Image

വിവേകാനന്ദസ്വാമികള്‍: ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം-4- പി.റ്റി. പൗലോസ്

പി.റ്റി. പൗലോസ് Published on 25 April, 2013
വിവേകാനന്ദസ്വാമികള്‍: ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം-4- പി.റ്റി. പൗലോസ്
ഗാന്ധിയന്‍ കാലഘട്ടത്തിലെ ഭാരതസ്വാതന്ത്ര്യസമരത്തിന്റെ ഉന്നതരായ മിക്ക നേതാക്കളും ഭാരതസ്വാതന്ത്ര്യസമരത്തില്‍ ആവേഗം നല്‍കിയതിന് സ്വാമിജിയോട് കടപ്പെട്ടിരുന്നു. അവരുടെ ചില വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചില്ലെങ്കില്‍ ഈ ലേഖനത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമാകുകയില്ല.

മഹാത്മാഗാന്ധി: സ്വാമിജിയുടെ ഒരു ജന്മദിനാഘോഷത്തില്‍ മഹാത്മാഗാന്ധി ഇങ്ങനെ പറയുകയുണ്ടായി: “ഞാന്‍ ഇവിടെ (ബേലൂര്‍ മഠത്തില്‍) വന്നിരിക്കുന്നത് സ്വാമി വിവേകാനന്ദന്റെ മഹത് സ്മരണക്കു മുമ്പില്‍ എന്റെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാനാണ്. നാം ഇന്ന് (1923) അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഞാന്‍ സമഗ്രമായി വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. അവ വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് എന്റെ രാജ്യത്തോടുണ്ടായിരുന്ന സ്‌നേഹം ആയിരം മടങ്ങ് വര്‍ദ്ധിച്ചു. അല്ലയോ യുവജനങ്ങളെ! സ്വാമി വിവേകാനന്ദന്‍ ജനിച്ചു മരിച്ച ഈ സ്ഥലത്തിന്റെ മഹത്വത്തില്‍ ഒരംശമെങ്കിലും ഉള്‍ക്കൊള്ളാതെ വെറും കൈയോടെ പോകരുതെന്ന് ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു.”

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിലയിരുത്തല്‍: “സ്വാമിജി എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ നമുക്ക് താല്പര്യമുള്ളവയാണ്. വളരെക്കാലത്തേക്ക് നമ്മെ സ്വാധീനിക്കുന്നതുമാണ്. സാധാരണ അര്‍ത്ഥത്തിലുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞനായിരുന്നില്ല അദ്ദഹം. എന്നിരുന്നാലും ഭാരതത്തിന്റെ ആധുനിക ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത സ്ഥാപകന്മാരില്‍ -മറ്റെന്തെങ്കിലും വാക്കുപയോഗിക്കണമെങ്കില്‍ ഉപയോഗിക്കാം-ഒരാളായിരുന്നു അദ്ദേഹമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

നേതാജി സുഭാഷ് ചന്ദ്രബോസ് “പ്രത്യക്ഷമായോ പരോക്ഷമായോ സ്വാമിജി ആധുനിക ഭാരതത്തില്‍ ശക്തമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാരതീയ യുവജനത സ്വാമി വിവേകാനന്ദനിലൂടെ ഒഴുകുന്ന ബുദ്ധി-ചൈതന്യ-തേജസ്സുകളുടെ ഈ സ്രോതസ്സ് ശരിക്കും പ്രയോജനപ്പെടുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

ഭാരതത്തിന്റെ ആത്മാവിലേക്ക് സിംഹസദൃശമായി കടന്നു കയറിയ ആ പുരുഷ കേസരിയുടെ 150-#ാ#ം ജന്മവാര്‍ഷികമാഘോഷിക്കുവാന്‍ ഭാരതം തയ്യാറെടുക്കത്ത ഈ വേളയില്‍ ഈ ലേഖനത്തിന് പ്രസക്തിയുണ്ടാകാം. എങ്കില്‍ കൂടി വിവേകാനന്ദ സ്വാമികള്‍ എന്ന മഹത്‌വ്യക്തിയുടെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും ഒരെത്തിനോട്ടം മാത്രമെ നടത്തിയിട്ടുള്ളൂ എന്ന പരിമിതി കൂടി ഈ ലേഖനത്തിനുണ്ട് എന്നോര്‍മ്മപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കുന്നു.


(അവസാനിച്ചു)

വിവേകാനന്ദസ്വാമികള്‍: ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം-4- പി.റ്റി. പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക