Image

ഏഷ്യന്‍-അമേരിക്കന്‍ നേതാക്കളുമായി ഒബാമ കൂടിക്കാഴ്ച നടത്തി; ഒരുമാസത്തോളം കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിനെ രക്ഷിച്ചു

Published on 09 May, 2013
ഏഷ്യന്‍-അമേരിക്കന്‍ നേതാക്കളുമായി ഒബാമ കൂടിക്കാഴ്ച നടത്തി; ഒരുമാസത്തോളം കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിനെ രക്ഷിച്ചു
വാഷിംഗ്ടണ്‍: കുടിയേറ്റ നിയമപരിഷ്‌കരണ ബില്‍ സെനറ്റ് പാനലിന്റെ പരിഗണനയ്ക്ക് വരുന്നതിന് മുന്നോടിയായി പ്രസിഡന്റ് ബറാക് ഒബാമ ഏഷ്യന്‍-അമേരിക്കന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുടിയേറ്റ നിയമ പരിഷ്‌കരണം, ഹെല്‍ത്ത് കെയര്‍, പൗരാവകാശങ്ങള്‍ എന്നിവ സംബന്ധിച്ചാണ് നേതാക്കളുമായി പ്രധാനമായും ഒബാമ സംസാരിച്ചത്. ഏഷ്യന്‍-പസഫിക് അമേരിക്കന്‍ ഹെറിറ്റേജ് മാസാചരണത്തിന്റെ ഭാഗമായിക്കൂടിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ പസഫിക് അമേരിക്കന്‍ ചെയര്‍ പേഴ്‌സണ്‍ ദീപാ അയ്യര്‍ പ്രതികരിച്ചു. കുടിയേറ്റ നിയമ പരിഷ്‌കരണ ബില്ലില്‍ അഭിപ്രായസമന്വയമുണ്ടാക്കുന്നതിനായായിരുന്നു കൂടിക്കാഴ്ചയെന്നും വൈറ്റ് ഹൗസും പ്രതികരിച്ചു.

ഒരുമാസത്തോളം കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിനെ രക്ഷിച്ചു

അരിസോണ: ഒരു മാസത്തോളം കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന് ജീവനു വേണ്ടി മല്ലടിക്കുകയായിരുന്നു മൂന്നു മാസം മാത്രം പ്രായമുള്ള പട്ടിക്കുഞ്ഞിനെ രക്ഷിച്ചു. കിയ എന്ന ടെറിയര്‍ ഷ്‌നോസര്‍ സങ്കരയിനം പട്ടിക്കുട്ടിയാണ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയത്. ഒരുമാസം ഭക്ഷമില്ലാതിരുന്നിട്ടും കിയ പട്ടിണി കിടന്ന് മരിച്ചു പോയില്ലേ എന്നു സംശയം തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ഇവിടെയാണ് വിധി കിയയ്ക്ക് തുണയായത്. കാറിനുള്ളില്‍ കാറുടമ മക്‌ഡൊണാള്‍ഡ്‌സില്‍നിന്നുള്ള ചിക്കന്റെ കുറച്ച് അവശിഷ്ടങ്ങളുണ്ടായിരുന്നു. ഇത് കഴിച്ചാണ് അവള്‍ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ ഈ പട്ടിക്കുട്ടി എങ്ങനെ ജീവന്‍ നിലനിര്‍ത്തിയെന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. സാധാരണ ഗതിയില്‍ മൂന്നു ദിവസത്തിലധികം നായകള്‍ക്ക് വെള്ളമില്ലാതെ ജീവിക്കാന്‍ കഴില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ ഇരട്ടിയോളം വെള്ളമാണ് നായ്ക്കള്‍ക്ക് വേണ്ടത്.ലേലം ചെയ്യനായി വച്ച കാറുകളിലൊന്നാണ് കിയ കുടുങ്ങിയത്. കാര്‍ ഷോറൂമിലെ ജീവനക്കാരന്‍ വണ്ടിയുടെ വില ഒട്ടിച്ചു വയ്ക്കാനായി ഡോര്‍ തുറന്നപ്പോള്‍ കിയ ചാടിക്കയറുകയായിരുന്നു. ഡാഷ് ബോര്‍ഡിന്റെ മുകളിലേക്കു ചാടിക്കയറിയ അവളെ ജീവനക്കാരന്‍ പിന്നീട് ശ്രദ്ധിച്ചതുമില്ല. വിലയൊട്ടിച്ച് കാറു പൂട്ടി അയാള്‍ പോവുകയും ചെയ്തു. അന്നു തുടങ്ങിയതാണ് കിയയുടെ തടവ്. ഒടുവില്‍ കാറ് നോക്കാനെത്തിയ ഉടമയാണ് കിയയെ കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. കാറിന്റെ ചില്ല് പൊട്ടിച്ച് ഉടന്‍തന്നെ പോലീസ് നായയെ പുറത്തെടുക്കുകയും ചെയ്തു. ഏപ്രില്‍ എട്ടു മുതല്‍ കാര്‍ ലേലത്തിനായി വച്ചിരിക്കുകയാണ്. എന്നാല്‍ ഉടമയുടെ പക്കല്‍ കാറിന്റെ താക്കോല്‍ ഇല്ലാതിരുന്നത് ദുരൂഹതയുണര്‍ത്തുന്നു. കാറ് മോഷ്ടിച്ചതാണോ എന്ന സംശയമാണ് ഇപ്പോള്‍ പ്രധാനമായും ഉണരുന്നത്. രക്ഷപ്പെട്ട നായക്കുട്ടി ഒരു സംരക്ഷണ കേന്ദ്രത്തിലാണ്. ആരോഗ്യ മെച്ചപ്പെട്ടതിനു ശേഷം അവള്‍ക്ക് ഉടമയെ തേടാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

ഫ്‌ളോറിഡയില്‍ മൂന്നു വയസുകാരന്‍ സ്വയം വെടിവച്ചു മരിച്ചു

ടാംപ(ഫ്‌ളോറിഡ): അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മൂന്നു വയസുകാരന്‍ സ്വയം വെടിവച്ചു മരിച്ചു. സ്വന്തം അമ്മാവന്റെ പോക്കറ്റില്‍ നിന്നെടുത്ത തോക്കുപയോഗിച്ചാണ് ജഡാരിയസ് സ്‌പെയ്റ്റ്‌സ് എന്ന മൂന്നു വയസുകാരന്‍ സ്വയം വെടിയുതിര്‍ത്തത്. ടാംപയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അമ്മാവനായ ജെഫ്രി ഡി. വോക്കറിനാപ്പം താമസിച്ചുവരികയായിരുന്നു ജഡാരിയസ്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ജഡാരിയസ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി മരണത്തിനു കീഴടങ്ങുകയായിരുന്നു. അമ്മാവനായ വോക്കറിനെതിരെ കുറ്റകരമായ അശ്രദ്ധയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട

തിരക്കുള്ള തെരുവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; വന്‍ദുരന്തം ഒഴിവായി

ഹോണോലുലു: അമേരിക്കയില്‍ തിരക്കുള്ള തെരുവില്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ചെറു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഒരു യാത്രികന് നിസ്സാര പരിക്കേറ്റു. പൈലറ്റും വഴി യാത്രികരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. ഹോണോലുലുവിലെ ഫോര്‍ട്ട് സ്ട്രീറ്റിലാണ് നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഹവായി പസഫിക് സര്‍വകലാശാലയും നിരവധി അപാര്‍ട്‌മെന്റുകളും സ്ഥിതി ചെയ്യുന്ന ഇവിടെ സദാ തിരക്കാണ്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്. ഒരു ഫോട്ടോ ഷൂട്ടിനു വേണ്ടിയുള്ള യാത്രക്കിടെയാണ് മോന ലോവ ഹെലികോപ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതിലുള്ള ഹെലികോപ്റ്റര്‍ നിലം പതിച്ചത്. 3000 അടി ഉയരത്തിലായിരുന്നു ഹെലികോപ്റ്റര്‍ വീഴുംമുമ്പേ വേണ്ട മുന്നൊരുക്കം നടത്താന്‍ സമയം ലഭിച്ചതായി പൈലറ്റ് പറഞ്ഞു.പരിക്കേറ്റ 71 വയസ്സായ യാത്രക്കാരനെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.

സിഖ് കൂട്ടായ്മയില്‍ ഇനി ആമി ബേരയും

വാഷിംഗ്ടണ്‍: പുതിയതായി രൂപം കൊണ്ട അമേരിക്കന്‍ സിഖ് കൂട്ടായ്മയില്‍ യു.എസ്. ജനപ്രതിനിധി സഭയിലെ ഏക ഇന്ത്യന്‍ വംശജനായ ആമി ബേരയും അംഗമായി. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരെ അക്രമങ്ങള്‍ പതിവായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ആമി ബേര പറഞ്ഞു. 2011ല്‍ രണ്ട് സിഖുകാരാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. സിഖ്‌വംശജരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനാണ് കൂട്ടായ്മയില്‍ അംഗമായതെന്നും ബേര പറഞ്ഞു. മുന്‍പ് ഖാലിസ്ഥാന്‍ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് അമേരിക്കന്‍ സിഖ് കൂട്ടായ്മ രൂപവത്കരിച്ചത്. 

വില്യം ബേണ്‍സ് ഇന്ത്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ തയാറെടുപ്പുകള്‍ നേരിട്ട് വിലയിരുത്താന്‍ ഡപ്യൂട്ടി സ്‌റ്റേറ്റ് സെക്രട്ടറി വില്യം ബേണ്‍സ് ഇന്ത്യയിലേക്ക് തിരിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും കലാവസ്ഥ വ്യതിയാനം, ഊര്‍ജ്ജ വികസനം, ആണവ സഹകരണം തുടങ്ങിയ കാര്യങ്ങളും ബേണ്‍സ് ഇന്ത്യയുമായി ചര്‍ച്ച ചെയ്യുമെന്ന് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് പാട്രിക് വെന്‍ട്രല്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച രാഷ്ട്രീയ, സാമ്പത്തിക സുരക്ഷ ബന്ധമാണുള്ളത്. ഇന്ത്യയുമായുള്ള നയപരമായ ബന്ധം യു.എസിനു വളരെ പ്രധാനപ്പെട്ടതാണ്. ഈ ബന്ധം ശക്തിപ്പെടുത്തുന്നതിനായിരിക്കും ഇരു രാജ്യങ്ങളും ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബേണ്‍സ് എന്ന് ഇന്ത്യ സന്ദര്‍ശിക്കുമെന്ന കാര്യം വ്യക്തമല്ല. ഇന്ത്യയു.എസ് നയപരമായ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് യു.എസ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിക്കുന്നത്. മേയ് അവസാന വാരമാണ് സന്ദര്‍ശനം. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായതിനു ശേഷം ആദ്യമായാണ് കെറി ഇന്ത്യയില്‍ വരുന്നത്.
ഏഷ്യന്‍-അമേരിക്കന്‍ നേതാക്കളുമായി ഒബാമ കൂടിക്കാഴ്ച നടത്തി; ഒരുമാസത്തോളം കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിനെ രക്ഷിച്ചു
Join WhatsApp News
RAJAN MATHEW DALLAS 2013-05-09 08:21:25
'ഏഷ്യന്‍-അമേരിക്കന്‍ നേതാക്കളുമായി ഒബാമ കൂടിക്കാഴ്ച നടത്തി; ഒരുമാസത്തോളം കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിനെ രക്ഷിച്ചു  ' | 

കൂടിക്കാഴ്ച കൊണ്ട് ഏതായാലും പട്ടിക്കുഞ്ഞു രക്ഷപെട്ടെല്ലോ ! നന്നായി ! ഇതുപോലുള്ള നല്ല കാര്യങ്ങൾ ഇനിയും പ്രതീഷിക്കുന്നു !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക