Image

ലാലിനൊപ്പം സുചിത്രയുടെ 25 വര്‍ഷങ്ങള്‍

Published on 01 May, 2013
ലാലിനൊപ്പം സുചിത്രയുടെ 25 വര്‍ഷങ്ങള്‍
ഒരു മലയാളിയുടെ ഏതാണ്ട് എല്ലാപ്രായത്തിലുമുള്ള, എല്ലാ സ്വഭാവ വിശേഷങ്ങളുമുള്ള നിരവധി കഥാപാത്രങ്ങളെ ആടിത്തീര്‍ത്തിരിക്കുന്നു മോഹന്‍ലാല്‍. എണ്ണിപറയാന്‍ കഴിയാത്ത വിധം ഏതാണ്ട് എല്ലാ മലയാളീ ഭാവങ്ങളും മോഹന്‍ലാലിലൂടെ കടന്നു പോയിരിക്കുന്നു. അതും വിസ്മയിപ്പിക്കുന്ന അഭിനയ കരുത്തിലൂടെ. അതിനെ ലാലിസം എന്ന് വേണമെങ്കില്‍ വിളിക്കാം. മലയാളിക്ക് അത്രമേല്‍ ഇഷ്ടമുള്ള ഒന്നാണ് ലാലിസം. അതുകൊണ്ട് തന്നെ മോഹന്‍ലാലിന് പ്രധാനപ്പെട്ടതെന്തും മലയാളിക്കും പ്രധാനപ്പെട്ടതാണ്. ലാലിന്റെ സ്വകാര്യത പോലും മലയാളിക്ക് മറ്റേത് താരത്തേക്കാളും തങ്ങളുടെ കൂടി വീട്ടുകാര്യമാണ്. അതു തന്നെയാവും ലാലും സുചിത്രയും ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അത് മലയാളിയുടെയും സന്തോഷമാകുന്നത്.

പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവുമായിരുന്ന കെ.ബാലാജിയുടെ മകള്‍ സുചിത്രയെ ലാല്‍ വിവാഹം കഴിക്കുന്നത് 1988 ഏപ്രില്‍ 28നാണ്. അപ്പോഴേക്കും നമുക്കുപാര്‍ക്കാം മുന്തിരിത്തോപ്പുകളിലെ സോളമനെയും, തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടിയില്‍ ജയകൃഷ്ണനെയുമൊക്കെ ലാല്‍ പിന്നിട്ടിരുന്നു. അതായത് പത്മരാജന്റെ കാല്പനിക പ്രണയഭാവങ്ങളുടെ മലയാളി മുഖമായിരുന്ന ലാലിനൊപ്പമാണ് അന്ന് സുചിത്ര എത്തുന്നത്. അതും തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ ഇഫക്ട് കേരളത്തില്‍ മായ്ചാലും മായാത്ത ഒരു വികാരമായി നില്‍ക്കുമ്പോള്‍. (കാലമെത്ര പിന്നിട്ടിരിക്കുന്നു, ഇന്നും ജയകൃഷ്ണന്റെ പ്രണയത്തിന് പകരം മറ്റൊന്നില്ല). താരത്തിളക്കം ദാമ്പത്യത്തിന്റെ സ്വകാര്യത ഏറെ നഷ്ടപ്പെടുത്തിയിട്ടുണ്ടാകും ഇരുവരുടെയും ജീവിതത്തില്‍. വിവാഹ ശേഷം അധികം വൈകാതെ തന്നെ മോഹന്‍ലാല്‍ മലയാളത്തിന്റെ സൂപ്പര്‍ഹീറോയായി അവരോധിക്കപ്പെടുകയും ചെയ്തു.

മലയാളിയുടെ ഒരേയൊരു ലാല്‍, അല്ലെങ്കില്‍ ലാലേട്ടന്‍ എന്ന സ്‌നേഹം സുചിത്രയും പ്രേക്ഷകരില്‍ നിന്നും എന്നും അനുഭവിച്ചിരുന്നിരിക്കണം. അപൂര്‍വ്വമായി മാധ്യമങ്ങളില്‍ അഭിമുഖങ്ങള്‍ക്കെത്തിയപ്പോഴൊക്കെ സുചിത്ര കേരളീയരില്‍ നിന്നും തങ്ങളുടെ കുടുംബം അനുഭവിച്ച സ്‌നേഹവായ്പുകളെ എടുത്തു പറഞ്ഞിട്ടുണ്ട്.

എന്നാല്‍ താരകുടുംബം എന്നതിനേക്കാള്‍ ഉപരിയായി അലോരസങ്ങളില്ലാത്ത ദാമ്പത്യജീവിതം എന്നതുകൊണ്ടാണ് ലാലും സുചിത്രയും ഇന്നും മലയാളിയുടെ സ്‌നേഹത്തിന് പാത്രമാകുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്ന മലയാളി ഇതേ കാര്യത്തില്‍ പലപ്പോഴും താരങ്ങളെ പഴിക്കാറുമുണ്ട്. താര വിവാഹങ്ങളും താരങ്ങളുടെ സ്വകാര്യ ജീവിതവുമൊക്കെ പലപ്പോഴും വിവാഹ മോചനത്തിലും തകര്‍ച്ചയിലുമെത്തുമ്പോള്‍ അത് മലയാളി പ്രേക്ഷകന് രുചിക്കുന്ന വിഷയമായിരുന്നില്ല. തകര്‍ന്നു വീണ താരദാമ്പത്യങ്ങള്‍ നിരവധി കണ്ടിട്ടുണ്ട് പ്രേക്ഷകര്‍. വിവാഹ സമയത്ത് ഏറെ വാചകങ്ങള്‍ പറയുന്നവര്‍ പിന്നീട് അതെല്ലാം തിരുത്തി കഴിഞ്ഞതിനെയെല്ലാം ചാനലുകള്‍ക്ക് മുമ്പില്‍ പഴിക്കുന്നതും എത്രയോ കണ്ടിരുന്നു. പ്രധാനമായും താരങ്ങളെ കേന്ദ്രീകരിച്ച് ഇറങ്ങുന്ന ഗോസിപ്പുകളായിരുന്നു പല ദാമ്പത്യങ്ങളെയും തകര്‍ത്തു കളഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും എല്ലാ ഗോസിപ്പുകളെയും അതിജീവിച്ച് ജീവിതം മനോഹരമാക്കിയ കഥയാണ് മോഹന്‍ലാല്‍ എന്ന നടന് പറയാനുള്ളത്.

അഭിനയ ജീവിതത്തിന്റെ എല്ലാ കാലഘട്ടത്തിലും എന്തിന് ഇപ്പോള്‍ പോലും ഗോസിപ്പ് പ്രചാരകരുടെ ഇഷ്ട വിഷയമാണ് മോഹന്‍ലാല്‍ എന്ന നടന്റെ വ്യക്തി ജീവിതം. ഒരുപക്ഷെ അമ്പതുകളില്‍ എത്തി നില്‍ക്കുന്ന ലാലിനെ കുറയൊക്കെ ഇപ്പോള്‍ വെറുതെ വിടുന്നുവെന്ന് മാത്രം. പക്ഷെ മുമ്പ് അതൊന്നുമായിരുന്നില്ല മോഹന്‍ലാല്‍ നേരിട്ട പ്രശ്‌നങ്ങള്‍.

അഭിനയകലയിലെ മലയാളത്തിന്റെ അഭിമാനമെന്ന് പ്രശംസിക്കുമ്പോഴും ഒരു സ്ത്രീവിഷയതല്‍പ്പരന്റെ പട്ടം മോഹന്‍ലാലിന് എപ്പോഴും ചാര്‍ത്തികൊടുക്കാന്‍ ഗോസിപ്പ് പ്രചാരകര്‍ ശ്രമിച്ചിരുന്നു. ഒപ്പം അഭിനയിച്ച നായികമാരുമായി മോഹന്‍ലാലിന്റെ പ്രണയ കഥകള്‍ക്കും വഴിവിട്ട ബന്ധങ്ങളുടെ ഗോസിപ്പുകള്‍ക്കും ഒരിക്കലും കുറവുണ്ടായിരുന്നില്ല മുന്‍കാലങ്ങളില്‍. ഒപ്പം അഭിനയിച്ച ആദ്യകാല നായികമാരുമായി ചേര്‍ത്ത് ലാലിനെ ഗോസിപ്പുകോളങ്ങളിലെ സ്ഥിരം നായകനാക്കിയിരുന്നു പണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഇത്തരം കപട പ്രണയവാര്‍ത്തകളോട് ലാല്‍ പ്രതികരിച്ചിട്ടില്ല. അര്‍ഹിക്കുന്ന അവഗണനയോടെ അതെല്ലാം തള്ളിക്കളഞ്ഞിട്ടേയുള്ളു ലാല്‍. അവിടെയെല്ലാം ലാലിന്റെ സത്യസന്ധത മലയാളിക്ക് മുമ്പില്‍ തുറന്നു കാട്ടപ്പെട്ടത് ലാലിന്റെയും സുചിത്രയുടെയും സംതൃപതമായ കുടുംബ ജീവിതത്തിലൂടെയായിരുന്നു.

എന്നാല്‍ സുചിത്രയും ലാലും വിവാഹബന്ധം വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളും പിന്നീട് പല തവണ കടന്നു വന്നു. അതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമായിരുന്നുവെന്ന് കാലം തെളിയിച്ചതാണ് ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ നിറവ്.

എക്കാലത്തും ഒരു വുമണൈസറുടെ ഇമേജ് ലാലിന് ചാര്‍ത്തിക്കൊടുത്തത് ലാലിന്റെ തന്നെ കഥാപാത്ര ശൈലിയായിരുന്നു. ദേവാസുരത്തിലും, തുടര്‍ന്ന് പല സിനിമകളിലുമായി അഹങ്കാരികളായ സ്ത്രീകളെ നിലനിര്‍ത്തുന്ന മെയില്‍ ഷോവനിസ്റ്റ് കഥാപാത്രം പിന്നീട് സ്ത്രീകളെ കീഴടക്കുന്ന ഒരു കഥാപാത്രമായി ആറാം തമ്പുരാനിലും സ്ഫടികത്തിലും രാവണ പ്രഭുവിലും നരസിംഹത്തിലുമൊക്കെയായി പലതവണ ആവര്‍ത്തിച്ചു. സ്ത്രീകളോട് അല്പം കുസൃതിയോടെ ഇടപെടുന്ന അവരുടെ ആരാധന നിസാരമായി നേടിയെടുക്കുന്ന മാടമ്പി കഥാപാത്രങ്ങള്‍, ഹീറോയിസം തിളച്ചുമറിയുന്ന കഥാപാത്രങ്ങള്‍... ഈ കഥാപാത്രങ്ങളാണ് സത്യത്തില്‍ ലാലിന് ഒരു വുമണൈസര്‍ പദവി നല്‍കിയത്. ലാലിന്റെ കഥാപാത്രങ്ങള്‍ പോലെയാകും ലാലും എന്ന് പലരും തെറ്റുദ്ധരിച്ചു. പലപ്പോഴായി ഓഷോയില്‍ ലാല്‍ പ്രകടിപ്പിച്ചിട്ടുള്ള ആരാധന ലാലിനെ തെറ്റായിധരിക്കാനേ ഇടയാക്കിയിട്ടുള്ളു.

ഒരു മുഖ്യധാര മാധ്യമം നടത്തിയ അഭിമുഖത്തില്‍ "താങ്കള്‍ മൂവായിരം സ്ത്രീകളെ പ്രാപിച്ചിട്ടുണ്ടോ' എന്ന ചോദ്യം ലാല്‍ നേരിട്ടിട്ടുണ്ട്. ലാലിനെക്കുറിച്ച് പ്രചരിച്ച കഥകളാണ് ഇത്തരമൊരു ചോദ്യത്തിലേക്ക് എത്തിച്ചത്. ഭാരതത്തിന്റെ പഴയകാല പാരമ്പര്യം കപട ലൈംഗീകത സദാചാരത്തിന്റേതും അടിച്ചമര്‍ത്തപ്പെട്ട ലൈംഗീക അരാജകത്വത്തിന്റേതും അല്ലെന്നായിരുന്നു ലാലിന്റെ മറുപടി. ലാലിന്റെ ഇത്തരം തുറന്ന മറുപടികളും ഓഷോയോടുള്ള താത്പര്യങ്ങളും വ്യാഖ്യാനിക്കപ്പെട്ടത് ലാലിന്റെ സ്വകാര്യ ജീവിതം സ്ത്രീകള്‍ നിറഞ്ഞതാണ് എന്നായിരുന്നു.

പക്ഷെ ഇത്തരം പ്രചരണങ്ങളൊന്നും ലാലിന്റെ അഭിനയ ജീവിതത്തെ ഒരിക്കലും ബാധിച്ചതായി കണ്ടിട്ടില്ല. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ മാത്രമേ ലാലിന് ചിലപ്പോഴൊക്കെ തെറ്റുപറ്റിയിട്ടുള്ളു. പക്ഷെ ഒരു സിനിമയിലും മോശമായി ലാല്‍ അഭിനയിച്ചുവെന്ന് ആരും പറയില്ല. ലാലിന്റെ സാകാര്യ പ്രശ്‌നങ്ങള്‍ കൊണ്ടോ താളം തെറ്റിയ മാനസികാവസ്ഥ കൊണ്ടോ ഒരു സിനിമക്കും മോശമായി ഒന്നും സംഭവിച്ചിട്ടില്ല. അങ്ങനെയൊന്ന് ലാലിന് ഉണ്ടായിരുന്നില്ല. കാരണം മോഹന്‍ലാല്‍ എപ്പോഴും സ്വകാര്യ ജീവിതത്തില്‍ സന്തോഷവാനായിരുന്നുവെന്നതാണ്.

മക്കളുടെ വളര്‍ച്ച കണ്‍മുമ്പില്‍ കാണാന്‍ കഴിഞ്ഞില്ല എന്നത് മാത്രമാണ് കുടുംബ ജീവിതത്തില്‍ ഒരു പോരായ്മയായി തോന്നിയത് എന്ന് ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. തിരക്കുകള്‍ കാരണം പലപ്പോഴും മക്കളുമായി അകന്നു നില്‍ക്കേണ്ടി വന്നു. അതൊഴിച്ചാല്‍ വ്യക്തിജീവിതത്തില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നാണ് ലാല്‍ തന്റെ കുറുപ്പുകളില്‍ പറഞ്ഞു പോയിട്ടുള്ളത്. അത് തീര്‍ച്ചയായും നമുക്ക് വിശ്വസിക്കാം. കാരണം ലാല്‍ എന്ന അഭിനയ വിസ്മയത്തെ നടന ജീവിതത്തില്‍ അലോസരങ്ങളൊന്നുമില്ലാതെ കരുത്തനായി തുടരാന്‍ സഹായിച്ചതിന്റെ ക്രെഡിറ്റ് സുചിത്രയെന്ന ഭാര്യക്കും അമ്മക്കും കൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ടു തന്നെ മലയാളിക്ക് മുമ്പിലെ ദാമ്പത്യത്തിന്റെ സന്തോഷ കാഴ്ച തന്നെയാണ് ലാലും സുചിത്രയും. അവരുടെ ദാമ്പത്യം 25 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ സന്തോഷം മലയാളിയും പങ്കുവെക്കുന്നു.
ലാലിനൊപ്പം സുചിത്രയുടെ 25 വര്‍ഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക