Image

2010ല്‍ ഖത്തറില്‍ 44ലേറെ ആത്മഹത്യ; രണ്ടാം സ്ഥാനത്ത്‌ ഇന്ത്യക്കാര്‍

Published on 22 September, 2011
2010ല്‍ ഖത്തറില്‍ 44ലേറെ ആത്മഹത്യ; രണ്ടാം സ്ഥാനത്ത്‌ ഇന്ത്യക്കാര്‍
ദോഹ: കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 44 ആത്മഹത്യകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതായി ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷനിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. സുഹൈല ഗുലൂം പറഞ്ഞു. ഇതില്‍ നാല്‍പത്തിരണ്ടും തൂങ്ങിമരണമായിരുന്നു. ഒരാള്‍ വീതം സ്വയം കഴുത്തറുത്തും കൈതണ്ടയിലെ ഞരമ്പ്‌ മുറിച്ചും മരിച്ചു. നേപ്പാളികളാണ്‌ ഏറ്റവും കൂടുതലായി ആത്മഹത്യ ചെയ്‌തത്‌. ഇന്ത്യക്കാരാണ്‌ സ്വയം ജീവനൊടുക്കിയവരുടെ എണ്ണത്തില്‍ രണ്ടാമത്‌. അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ വളരെ വിരളമായേ ആത്മഹത്യ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളൂ.

സ്വദേശി ആത്മഹത്യകള്‍ നടന്നതായി എച്ച്‌.എം.സി രേഖകളിലില്ല. എന്നാല്‍ ഇപ്പറഞ്ഞത്‌ ആത്മഹത്യയുടെ യഥാര്‍ഥ കണക്കല്‌ളെന്നും എച്ച്‌.എം.സിയില്‍ രേഖപ്പെടുത്തിയ കണക്ക്‌ മാത്രമാണെന്നും ഡോ. സുഹൈല വ്യക്തമാക്കി. ലോക ആത്മഹത്യാ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്‌ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (അല്‍ഉവൈന്‍) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രവാസികളില്‍ സിംഹഭാഗവും പുരുഷന്‍മാരായതിനാല്‍ സ്വാഭാവികമായും ആത്മഹത്യാ നിരക്കിലും പുരുഷന്‍മാരാണ്‌ കൂടുതല്‍. സാമ്പത്തികവും കുടുംബപരവുമായ കാരണങ്ങളാണ്‌ മിക്ക ആത്മഹത്യക്കും പ്രേരകം. പ്രതിമാസം ശരാശരി പതിനഞ്ച്‌ പേര്‍ ആത്മഹത്യാശ്രമം നടത്തുന്നതായാണ്‌ കണക്ക്‌. ഇതില്‍ പതിനൊന്നും രാത്രിയിലാണ്‌ നടക്കുന്നത്‌. അധികവും വ്യാഴം, വെള്ളി ദിവസങ്ങളിലാണ്‌. മരുന്നുകള്‍ അമിത ഡോസില്‍ കഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്‌. 17..25 പ്രായപരിധിയിലുള്ളവര്‍ക്കിടയില്‍ കൈയിലെ ഞരമ്പറുത്ത്‌ മരിക്കാനുള്ള ശ്രമമാണ്‌ കൂടിവരുന്നത്‌.

ദൈവവിശ്വാസം ഊട്ടിയുറപ്പിച്ചും ജീവിതനൈരാശ്യത്തെയും മാനസികാസ്വസ്ഥതകളെയും കൗണ്‍സലിംഗിലൂടെയും മനഃശാസ്‌ത്ര ചികിത്സയിലൂടെയും പരിഹരിച്ചും ആത്മഹത്യാ പ്രവണതയെ പ്രതിരോധിക്കാനാവുമെന്ന്‌ സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അല്‍ഉവൈന്‍ സെന്ററിലെ മാനവവിഭവവകുപ്പ്‌ മേധാവി മുഹമ്മദ്‌ അബ്ദുല്ല ആല്‍ഖലീഫ ഉദ്‌ഘാടനം നിര്‍വഹിച്ച പരിപാടിയില്‍, ഡോ. മുഹമ്മദ്‌ അബ്ദുല്‍ അലീം (അല്‍ഉവൈന്‍), ഡോ. അഹ്മദ്‌ അല്‍ഫര്‍ജാബി (ഔഖാഫ്‌) തുടങ്ങിയവര്‍ സംസാരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക