Image

കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്‌ രക്ഷയില്ല....ഇതു സത്യമോ?? ചര്‍ച്ച

Published on 27 April, 2013
കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്‌ രക്ഷയില്ല....ഇതു സത്യമോ?? ചര്‍ച്ച
കേരളം ഭരിക്കുന്നത്‌ ന്യൂനപക്ഷക്കാര്‍: ജി. സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി
ചങ്ങനാശേരി: കേരളം ഭരിക്കുന്നത്‌ ന്യൂനപക്ഷക്കാരാണെന്നും കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം മാറ്റാന്‍ എന്‍എസ്‌എസിനും എസ്‌എന്‍ഡിപി യോഗത്തിനും കഴിയുമെന്നും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും, എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്‌ചയ്‌ക്കുശേഷം വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്‌ രക്ഷയില്ല. ഭൂരിപക്ഷ സമുദായാംഗങ്ങള്‍ പലായനം ചെയ്യേണ്ട അവസ്‌ഥയാണ്‌. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കു മാത്രമേ കേരളത്തില്‍ രക്ഷയുള്ളു. ഭൂരിപക്ഷ സമുദായങ്ങളോട്‌ സര്‍ക്കാര്‍ അങ്ങേയറ്റം അവഗണനയാണ്‌ കാട്ടുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്‌ നീതിയും ന്യായവും ധര്‍മവും ലഭിക്കുന്നില്ലെന്ന്‌ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്‌ട്രീയ തീരുമാനം എടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മടികൂടാതെ നടപടി സ്വീകരിക്കും.

ന്യൂനപക്ഷങ്ങളെ യുഡിഎഫ്‌ സര്‍ക്കാര്‍ സഹായിച്ചു. രമേശ്‌ ചെന്നിത്തല കെപിസിസി പ്രസിഡന്റായത്‌ എന്‍എസ്‌എസിന്റെ കഴിവുകൊണ്ടാണെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു. വിശാല ഹിന്ദു ഐക്യത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ സാഹചര്യമുണ്ടാക്കിയത്‌ രാഷ്‌ട്രീയക്കാരാണെന്നും വെള്ളാപ്പള്ളി വ്യക്‌തമാക്കി.

എന്‍എസ്‌എസ്‌- എസ്‌എന്‍ഡിപി സഖ്യം വിരട്ടി കാര്യം നേടാന്‍: വി എസ്‌

തൃശൂര്‍ : എന്‍എസ്‌എസ്‌- എസ്‌എന്‍എന്‍ഡിപി ഐക്യത്തിനെതിരെ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ രംഗത്ത്‌. ഭരിക്കുന്നവരെ വിരട്ടി കാര്യം സാധിക്കുന്ന നിലപാടാണ്‌ ഇരുവിഭാഗവും സ്വീകരിച്ചിരിക്കുന്നതെന്നും ഈ നിലപാട്‌ അംഗീകരിക്കാനാവില്ലെന്നും വി എസ്‌ പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനാണ്‌ ഇവരുടെ ശ്രമമെന്നും അത്‌ വിലപ്പോവില്ലെന്നും വി എസ്‌ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരളം ഭരിക്കുന്നത്‌ മൂന്ന്‌ ന്യൂനപക്ഷ മന്ത്രിമാരാണെന്ന എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്‌താവന തരംതാണതാണെന്ന്‌ മുസ്ലീം ലീഗ്‌ അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു. ഇത്തരം പ്രതികരണങ്ങളില്‍ നിന്ന്‌ എന്‍എസ്‌എസ്‌ പിന്‍മാറണം. യുഡിഎഫിന്റെ നേതാക്കളെ സമുദായത്തിന്റെ പേരില്‍ തരംതിരിക്കുന്നത്‌ ശരിയല്ല. ഇത്‌ സാമുദായിക സൗഹാര്‍ദത്തിന്‌ ഗുണകരമാവില്ല എന്നും ഇ ടി മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു. എന്നാല്‍, പ്രസ്‌താവനയെ കുറിച്ച്‌ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും വിസമ്മതിച്ചു.

അതിനിടെ, ഭൂരിപക്ഷ സമുദായം പിന്നോട്ടു പോവുന്നു എന്ന എന്‍എസ്‌എസിന്റെ പ്രസ്‌താവനയോട്‌ യോജിക്കുന്നതായി മര്‍ത്തോമാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം പറഞ്ഞു.

കഴിഞ്ഞ ദിവസം എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ആരൊക്കെ ശ്രമിച്ചാലും തകരുന്നതല്ല എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി ഐക്യമെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടിരുന്നു.

മതന്യൂനപക്ഷാവകാശങ്ങള്‍ ഔദാര്യമല്ല; ഭരണഘടനാപരമാണ്:  അല്മായ കമ്മീഷന്‍
കൊച്ചി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും ഇതിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ ചരിത്രം മനഃപ്പൂര്‍വ്വം മറക്കുവാന്‍ ശ്രമിക്കുന്നവരുമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.  ന്യൂനപക്ഷസമുദായങ്ങളെ ആക്ഷേപിച്ചുകൊണ്ടല്ല ഭൂരിപക്ഷസമുദായങ്ങള്‍ ഐക്യം ഊട്ടിയുറപ്പിക്കേണ്ടത്.  പരസ്പരം സഹകരിച്ചും സൗഹാര്‍ദ്ദത പങ്കുവെച്ചും ന്യൂനപക്ഷവിഭാഗങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുമുള്ള സമീപനമാണ് വേണ്ടത്.  സാമുദായിക വികാരമുണര്‍ത്തുവാന്‍ ഇതരസമുദായങ്ങളെ ആക്ഷേപിക്കുന്നത് കുലീനത്വവും സംസ്‌കാരവുമുള്ള സാമുദായിക നേതാക്കള്‍ക്ക് ഭൂഷണമല്ലെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. 

    മതന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രൈസ്തവ സമുദായത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ ആതുര ശുശ്രൂഷാ തലങ്ങളില്‍ നൂറ്റാണ്ടുകളായുള്ളതും ഇന്നും തുടരുന്നതുമായ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ സമുദായാംഗങ്ങളേക്കാളുപരി ഇതര വിഭാഗങ്ങളാണ്.  ന്യൂനപക്ഷസമുദായങ്ങളെ ആക്ഷേപിക്കുന്നവര്‍ തലമുറകള്‍ക്കു പിന്നിലെ തങ്ങളുടെ അവസ്ഥയെക്കുറിച്ചും ക്രൈസ്തവ സ്ഥാപനങ്ങളിലൂടെയും മിഷനറി സമൂഹങ്ങളിലൂടെയും കൈവരിച്ച വളര്‍ച്ചയെക്കുറിച്ചും പരിചിന്തനം നടത്തുവാന്‍ തയ്യാറാകണം.  സമുദായാംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് പലതും നഷ്ടപ്പെടുമ്പോഴും സാമൂഹിക നീതിക്കുവേണ്ടിയും നാടിന്റെ സമഗ്രവികസനത്തിനുവേണ്ടിയുമാണ് ക്രൈസ്തവ സമുദായം സേവനം ചെയ്യുന്നതെന്ന് ഇന്ന് പലരും വിസ്മരിക്കുന്നു.  ഇതിന്റെ പേരില്‍ വിശ്വാസിസമൂഹത്തിനുണ്ടായിരിക്കുന്ന അവസരനിഷേധങ്ങളെയും സാമുദായിക നിസംഗതയെയും കുറിച്ചു ക്രൈസ്തവസമുദായവും പുനര്‍ചിന്തനം നടത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

    യുഡിഎഫ് ഭരണകാലത്ത് കേരളത്തിലെ പ്രധാന പട്ടണങ്ങളിലായി കോടിക്കണക്കിന് രുപ പാട്ടക്കുടിശിക എഴുതിത്തള്ളി കോടാനുകോടി ആസ്തിയുള്ള 200 ഏക്കറോളം സര്‍ക്കാര്‍ഭൂമി പതിച്ചുകൊടുത്തത് ഏതുസമുദായത്തിനാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ പരസ്യപ്പെടുത്തുവാന്‍ തയ്യാറാകണം.

    ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ന്യൂനപക്ഷ വിഭാഗത്തിലെ ഭൂരിപക്ഷത്തിന് മാത്രമായി തീറെഴുതിക്കൊടുത്തിരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിരുദ്ധനയം തിരുത്തണം.  എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം.  ക്ഷേമപദ്ധതികള്‍ മുഴുവന്‍ ഒരു വിഭാഗത്തിനും ആക്ഷേപം മുഴുവന്‍ ക്രൈസ്തവരുള്‍പ്പെടെ ഇതരവിഭാഗങ്ങള്‍ക്കുമെന്ന നിലപാട് തുടരുവാന്‍ അനുവദിക്കുകയില്ലെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.  
       
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക