Image

വിവേകാനന്ദസ്വാമികള്‍: ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം-3- പി.റ്റി. പൗലോസ്

പി.റ്റി. പൗലോസ് Published on 24 April, 2013
വിവേകാനന്ദസ്വാമികള്‍: ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം-3- പി.റ്റി. പൗലോസ്
വിവേകാനന്ദസ്വാമികളുടെ പത്തുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പകുതിയും അദ്ദേഹം വിദേശത്തായിരുന്നു. അന്നു പലരും ചോദിച്ചു വിജ്ഞാനത്തിന്റെ അതുല്യമാതൃകയും വലിയ സ്വരാജ്യസ്‌നേഹിയുമായ സ്വാമിജി എന്തുകൊണ്ട് ഭാരതത്തിന്റെ പരിപാവന മണ്ണില്‍ സംസ്‌കൃതത്തില്‍ പ്രഭാഷണം നടത്താതെ ഭൗതികവാദികളുടേതായ പാശ്ചാത്യനാടുകളില്‍ പ്രസംഗങ്ങള്‍ ചെയ്തത്? ഉത്തരം വ്യക്തമാണ്. ഇന്നത്തെ ലോകഭാഷ സംസ്‌കൃതമല്ല ഇംഗ്ലീഷ് ആണ്. ലോകത്തിന്റെ പ്രസംഗവേദികള്‍ വാരണാസിയിലോ, ഉജ്ജയിനിയിലോ, കാഞ്ചിയിലോ അല്ല. ചിക്കാഗോയിലും ന്യൂയോര്‍ക്കിലും ലണ്ടനിലുമാണ്.

സാമാന്യ ജനങ്ങളുടെ ഉദ്ധാരണവും സാധാരണക്കാരന്റെ കരങ്ങളിലേക്ക് അധികാരം പകരലുമാണ് ആരോഗ്യകരമായ ദേശീയത്വത്തിന്റെ ലക്ഷ്യങ്ങളെങ്കില്‍, ഈ ആദര്‍ശങ്ങള്‍ക്കുവേണ്ടിയുള്ള നിലപാടില്‍ വിവേകാനന്ദന്‍ ആധുനിക ഇടതുപക്ഷ ചിന്താഗതിക്കാരേക്കാള്‍ ഒട്ടും താഴെയല്ല. സോഷ്യലിസം ഒരു പരിപൂര്‍ണ്ണ സമ്പ്രദായമാണെന്ന നിലക്കല്ല, മറ്റു പല പ്രത്യയശാസ്ത്രങ്ങളും പരീക്ഷിക്കപ്പെട്ട് വിജയിക്കാത്തതുകൊണ്ട് ഈ പുതിയ പ്രത്യയശാസ്ത്രം ഒരു പരീക്ഷണം അര്‍ഹിക്കുന്നു എന്ന നിലയില്‍ ഞാനൊരു സോഷ്യലിസ്റ്റാണെന്ന് പ്രഖ്യാപിച്ച ആദ്യത്തെ മഹാനായ ഭാരതീയനത്രെ വിവേകാനന്ദ സ്വാമികള്‍. ഒരു ശുക്രയുഗത്തിന്റെ അതായത് സാധാരണക്കാരന്‍ അവന്റെ ബലാബലത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് സാമാന്യ മനുഷ്യനെന്ന നിലക്കുതന്നെ ഭരണാധികാരം കയ്യാളുന്ന ഒരു കാലഘട്ടത്തിന്റെ വാതില്‍പ്പടിയിലാണ് നാമെന്ന സിദ്ധാന്തമായിരുന്നു അദ്ദേഹത്തിന്റേത്. ബ്രാഹ്മണന്‍ അഥവാ പുരോഹിതന്‍, ക്ഷത്രിയന്‍ അഥവാ യുദ്ധപ്രിയനായ മാടമ്പി, വൈശ്യന്‍ അഥവാ വാണിജ്യവിത്ത ശക്തികളുടെ പ്രതിനിധി, ശൂദ്രന്‍ അഥവാ സാധരണക്കാരന്റെ എന്നീക്രമത്തില്‍ അധികാരം നേടുകയും സംസ്‌കാരത്തിന്റെ ഗതിയേയും സ്വഭാവത്തെയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ ആയിട്ടാണ് അദ്ദേഹം ചരിത്രത്തെ വീക്ഷിക്കുന്നത്. ഈ യുഗത്തില്‍ സാധാരണക്കാരന്‍ അധികാരത്തില്‍ വന്നു കൊണ്ടിരിക്കുന്നു. ഇതാണ് കമ്മ്യൂണിസ്റ്റ് ഭാഷയില്‍ പറയുന്ന സാമാന്യ ജനങ്ങളുടെ സര്‍വ്വാധിപത്യം (Dictatoryship of the proletariat).(എന്റെ അറിവ് ശരിയാണെങ്കില്‍ വിവേകാനന്ദനെ ആദര്‍ശപുരുഷനായി സ്വീകരിക്കാന്‍ ഇന്ന് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മടിയില്ല).

 ചിരകാലമായി മാനിക്കപ്പെട്ടുവന്നിരുന്ന സാമ്രാജ്യങ്ങളുടെ വേഗത്തിലുള്ള അധഃപതനവും ഭൂമിശാസ്ത്രപരമായി അനൈക്യത്തില്‍ വര്‍ത്തിച്ചിരുന്ന ഒരവസ്ഥയുടെ മേല്‍ ഒരു വൈദേശിക ശക്തി നേടിയ വിജയവും ”േയാജിച്ചാല്‍ നാം ജയിക്കും വിയോജിച്ചാല്‍ നാം നശിക്കും” എന്ന പാഠം ചിന്താശീലരില്‍ ഉളവാക്കി. ഈ ഐക്യബോധം ഉണര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ആദ്യത്തെ മാര്‍ഗ്ഗദര്‍ശകന്‍ സ്വാമി വിവേകാനന്ദനായിരുന്നു. കന്യാകുമാരി മുതല്‍ ഹിമാലയം വരെ സ്വീകാര്യനായിരുന്ന സ്വാമിജിയുടെ പ്രേരണയാല്‍ ഭാരതത്തിന്റെ വൈവിദ്ധ്യങ്ങളെ സ്വരാജ്യ സ്‌നേഹപരമായ ഐക്യത്തിന്റെ ആളിക്കത്തുന്ന ജ്വാലയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. അതുപോലുള്ള ഒരു നേതാവിനെ സ്വാമിജി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഭാരതത്തിന് ലഭിച്ചിരുന്നില്ല.

സ്വാമിജി രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നിന്നു എങ്കിലും അദ്ദേഹം ഉണര്‍ത്തിയ ദേശീയ ബോധവും സ്വരാജ്യസ്‌നേഹവ്യഗ്രതയും അദ്ദേഹത്തിന്റെ ലക്ഷ്യം ഭാരതത്തിന്റെ സ്വാതന്ത്ര്യമായിരുന്നു എന്നും, അദ്ദേഹത്തിന്റെ അദ്ധ്യാത്മീക പ്രവര്‍ത്തനം തന്റെ യഥാര്‍ത്ഥമായ ലക്ഷ്യത്തെ ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റില്‍ നിന്നും മറച്ചു പിടിക്കുവാനുള്ള ഒരു പുകമറ ആയിരുന്നു എന്നും  അസംഖ്യം രാഷ്ട്രീയ ചിന്തകരെയും പ്രവര്‍ത്തകരെയും വിശ്വസിപ്പിക്കുവാന്‍ പര്യാപ്തമായി. വിപ്ലവകാരികളും അവരവരടെ രഹസ്യമായ പ്രചരണത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. പ്രത്യേകിച്ചും ബംഗാളിലുള്ള ചില ഗ്രൂപ്പുകള്‍ ഭാരതസ്വാതന്ത്ര്യത്തിനുവേണ്ടി സ്വാമിജി ഗൂഢമായി കണ്ടുവച്ചിട്ടുള്ള പദ്ധതിയുടെ സമാരംഭം കാത്തിരിക്കുകയായിരുന്നു.

(തുടരും)
വിവേകാനന്ദസ്വാമികള്‍: ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം-3- പി.റ്റി. പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക