Image

പ്രതിഭയുടെ പ്രഭയുമായി ആദിത്യ

ജോയിച്ചന്‍ പുതുക്കുളം Published on 24 September, 2011
പ്രതിഭയുടെ പ്രഭയുമായി ആദിത്യ
അറ്റ്‌ലാന്റാ: ഭാരതീയ സംസ്‌കാരം പോലെതന്നെ വൈവിധ്യമാര്‍ന്നതാണ്‌ ഭാരതീയ നൃത്തരൂപങ്ങളും. തനതായ പാരമ്പര്യ രീതികളില്‍ നിന്നുകൊണ്ടുതന്നെ കാലോചിതമായ പുതിയ രീതികളും, കാഴ്‌ച്ചപ്പാടുകളും, പരീക്ഷണങ്ങളും ഉള്‍ക്കൊണ്ട്‌ അവതരിപ്പിക്കുകവഴി ഭാരതീയ നൃത്തരൂപങ്ങള്‍ കൂടുതല്‍ കാലികവും ആസ്വാദ്യകരവുമായി.

ഗാമ (ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍) സംഘടിപ്പിച്ച ഫണ്ട്‌ സമാഹരണ പരിപാടിയില്‍ ഭാരതീയ നൃത്തരൂപങ്ങളില്‍ ഏറ്റവും പ്രശസ്‌തവും ലോകമെമ്പാടും ആരാധകരും ഉള്ള ഭരതനാട്യവും, സ്‌പാനീഷ്‌ നൃത്തരൂപമായ `ഫ്‌ളെമിന്‍ഗോ'യും സമന്വയിപ്പിച്ച്‌, ആദിത്യ പ്രേം അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്‌ അവതരണിത്തിലെ പുതുമയും വൈവിധ്യവുംകൊണ്ട്‌ ശ്രദ്ധേയമായി.

ഇന്ത്യയിലും അമേരിക്കയിലുമായി 150-ല്‍പ്പരം വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചിട്ടുള്ള ആദിത്യ പ്രേം അറ്റ്‌ലാന്റാ കലാ-സാഹിത്യ വേദികളില്‍ സുപരിചിതനാണ്‌. 2008-ല്‍ വിശാഖപട്ടണത്ത്‌ നടന്ന ദേശീയ റോളര്‍ സ്‌കേറ്റിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ `ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്‌ ഓണ്‍ സ്‌കേറ്റ്‌സ്‌' എന്ന ഇനത്തില്‍ ദേശീയ ചാമ്പ്യനായി. അതേവര്‍ഷം തന്നെ സംസ്ഥാന സി.ബി.എസ്‌.ഇ ഭരതനാട്യ മത്സരത്തിലും ജേതാവായി. 2008 മധ്യത്തോടെ അമേരിക്കയില്‍ എത്തിയ ആദിത്യ, ആ വര്‍ഷംതന്നെ `കെന്റക്കി സ്റ്റേറ്റ്‌ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ ഡാന്‍സ്‌ കോറിയോഗ്രാഫി' ജേതാവായി. 2009- 10, 2010 -11 വര്‍ഷങ്ങളില്‍ `ജോര്‍ജിയ സ്റ്റേറ്റ്‌ അവാര്‍ഡ്‌ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ ഡാന്‍സ്‌ കോറിയോഗ്രാഫി' ജേതാവായ ആദിത്യ ഗിന്നറ്റ്‌ സ്‌കൂള്‍ ഓഫ്‌ മാത്തമാറ്റിക്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി'യില്‍ പതിനൊന്നാം ഗ്രേഡ്‌ വിദ്യാര്‍ത്ഥിയാണ്‌.

നാലാമത്തെ വയസില്‍ കോച്ച്‌ സജിയുടെ ശിക്ഷണത്തില്‍ റോളര്‍ സ്‌കേറ്റിംഗ്‌ ആരംഭിച്ച ആദിത്യ, കേരള സംസ്ഥാന റോളര്‍സ്‌കേറ്റിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം സംസ്ഥാന ചാമ്പ്യനായിരുന്നു. സംസ്ഥാന കോച്ച്‌ സുലൈമാന്‍, ദേശീയ കോച്ച്‌ പവന്‍കുമാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ 2008-ല്‍ ദേശീയ ചാമ്പ്യനായ ആദിത്യയുടെ, ഭരതനാട്യ ഗുരു ചെന്നൈ കലാക്ഷേത്രയില്‍ നിന്നും ബിരുദമെടുത്ത ശ്രീമതി ചിത്ര കലാക്ഷേത്ര ആണ്‌.

കൈരളി ടിവിയില്‍ ബട്ടര്‍ഫ്‌ളൈസ്‌, ജീവന്‍ ടിവിയില്‍ ഡാന്‍സ്‌ ഡാന്‍സ്‌ എന്നീ പരിപാടികളിലൂടെ അവതരണ രംഗത്തും, മലയാള മനോരമയുടെ `ചിറകടിച്ചുയരട്ടെ വിദ്യാഭ്യാസ മോഹങ്ങള്‍', ത്രിഫല ബ്രഹ്‌മി, ദാത്രി വിന്‍സ്‌മാര്‍ട്ട്‌ എന്നീ പരസ്യങ്ങളിലൂടെ മോഡലിംഗ്‌ രംഗത്തും ആദിത്യ പ്രതിഭ തെളിയിച്ചു.

പഠനത്തിലും മികവു പുലര്‍ത്തുന്ന ആദിത്യ വേവ്‌സ്‌ (വേള്‍ഡ്‌ അസോസിയേഷന്‍ ഓഫ്‌ വേദിക്‌ സ്റ്റഡീസ്‌) -ന്റെ എട്ടാമത്‌ ബൈനിയല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍ദേശീയ ഉപന്യാസ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടി.

അറ്റ്‌ലാന്റയില്‍ ആദിത്യ നടത്തുന്ന `നാട്യര്‍പ്പണ അക്കാഡമി ഓഫ്‌ ഡാന്‍സില്‍' ഭരതനാട്യം, ബോളിവുഡ്‌, ഫോക്‌ ഡാന്‍സ്‌ എന്നിവ പഠിപ്പിക്കുന്നു. കൂടാതെ അറ്റ്‌ലാന്റയിലെ പ്രശസ്‌ത ഡാന്‍സ്‌ സ്‌കൂളുകളായ ന്യത്ത നാട്യ കലാഭാരതി, മെഹക്‌ ഡാന്‍സ്‌ അക്കാഡമി എന്നിവയുമായി ചേര്‍ന്നും ആദിത്യ പ്രവര്‍ത്തിക്കുന്നു.

അറ്റ്‌ലാന്റയില്‍ ഐ.ടി രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശി പ്രേംചന്ദ്‌, ശോഭ ദമ്പതികളുടെ പുത്രനാണ്‌ ആദിത്യ. ആദിത്യയുമായി ബന്ധപ്പെടാന്‍ ഇമെയില്‍: dance.natyarpana@gmail.com , വെബ്‌സൈറ്റ്‌: confi-dance.nte
പ്രതിഭയുടെ പ്രഭയുമായി ആദിത്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക