Image

പതിമൂന്നിന്റെ ശാപദോഷം പേറുന്ന കേരള രാഷ്ട്രീയം - ഏബ്രഹാം തെക്കേമുറി

ഏബ്രഹാം തെക്കേമുറി Published on 24 April, 2013
പതിമൂന്നിന്റെ ശാപദോഷം പേറുന്ന കേരള രാഷ്ട്രീയം - ഏബ്രഹാം തെക്കേമുറി
കോങ്കണ്ണനെ കോക്രി കാട്ടുന്ന ഒറ്റക്കണ്ണന്‍ രാഷ്ട്രീയം കേരളത്തില്‍ ഇന്ന് നിറഞ്ഞാടുകയാണ്. 'ഒടിക്കുഴിക്ക് സാക്ഷി കുറുക്കന്‍' എന്നപോലെ കൊടുക്കുന്ന പണത്തിനനുസരിച്ച്  മീഡിയാക്കാരും ഓരോ നേതാവിനുമൊപ്പമുണ്ടു്.
13ന്റെ വിഷമവൃത്തത്തില്‍ കേരളരാഷ്ട്രീയം നട്ടം തിരിയുകയാണെന്ന് ജോത്‌സ്യന്മാര്‍.
ജ്യോതിഷപ്രകാരം സ്ഥാനമാനക്കുറവു് , കലഹം, കാര്യവിഘ്‌നം ഇതാണ് 13ന്റെ സംഖ്യാശാസ്ത്രം. 14 ജില്ലകളിലായി 140 നിയോജകമണ്ഡലമുള്ള  കേരളത്തിന്റെ 13ാം നിയമസഭ ഈ ഏപ്രില്‍ 13ന് രണ്ടു് വര്‍ഷങ്ങള്‍ പിന്നിട്ടു.
2011 ഏപ്രില്‍ 13ന് പൊതുതിരഞ്ഞെടുപ്പ്. പതിവില്ലാതെ ഒരു മാസം കാത്തിരുന്ന്  മെയ് 13ന് വോട്ടെണ്ണല്‍. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്  7268 എന്ന സംഖ്യാബലത്തില്‍  13ാം നിയമസഭ നിലവില്‍ വന്നു. ആകെ പതിമൂന്നിന്റെ ശാപദോഷം.
മുസ്‌ളീം ലീഗിന്റെ അഞ്ചാം മന്ത്രി പ്രഖ്യാപനം കേട്ട് പലരും ഞട്ടി. അങ്ങനെ സംഭവിച്ചാല്‍ യു. ഡി. എഫിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും ഉമ്മന്‍ ചാണ്ടി യെന്ന് വിവേകമതികള്‍ വിധിയെഴുതി. ഇന്നത് ഏതാണ്ട് പടിവാതില്‍ എത്തി നില്‍ക്കുന്നു.
എല്ലാത്തിനും ഹൈക്കമാന്റ് തീരുമാനമുള്ള കോണ്‍ഗ്രസില്‍ കേരളത്തില്‍ മഞ്ഞളാംകുഴി അലിയും മന്ത്രിയായി. അതോടെ ബലഹീനനായി അനിഷ്ടസ്ഥാനത്തു സ്ഥിതിചെയ്യുന്ന ശുക്രന്റെ ദോഷഫലങ്ങള്‍ ബുദ്ധിമാന്ദ്യം, കൂട്ടുകെട്ടുകളാല്‍ അധഃപതനം, സ്ഥാനഭ്രംശം. അങ്ങനെ ആഭ്യന്തരം തിരുവഞ്ചൂരിനു പോയി.
ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദം അതിവേഗം  പതനത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍  അതിവേഗം ബഹുദൂരം പിന്നിട്ട് കെ. പി. സി.സി. പ്രസിഡന്റ് രമേശ് ചെത്തിത്തല “ഹെലികോപ്ടറിലാണ്” കോട്ടയത്തെത്തിയത്.  അവിടുന്നാണ് യു.ഡി.എഫിന്റെ ശനിദശയുടെ തുടക്കം.
കെ. പി.സി.സി. പ്രസിഡന്റായിരിക്കേ ഒരു എം.എല്‍ . എ ആകാന്‍ മോഹം. ഒ്രരാള്‍ക്ക് ഒരു പദവി മേപ്പടിയാന് ബാധകമല്ല) .കഷ്ടിച്ച് കയറിപ്പറ്റി.  കണക്കുകള്‍ പിഴച്ചപ്പോള്‍ കെ.പി.സി.സി  പ്രസിഡന്റ് സ്ഥാനം മാത്രമായി ഒതുങ്ങി.
പിന്നെ പലരെയും കൊണ്ട് പറയിച്ചു. ചെന്നിത്തല ഏതു സ്ഥാനത്തിനും യോഗ്യന്‍.
എല്ലാക്കരുക്കളും ശരിയാക്കി നിര്‍ത്തി 'താക്കോല്‍ സ്ഥാന'മുറപ്പിക്കാന്‍ എന്‍. എസ്. എസ് സെക്രട്ടറി സുകുമാരന്‍നായര്‍ ക്ഷത്രിയവേഷം കെട്ടി കളത്തിലിറങ്ങി.
“ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്തെത്തിച്ചില്ലെങ്കില്‍ , സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ല”. പോര്‍വിളി മുഴങ്ങി.  ആദ്യം ജനത്തെ ന്യൂനപക്ഷം, ഭൂരിപക്ഷം ഇങ്ങനെ രണ്ടായി തിരിച്ചു.  പിന്നീട് വര്‍ഗം, ജാതി, തറ, പറ, പന, പ... ഒന്നാം ക്‌ളാസിലെ ഒന്നാം പാഠത്തിലെ അക്ഷരമാല. സുകുമാരന്‍ നായര്‍ തുടങ്ങി ഇന്നു വിലസുന്ന കേരള നേതാക്കന്മാരില്‍ പലരുടെയും വിദ്യാഭ്യാസ യോഗ്യത ഇതാണല്ലോ.
സൂര്യനെല്ലിയില്‍ കുടുങ്ങിയ കുര്യനെ രക്ഷിച്ചതു സുകുമാരന്‍ നായര്‍. ഹൈക്കമാന്റുമായി സുകുമാരന്‍നായര്‍ക്ക്  അടുത്ത ബന്ധമെന്ന് കുര്യന്‍. എന്തായാലും രമേശ് ചെന്നിത്തല  “താക്കോല്‍” സഥാനത്ത് എത്തണം. അതായത് മുഖ്യമന്ത്രി!.
ഈ മന്ത്രിസഭയില്‍ പല നായന്മാര്‍ മന്ത്രിമാരാണെന്നതും,  ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ ഈഴവ ഭൂരിപക്ഷമാണ് ഭരിക്കുന്നതെന്നും  കേരള ജനതയ്ക്ക് അറിയാം. പിന്നിപ്പോളെന്ത്യേ ഈ ഈഴവ-നായര്‍ സഖ്യം?.
എന്‍.ഡി.പി എന്ന് നായര്‍ക്കും, എസ്.ആര്‍.പി എന്ന് ഈഴവനും രാഷ്ട്രീയപാര്‍ട്ടികള്‍ കേരളത്തിലുണ്ടായിരുന്നു. അതു മടക്കിക്കെട്ടിച്ചതും, തമിഴ്‌നാട്ടിലെ ഡി.എം.കെ പോലെ കേരളത്തില്‍ ശക്തമായിരുന്ന കേരള കോണ്‍ഗ്രസിനെ ഉപ്പുചിന്നമാക്കിയതും സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍ തന്നെ. വര്‍ഗ്ഗീയതയെയും നക്‌സലിസത്തെയും പിഴുതെറിഞ്ഞ  ആ നല്ല നാളുകള്‍ക്കും ലീഡര്‍ക്കും വണക്കം.
ഇന്നത്തെ ദുരവസ്ഥയില്‍ നിന്നും കേരളം ഗതി പിടിക്കണമെങ്കില്‍ ഈര്‍ക്കിലി പാര്‍ട്ടികളെയും, പ്രായാധിക്യത്തിലെത്തിയ നേതാക്കളെയും ഒഴിവാക്കണം. പിണറായി ഏതാണ്ട് ലക്ഷത്തിലെത്തി നില്‍ക്കുന്നു. അച്യുതാനന്ദനെ പാര്‍ട്ടി പുറത്താക്കിയാല്‍ ഇടതു പക്ഷം ശക്തിപ്പെടുകയും  നിലവിലുള്ള അനിശ്ചിതത്വം  മാറി ഒരു രൂപാന്തരം കേരളജനതയ്ക്ക് പ്രതീക്ഷിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറെ അനാഥ നേതാക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്.
വിക്രമാദിത്യന്റെ ചുമലിലെ വേതാളംപോലെ കെ.എം.മാണി ചുമക്കുന്ന പി..സി. ജോര്‍ജ്,  അയാളുട ശത്രുവും കാണികള്‍ക്കു ഖേദം തോന്നിക്കുന്ന  കെ. ആര്‍. ഗൗരിയമ്മ, സംസാരശേഷി ഇല്ലാത്ത എം.വി. രാഘവന്‍, അള്‍ഷിമേഴ്‌സ് ബാധിച്ച പി.ജെ. ജോസഫ്,  പാര്‍ട്ടിയില്‍ ഒരു എം.എല്‍.എ പോലും കൂടെയില്ലാത്ത  പ്രതിപക്ഷ നേതാവു് അച്യുതാനന്ദന്‍, ജയില്‍പ്പുള്ളി ആര്‍. ബാലകൃഷ്ണപിള്ള, എന്നിവരെ ഒന്നു മാറ്റി നിര്‍ത്തി  രമേശ് ചെന്നിത്തലയെ വന്ന വഴിക്ക് ഡെല്‍ഹിയ്ക്കും വിട്ടാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ കാലദോഷം മാറും.
ഇന്നിപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്ന നാടകങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിയണം. ഈ അമേരിക്കയിലേക്ക് ഈ വൃത്തികെട്ട രാഷ്ട്രീയക്കാരെ, സിനിമക്കാരെ, മതപ്രസംഗകരെ  സ്വീകരിക്കാന്‍ വേദിയൊരുക്കുന്നവര്‍ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദോഷമാണത്. അമേരിക്കയില്‍ വസിക്കുന്ന മലയാളി അമേരിക്കന്‍ പൗരന്മാരാണ്.  ഗള്‍ഫ് മലയാളിയേപ്പോലെ ഊഴിയ വേലയ്ക്ക് ചുമല് കൊടുത്ത ദാസന്മാരല്ല. കേരള നേതൃത്വങ്ങള്‍ക്ക് അമേരിക്ക എന്തെന്ന് അറിയില്ല. ഗള്‍ഫ് മലയാളികളെ ചൂഷണം ചെയ്ത അതേ അടവുമായി രാഷ്ട്രീയ മത സാംസ്‌കാരിക വ്യഭിചാരികള്‍ 'മലയാളിയുടെ സ്വസ്ഥത” ഇല്ലാതാക്കാന്‍ ഈ അമേരിക്കയിലേക്കും ഇടിച്ചു കയറുന്നു.
“പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍, പന്തോം കുത്തി പട പന്തളത്ത്”.


പതിമൂന്നിന്റെ ശാപദോഷം പേറുന്ന കേരള രാഷ്ട്രീയം - ഏബ്രഹാം തെക്കേമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക