Image

സ്ത്രീകളോടുള്ള മനോഭാവം (ജി. പുത്തന്‍കുരിശ്)

(ജി. പുത്തന്‍കുരിശ്, എഡിറ്റോറിയല്‍, പ്രവാസി ന്യൂസ് വീക്ക് ഹ്യൂസ്റ്റണ്‍) Published on 07 May, 2013
സ്ത്രീകളോടുള്ള മനോഭാവം (ജി. പുത്തന്‍കുരിശ്)
ജോ്യതിയെന്ന ചെറുപ്പക്കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ വേദനയില്‍നിന്നും അപമാനത്തില്‍ നിന്നും ഭാരതാംബിക വിടുതല്‍ പ്രാപിക്കുന്നതിന് മുന്‍പാണ് പഞ്ചാബിലെ ഗര്‍ഡസ്പൂരില്‍ ഏഴു പുരുഷമൃഗങ്ങള്‍ ചേര്‍ന്ന് ഇരുപത്തിയൊന്‍പത്കാരിയും വിവാഹിതയുമായ സ്ത്രീയെ നിഷ്ഠൂരമായി ഒരു രാത്രിമുഴുവന്‍ ബലാല്‍സംഗം ചെയ്തത്. മാതൃവല്‍ പരദാരാണി അല്ലെങ്കില്‍ അപരസ്ത്രീയെ അമ്മയെപ്പോലെ കരുതണം എന്ന് പഠിപ്പിച്ച ആര്‍ഷ ഭാരത പാരമ്പര്യത്തെക്കുറിച്ച് വീമ്പിളക്കുമ്പോള്‍ തന്നെ അവസരം കിട്ടിയാല്‍ അപരസ്ത്രീയെ ബലാല്‍സംഗ ചെയ്യാന്‍ മടിക്കാത്ത സംസ്ക്കാരത്തിലേക്ക് പുരുഷവര്‍ഗ്ഗത്തിന് ആകമാനം അപമാനം വരുത്തികൊണ്ട് ഒരു വിഭാഗം നിപതിച്ചിരിക്കുന്നത് ദുഃഖത്തോടെ മാത്രമെ ഇവിടെ കുറിക്കാനാവുകയുള്ളു.

സ്ത്രീ പുരുഷന് വേണ്ടി നിര്‍മ്മിക്കപ്പെട്ടവളെന്നൊ, സ്ത്രീ സ്വാതന്ത്യമുള്ളവളായി നടക്കരുത് എന്നൊക്കെയുള്ള ചില അബദ്ധധാരണകള്‍ പുരുഷന്റെ പൊള്ളയായ ബുദ്ധിയില്‍ കുടികേറി താമസിക്കുമ്പോള്‍, ചിലര്‍ക്ക് അപരസ്ത്രീ അവന്റെ കാമാസ്കതി തീര്‍ക്കാനുള്ള ഒരു വസ്തുവായേ കാണാന്‍ കഴിയു. ഈ പ്രവണതയ്‌ക്കെതിരെ സമൂഹം ഉണര്‍ന്നെണീറ്റേ മതിയാകു. എന്ത് അതിക്രമത്തിനു നേരേയും കണ്ണടച്ച് നോക്കി നില്ക്കുന്ന നിസംഗരായ ഒരു കൂട്ടം മനുഷ്യരാണോ നമ്മള്‍ എന്ന് ഓരോത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

ഒരു സ്ത്രീയായി ജനിക്കുന്നത് ശാപമോ എന്ന് തോന്നിപോകുന്ന അവസ്ഥയാണ് ഇന്ന് ഭാരതത്തിന്റെ പലഭാഗങ്ങളിലും. സുമഞ്ചിത്ത് എന്ന മാതാവ് തന്റെ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പുരപുറത്ത് നിന്ന് തന്റെ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ താഴേക്ക് എറിഞ്ഞിരുന്നെങ്കില്‍, കുഷി അഥവാ സന്തോഷം എന്നു പേരുള്ള തന്റെ ഓമന മകള്‍ അവളുടെ നിതാന്ത ദുഃഖമായി മാറിയേനെ. മനുഷ്യനെ കൊല്ലുന്നത് കുറ്റകൃത്യമെന്നറിഞ്ഞിട്ടും, ഒരു പെണ്‍ക്കുട്ടിയെ കൊലചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന്റെ പിന്നിലെ ക്രൂരതക്ക് പിന്നില്‍ സാമൂഹത്തിന്റെ ദുഷിച്ച വ്യവസ്ഥിതികളും പുരുഷ ഈഗോയും ഒരു വലിയ പങ്കു വഹിക്കുന്നു എന്നത് ആര്‍ക്കും നിരസിക്കാനാവാത്ത ഒരു സത്യമാണ്.

റോയിട്ടര്‍ ഫൗണ്ടേഷന്റെ ഒരു കണക്കു പ്രകാരം അഫ്ഗാനിസ്ഥാന്‍, കോംഗോ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ സ്ത്രീകളെ സംബന്ധിച്ചടത്തോളം ഏറ്റവും അപകടം നിറഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണ്. നിയമപരമായി ഇന്ത്യയില്‍ ഭ്രൂണഹത്യ നിരോധിച്ചിട്ടുണ്ടെങ്കിലും ആണകുട്ടിക്ക് മുന്‍തൂക്കം നല്‍കുന്നതുകൊണ്ട്, ഒരു വര്‍ഷം മുന്നൂറായിരം തുടങ്ങി അറുനൂറായിരം ഗര്‍ഭചിദ്രമാണ് നടക്കുന്നത്. ഗര്‍ഭപാത്രത്തില്‍ ഒരു സ്ത്രീയോട് ആരംഭിക്കുന്ന വിവേചനം അവള്‍ മരിക്കുന്നതുവരെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരു പക്ഷെ ഈ വിവേചനത്തിന്റെ ഒരു അനുരണനമായിരിക്കും, പിതാരക്ഷതി കൗമാരെ ഭര്‍ത്താ രക്ഷതിയൗവ്വനെ, പുത്രോരക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതെ എന്നെക്കെയുള്ള ആശയങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിഗൂഡമായ ലക്ഷ്യത്തോടെ രചിക്കപ്പെട്ട കവിതകളില്‍ നിവേശിപ്പിച്ച് വച്ചിരിക്കുന്നത്.

ഇന്ത്യയിലെ പകുതിയിലേറെ സ്ത്രീകളേയും പതിനെട്ട് വയസ്സിന് മുന്‍പ് വിവാഹം കഴിപ്പിച്ചു വിടുന്നു എന്നാണ് അടുത്തകാലത്ത് നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. പന്ത്രണ്ട് വയസുള്ളപ്പോള്‍ തന്നെക്കാള്‍ പതിനഞ്ചു വയസ് പ്രായമുള്ള പുരുഷന്റെകൂടെ വിവാഹം കഴിച്ച് വിട്ടപ്പെട്ടവളാണ് സുമഞ്ചിത്ത്. വിവാഹം എന്തെന്നുപോലും അറിയാത്ത ബാലികാ വിവാഹത്തിന്റെ ഒരു ബലിയാടാണവള്‍. ഇന്ത്യയില്‍ സ്ത്രീ എന്നും മാതാപിതാക്കള്‍ക്ക് ഒരു സാമ്പത്തിക ബാദ്ധ്യതയായിട്ടാണ് കാണപ്പെടുന്നത്. സ്ത്രീയേ വിവാഹം കഴിച്ചു വിടുമ്പോള്‍ സ്ത്രീധനം നല്‍കണം എന്ന ചിന്ത ഡെമോക്ലിസിന്റെ വാളുപോലെ ഒരോ മാതാപിതാക്കളുടേയും തലക്ക് മുകളില്‍ തൂങ്ങി കിടക്കുന്നു. സ്ത്രീധനം നിയമപരമായി ഇന്ത്യയില്‍ നിറുത്തല്‍ ചെയ്തിട്ടുണ്ടെങ്കിലും അത് ആരും പാലിക്കാറില്ല. വിവാഹം കഴിച്ച് വിടപ്പെടുന്ന സ്ത്രീകള്‍ പലരും ഭര്‍ത്താവിന്റെ വിടുകളില്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് അതിലും വലിയ ദുഃഖസത്യമാണ്. രണ്ടായിരത്തി പന്ത്രണ്ടിലെ യുണൈറ്റഡ് നേഷന്റെ കണക്കു പ്രകാരം പകുതിയിലേറെ ഭര്‍ത്താക്കന്മാരും ഭാര്യയെ ഇടയ്ക്ക് തല്ലുന്നതിനോട് യോജിപ്പുള്ളവരാണ്. ഇതിന്റെ ഒരു പ്രതിഫലനമാണ് വീടിന്റെ പുറത്തും സ്ത്രീകളോട് അപമാരിയാദയായി പെരുമാറാനും, വാഹനങ്ങളില്‍ വച്ചും മറ്റും കൂട്ട ബലാല്‍സംഗം ചെയ്ത്, കൊന്ന് നിരത്തുകളിലേക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നതും.

ഒരു സ്ത്രീ ബലാല്‍സംഗ ചെയ്യപ്പെട്ടാല്‍, സമൂഹം അവളെ തെറ്റുകാരിയായി കാണാനുള്ള പ്രവണതയാണ് ഇന്ന് ഇന്ത്യയില്‍ നിലനില്ക്കുന്നത്. സ്ത്രീകളോടുള്ള ഈ മനോഭാവത്തിന് മാറ്റം വന്നില്ലെങ്കില്‍ നാളെ നമ്മളുടെ അമ്മമാരും സഹോദരികളും, ഭാര്യമാരും ഈ സാമൂഹ്യ വ്യവസ്ഥിതിയുടെ ബലിയാടുകളായി മാറുമെന്നുള്ളതിന് രണ്ടു പക്ഷം ഇല്ല. നിങ്ങള്‍ ഞങ്ങളെ ഏതു വസ്ത്രം ധരിക്കണം എന്ന് പഠിപ്പിക്കണ്ട ആവശ്യമില്ല നേരെമറിച്ച് പുരുഷന്മാരെ ബലാല്‍സംഗം ചെയ്യാതിരിക്കാന്‍ പഠിപ്പിക്കു എന്ന പ്ലാക്കാര്‍ഡുമായി ഭാരത സ്ത്രീകള്‍ നിരത്തിലിറങ്ങുമ്പോള്‍, ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ പതനം എവിടെയായിരിക്കുന്നു എന്ന് അനുമാനിക്കാവുന്നതെയുള്ള. ഈ നിത്യനാശത്തിലേക്ക് നമ്മളുടെ സ്ത്രീകളെ തള്ളിവിടാതിരിക്കാന്‍ ഒരോ പുരുഷനും ബാദ്ധ്യസ്ഥരാണെന്നുള്ളത് വിസ്മരിക്കാതിരിക്കുക.

സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമല്ല ചെയ്യണ്ടത് പുരഷന്മാരുടെ സഹായത്തോടെ അത് ലോകം എമ്പാടും കേള്‍ക്കുമാറാണം. (ജോണ്‍ കോണ്‍വര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക