Image

ഉണ്ണാവ്രതവും രഥയാത്രയും (മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 24 September, 2011
ഉണ്ണാവ്രതവും രഥയാത്രയും (മൊയ്‌തീന്‍ പുത്തന്‍ചിറ)
തുടക്കത്തിലെ ചീറ്റിപ്പോയ റാംദേവിന്റെ ഉണ്ണാവ്രതത്തിനുശേഷം ലോകശ്രദ്ധ നേടിയ അണ്ണാ ഹസാരെയുടെ ഉണ്ണാവ്രതത്തിന്റെ കോലാഹലങ്ങള്‍ കെട്ടടങ്ങിയപ്പോഴേക്കും ഇതാ വരുന്നു ഇവരുടെയെല്ലാം തലതൊട്ടപ്പനായ അദ്വാനിയുടെ വക രഥയാത്ര. കേരളത്തില്‍ നേതാക്കള്‍ പദയാത്ര നടത്തുമ്പോള്‍ അങ്ങ്‌ വടക്കേ ഇന്ത്യയില്‍ രഥങ്ങളിലാണ്‌ നേതാക്കള്‍ ഊരു ചുറ്റുന്നത്‌.

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഒരു ഹൈടെക്‌ ഉണ്ണാവ്രതം ഇപ്പോള്‍ അവസാനിപ്പിച്ചതേ ഉള്ളൂ.ഗ്രിപ്പ്‌ പോരാഞ്ഞിട്ടോ അതോ വേണ്ടത്ര പ്രചരണം കിട്ടാഞ്ഞിട്ടോ എന്തോ അദ്ദേഹമിപ്പോള്‍ മറ്റൊരു ഹൈടെക്‌ റാലിക്ക്‌ കോപ്പുകൂട്ടുകയാണ്‌. വംശഹത്യയുടെ തീരാക്കളങ്കം മറച്ചുവെക്കാനാണ്‌ ഉപവാസമനുഷ്‌ഠിക്കുന്നതെന്ന ആരോപണം ശക്തിപ്പെട്ടുകൊണ്ടിരിക്കെയാണ്‌ ഈ പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുന്നതെന്നാണ്‌ ജനസംസാരം.

2002-ലെ ഗുജറാത്ത്‌ കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മോഡിയെ സ്ഥിരമായി വേട്ടയാടുന്ന സാഹചര്യത്തില്‍ അവയില്‍നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാനാണ്‌ ഈ ഉപവാസവും റാലിയും മറ്റുമെന്ന്‌ ദേശീയ രാഷ്ട്രീയ രംഗത്തുള്ളവര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ്സ്‌ മുന്‍ എം.പി. ഇഹ്‌സാന്‍ ജിഫ്രിയെയടക്കം വധിച്ച ഗുല്‍ബര്‍ഗ്‌ കൂട്ടക്കൊലക്കേസ്‌ വിചാരണക്കോടതിയില്‍ തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ കോടതി പരാമര്‍ശം തനിക്കുള്ള ക്ലീന്‍ ചിറ്റാണെന്ന്‌ വ്യാഖ്യാനിച്ചാണ്‌ കോടതി വിധിക്ക്‌ തൊട്ടുപിന്നാലെ കോടികള്‍ ചിലവിട്ട്‌ ഉപവാസത്തിനിറങ്ങിയതെന്നു ശ്രദ്ധേയമാണ്‌.

സംസ്ഥാനത്ത്‌ മതസൗഹാര്‍ദ്ദവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ തന്റെ യത്‌നംകൊണ്ട്‌ സാധിക്കുമെന്ന്‌ അവകാശപ്പെടുന്ന നരേന്ദ്ര മോഡി കഴിഞ്ഞകാലങ്ങളെ തന്ത്രപൂര്‍വ്വം വിസ്‌മരിക്കാനുള്ള ശ്രമത്തിലാണ്‌. കുറുക്കനെ കോഴിക്കൂടിന്‌ കാവലേല്‌പിച്ചപോലെ. അധികാര ദുര്‍വിനിയോഗത്തിലൂടെ വംശീയ കലാപത്തിന്‌ നേതൃത്വം നല്‍കിയ മോഡി, സ്വതന്ത്രഭാരതത്തില്‍ ഒരു ഭരണാധികാരിയും കാണിക്കാത്ത കൊടുംക്രൂരതക്കാണ്‌ നേതൃത്വം നല്‍കിയത്‌. മോഡിയുടെ ഭരണത്തിന്‍കീഴിലെ ഗുജറാത്തിന്റെ കലാപ ചരിത്രം അതു വ്യക്തമാക്കുന്നുണ്ട്‌.

ഗുജറാത്ത്‌ കലാപകാലത്തെ തന്റെ പങ്കിനെക്കുറിച്ച്‌ മോഡിക്ക്‌ കൃത്യമായി ബോധ്യമുള്ളതിനാലാണ്‌ സമരം നടത്തുന്നതെന്നും സമരംകൊണ്ടു മാത്രം മോഡിയുടെ പാപക്കറ കഴുകിക്കളയാന്‍ സാധ്യമല്ലെന്നുമാണ്‌ കോണ്‍ഗ്രസ്സ്‌ പ്രതികരിച്ചതും ഈ പശ്ചാത്തലത്തിലാണ്‌. പ്രധാനമന്ത്രിപഥത്തിലേക്കുള്ള എല്‍.കെ. അഡ്വാനിയുടെ വരവ്‌ മുന്നില്‍ക്കണ്ട്‌ ഇതിനെ ഫലപ്രദമായി തടയിടുകയാണ്‌ മോഡിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ്സ്‌ കരുതുന്നു.

ഗുജറാത്ത്‌ കലാപത്തില്‍ മോഡിയുടെ പങ്ക്‌ വളരെ വ്യക്തമാണെന്ന്‌ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍തന്നെ ബോധ്യപ്പെടുത്തുന്നുണ്ട്‌. കലാപത്തെത്തുടര്‍ന്ന്‌ മോഡിസര്‍ക്കാര്‍ രാജി വെക്കണമെന്ന്‌ രാജ്യത്തിന്റെ പല ദിക്കുകളില്‍നിന്നും മുറവിളി ഉയര്‍ന്നിരുന്നതുതന്നെ ഇതിന്‌ ഒന്നാംതരം തെളിവായിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണലും മോഡി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിരുന്നു. അമേരിക്കയിലേക്കുള്ള മോഡിയുടെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ പോലും റദ്ദു ചെയ്‌തത്‌ അക്കാരണം കൊണ്ടായിരുന്നു.

ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ദ്രാവിഡമുന്നേറ്റ കഴകവും തെലുങ്കുദേശവും ഒരേസ്വരത്തില്‍ മോഡിയുടെ രാജി ഉന്നയിച്ചതോടെ നില്‍ക്കക്കള്ളിയില്ലാതെ മോഡി ഗവര്‍ണ്ണര്‍ക്ക്‌ രാജിക്കത്ത്‌ കൈമാറുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്‌തു. പക്ഷേ, പിന്നീട്‌ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. മോഡിയുടെ നേതൃത്വത്തില്‍ നടന്നത്‌ വംശീയ കലാപമാണെന്ന്‌ കണ്ടെത്താനും അത്‌ പ്രഖ്യാപിക്കാനും അന്നത്തെ കേന്ദ്രസര്‍ക്കാറിന്‌ സാധിച്ചില്ല. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നു എന്ന ഒറ്റ ആനുകൂല്യമാണ്‌ അന്ന്‌ മോഡിക്ക്‌ തുണയായത്‌. ആഭ്യന്തര മന്ത്രിയാകട്ടെ ലാല്‍കൃഷ്‌ണ അഡ്വാനിയും !

കലാപത്തില്‍ മോഡിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന ആവശ്യം പിന്നീടും ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം അവസാനിക്കുകയും കോണ്‍ഗ്രസ്സും സഖ്യകക്ഷികളും അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്‌തു. എന്നിട്ടും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. അവസാനം 2009 ഏപ്രില്‍ മാസം സുപ്രീം കോടതി കലാപത്തില്‍ മോഡിയുടെ പങ്ക്‌ അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജിഫ്രിയുടെ ഭാര്യ സക്കിയ്യ ജിഫ്രിയില്‍നിന്ന്‌ സംഘം തെളിവെടുക്കുകയും ചെയ്‌തു. കലാപത്തിലുള്ള മോഡിയുടെ പങ്ക്‌ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി പരോക്ഷമായി സമ്മതിച്ചിരുന്നു.

മോഡിയുടെ ഇപ്പോഴത്തെ `ഉപവാസ തന്ത്രം' തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ മുന്നോടിയാണെന്നാണ്‌ നിരീക്ഷകര്‍ പറയുന്നത്‌. ഗുജറാത്ത്‌ ഗവര്‍ണര്‍ റിട്ട. ഹൈക്കോടതി ജഡ്‌ജി ആര്‍.എ. മേത്തയെ സംസ്ഥാനത്തിന്റെ പുതിയ ലോകായുക്തയായി നിയമിച്ചതിനെ ചോദ്യം ചെയ്‌ത്‌ മോഡി നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ്‌ നടക്കുന്ന റാലിക്ക്‌ രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. സര്‍ക്കാറുമായി ആലോചിക്കാതെ നടത്തിയ ഈ നിയമനത്തെ ചോദ്യം ചെയ്‌താണ്‌ മോഡി കോടതിയെ സമീപിച്ചിരിക്കുന്നത്‌. തന്റെ ജനപിന്തുണയുടെ ശക്തിപ്രകടനമായി ഈ റാലിയെ മാറ്റിയെടുക്കാനും കൂടിയാണ്‌ മോഡി ശ്രമിക്കുന്നതെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ഉണ്ണാവ്രതവും രഥയാത്രയും (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക