Image

സഭ സമുദായമോ – സത്യജ്വാല എഡിറ്റോറിയല്‍

ജോര്‍ജ് മൂലെച്ചാലില്‍ Published on 13 May, 2013
സഭ സമുദായമോ – സത്യജ്വാല എഡിറ്റോറിയല്‍
'മതം' എന്ന വാക്ക് ഇന്നു പ്രയോഗിക്കപ്പെടുന്നതും മനസ്സിലാക്കപ്പെടുന്നതും 'സമുദായം' എന്ന അര്‍ത്ഥത്തിലാണ്. അതുപോലെതന്നെയാണ്, 'സഭ' എന്ന വാക്കിന്റെ കാര്യവും. 'സഭ' എന്നു കേള്‍ക്കുമ്പോഴേ 'ക്രൈസ്തവസമുദായം' എന്നു നാം മനസ്സിലാക്കിയിരിക്കും. സെമറ്റിക് മതപാരമ്പര്യത്തിന്റെ കടന്നുകയറ്റവും വ്യാപനവുമാണ് ഈ സ്ഥിതിവിശേഷത്തിനു കാരണമെന്നു തോന്നുന്നു.

പഴയനിയമഗ്രന്ഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍, യഹൂദമതവും യഹൂദസമുദായവും ഒന്നായിട്ടാണു കാണപ്പെടുന്നത്. യഹൂദമതസ്ഥാപകനും മതനേതാവുമായിരുന്ന മോശെ തന്നെയായിരുന്നു യഹൂദസമുദായത്തിന്റെയും നേതാവ്. അദ്ദേഹവും, തുടര്‍ന്ന് ലേവ്യാ പൗരോഹിത്യവും രൂപംകൊടുത്ത മതനിയമങ്ങള്‍തന്നെയായിരുന്നു. യഹൂദരുടെ സാമൂഹിക-രാഷ്ട്രീയനിയമങ്ങളും. അതായത്, ഒരു തികഞ്ഞ മതഭരണസാമൂഹികവ്യവസ്ഥ-theocratic social system-യായിരുന്നു യഹൂദരുടേത്. ഈ സെമറ്റിക് മതപാരമ്പര്യം പേറുന്ന ഇസ്ലാമിക സമൂഹങ്ങളിലും സമാനമായ മതഭരണസംവിധാനമാണ് നിലനിന്നുപോരുന്നത്. അവിടെ പൗരോഹിത്യമില്ലെങ്കിലും, അതിനു പകരം നില്‍ക്കാന്‍, കൂടുതല്‍ ശക്തരായ മതപണ്ഡിതരും നിയമജ്ഞരുമുണ്ട്.

യഹൂദമതത്തില്‍നിന്നു പൊട്ടിവിടര്‍ന്ന ക്രിസ്തുമതത്തില്‍ യേശു എതിര്‍ത്തിരുന്ന പുരോഹിതരോ മതപണ്ഡിതരോ നിയമജ്ഞരോ ഉണ്ടായിരുന്നില്ല. അതിനാല്‍, സെമെറ്റിക് ചരിത്രത്തിലാദ്യമായി, മതനിയമങ്ങളില്‍നിന്നു വിടുതല്‍പ്രാപിച്ച സമൂഹങ്ങളുണ്ടായി. മതം അവിടെ സമുദായമായിരുന്നില്ല; മറിച്ച,് ആ വാക്കു ദ്യോതിപ്പിക്കുന്ന അതേ അര്‍ത്ഥത്തില്‍, ഉണ്മയെ സംബന്ധിച്ച ആത്യന്തികമായ കാഴ്ചപ്പാടായിരുന്നു; ആത്മീയാവബോധമായിരുന്നു. യേശു പഠിപ്പിച്ച പിതാവായ ദൈവത്തെക്കുറിച്ചും സര്‍വ്വസാഹോദര്യത്തെക്കുറിച്ചുമുള്ള അവബോധവും അതുല്പാദിപ്പിച്ച സ്‌നേഹഭാവവുമായിരുന്നു, അത്. തന്മൂലം, ഒരേ ശരീരത്തിലെ വിവിധ അവയവങ്ങളെന്നപോലെ, പരസ്പരപൂരകങ്ങളായി ജീവിക്കാന്‍ ആദിമക്രൈസ്തവര്‍ക്കു കഴിഞ്ഞു. ഏകീഭാവത്തോടെയുള്ള ഈ കൂട്ടായ്മാജീവിതത്തിന്റെ പ്രത്യേകത, അതു പരസ്പരാനന്ദകരമായിരുന്നു എന്നതാണ്. അതില്‍ ആകൃഷ്ടരായാണ്, ആളുകള്‍ ക്രൈസ്തവകൂട്ടായ്മകളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. ഭരണമുക്തവും സ്‌നേഹനിര്‍ഭരവുമായ ഒരു സമൂഹത്തിന്റെ ഭാഗമാകാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്!

ഈ സമൂഹത്തിന്റെ ഭൗതികകാര്യങ്ങളുടെ നടത്തിപ്പില്‍നിന്നു മതനേതൃത്വം സ്വയം ഒഴിവാകുന്നതും, അത്തരം കാര്യങ്ങളുടെ നിര്‍വ്വഹണത്തിനായി ആത്മീയതയും സ്വഭാവഗുണവുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അവര്‍തന്നെ നിര്‍ദ്ദേശിക്കുന്നതും നാം കാണുന്നുണ്ട് (അപ്പോ. പ്രവ. 6:1-4). അങ്ങനെ മനുഷ്യന്റെ ആന്തരികതയെ തട്ടിയുണര്‍ത്തുന്ന മതാദ്ധ്യാത്മികനേതൃത്വവും, അവന്റെ ബഹിര്‍മുഖമായ വ്യാവഹാരികജീവിതത്തെ ചിട്ടപ്പെടുത്തി പരിപോഷിപ്പിക്കുന്ന സമൂഹനേതൃത്വവും തമ്മില്‍ വേര്‍തിരിക്കപ്പെട്ടു. ക്രൈസ്തവര്‍ സമുദായകാര്യങ്ങളില്‍ മതനേതൃത്വത്തില്‍നിന്നു സ്വതന്ത്രരായിത്തീര്‍ന്നു.

ആദ്യഅപ്പോസ്തലന്മാര്‍ ഉദ്ഘാടനംചെയ്ത വിപ്ലവകരമായ ഈ പുതിയ കീഴ്‌വഴക്കം, സഭയില്‍ എത്രകാലം അതിന്റെ പരിശുദ്ധിയില്‍ നിലനിന്നു എന്നു വ്യക്തമല്ലെങ്കിലും, ഏതു മതസമൂഹ (സമുദായ)ത്തിനും എക്കാലത്തേക്കുമുള്ള ഒരു മാര്‍ഗ്ഗദര്‍ശനമായി അതു നിലകൊള്ളുന്നു. ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവൃത്തികളും ബാഹ്യാവയവങ്ങളുടെ പ്രവൃത്തികളുമെന്നപോലെ, സമൂഹഗാത്രത്തിന്റെ ആന്തരികവും ബാഹ്യവുമായ ധര്‍മ്മങ്ങള്‍ വ്യതിരിക്തങ്ങളാണ് എന്ന ഉള്‍ക്കാഴ്ച അതു നല്‍കുന്നു. ആദ്ധ്യാത്മികനേതൃത്വം സമൂഹഗാത്രത്തിന്റെ ശ്വാസകോശവും ഹൃദയവുമൊക്കെയായി നിലകൊണ്ടാല്‍ മതിയെന്നും, ആ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടന്നാല്‍ സാംസ്‌കാരിക-പഞ്ചേന്ദ്രിയങ്ങള്‍ ജാഗ്രത്തായിക്കൊള്ളുമെന്നും സാമൂഹിക കൈ-കാലുകള്‍ പേശീബലമാര്‍ജ്ജിച്ച് പ്രവര്‍ത്തനസജ്ജമായിക്കൊള്ളുമെന്നും ഈ അപ്പോസ്തലികപാഠം നമ്മെ ബോധ്യപ്പെടുത്തുന്നു. മതനേതൃത്വം പുളിമാവായി വര്‍ത്തിച്ചാല്‍ മതി, മാര്‍ദ്ദവമേറിയ അപ്പത്തിനു സജ്ജമായി മാവ് പുളിച്ചുപൊങ്ങിക്കൊള്ളും. അവര്‍ വെളിച്ചമായി ജ്വലിച്ചുനിന്നാല്‍മതി, കിരണങ്ങളേറ്റുവാങ്ങി വെളിച്ചത്തിന്റെ പ്രവൃത്തികള്‍ചെയ്യാന്‍ മുഴുവന്‍ സമൂഹവും ഇവിടുണ്ട്. അതവരുടെ ഉത്തരവാദിത്വവും ജന്മാവകാശവുമാണ്.

എന്നാല്‍ ഇന്നത്തെ അവസ്ഥയെന്താണ്? യേശുവിന്റെ ദീപശിഖയേന്തിനില്‍ക്കുന്ന ആരെയും ക്രൈസ്തവലോകത്ത് ഇന്നു കാണാനില്ല. യേശുവചസ്സുകളുടെ പുളിമാവായി സമൂഹത്തില്‍ അലിഞ്ഞുചേരുന്നവരെയും കാണാനില്ല. യേശുവിന്റെ പേരിലിന്നു കാണാന്‍ കഴിയുന്നത്, അധികാരസിംഹാസനങ്ങളും ജറുസലേം ദേവാലയത്തെ ഓര്‍മ്മിപ്പിക്കുന്ന വന്‍ ആഡംബരദേവാലയങ്ങളും ആയിരക്കണക്കായ സ്ഥാപനശ്രൃംഖലകളുമാണ്. ആദ്ധ്യാത്മികശുശ്രൂഷകരെല്ലാം മതാധികാരികളായിരിക്കുന്നു! ആത്മീയതയുടെ ജീവവായു ഉള്ളിലേക്കെടുത്ത് വ്യക്തികളായ ജീവകോശങ്ങളിലേക്കു പ്രസരിപ്പിക്കാനും, വ്യാവഹാരിക ജീവിതമാലിന്യങ്ങളെ അവരില്‍നിന്നാവാഹിച്ചെടുത്തു പുറന്തള്ളാനും കഴിയാത്തവിധത്തില്‍, സഭയുടെ ആദ്ധ്യാത്മികശ്വാസകോശം അധികാരമസില്‍ കയറി കട്ടിയായിരിക്കുന്നു! അധികാരമുള്ളിടത്തു സ്‌നേഹത്തിനോ, സ്‌നേഹമുള്ളിടത്ത് അധികാരത്തിനോ വാഴാനാവില്ലെന്ന് ആര്‍ക്കാണറിയാത്തത്? എന്നിട്ടും, അധികാരത്തെ കുടിയിരുത്തി, യേശുവിന്റെ സ്‌നേഹത്തെയും പരസ്പരശുശ്രൂഷാസംവിധാനത്തെയും തിരസ്‌കരിച്ച് സഭയെ ഒരു മഹാ ഭൗതികസ്ഥാപനമാക്കി മാറ്റിയിരിക്കുന്നു, സഭയില്‍ കടന്നുകയറിയ പൗരോഹിത്യം.
ഈ സാഹചര്യത്തില്‍, സഭയുടെ ആദ്ധ്യാത്മികശൂശ്രൂഷയ്ക്കായി ആത്മാര്‍ത്ഥതയോടെ ഇറങ്ങിത്തിരിക്കുന്നവര്‍ക്കുപോലും, സഭയെന്ന ഈ സ്ഥാപനത്തെ സേവിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല. ആദ്ധ്യാത്മികം എന്നു സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിച്ചും ചില ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതൊഴികെ, മനുഷ്യന്റെ ആന്തരികതയെ തൊട്ടുണര്‍ത്തി അവനെ ആദ്ധ്യാത്മികമനുഷ്യനായി പരിവര്‍ത്തിപ്പിക്കുക എന്ന മര്‍മ്മപ്രധാനമായ ധര്‍മ്മനിര്‍വ്വഹണം പാടേ നിലച്ചുപോയിരിക്കുന്നു. യേശുവിന്റെ സ്‌നേഹദര്‍ശനത്തെ ജീവിതമാക്കിമാറ്റിയ ഒരു സഭാസമൂഹവും ഇന്നു നിലവിലില്ലാത്തതിന്റെ കാരണവും മറ്റൊന്നല്ല. പകരം ഇന്നുള്ളത്, യേശുവിന്റെ പ്രബോധനങ്ങളെ ഒഴിവാക്കിയും അവിടുത്തെ വിഗ്രഹമാക്കി പ്രതിഷ്ഠിച്ചും രൂപംകൊടുത്ത പുരോഹിതസൃഷ്ടമായ നിര്‍ജീവസഭാസമൂഹങ്ങളാണ്. യേശുവിന്റെ സഭ സ്‌നേഹക്കൂട്ടായ്മയാണെങ്കില്‍, ഇന്നത്തെ സഭ കേവലമൊരു സംഘടനമാത്രമാണെന്നു പറയണം- പുരോഹിതനിയമങ്ങളെ ആധാരമാക്കിയുള്ള ഒരു സംഘടന.

ആദ്ധ്യാത്മികരൂപാന്തരത്തിന്റെ അടയാളമായിരുന്നു മുമ്പു മാമ്മോദീസായെങ്കില്‍, ഇന്നത് സഭയെന്ന സംഘടനയുടെ അംഗത്വത്തിനുള്ള ഒരു ചടങ്ങുമാത്രം! ക്രൈസ്തവക്കൂട്ടായ്മാജീവിതത്തില്‍ ആകൃഷ്ടരായെത്തുന്നവര്‍ പുതുതായി രൂപംകൊടുക്കുന്നവയായിരുന്നു മുമ്പത്തെ സഭകളെങ്കില്‍, ഇന്നത് ക്രൈസ്തവ മാതാപിതാക്കളുടെ പിന്‍തലമുറകളിലൂടെമാത്രം, സമുദായത്തെ ആശ്രയിച്ചുമാത്രം, നിലനില്‍ക്കുന്ന ഒന്നായിരിക്കുന്നു. അതായത്, ഇവിടെ ഓരോ കത്തോലിക്കനും ജനിച്ചുവീഴുന്നത് നസ്രാണിക്കത്തോലിക്കാ സമുദായത്തിലേക്കാണ്, കത്തോലിക്കാ സഭയിലേക്കല്ല. മാമ്മോദീസാ സ്വീകരിച്ചുകഴിയുമ്പോള്‍മാത്രമാണ് ഒരാള്‍ സഭാംഗമാകുന്നത്. സഭയില്‍നിന്നു പിന്നീട് പുറന്തള്ളപ്പെട്ടാലും സ്വയം പിന്മാറിയാലും അയാള്‍ തുടര്‍ന്നും നസ്രാണിസമുദായാംഗമായിരിക്കും. ജന്മംകൊണ്ടു നിശ്ചയിക്കപ്പെട്ട സമുദായാംഗത്വത്തില്‍നിന്നു പിന്മാറാനോ പുറന്തള്ളാനോ ആര്‍ക്കുമാവില്ലല്ലോ. മറ്റൊന്ന്, സഭയ്ക്കാവശ്യമായ സ്വത്തുക്കള്‍ നല്‍കുന്നതും പള്ളികള്‍ നിര്‍മ്മിക്കുന്നതും വൈദികരെ പരിപാലിക്കുന്നതും, ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതും സമുദായമാണ് എന്നതാണ്. ഏതു കാനോന്‍ നിയമം കൊണ്ടുവന്നാലും നടപ്പിലാക്കിയാലും ഈ വസ്തുത സത്യമായി നിലനില്‍ക്കുകതന്നെ ചെയ്യും.

അപ്പോള്‍ ഏതാണു പ്രാഥമികം? സഭയോ, സമുദായമോ? ക്രൈസ്തവസമുദായങ്ങള്‍ക്കു ജന്മംകൊടുത്തു നിലനിന്നിരുന്ന ആദിമസഭയുടേതില്‍നിന്നു ഭിന്നമായി ഇവിടെ സഭയെ നിലനിര്‍ത്തുന്നതു സമുദായമായതിനാല്‍, പ്രാഥമികത്വം സമുദായത്തിനുതന്നെ. അതായത്, ഇന്നത്തെ കേരളസാഹചര്യത്തില്‍, സഭയും സമുദായവും രണ്ടാണെന്നു മാത്രമല്ല, സമുദായമാണു പ്രാഥമികം എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇതെല്ലാം വസ്തുതയാണെങ്കിലും ദൈവികപരിവേഷത്തിന്റെ അകമ്പടിയോടെ കടന്നുവന്ന്, മതവും സമുദായവും ഒന്നാണെന്ന മട്ടില്‍ സമുദായങ്ങള്‍ക്കുമേല്‍ തങ്ങളുടെ വിധി-വിലക്കുകള്‍ ധാര്‍ഷ്ട്യത്തോടെ അടിച്ചേല്‍പ്പിക്കുകയും അനേകരെ സമുദായഭ്രഷ്ടരാക്കുകയും ചെയ്തിട്ടുണ്ട്, പൗരോഹിത്യം. സഭയില്‍നിന്ന് ഒരാളെ 'മഹറോന്‍' ചൊല്ലിയാല്‍ അയാള്‍ സമുദായത്തില്‍നിന്നുതന്നെ നിഷ്‌കാസിതനായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.

ആധുനിക കാലത്ത്, ഇത്തരം നടപടികള്‍ക്ക് പൗരോഹിത്യം ധൈര്യപ്പെടാറില്ല എന്നതു ശരിതന്നെ. എങ്കിലും, സഭയും സമുദായവും ഒന്നാണെന്ന പുരോഹിതകാഴ്ചപ്പാട് ഇന്നും സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുകയാണ്. അതില്‍ പിടിമുറുക്കിക്കൊണ്ടാണ് സഭയിലെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുവാന്‍ നിയോഗിതരായിട്ടുള്ള പുരോഹിതര്‍, അതെല്ലാം വിട്ട്, ക്രൈസ്തവസമുദായത്തിന്റെ നൂറുകണക്കായ ഇതരമേഖലകളിലേക്കു കടന്നുകയറി, സമുദായത്തിനുമേല്‍ അധീശത്വം സ്ഥാപിക്കുന്നത്. ഉദാഹരണത്തിന്, സമുദായം സ്‌കൂളുകളും കോളേജുകളുംമറ്റും സ്ഥാപിച്ചത് ഒരു മതകാര്യമായിട്ടായിരുന്നില്ല; മറിച്ച്, സമുദായാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസപുരോഗതിക്കുവേണ്ടിയായിരുന്നു. അതിന്റെ ലക്ഷ്യം തികച്ചും സാമൂഹികമായിരുന്നു. ആദ്ധ്യാത്മിക കൂട്ടായ്മയായ സഭയുടെ ആത്മീയപോഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വൈദികരുടെയോ കന്യാസ്ത്രീകളുടെയോ കര്‍മ്മമണ്ഡലമാകേണ്ടതായിരുന്നില്ല, അത്. മറിച്ച്, അവരുടെ ആദ്ധ്യാത്മികശുശ്രൂഷയുടെ ഫലമായി ആത്മീയ ഉണര്‍വ്വു നേടിയ സമുദായാംഗങ്ങളുടെ കര്‍മ്മമേഖല ആകേണ്ടതായിരുന്നു. എന്നാല്‍, സഭയും സമുദായവും ഒന്നാണെന്നും തങ്ങളാണ് സമുദായത്തിന്റെയും നേതാക്കള്‍ എന്നും തോന്നിപ്പിച്ച്, എല്ലാ സാമൂഹികകര്‍മ്മങ്ങളിലേക്കും പൗരോഹിത്യം കടന്നുകയറുകയും, സമുദായത്തില്‍നിന്നുള്ള നേതൃത്വം മുരടിച്ചുപോകുകയുമാണിന്ന്. ക്രൈസ്തവ സമൂഹങ്ങളില്‍ മറ്റു സമുദായങ്ങളിലേതുപോലെ ശക്തരായ സമുദായനേതാക്കള്‍ ഇല്ലാതെ പോകുന്നത് ഇതുകൊണ്ടാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ആര്‍ക്കും കാണാനാകും.

സമുദായനേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് വിവാഹം, മരിച്ചടക്ക്, സ്വന്തം സ്ഥാപനങ്ങളില്‍ പ്രവേശനം, നിയമനം എന്നിങ്ങനെയുള്ള, കത്തോലിക്കരുടെ കേവലം വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ നൂറുകൂട്ടം കാര്യങ്ങള്‍ക്കുവേണ്ടി പുരോഹിതാധികാരികള്‍ക്കുമുമ്പില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട ഗതികേട് സമുദായത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്നത്. ശുശ്രൂഷകര്‍ അധികാരികളും, സഭയും സഭയുടെ ഉടമകളുമായവര്‍ അടിമകളുമാകുന്ന വിരോധാഭാസം ഈ സമുദായത്തില്‍ നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെ. രൂപതകളെ കൊച്ചുകൊച്ചു മതരാഷ്ട്രങ്ങളാക്കി, പുരോഹിതകോടതികളും വിവിധ വകുപ്പുകളും (മിനിസ്ട്രികള്‍!) സ്ഥാപിച്ച്, പുരോഹിതര്‍വഴി, സമുദായത്തിന്മേല്‍ മതഭരണംനടത്താന്‍ ആധുനിക അപ്പോസ്തലന്മാര്‍ക്കു കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. സര്‍വ്വവിധ യോഗ്യതകളുമായി ആയിരക്കണക്കിനു യുവതീ-യുവാക്കള്‍ സമുദായത്തിലുണ്ടായിരിക്കെ, കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപനജോലി മുഴുവന്‍ അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും അത്യാവശ്യം വേണ്ടപ്പെട്ടവര്‍ക്കുംമാത്രമായി വീതംവെച്ചുകൊടുക്കുന്നതില്‍ സഭാധികാരത്തിനു യാതൊരു ഉളുപ്പും തോന്നാത്തതിന്റെ കാരണവും, സമുദായത്തെ പ്രതിനിധീകരിച്ചുള്ള ഒരു നേതൃത്വം കത്തോലിക്കര്‍ക്കില്ലാത്തതാണ്. ഇടവകജനത്തിന്റെ അഭിപ്രായങ്ങളെ തൃണവല്‍ഗണിച്ച്, പള്ളികളുംമറ്റും ഇടിച്ചുനിരത്താനും കോടികളുടെ ദേവാലയസൗധങ്ങളുംമറ്റും പണിതുയര്‍ത്തുവാനും ഇത്തിരിപോന്ന അച്ചന്മാര്‍ക്കുവരെ സാധിക്കുന്നത് സമുദായനേതൃത്വത്തിന്റെ പൂര്‍ണ്ണമായ അഭാവംകൊണ്ടുതന്നെയാണ്. വിശ്വാസിസമൂഹം യാതൊരു പ്രാതിനിധ്യവും നല്‍കാതിരുന്നിട്ടും, രാഷ്ട്രീയകാര്യങ്ങളില്‍വരെ ഈ സമുദായത്തെ പ്രതിനിധീകരിച്ചു സംസാരിക്കാനും സമ്മര്‍ദ്ദം ചെലുത്താനും ധൈര്യപ്പെടുന്നതും, തങ്ങളുടെ തിരുവായ്ക്ക് എതിര്‍വായ് പറയാന്‍ കത്തോലിക്കാസമുദായത്തില്‍ ആരുമില്ലെന്ന് മെത്രാന്മാര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ്.

അതുകൊണ്ട്, സഭയും സമുദായവും ഒന്നല്ലെന്നും രണ്ടിന്റെയും ധര്‍മ്മങ്ങള്‍ വ്യത്യസ്തങ്ങളാണെന്നും കാണാനുള്ള കണ്ണ് നസ്രാണിക്കത്തോലിക്കാസമുദായത്തിലുള്ളവര്‍ക്ക് ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. വിശ്വാസിസമൂഹത്തിന്റെ വ്യാവഹാരികകാര്യങ്ങളില്‍ കൈകടത്താതെ, തങ്ങളിലര്‍പ്പിതമായ ആദ്ധ്യാത്മികശുശ്രൂഷയിലേക്കു തിരിച്ചുപോകണമെന്ന് ഉറക്കെപ്പറയാന്‍ ചങ്കുറപ്പുളള ഒരു പുതിയ നേതൃന്നിര ഈ സമൂഹത്തില്‍ ഇനിയെങ്കിലും ഉരുത്തിരിയേണ്ടിയിരിക്കുന്നു. സമുദായത്തിനുമേലുള്ള സഭയുടെ നീരാളിപ്പിടുത്തത്തിന്റെ പിടി അയപ്പിക്കാനുദ്ദേശിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും, അത് ഏതു കോണില്‍നിന്നായാലും, സഭയില്‍ യേശുവിനെ പുനഃപ്രതിഷ്ഠിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍കൂടിയായിക്കണ്ട് പിന്തുണയ്ക്കാന്‍ എല്ലാ സമുദായസ്‌നേഹികളും തയ്യാറാകേണ്ടതുമുണ്ട്.

ഭാരതത്തിന്റെ ആദ്ധ്യാത്മികഭൂമികയില്‍ മുളച്ചുപൊന്തിവളര്‍ന്ന കേരളസഭയ്ക്ക്, സെമറ്റിക് മതഭരണപാരമ്പര്യത്തിന്റെ ഭാരം ചുമേേക്കണ്ട ആവശ്യമില്ലതന്നെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക