Image

ശ്രേഷ്‌ഠഭാഷാപദവി, ഓ, ആ പേരിലെന്തിരിക്കുന്നു? (ജോണ്‍ മാത്യു)

Published on 29 April, 2013
ശ്രേഷ്‌ഠഭാഷാപദവി, ഓ, ആ പേരിലെന്തിരിക്കുന്നു? (ജോണ്‍ മാത്യു)
ഒരു പേരിലെന്തിരിക്കുന്നു? അര്‍ത്ഥമൊന്നുമില്ല, സ്വതവേ വന്നു ഭവിച്ചതോ തനതായി നേടിയതോ മാത്രമാണ്‌ പ്രസക്തം എന്ന ധ്വനിയോടെയാണ്‌ ഇവിടെ ചോദ്യം. ഈ പ്രസ്‌താവനയുടെ ചരിത്ര-സാഹിത്യ പശ്ചാത്തലത്തിലേക്കൊന്നും കടക്കുന്നില്ല. പക്ഷേ, പേരിലും കാര്യമുണ്ടെന്നാണ്‌ ഇന്നത്തെ പല നടപടികളും നമ്മെ പഠിപ്പിക്കുന്നത്‌. പേരുള്ള ഒരു കുടുംബത്തില്‍ കാണാന്‍ കൊള്ളാവുന്നവനായി ജനിച്ചാല്‍, പിന്നെ ഒന്ന്‌ നേരെ നില്‍ക്കാനും കഴിവുണ്ടെങ്കില്‍ ആ കുടുംബപ്പേരുവെച്ചുതന്നെ കളിക്കാം. ഈ കളി ഇന്ത്യയില്‍ മാത്രമല്ല അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ കണ്ടുവരുന്നതുമാണ്‌.

ഇതൊരു നര്‍മ്മകഥയാവാം. ഏതോ വിരുതന്‍ പറഞ്ഞ കഥ. ബസ്‌ കണ്ടക്‌ടര്‍മാരെല്ലാംകൂടി സമരം ചെയ്‌തുപോലും തങ്ങളുടെ ഉദ്യോഗപ്പേര്‌ കളക്‌ടര്‍ എന്ന്‌ മാറ്റണമെന്ന്‌. കേള്‍ക്കാന്‍ സുന്ദരക്കുട്ടപ്പനായ പേരല്ലേ `കളക്‌ടര്‍'.

പണ്ടത്തെ പേഷ്‌ക്കാര്‌ ആഗ്‌ളേയത്തില്‍ക്കൂടി കയറിയിറങ്ങിയതാണ്‌ കളക്‌ടര്‍. ചുങ്കം പിരിച്ച്‌ ശേഖരിക്കുന്നവനെന്ന്‌ അര്‍ത്ഥം. എന്നാല്‍ കണ്ടക്‌ടര്‍ ആ ബസിന്റെ മൊത്തം നടത്തിപ്പുകാരനാണ്‌, ടിക്കറ്റെഴുതി കാശുപിരിക്കുന്നവന്‍ മാത്രമല്ല. പക്ഷേ, കണ്ടക്‌ടര്‍ക്ക്‌ ഒരു പോരായ്‌മ, അല്ലേ?

കഥാപാത്രങ്ങള്‍ക്ക്‌ ചേര്‍ന്ന പേരിടുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്‌ എഴുത്തുകാര്‍ക്കെല്ലാമറിയാം. പേരില്‍നിന്നുതന്നെ സ്വഭാവത്തെപ്പറ്റിയുള്ള സങ്കല്‍പ്പം ഉണ്ടാവണം. സുന്ദരിയായ നായികയ്‌ക്ക്‌ ആരെങ്കിലും താടക എന്ന്‌ പേരിടുമോ. ഒ.വി. വിജയന്റെ എക്‌സിറ്റന്‍ഷ്യലിസ്റ്റും ബുദ്ധിജീവിയുമായ കഥാനായകന്‌ `രവി' എന്നല്ലേ പേരുവരാന്‍ പറ്റൂ. പാശ്ചാത്യഭാഷകളിലെ എഴുത്തുകാരാണെങ്കില്‍ ഇന്‍ഷ്യലും ചേര്‍ത്ത്‌ മുഴുവന്‍ പേരുതന്നെ എഴുതിക്കളയും. അപ്പോള്‍ പേരിലും കുറെയൊക്കെ കാര്യമുണ്ട്‌, അല്ലേ?

ഇത്രയും നാള്‍ ഞാന്‍ കരുതിയിരുന്നത്‌ ക്ലാസിക്ക്‌ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമെന്നായിരുന്നു. ഇംഗ്ലീഷുഭാഷ അധികമൊന്നും പഠിച്ചിട്ടില്ല. അതിന്റെ സാഹിത്യത്തില്‍ ബിരുദവുമില്ല. വടക്കേയിന്ത്യയില്‍ച്ചെന്ന്‌ `പാനിചാഹിയേ' പറഞ്ഞ്‌ ജീവിച്ചതുപോലെ അമേരിക്കയില്‍ മൂന്നുമൂന്നരപ്പതിറ്റാണ്ട്‌ ഇംഗ്ലീഷും ഏതൊണ്ടൊക്കെ പറഞ്ഞൊപ്പിച്ചു. ഈയ്യിടെ ആരോ പറഞ്ഞതുപോലെ: കാറു വാങ്ങാന്‍ ചെല്ലുന്നിടത്തെന്തിനാ ഇംഗ്ലീഷുച്ചാരണം. വാങ്ങിക്കഴിഞ്ഞാലത്തെ കഥ വേറെ. പരാതിയുമായിച്ചെല്ലുമ്പോള്‍ `കിംഗ്‌സ്‌ ഇംഗ്ലീഷു' പറഞ്ഞില്ലെങ്കില്‍ മെക്കാനിക്കിന്‌ മനസിലാവുകയില്ലപോലും.

കുറേക്കാലം മുന്‍പ്‌ ഞാനൊരു ലേഖനം എഴുതിയിരുന്നു; മലയാളം എങ്ങനെയാണ്‌ ക്ലാസിക്ക്‌ ഭാഷയാകുന്നതെന്ന്‌ ചോദിച്ചു. ഇപ്പോള്‍ പത്രങ്ങള്‍ ക്ലാസിക്ക്‌ എന്ന പേരു `ശ്രേഷ്‌ഠ ഭാഷാ പദവി' എന്നാക്കി മാറ്റി. വാക്കുകള്‍ ശ്രദ്ധിക്കുക. `ശ്രേഷ്‌ഠ ഭാഷാ പദവി ലഭിച്ചു'. തമിഴിനോ സംസ്‌കൃതത്തിനോ ലത്തീനോ ഈ ``ശ്രേഷ്‌ഠ'' ലഭിച്ചുവെന്ന്‌ ആരെങ്കിലും പറയുമോ? ഉന്നതനായ ഒരാളെ സൂചിപ്പിക്കാന്‍ `സുപ്രസിദ്ധ' ഉപയോഗിക്കാറില്ല. ഈ `സുപ്രസിദ്ധ' `ശ്രേഷ്‌ഠ' എന്നൊക്കെപ്പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ ആളൊരു `സുപ്ര'യൊന്നുമല്ലെന്നും, എങ്ങനെയോ, ഏതോ സാഹചര്യത്തില്‍ ഇത്‌ കെട്ടിത്തലേലേറ്റിക്കൊടുത്തുവെന്നും കരുതിയാല്‍ മതി.

പക്ഷേ, ഈ `ശ്രേഷ്‌ഠ' പ്രയോഗംകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ അത്ര ആഢ്യത്വമൊന്നുമില്ലാത്ത ഭാഷകളും ഉണ്ടെന്നല്ലേ. അല്‍പം കുസൃതിയായി ചിന്തിച്ചാല്‍ വരേണ്യഭാഷകളെല്ലാം അകത്തിരുന്ന്‌ സദ്യയുണ്ണുമ്പോള്‍ നമ്മുടെ മലയാളം ഇത്രയുംകാലം കുപ്പയില്‍നിന്ന്‌ എച്ചിലു പെറുക്കുകയായിരുന്നു എന്നല്ലേ വിവക്ഷ..... ഇപ്പോള്‍ ഒന്ന്‌ കുളിപ്പിച്ച്‌ ഒപ്പമിരുത്തിയെന്നുമാത്രം. കൊങ്കിണി, ഡോഗ്രി, സന്താളി, തുളു തുടങ്ങി അനേകം ഭാഷകള്‍ ഇന്നും ആ നാലുകെട്ടിന്റെ മുറ്റത്തിനും പുറത്ത്‌ നില്‍ക്കുന്നു. നമ്മള്‍ കേന്ദ്രത്തില്‍പ്പോയി അപേക്ഷിച്ച്‌, പ്രാര്‍ത്ഥിച്ച്‌, എങ്ങനെയോ ഒരു പദവി നേടിയെടുത്തു. കണ്‍ഗ്രാ!

അപ്പൂപ്പന്മാര്‍ സമ്പാദിച്ചതോ ദാനം കിട്ടിയതോ മാത്രമാണോ ശ്രേഷ്‌ഠതകള്‍ക്ക്‌ ആധാരം. ലോകത്തെമ്പാടുമുള്ള ഇളയ ഭാഷകളില്‍ രണ്ടെണ്ണമാണ്‌ ഇംഗ്ലീഷും മലയാളവും. ഭാഷകള്‍ ഉരുത്തിരിഞ്ഞ്‌ വരുന്നതിന്റെ രീതികള്‍ക്ക്‌ ഇതു രണ്ടും മാതൃകയുമാണുതാനും. രണ്ടിന്റെയും വയസ്‌ ആണ്ടുകണക്കില്‍ ഇവിടെ എഴുതുന്നില്ല, പകരം പഴയ ഗദ്യരൂപങ്ങള്‍ പരിശോധിക്കാന്‍ ഒരു ശുപാര്‍ശ മാത്രമേ നിര്‍ദ്ദേശിക്കുന്നുള്ളൂ. കോളനികള്‍ വെട്ടിപ്പിടിച്ചതുകൊണ്ടുമാത്രമല്ല ഇംഗ്ലീഷ്‌ വളര്‍ന്നത്‌, പകരം വേണ്ടുവോളം കടംകൊള്ളുകയും ചെയ്‌തു. അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ മലയാളത്തിലേക്ക്‌ വരാം.

സഹ്യന്‌ പടിഞ്ഞാറുള്ള പ്രദേശത്തെ മൊഴി സ്വതന്ത്രമാക്കിയതും വളര്‍ത്തിയതും അവിടെയുണ്ടായിരുന്ന ജനങ്ങള്‍ത്തന്നെയായിരുന്നു. നമ്മുടെ ചരിത്രവും ജീവിതരീതിയുംകൊണ്ട്‌ നമ്മുടെ ഭാഷയും വളര്‍ന്നു. ലോകത്തിലേക്ക്‌ ഇറങ്ങിചെന്ന്‌ അന്യരുമായി ഇടപെടാന്‍ നാം കാണിച്ച്‌ ധൈര്യമാണ്‌ നമ്മുടെ ഭാഷയെ വളര്‍ത്തിയ മറ്റൊരു ഘടകം. മലയാളം ഉടനെയൊന്നും മരിക്കാന്‍ പോകുന്നില്ല, കട്ടിലൊഴിഞ്ഞുകിട്ടാന്‍ ആരും കാത്തിരിക്കയും വേണ്ട. കാലത്തിനൊത്ത മാറ്റങ്ങളോടെ അത്‌ നിലനില്‍ക്കും. അമേരിക്കയിലെതന്നെ മലയാളം പ്രസിദ്ധീകരണങ്ങളെയും എഴുത്തുകളെയും അത്ര ചെറുതായിട്ടും കാണരുത്‌.

ഈ `ശ്രേഷ്‌ഠ' ഓര്‍മ്മിപ്പിക്കുന്നത്‌ പഴയൊരു സംഭവ കഥയാണ്‌. നാണപ്പന്‍ എന്ന എം.പി. നാരായണപിള്ളക്ക്‌ സാഹിത്യ അക്കാദമി അവാര്‍ഡ്‌ കിട്ടിയപ്പോഴത്തെ കഥ. അദ്ദേഹം അക്കാദമിക്ക്‌ എഴുതിയത്രേ, അതിങ്ങനെ: അവാര്‍ഡുതുക ട്രഷറിയില്‍ അടച്ച്‌ രസീത്‌ അയച്ചുതരിക. പിന്നെ ഫലകം, അത്‌ അവിടെ വരുമ്പോള്‍ കൈപ്പറ്റിക്കൊള്ളാം.

ഇവിടെ കഥ വേറെ. ശിങ്കിടികള്‍ക്കും കങ്കാണിമാര്‍ക്കും പത്തുപുത്തന്‍ ഒപ്പിക്കുന്ന ഏര്‍പ്പാടാണീ `ശ്രേഷ്‌ഠ'. പരാതിയില്ല. എല്ലാവര്‍ക്കും നന്മ വരട്ടെ. ഫലകങ്ങള്‍ വാങ്ങിത്തിളങ്ങട്ടെ.

നമ്മള്‍ നേടിയതിന്റെ അവകാശം മറ്റാരും എടുത്തിങ്ങോട്ട്‌ തരേണ്ടതില്ല. തമിഴുതന്നെയായിരുന്ന, തമിഴിന്റെ വകഭേദമായിരുന്ന മൊഴി കടഞ്ഞെടുത്ത്‌ സ്വന്തമാക്കിയതിന്റെ അംഗീകാരത്തിന്‌ ആരുടെയും തുല്യംച്ചാര്‍ത്തും വേണ്ടല്ലോ. മലയാളം എന്ന ഭാഷയെ വളര്‍ത്തിയതില്‍, നിലനിര്‍ത്തുന്നതില്‍ ഓരോ മലയാളിയും അഭിമാനിക്കുക. എവിടെ മലയാളി കൂടുന്നുവോ അവിടെയെല്ലാം എഴുത്തും വായനയും അഭിനയവും ഗാനമേളയുമുണ്ട്‌. അതും ഭാഷയുടെ വളര്‍ച്ചയിലെ പടവുകള്‍ത്തന്നെ.
ശ്രേഷ്‌ഠഭാഷാപദവി, ഓ, ആ പേരിലെന്തിരിക്കുന്നു? (ജോണ്‍ മാത്യു)
Join WhatsApp News
വിദ്യാധരൻ 2013-04-29 19:01:17
മലയാളത്തിന്റെ അപ്പൻ ആരാണെന്ന് ചോദിച്ചാൽ ഏതോ ദ്രാവിഡൻ ആണെന്നാണ്‌ വെപ്പ്. അമ്മ തമിഴത്തിം.  പിന്നെ ഇടയ്ക്കു വന്ന സംബന്ധക്കാരനാണ്  സംസ്കൃതം. അവരുടെ ഒരുമിച്ചുള്ള പോറുതിയിൽ നിന്നുണ്ടായാതാണ് അൻപത്തിയാറു കുഞ്ഞുങ്ങളിൽ എണ്‍പത് ശതമാനവും. പറയിയുടെ പന്ത്രണ്ടു പില്ലാരെപോലെ മണിപ്രവാളം കുഞ്ഞുങ്ങളും ഉണ്ടായി. കുടാതെ കോലെഴുത്തു വട്ടെഴുത്ത് തുടങ്ങി തലേം കാലും ഇല്ലാത്ത കുറെ എണ്ണങ്ങളും ഉണ്ട് . ഏതായാലും ലേഖകൻ പറഞ്ഞപോലെ അമ്മേടെ താലി അടിച്ചു വിട്ടു കാശുണ്ടാക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരും, സാഹിത്യകാരന്മാരും, അവെര്ക്കെല്ലാം ഈറാൻമൂളികളായി നടക്കുന്ന അമേരിക്കയിലെ ചില സാഹിത്യ പേക്കോലങ്ങളും  കൂടി മലയാള ഭാഷയേ ശ്രേഷ്ട പദവിയിലേക്ക് ഉയർത്തുമ്പോൾ പൊതുജനം എന്ന കഴുതകുളുടെ പോക്കട്ടടിക്കപെടുന്ന കാര്യം പാവം കഴുതകൾ അറിയുന്നില്ല  .  ലേഖകനു അഭിനന്ദനം 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക