മസംയമനവും ഈ കളിക്ക്‌ ആവശ്യമാണ്‌.

കഴിഞ്ഞ 12 വര്‍ഷക്കാലമായി സമാധാനത്തോടും സന്തോഷത്തോടുംകൂടി നടക്കുന്ന അന്തര്‍ദ്ദേശീയ 56 ചീട്ടുകളി ടൂര്‍ണമെന്റ്‌ വളരെ മാതൃകാപരമായും അച്ചടക്കത്തോടുംകൂടിയാണ്‌ നടക്കുന്നത്‌. സിറിയക്‌ വെട്ടുപാറപ്പുറത്തിന്റേയും, സാജന്‍ കോരുതിന്റേയും, ജോസഫ്‌ മാത്യുവിന്റേയും (അപ്പച്ചന്‍) നേതൃത്വത്തില്‍ ശക്തമായ കമ്മിറ്റിയാണ്‌ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്‌. സെപ്‌റ്റംബര്‍ 30-ന്‌ വെള്ളിയാഴ്‌ച 4 മണിയോടുകൂടി രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന്‌ ഉദ്‌ഘാടന ത്തിനും ഡിന്നറിനും ശേഷം 9 മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും. ഒക്‌ടോബര്‍ 2-ന്‌ അവസാന ഘട്ട മത്സരങ്ങളും തുടര്‍ന്ന്‌ വിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡും സമ്മാനിക്കും. മത്സരാര്‍ത്ഥികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും താമസിക്കുന്നതിനായി താമ്പായിലെ മാരിയട്ട്‌ കണ്‍ട്രിയാര്‍ഡും (813 661 9559), ഫെയര്‍ ഫീല്‍ഡ്‌ ഇന്നും (813 661 9719) കുറഞ്ഞ നിരക്കില്‍ സംഘാടകര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മത്സരങ്ങള്‍ക്ക്‌ വേദിയാകുന്ന എസ്‌.എച്ച്‌.കെ.സി കമ്യൂണിറ്റി ഹാളിന്റെ അഡ്രസ്‌ 3920 South Kings Ave, Brandon, Florida 33511 ആണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിറിയക്‌ വെട്ടുപാറപ്പുറം (813 765 1030), ജോസഫ്‌ മാത്യു (248 767 6822), സാജന്‍ കോരുത്‌ (813 992 1216). വെബ്‌സൈറ്റ്‌: www.56international.com പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
അന്തര്‍ദ്ദേശീയ 56 ചീട്ടുകളി മത്സരത്തിന്‌ ദിവസങ്ങള്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക