Image

ജപമാല കൂട്ടായ്‌മയും മരിയന്‍ തീര്‍ത്ഥാടനവും

ജോസ്‌ മാളേയ്‌ക്കല്‍ Published on 23 September, 2011
ജപമാല കൂട്ടായ്‌മയും മരിയന്‍ തീര്‍ത്ഥാടനവും
ആറ്റല്‍ബറോ: മാസാച്യു സെറ്റ്‌സ്‌ സംസ്ഥാനത്ത്‌ ബോസ്റ്റണു സമീപം ആറ്റല്‍ബറോയിലുള്ള വിശ്വപ്രസിദ്ധമായ ലാസലറ്റ്‌ മാതാവിന്റെ തീര്‍ത്ഥാടനദേവാലയത്തില്‍ (നാഷണല്‍ ഷ്രൈന്‍ ഓഫ്‌ ഔര്‍ ലേഡി ഓഫ്‌ ലാസലറ്റ്‌) ആണ്ടുതോറും ഒക്ടോബര്‍ മാസത്തില്‍ നടത്തിവരാറുള്ള ജപമാല കൂട്ടായ്‌മയും, തീര്‍ത്ഥാടനവും ഈ വര്‍ഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

പരിശുദ്ധ ജപമാലരാജ്ഞിയോടുള്ള വിശേഷാല്‍ വണക്കവും ഭക്ത്യാദരങ്ങളും പ്രകടിപ്പിക്കുന്നതിനുവേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന ഒക്ടോബര്‍ മാസം 8 ശനിയാഴ്‌ച്ച ഉച്ചക്ക്‌ 12:00 നു തീര്‍ത്ഥാടനാലയത്തിനു സമീപം ലാസലറ്റ്‌ മാതാവിന്റെ സുമ്പരമായ പ്രതിമസ്ഥാപിച്ചിരിക്കുന്ന റോസറിപോണ്ടിനു ചുറ്റും ജപമാലപ്രാര്‍ത്ഥനയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ ആഘോഷമായ ദിവ്യബലി, മെഴുകുതിരി പ്രദക്ഷിണം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും. ജപമാല പ്രാര്‍ത്ഥനയുടെയും, മരിയന്‍ തീര്‍ത്ഥാടനത്തിന്റെയും ഒരു സുദിനമാക്കി ഒക്ടോബര്‍ 8 ശനിയാഴ്‌ച്ച മാറ്റാനൂള്ള ശ്രമത്തിലാണു തീര്‍ത്ഥാടനാലയക്കാര്‍.

ബോസ്റ്റണ്‍ സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളി വികാരി ഫാ. വര്‍ഗീസ്‌ നായ്‌ക്കംപറമ്പില്‍ വി. സി. പ്രധാനകാര്‍മ്മികനായി അര്‍പ്പിക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. വില്യം കാളിയാടന്‍, ഫാ. ജോണി വടക്കന്‍, ഫാ. ആല്‍ബര്‍ട്ട്‌, ഫാ. എല്‍സണ്‍, ഫാ. പിന്റോ പോള്‍, ഫാ. രാജു മുരിങ്ങയില്‍, ഫാ. ജോര്‍ജ്‌ മറ്റത്തിലാനിക്കല്‍, ഫാ. തോമസ്‌ മലയില്‍, ഫാ. ടോം പുതുശേരി എന്നിവര്‍ സകാര്‍മ്മികരാകും.

ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ സീറോമലബാര്‍ മിഷന്‍ സ്‌പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ്‌ നടുവിലേക്കുറ്റ്‌ ദിവ്യബലിമദ്ധ്യേ സമ്പേശം നല്‍കും. 1846 സെപ്‌റ്റംബര്‍ 19 നു ആല്‍പ്‌സ്‌ പര്‍വതനിരകളില്‍ 6000 അടി ഉയരത്തിലുള്ള ഒരു സാധാരണ ഗ്രാമപ്രദേശമായ ലാസലെറ്റില്‍ പരിശുദ്ധ കന്യകാമറിയം മാക്‌സിമിന്‍, മെലനി എന്നീ ആട്ടിടയകുട്ടികള്‍ക്ക്‌ പ്രത്യക്ഷപ്പെട്ട്‌ `മക്കളെ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിക്കുക, പശ്ചാത്തപിച്ചാല്‍ സമൃദ്ധി താനെ ഉണ്ടാകും.' എന്നരുളിചെയ്‌തു. ലോകത്തിലെ എല്ലാ ജനതതികളോടും തന്റെ സമ്പേശമറിയിരക. തന്റെ തിരുക്കുമാരന്‍ ഈശോയുമായി അനുരജ്ഞനപ്പെടുക എന്നിങ്ങനെയുള്ള പരിശുദ്ധ അമ്മയുടെ ഉള്‍വിളി നെഞ്ചിലേറ്റി 1852 ല്‍ ഫ്രാന്‍സിലെ ഗ്രെനോബിളിലെ ബിഷപ്പായ ഡി ബ്രില്ലാര്‍ഡിനാല്‍ സ്ഥാപിതമായ ലാസലറ്റ്‌ കോണ്‍ഗ്രിഗേഷന്റെ മുദ്രാവാക്യം `മക്കളെ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിക്കുക. പശ്‌ച്ചാത്തപിച്ചാല്‍ സമൃദ്ധി താനേ ഉണ്ടാകും' എന്നുള്ള പരിശുദ്ധ കന്യകയുടെ വെളിപ്പെടുത്തല്‍ ആണൂ. ലാസലറ്റ്‌സ്‌ എന്നപേരിലറിയപ്പെടുന്ന മിഷനറിമാരില്‍ വൈദികരും, ബ്രദേഴ്‌സും, കന്യാസ്‌ത്രീകളും ഉള്‍പ്പെടും. 1892 ല്‍ ഫ്രാന്‍സില്‍ നിന്നും ചില ലാസലറ്റ്‌ മിഷനറിമാര്‍ അമേരിക്കയില്‍ കണക്ടിക്കട്ടിലുള്ള ഹാര്‍ട്ട്‌ഫോര്‍ഡില്‍ എത്തിച്ചേര്‍ന്ന്‌ പരി. അമ്മയുടെ സന്ദേശം മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുന്നതില്‍ മുന്‍കൈ എടുത്തു.

ലാസലറ്റ്‌ കോണ്‍ഗ്രിഗേഷന്‍ വളര്‍ന്നു പന്തലിച്ച്‌ ഇന്ന്‌ മഡഗാസ്‌കര്‍, ഫിലിപ്പൈന്‍സ്‌, മ്യാന്‍മാര്‍, ഈസ്റ്റേണ്‍ യൂറോപ്പ്‌, സൗത്ത്‌ അമേരിക്ക എന്നിങ്ങനെ പല രാജ്യങ്ങളിലും വ്യാപിച്ചു. ആട്ടിടയകുട്ടികള്‍ക്ക്‌ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാതാവു ധരിച്ചിരുന്ന ക്രൂശിത രൂപത്തിന്റെ ഒരു വശത്ത്‌ ചുറ്റികയുടെ പടവും, മറുവശത്ത്‌ ഒരു ചവണയുടെ പടവും ആയിരുന്നു, അതാണു ലാസലറ്റ്‌ ചിഹ്നമായി അംഗീകരിച്ചിരിക്കുന്നത്‌. യേശുവിന്റെ കൈകാലുകളില്‍ ആണിതറക്കുന്നതിനിടയാക്കിയ മനുഷ്യരാശിയുടെ പാപത്തെ ചുറ്റികയും, യേശുവിന്റെ ആണിപ്പാടുകളില്‍നിന്നും അതു പിഴുതെറിയാന്‍ പര്യാപ്‌തമായ നമ്മുടെ സല്‍പ്രവൃത്തികളെ ചവണയും പ്രതിനിധാനം ചെയ്യുന്നു. ലോകത്തിലെ പ്രധാനപ്പെട്ട മരിയന്‍ തീര്‍ത്ഥാടനകേമ്പ്രങ്ങളായ പോളണ്ടിലെ ബ്ലാക്ക്‌ മഡോണാ ഓഫ്‌ ചെസ്റ്റസ്‌കോവ, ഇറ്റലിയിലെ ലൊറെറ്റോ, പോര്‍ച്ചുഗലിലെ ഔര്‍ ലേഡി ഓഫ്‌ ഫാത്തിമാ, സ്‌പെയിനിലെ ഔര്‍ ലേഡി ഓഫ്‌ ഗുഡ്‌ സക്‌സസ്‌, ലെബനോനിലെ ഔര്‍ ലേഡി ഓഫ്‌ ലെബനോന്‍, മെക്‌സിക്കോ സിറ്റിയിലെ ബസിലിക്കാ ഓഫ്‌ ഗവൂദലൂപ്പ്‌, ലൂര്‍ദിലെ സാങ്ങ്‌ച്വറി ഓഫ്‌ ലൂര്‍ദ്‌സ്‌, പാരീസിലെ ഔര്‍ ലേഡി ഓഫ്‌ മിറാക്കുലസ്‌ മെഡല്‍, ഫിലിപ്പീന്‍സിലെ മോസ്റ്റ്‌ ഹോളി റോസറി, ഇന്ത്യയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളി, വാഷിങ്ങ്‌ടണ്‍ ഡി. സി യിലെ അമലോല്‍ഭവമാതാവിന്റെ
ബസിലിക്ക എന്നിവയോടൊപ്പം ആറ്റല്‍ബറോയിലെ ലാസലറ്റ്‌ മാതാവിന്റെ തീര്‍ത്ഥാടനകേമ്പ്രവും വിശ്വപ്രസിദ്ധമാണു.

ഇത്തവണ ക്രിസ്‌മസ്‌ സീസണില്‍ ഇവിടെ ഏഴുലക്ഷത്തിലധികം ക്രിസ്‌മസ്‌ ലൈറ്റുകള്‍ ഒരുക്കുന്നുണ്ട്‌. പ്രശാന്തസുമ്പരമായ ആറ്റല്‍ബറോയില്‍ 947 പാര്‍ക്ക്‌ അവന്യൂവില്‍ സ്ഥിതിചെയ്യുന്ന ഈ മരിയന്‍ തീര്‍ത്ഥാടനകേമ്പ്രം, കത്തോലിക്കാവിശ്വാസത്തിന്റെയും, ആല്‍മചൈതന്യത്തിന്റെയും, അടിസ്ഥാനശിലാമാണിക്യങ്ങളില്‍ പ്രമുഖമായ നിത്യസഹായമാതാവിലുള്ള വിശ്വാസതീക്ഷണതയുടെയും, വിശേഷാല്‍ വണക്കത്തിന്റെയും തിലകക്കുറിയായി തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ വര്‍ഷവും ഇവിടെ ഏതാണ്ട്‌ എണ്‍പതിനായിരത്തിലധികം മരിയഭക്തര്‍ എത്തിച്ചേരുന്നു. ജപമാല ഉദ്യാനം, കുരിശിന്റെ വഴി ക്രമീകരിച്ചിരിക്കുന്ന പൂംതോപ്പ്‌, രണ്ട്‌ ആട്ടിടയ കുട്ടികളോടു സംസാരിച്ചുനില്‍ക്കുന്ന പാപികളുടെ അനുരജ്ഞകയായ ലാസലറ്റ്‌ മാതാവ്‌, കണ്ണീര്‍വാര്‍ക്കുന്ന മാതാവ്‌ എന്നിവയെല്ലാം നയനാനന്ദ കരമായ ഇവിടത്തെ ദൃശ്യങ്ങളില്‍ ചിലതു മാത്രമാണ്‌.

മിഷനറീസ്‌ ഓഫ്‌ ലാസലറ്റ്‌ കോണ്‍ഗ്രിഗേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആഘോഷപരിപാടികളിലേക്ക്‌ എല്ലാവരെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി കണ്‍വീനര്‍മാരായ റവ. ഫാ. സിറിയക്ക്‌ മറ്റത്തിലാനിക്കല്‍ എം.എസ്‌, റവ. ഫാ. ടോം പുതുശേരി എം.എസ്‌ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. സിറിയക്ക്‌ 1 860 208 0240, റവ. ഫാ. ടോം പുതുശേരി 1 203 893 8488 www.lasalette-shrine.org Phone: 508 222 5410
ജപമാല കൂട്ടായ്‌മയും മരിയന്‍ തീര്‍ത്ഥാടനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക