Image

മോഡി വിരുദ്ധരുടെയും ഭക്തരുടെയും കപട രാഷ്‌ട്രീയം

Published on 25 April, 2013
മോഡി വിരുദ്ധരുടെയും ഭക്തരുടെയും കപട രാഷ്‌ട്രീയം
കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി `മോഡി' എന്ന്‌ മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളു. ഇനി കുറച്ചു ദിവസങ്ങള്‍ കൂടി ഈ പേര്‌ കേരളത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. അതിന്റെ പിന്നിലെ രാഷ്‌ട്രീയം എന്തായാലും മോഡി കേരളത്തില്‍ ഒരു താരം തന്നെയായി എന്നതാണ്‌ യഥാര്‍ഥ്യം. ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ കേരളത്തില്‍ സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ഒരു പുസ്‌തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ സംഘപരിവാര്‍ നേതാവായ എല്‍.കെ അദ്വാനി വന്നിട്ടു പോയിരുന്നു. അപ്പോഴത്‌ കേരളത്തിലെ ചില പത്രങ്ങളുടെ ലോക്കല്‍ പേജില്‍ മൂന്നുകോളം വാര്‍ത്ത മാത്രമായിരുന്നു. എന്നാല്‍ സംഘപരിവാര്‍ രാഷ്‌ട്രീയത്തില്‍ അദ്വാനിയേക്കാള്‍ എത്രയോ ജൂനിയറായ നരേന്ദ്രമോഡിക്ക്‌ കിട്ടുന്ന വാര്‍ത്താ പ്രധാന്യം ഏറെ വലുതാണ്‌.

ഗുജറാത്ത്‌ കലാപം നടന്നപ്പോള്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ നിലപാടുകളും നയങ്ങളുമാണ്‌ മോഡിയെ എതിര്‍ക്കാന്‍ സി.പി.എം അടക്കമുള്ള ഇടതുപക്ഷ കക്ഷികള്‍ക്കും, കോണ്‍ഗ്രസ്‌ അടക്കമുള്ള യു.ഡി.എഫിനും പിന്നെ ഇസ്ലാമിക്‌ രാഷ്‌ട്രീയ സംഘടനകള്‍ക്കും പ്രേരകമായത്‌. സ്വാഭാവികമായി ചിന്തിച്ചാല്‍ ഇതില്‍ ന്യയവുമുണ്ട്‌. ഗുജറാത്ത്‌ കലാപം നടന്നപ്പോള്‍ മോഡി അവതരിപ്പിച്ച ചലന സിദ്ധാന്തം മാത്രം മതിയാകും മോഡിയെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍. 2002 ഫെബ്രുവരി 27ന്‌ ഗോദ്രയില്‍ സംഘപരിവാര്‍ കര്‍സേവകര്‍ സഞ്ചരിച്ച ട്രെയിന്‍ ബോഗി ദേശവിരുദ്ധ ശക്തികള്‍ ചേര്‍ന്ന്‌ അഗ്നിക്കിരയാക്കിയപ്പോള്‍ 58 പേരാണ്‌ മരിച്ചത്‌. ഇതിനെ തുടര്‍ന്നുണ്ടായ ഗുജറാത്ത്‌ കലാപം രാജ്യത്തെ നടുക്കിയ ക്രൂരതയായി മാറി. 1500ല്‍ അധികം ആളുകള്‍ മരണപ്പെട്ട ഗുജറാത്ത്‌ കലാപം അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ നടുക്കി. എന്നാല്‍ കലാപം നടന്നപ്പോള്‍ ഗോദ്രയില്‍ സംഭവിച്ചതിന്റെ പ്രതിഫലനമാണ്‌ ഗുജറാത്തിന്റെ കലാപം എന്ന്‌ നിസാരവല്‍കരിച്ചുകൊണ്ട്‌ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി ഐസക്‌ ന്യൂട്ടന്റെ ചലനസിദ്ധാന്തം മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിച്ചു. ഒരോ ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടാകുമെന്ന ചലന സിദ്ധാന്തം.

ഇന്നും കോണ്‍ഗ്രസും, ഇടതുപക്ഷ കക്ഷികളും നരേന്ദ്രമോഡിയെ ശക്തമായി എതിര്‍ക്കുന്നതിന്‌ പിന്നില്‍ ഗുജറാത്ത്‌ കലാപത്തിന്റെ വടുക്കളുണ്ട്‌. എന്നാല്‍ ഗുജറാാത്ത്‌ കലാപത്തിന്റെ പേരില്‍ മാത്രമാണോ ഇപ്പോള്‍ കേരളത്തില്‍ മോഡി എതിര്‍ക്കപ്പെട്ടത്‌ എന്നതാണ്‌ പ്രധാന ചോദ്യം.

യഥാര്‍ഥത്തില്‍ കേരളത്തില്‍ മോഡിക്കെതിരെ ഉയര്‍ന്നു വന്ന എതിര്‍പ്പുകള്‍ക്ക്‌ പിന്നില്‍ പെട്ടന്ന്‌ മനസിലാക്കാന്‍ കഴിയാത്ത ഒരുപാട്‌ രാഷ്‌ട്രീയ പ്രശ്‌നങ്ങളുണ്ട്‌. അവിടെയെങ്ങും ഗുജറാത്ത്‌ കലാപത്തിന്റെ പേരിലുള്ള സത്യസന്ധമായ എതിര്‍പ്പുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം. മറിച്ച്‌ ഗുജറാത്ത്‌ കലാപം മോഡിയെ എതിര്‍ക്കാനുള്ള ഒരു വെറും പരിചയായി മാറുന്നു എന്നതാണ്‌ സത്യം. ?

2002ലെ കലാപത്തിനു ശേഷം ഗുജറാത്ത്‌ പൊതുവേ ശാന്തമാണിപ്പോള്‍. കലാപത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം മോഡിയും ബി.ജെ.പിയും അവിടെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്‌തു. ഇപ്പോഴാവട്ടെ ഗുജറാത്ത്‌ എന്നത്‌ വികസനത്തിന്റെ മികച്ച മോഡലുമാണ്‌. ബ്രാന്‍ഡ്‌ ഗുജറാത്ത്‌ എന്നത്‌ ഇന്ത്യക്കും അപ്പുറം പ്രശസ്‌തി നേടുന്നു. ഇത്‌ മോഡിയുടെ പബ്ലിക്ക്‌ റിലേഷന്‍സ്‌ ആണെന്ന്‌ എതിരാളികള്‍ പറയുമ്പോള്‍, അതല്ല ബ്രാന്‍ഡ്‌ ഗുജറാത്ത്‌ എന്നത്‌ മികച്ച വികസന മോഡലാണെന്ന്‌ പറയുന്നവരും നിരവധി. എന്തു തന്നെയായാലും മോഡി ബി.ജെ.പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്നവരില്‍ പ്രധാനിയാണ്‌. മോഡി തന്നെയായിരിക്കും വരുന്ന ലോക്‌ സഭാ ഇലക്ഷനില്‍ ബി.ജെ.പിയെ നയിക്കുകയെന്നും ഏതാണ്ട്‌ ഉറപ്പാണ്‌.

ഇവിടെയാണ്‌ മോഡിയുടെ കേരളാ രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ക്ക്‌ പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ കൂടി മനസിലാക്കേണ്ടത്‌.

കേരളത്തില്‍ എത്തുന്നതിന്‌ മുമ്പ്‌ മോഡി സന്ദര്‍ശിച്ച പ്രധാന സംസ്ഥാനം ബംഗാളായിരുന്നു. ബംഗാളില്‍ മോഡിക്ക്‌ പ്രസംഗിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ആദ്യമേ നിശ്ചയിച്ച മൈതാനം വിട്ടുകൊടുത്തില്ല എന്നതും വലിയ വിവാദമായിരുന്നു. ബംഗാള്‍ എന്നത്‌ ബി.ജെ.പിയുടെ പ്രധാന വിമര്‍ശകരായ സി.പി.എമ്മിന്റെ പ്രധാന സംസ്ഥാനങ്ങളിലൊന്നു കൂടിയാണെന്ന്‌ ഓര്‍മ്മിക്കുക. സിപിഎമ്മും, മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ തന്നെ അവിടെ മോഡിയെ എതിര്‍ത്തു.

പക്ഷെ മോഡി ബംഗാളില്‍ വരുകയും മമതാ ബാനര്‍ജിയെ അല്‌പം പുകഴ്‌ത്തുകയും ചെയ്‌തിട്ട്‌ സ്ഥലം വിട്ടു. ഒരു അക്ഷരം പോലും ബംഗാള്‍ രാഷ്‌ട്രീയത്തെക്കുറിച്ചോ തനിക്ക്‌ നേരെയുണ്ടായ എതിര്‍പ്പിനെക്കുറിച്ചോ മോഡി പറഞ്ഞില്ല. അതായത്‌ എതിര്‍ക്കുന്നവരേക്കാള്‍ പക്വതയുള്ള രാഷ്‌ട്രീയ നേതാവാണ്‌ താനെന്ന്‌ മോഡി വരുത്തിതീര്‍ത്തു.

ബംഗാള്‍ സന്ദര്‍ശനത്തിന്‌ പിന്നാലെ മറ്റൊരു സന്ദര്‍ശനത്തിനായി മോഡി കേരളം തിരഞ്ഞെടുത്തത്‌ അതിബുദ്ധവൈഭവമുള്ള രാഷ്‌ട്രീയ തന്ത്രമായി മാത്രമേ കാണാന്‍ കഴിയു. എന്തുകൊണ്ടെന്നാല്‍ ബി.ജെ.പിക്ക്‌ വലിയ സ്വാധീനമില്ലാത്ത കേരളത്തില്‍ ആകെ മൊത്തത്തില്‍ ചര്‍ച്ചയായി മാറാന്‍ മോഡിക്ക്‌ കഴിഞ്ഞു. ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തനിക്കെതിരെ വിമര്‍ശനങ്ങള്‍ തന്നെ ഉയരണം എന്ന്‌ മോഡിയും മോഡിയുടെ അണിയറക്കാരും ആഗ്രഹിക്കുന്നുമുണ്ട്‌. കോണ്‍ഗ്രസിനും സിപിഎമ്മിനും സ്വപ്‌നം കാണാന്‍ കഴിയാത്ത മറ്റൊരു രാഷ്‌ട്രീയ തന്ത്രമാണിത്‌. മോഡി വിമര്‍ശനം എന്ന്‌ ഹിന്ദു വോട്ട്‌ ബാങ്കായി മാറ്റാന്‍ കുറച്ചെങ്കിലും കഴിയുമെന്ന രാഷ്‌ട്രീയ തന്ത്രം.

കേരളത്തില്‍ മതത്തിന്റെ പേരിലുള്ള വിഭാഗീയത മൂര്‍ശ്ചിക്കുകയാണ്‌ കുറച്ചുകാലമായി. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദവും, അതില്‍ എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയുമൊക്കെ എടുത്ത നിലപാടും എല്ലാവരും കണ്ടതുമാണ്‌. ഇതിനേക്കാള്‍ വലുതായി മത തീവ്രവാദവും കേരളത്തില്‍ ശക്തി പ്രാപിക്കുന്നുണ്ട്‌. ഒരിടത്തേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്ന ഹിന്ദുവികാരമാണ്‌ കപട മതേതര വാദവും ന്യൂനപക്ഷ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയവും കൊണ്ട്‌ കുറച്ചുകാലമായി കേരളത്തില്‍ സംഭവിക്കുന്നത്‌. ഇത്‌ കൃത്യമായി മുതലെടുക്കാന്‍ ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുകയും ചെയ്യുന്നുണ്ട്‌.

ഗുജറാത്ത്‌ മാത്രമാണ്‌ ഇന്ത്യയിലെ ഒരേയൊരു കലാപം എന്ന മട്ടിലുള്ള കപട മതേതര വാദ പ്രചരണം ഹിന്ദു വികാരത്തെ ഒരുമിപ്പിക്കുന്നതാണ്‌ സമീപകാലത്ത്‌ കണ്ടു വരുന്നത്‌. കാശ്‌മീരില്‍ ഇപ്പോഴും കത്തുന്ന ഹിന്ദു വിരുദ്ധ വികാരത്തെയും, അഫ്‌സല്‍ ഗുരുവിനു വേണ്ടിയുള്ള മുറവിളിയും, അഹിംസാ പാര്‍ട്ടിക്കാര്‍ സ്‌പോണ്‍സര്‍ ചെയ്‌ത പഴയ സിഖ്‌ വിരുദ്ധ കലാപത്തെ ക്കുറിച്ചുള്ള മറവിയുമൊക്കെ ഭൂരിപക്ഷ വികാരത്തെ കൂടുതല്‍ കത്തിജ്വലിപ്പിക്കുക തന്നെ ചെയ്യും. ഇതിനൊപ്പം കപട മതേതര വാദവും ന്യൂനപക്ഷ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയവും കൂടി കടന്നു വരുമ്പോള്‍ മുതലെടുപ്പ്‌ രാഷ്‌ട്രീയത്തിന്‌ പറ്റിയ മണ്ണാണ്‌ കേരളത്തിന്റേത്‌ എന്ന്‌ വ്യക്തം. പ്രത്യേകിച്ചും തങ്ങള്‍ക്ക്‌ അര്‍ഹിക്കുന്നതൊന്നും കിട്ടുന്നില്ല എന്ന പരാതിയും പരിഭവവുമായി ഹിന്ദു സംഘടനകള്‍ നിലവിളിക്കുന്ന കേരളത്തില്‍.

പ്രമുഖ ഹിന്ദുജാതി സംഘടനകളായ എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും മോഡിയുടെ വരവിനെക്കുറിച്ച്‌ പറഞ്ഞ കമന്റുകള്‍ ഇവിടെ ശ്രദ്ധേയം. കേരളീയ സമൂഹത്തിന്‌ ഏറെ സംഭാവനങ്ങള്‍ നല്‍കിയിട്ടുള്ള പുരോഗമന ചിന്താഗതികളില്‍ അടിസ്ഥാനപ്പെട്ടിരുന്ന ഈ രണ്ടു ജാതിസംഘടനകളും മോഡിയുടെ വരവിനെ എതിര്‍ത്തില്ല എന്നു മാത്രമല്ല അതില്‍ യാതൊരു തെറ്റുമില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ സ്വാഗതം ചെയ്യുകയും ചെയ്‌തു. സുകുമാരന്‍ നായരാവട്ടെ കേരളത്തില്‍ രാഷ്‌ട്രീയമാറ്റമുണ്ടാകുമെന്ന ഭയമാണ്‌ ഇടതു വലതു കക്ഷികള്‍ക്ക്‌ എന്ന്‌ വ്യക്തമായി പറയുകയും ചെയ്‌തു.

സുകുമാരന്‍ നായര്‍ പറഞ്ഞ ഈ ഭയം തന്നെയാണ്‌ സത്യത്തില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പരിഭ്രാന്തരാക്കുന്നത്‌. അത്‌ തുറന്നു പറയാന്‍ സുകുമാരന്‍ നായര്‍ക്കേ കഴിഞ്ഞുള്ളു എന്നു മാത്രം. സി.പി.എമ്മില്‍ നിന്നും ഹിന്ദുജനവിഭാഗം വലുതായി ചോര്‍ന്നു പോകുന്നു എന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇതിന്‌ തടയിടാന്‍ വേണ്ടി ക്ഷേത്ര പരിപാടികളില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തങ്ങളുടെ സഖാക്കള്‍ക്ക്‌ അനുമതി കൊടുക്കുകയുണ്ടായി. എന്നാല്‍ ക്ഷേത്രപരിപാടികളില്‍ പങ്കെടുക്കുന്ന സഖാക്കള്‍ കൈയ്യില്‍ ചരടും കെട്ടി കാവിയുമുടുത്ത്‌ ആ വഴിയങ്ങ്‌ പോകുകയാണെന്ന്‌ കണ്ണൂരില്‍ പ്രസഗിച്ചത്‌ നമ്മുടെ ജയരാജന്‍ സഖാവാണ്‌. സിപിഎമ്മിന്റെ ചോര്‍ച്ച എങ്ങനെയെന്ന്‌ ഇവിടെ വ്യക്തം.

മുസ്ലിം സമുദായത്തില്‍ ലീഗിനാണ്‌ എന്നും സ്വാധീനം. പിന്നെ ശേഷിക്കുന്ന ഇടതുപക്ഷ അനുഭാവികളെ വലിച്ചടുപ്പിക്കാന്‍ ഇടതുപക്ഷച്ചുവയുള്ള മുസ്ലിം രാഷ്‌ട്രീയ സംഘടനകള്‍ ഇപ്പോള്‍ പല പേരുകളില്‍ നിരവധിയുണ്ട്‌. ഈ ചോര്‍ച്ചക്ക്‌ തടയിടാനാണ്‌ അടുത്തിടെ മുസ്ലിം വേദി രൂപികരിക്കാന്‍ സി.പി.എം ശ്രമിച്ചത്‌. എന്നാല്‍ അത്‌ പ്രാവര്‍ത്തികമാക്കാന്‍ സിപി.എമ്മിന്‌ ഇതുവരെയും കഴിഞ്ഞില്ല.

എന്നാല്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്‌ അണികളുടെ ചോര്‍ച്ചയല്ല. മറിച്ച്‌ ഹിന്ദു ജാതി സംഘടനകള്‍ പ്രത്യേകിച്ചും എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും തങ്ങളോടുള്ള അനുഭാവം ഉപേക്ഷിച്ച്‌ (അഞ്ചാം മന്ത്രി വിഷയത്തില്‍ അത്‌ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്‌) ബി.ജെ.പിയോട്‌ എങ്ങനും ഒത്തുചേരുമോ എന്നതാണ്‌. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്‌ പ്രസ്ഥാനം പിന്നെയില്ല എന്നതായിരിക്കും ഫലം.

മോഡിയുടെ ഗുജറാത്ത്‌ കലാപ ഇമേജ്‌ ഉയര്‍ത്തിക്കാട്ടുവാന്‍ പോയ ദിവസങ്ങളില്‍ പിണറായി വിജയനും, കോണ്‍ഗ്രസ്‌ നേതാക്കളുമൊക്കെ കാട്ടിയ വ്യഗ്രതയ്‌ക്ക്‌ പിന്നിലെ യഥാര്‍ഥ രാഷ്‌ട്രീയം ഇതു തന്നെയാണ്‌. പ്രത്യേകിച്ചും ലോക്‌സഭയിലേക്ക്‌ ബിജെപി എന്ന ക്യാംപയിനുമായി ബി.ജെ.പി അവര്‍ക്ക്‌ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും വോട്ടു തേടാന്‍ ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നു എന്ന സാഹചര്യത്തില്‍. ഇപ്പോള്‍ കൈവിട്ടാല്‍ കേരളത്തില്‍ താമര വിരിയുമോ എന്ന ഭയമാണ്‌ ഇടതിനെയും വലതിനെയും ശരിക്കും അലട്ടുന്നത്‌.

ഇവിടെ ബിജെപി ശരിക്കും നേട്ടം കൊയ്‌തു എന്നു തന്നെ മനസിലാക്കണം. മോഡി വിരുദ്ധ പ്രസ്‌താവനകള്‍ കൊഴുക്കട്ടെ എന്ന്‌ തന്നെയാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌. മോഡി വിരുദ്ധതയില്‍ ഒരു കപട മതേതര വാദമുണ്ടെന്ന്‌ സ്ഥാപിച്ചെടുക്കാന്‍ ബി.ജെ.പിക്ക്‌ എളുപ്പം കഴിയും, പ്രത്യേകിച്ചും കേരളത്തില്‍. അങ്ങനെയെങ്കില്‍ ഹിന്ദു വോട്ട്‌ ബാങ്കിനെ ഏകോപിപ്പിക്കാം എന്നതാണ്‌ ബി.ജെ.പി ലക്ഷ്യം വെക്കുന്നത്‌.

മോഡിയുടെ വരവും പ്രതികരണങ്ങളുമെല്ലാം പരിശോധിച്ചാല്‍ അല്‌പം സ്‌കോര്‍ ചെയ്‌തു നില്‍ക്കുന്നത്‌ മോഡിയും ബി.ജെ.പിയും തന്നെയാണ്‌. സിപിഎമ്മിന്റെ മോഡി ഭയം വെറും രാഷ്‌ട്രീയ ഭയം മാത്രമാണെന്ന്‌ മലയാളിക്ക്‌ പെട്ടന്ന്‌ ബോധ്യപ്പെടുമെന്നതാണ്‌ സത്യം. ഇവിടെ ഒരു കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. മോഡി ശിവഗിരിയില്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം കൂടി നോക്കുക. തന്നെ വിമര്‍ശിച്ച ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെയും മോഡി തിരിച്ചു വിമര്‍ശിച്ചില്ല. മറിച്ച്‌ ശ്രീനാരായണ ഗുരു ദര്‍ശനങ്ങളും ഗുരുവിന്റെ മഹത്വവുമാണ്‌ മോഡി അവിടെ പ്രസംഗിച്ചത്‌. ഒപ്പം രാജ്യത്ത്‌ ഇപ്പോഴും രാഷ്‌ട്രീയ അയിത്തം നിലനില്‍ക്കുന്ന എന്ന്‌ എവിടെയും തൊടാതെ പറഞ്ഞുവെക്കുകയും ചെയ്‌തു. മോഡിക്കെതിരെ ഘോരഘോരം പിണറായി പ്രസംഗിക്കുമ്പോള്‍ മോഡി ശാന്തനായി തന്റെ രാഷ്‌ട്രീയം നടത്തി തിരിച്ചു പോയി എന്നതാണ്‌ സത്യം.

സമാന്യജനം ആലോചിച്ചു നോക്കുമ്പോള്‍ ഇത്രത്തോളം പാവമായ ഒരു മനുഷ്യനെയാണോ വെറുതെ പിണറായി ചീത്തവിളിച്ചത്‌ എന്നു തോന്നിപ്പോകും. അതായത്‌ പിണറായി വിജയനേക്കാള്‍ നൂറിരട്ടി ബുദ്ധിമാനാണ്‌ മോഡി. വെറുതെയാണോ ബംഗാളും കേരളവുമൊക്കെ മോഡി തന്റെ പ്രധാന സന്ദര്‍ശന സ്ഥലങ്ങളാക്കുന്നത്‌. ഗുജറാത്തിലോ മഹാരാഷ്‌ട്രയിലോ കിട്ടുന്നതിനേക്കാള്‍ പത്തിരട്ടി വാര്‍ത്താ പബ്ലിസിറ്റി കേരളത്തില്‍ നിന്നും നേടാം എന്ന്‌ മോഡിക്ക്‌ നന്നായി അറിയാം. ഒപ്പം കേരളത്തിലെ രണ്ടു പ്രബല ജാതി സംഘടനകളുടെ ഗുഡ്‌ സര്‍ട്ടിഫിക്കറ്റും നേടിയെടുക്കാനുമായി. ശിവഗിരി മഠത്തിലേക്ക്‌ മറ്റു രാഷ്‌ട്രീയക്കാര്‍ ചെല്ലാതെ മാറി നിന്നപ്പോള്‍ അവിടെ നിറഞ്ഞു നില്‍ക്കുവാനും മോഡിക്ക്‌ കഴിഞ്ഞു.

ഇവിടെ ഒരു കാര്യമാണ്‌ ജനങ്ങള്‍ മനസിലാക്കേണ്ടത്‌. ഇതില്‍ ആരാണ്‌ യഥാര്‍ഥത്തില്‍ രാഷ്‌ട്രീയം സംസാരിക്കുന്നത്‌. ആരുമില്ല എന്നതാണ്‌ സത്യം. മോഡിയുടെ കേവലരാഷ്‌ട്രീയ അജണ്ട പോലെ തന്നെയാണ്‌ സിപിഎമ്മിന്റേതും, കോണ്‍ഗ്രസിന്റേതും. എല്ലാത്തിനും ഉപരിയായി കേരളത്തില്‍ മതവര്‍ഗീയ എത്രത്തോളം ശക്തിപ്രാപിക്കുന്നു എന്നു മനസിലാക്കാന്‍ മോഡിയുടെ വരവ്‌ സഹായിച്ചു. മോഡി വിരുദ്ധരും, മോഡി ഭക്തരും ഏത്‌ രാഷ്‌ട്രിയമാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന്‌ ബുദ്ധിയുള്ള ജനത്തിന്‌ വേഗം മനസിലാകും. അത്‌ മതേതര രാഷ്‌ട്രീയമല്ല, മറിച്ച്‌ മതരാഷ്‌ട്രീയമാണ്‌.
മോഡി വിരുദ്ധരുടെയും ഭക്തരുടെയും കപട രാഷ്‌ട്രീയം
Join WhatsApp News
RAJAN MATHEW DALLAS 2013-04-25 14:16:08
താന്ഗ്ഗൾ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു. മോഡി ഗോളടിച്ചു ! വേണ്ടതിലതികം പബ്ലിസിറ്റി കിട്ടി...വോട്ട് കിട്ടാൻ സാദ്യതയില്ലാത്ത സംസ്ഥാനങ്ങൾ നേരത്തെ പോയി തീർക്കുന്നു! വാർത്തകളിൽ നിറഞ്ഞു നില്കുന്നു ! പിണറായിയും ഉമ്മൻ ചാണ്ടിയും അത് മനസ്സിലാക്കാതെ വെറുതെ ഓരിയിടുന്നു !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക