Image

ചാരുതയാര്‍ന്ന ജാലകക്കാഴ്ചകള്‍- ചന്ദ്രമതി

ചന്ദ്രമതി Published on 15 May, 2013
ചാരുതയാര്‍ന്ന ജാലകക്കാഴ്ചകള്‍- ചന്ദ്രമതി
പ്രവാസി സാഹിത്യം കരുത്താര്‍ജിക്കുന്ന സാഹത്യശാഖയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികളികള്‍ വേരുകള്‍ മറക്കാതെ സ്വന്തം ഭാഷയിലെഴുതുന്നത് നല്ല കാര്യ. അത്തരം സാഹിത്യ രചനകളുടെ സമാഹരണങ്ങളും ധാരാളം ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ ഒരു പ്രത്യേക ഭൂവിഭാഗത്തിലെ മലയാളി രചനകളെയും രചയിതാക്കളെയും പരിചയപ്പെടുത്തുന്ന രീതിയില്‍ പ്രവാസി-സാഹിത്യ-നിരൂപണ ശാഖയില്‍ അധികം ശ്രമങ്ങള്‍ കണ്ടിട്ടില്ല. അത്തരമൊരു സംരംഭത്തിന് സുധീര്‍ പണിക്കവീട്ടില്‍ എന്ന ഗ്രന്ഥകാരനെ അഭിനന്ദിച്ചുകൊള്ളട്ടെ. ഒരേ സമയം സര്‍ഗ്ഗാത്മക രചയിതാവും നിരൂപകനുമാണ് സുധീര്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നിരൂപണത്തില്‍ കര്‍ക്കശനിലപാടുകള്‍ തീരെയില്ല. വിയോജിക്കുമ്പോഴും സൗമ്യനായിരിക്കാനദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. നിശിതമായ വിമര്‍ശനങ്ങള്‍ വളമാക്കി തഴച്ചുവളരേണ്ട ഒന്നാണ് സാഹിത്യം എന്ന് സുധീര്‍ വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല.

പയേറിയയിലെ പനിനീര്‍പൂക്കളുടെ ആമുഖലേഖനത്തില്‍ (അമേരിക്കന്‍ മലയാള സാഹിത്യം ഇന്നലെ, ഇന്ന്, നാളെ) അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ഉറവിടം മുതല്‍ സമകാലീന സാഹിത്യം വരെ സുധീര്‍ പണിക്കവീട്ടില്‍ വിലയിരുത്തുന്നുണ്ട്. അതില്‍ ഏറ്റവും കൗതുകകരമായി തോന്നിയത് പീറ്റര്‍ നീണ്ടൂരിന്റെ മുപ്ര പ്രയോഗമാണ്. പ്രതിഫലം, പ്രോത്സാഹനം, പ്രതികരണം എന്നിങ്ങനെയുള്ള മൂന്ന് പ്രകള്‍ ലഭിക്കാത്തതു കൊണ്ടു വിഷമിക്കുന്ന എഴുത്തുകാരെ പരാമര്‍ശിച്ചാണ് പീറ്റര്‍ നീണ്ടൂര്‍ അങ്ങനെയൊരു വാക്ക് ഉണ്ടാക്കിയത്. അത് അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും ബഹുഭൂരിപക്ഷം എഴുത്തുകാരും നേരിടുന്ന പ്രശ്‌നമാണ്. മുപ്ര തേടിവരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ.

അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുള്ള രചനകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതില്‍ സുധീര്‍ പണിക്കവീട്ടില്‍ എം. കൃഷ്ണന്‍ നായരുടെ വഴി പിന്‍തുടരുകയാണെന്നു തോന്നുന്നു. അദ്ദേഹം ഏറ്റവുമധികം ഉദ്ധരിക്കുന്നതും എം.കൃഷ്ണന്‍ നായരെത്തന്നെയാണ്. മലയാള സാഹിത്യ നിരൂപണം സിദ്ധാന്തജടിലമായതൊക്കെ മനഃപൂര്‍വ്വം മറന്നുകളഞ്ഞുകൊണ്ടാണ് എം.കൃഷ്ണന്‍ നായരുടേതാണ് അന്തിമമായ വാക്ക് എന്ന രീതിയിലുള്ള സമീപനം. ഒരു പക്ഷേ സമകാലിക നിരൂപണ സിദ്ധാന്തങ്ങളുടെ അനുരണനങ്ങള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ടാവില്ല.

സാഹിത്യ പൊതുതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ചോളം ലേഖനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. ബാക്കി ലേഖനങ്ങളെല്ലാം തന്നെ സാഹിത്യകാരന്മാരെ/ സാഹിത്യകാരികളെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമുള്ള വൈയക്തിക നിരീക്ഷണങ്ങളാണ്. പലരും ഒന്നിലേറെ അധ്യായങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, സരോജ വര്‍ഗീസ്, നീന പനയ്ക്കല്‍, ലൈല അലക്‌സ് തുടങ്ങിയവരുടെ കൃതികള്‍ അപഗ്രഥനം ചെയ്യുന്നതിലൂടെ അവിടത്തെ സ്ത്രീസാഹിത്യത്തിന്റെ വൈവിധ്യം സുധീര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. കവിതയില്‍ പുതുവഴികള്‍ തേടുന്ന ജോസഫ് നമ്പിമഠം, ബേബി പനച്ചൂര്‍, പീറ്റര്‍ നീണ്ടൂര്‍, വാസുദേവ് പുളിക്കല്‍, ചെറിയാന്‍ കെ. ചെറിയാന്‍. കെ.സി. ജയന്‍ എന്നിവരാണ് അമേരിക്കന്‍ മലയാള കവിതയുടെ ശക്തരായ വക്താക്കള്‍ എന്ന് സുധീര്‍ നമ്മോടു പറയുന്നു. ചെറിയാന്‍ കെ.ചെറിയാനും ഭാവുകത്വവും തനിമയാര്‍ന്ന വരികളും മലയാള കവിതയുടെ കാല്പനിക സംവേദനക്ഷമതയെ അങ്ങേയറ്റം വളര്‍ത്തിയവയാണ്. ഏറ്റവും ചുരുങ്ങിയ വാക്കുകളിലൂടെ ഏറ്റവും കൂടുതല്‍ സംവദിക്കുന്ന ആ കവിതകള്‍ മലയാളിക്കു പരിചിതം. ഇന്ന് മലയാളത്തിലെ ശക്തരായ യുവകവികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ അതില്‍ തീര്‍ച്ചയായും ഉണ്ടാകുന്ന പേരാണ് കെ.സി. ജയന്റേത്. നിഷേധവും തന്റേടവും, മാറുന്ന കാലത്തെ ഉള്‍ക്കൊണ്ട് ശക്തമായി കുതിക്കുന്ന കവിമനസ്സും ജയനുസ്വന്തം. മലയാള കവിതയുടെ അമേരിക്കന്‍ മുഖം ചെറിയാന്‍ കെ. ചെറിയാനും, കെ.സി.ജയനും പിന്നെ അവര്‍ക്കിടയില്‍ സുധീര്‍ നിരത്തുന്ന പ്രമുഖരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒന്നാവാം.

സാംസി കൊടുമണ്‍ എന്ന എഴുത്തുകാരന്റെ കഥാപ്രപഞ്ചം, ജോണ്‍ ഇളമതയുടെ നോവലുകളുടെ വിശാല കാന്‍വാസ്സുകള്‍ എന്നിവയ്‌ക്കൊപ്പം ജോയല്‍ കുമരകത്തിന്റെ ബാലസാഹിത്യവും അശോകന്‍ വേങ്ങശ്ശേരി, ചെറിയാന്‍ ചരുവിളയില്‍, സി. ആന്‍ഡ്രൂസ് തുടങ്ങിയവരുടെ ധിഷണാസമ്പന്നമായ ലേഖനങ്ങളും ജോണ്‍ വേറ്റത്തിന്റെ ഒരു തര്‍ജ്ജിമയും അങ്ങനെ പലതും സുധീര്‍ പണിക്കവീട്ടില്‍ പഠനവിധേയമാക്കുന്നുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ആഴവും പരപ്പും മലയാളികള്‍ക്കു മനസ്സിലാക്കിത്തരാനുള്ള അഭിനന്ദനീയമായ ശ്രമം.

സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണ ലേഖനങ്ങളില്‍ പലയിടത്തും മാറ്റത്തെ സ്വീകരിക്കാനുള്ള വിമുഖത പ്രകടമായി കാണാം. ആദ്യ ലേഖനത്തിലെ ഈ വരികള്‍ നോക്കുക.

മലയാള കവിതയും കുട്ടിത്തം വിട്ട യൗവനവും വന്നുദിച്ചതോടെ അവളുടെ ദുര്‍ദശയും വന്നുകൂടി. ഏതോ ശാപം പേറിയപോലെ കവിതയുടെ രൂപം മാറി; അല്ലെങ്കില്‍ മാറ്റിക്കളഞ്ഞു. അവള്‍ കഞ്ചാവടിക്കാന്‍ തുടങ്ങഇ. കള്ളുഷാപ്പില്‍ മീന്‍കറി വിളമ്പാന്‍ പോയി. ഭരണിപ്പാട്ടു പാടി. അവളുടെ പ്രേതങ്ങള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിലും പ്രത്യക്ഷപ്പെട്ടു പേടിപ്പിക്കാന്‍ ഒരുങ്ങിയെങ്കിലും അവളെ ഇംഗ്ലീഷ് പറഞ്ഞു മലയാളികള്‍ ഓടിച്ചുകളഞ്ഞു.

ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന സാഹിത്യത്തിന് ജീവിതത്തില്‍ വരുന്ന മാറ്റങ്ങളേയും പ്രതിഫലിപ്പിച്ചേ പറ്റൂ. അതിനെ ദുര്‍ശന എന്നു വിളിക്കുന്നത് എത്രത്തോളം ശരിയാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിലെ അപചയങ്ങളും മൂല്യച്യുതിയുമൊക്കെ കൃതികളില്‍ ആവിഷ്‌കരിക്കുക വഴി സര്‍ഗാത്മക എഴുത്തുകാര്‍ എപ്പോഴും അവയെ ന്യായീകരിക്കുകയാകണമെന്നില്ല. കാനനച്ഛായയും കാമിനീ-കാമുകന്മാരും മാത്രം ആവര്‍ത്തിത ബിംബങ്ങളായാല്‍ മാറ്റത്തിനു പ്രസക്തിയില്ല. മാറ്റം വളര്‍ച്ചയുടെ ലക്ഷണമാണെന്നുകൂടി ചേര്‍ത്തു വായിക്കുക.

എഴുത്തുകാരന്‍(സര്‍ഗാത്മക സാഹിത്യകാരനാണെങ്കിലും നിരൂപകനാണെങ്കിലും ) ഉറച്ച ധാര്‍മികതയുടെ ഉടമയാവണമെന്ന് ഡോക്ടര്‍ സാമുവല്‍ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ധാര്‍മികബോധം സുധീര്‍ പണിക്കവീട്ടിലിന്റെ എഴുത്തില്‍ ദൃശ്യമാണ്. ജോണ്‍ ഇളമതയുടെ അച്ചായന്‍ അമേരിക്കയില്‍ എന്ന ഹാസ്യ നോവലിന്റെ അന്ത്യത്തോട് അദ്ദേഹം വിയോജിക്കുന്നതും അതുകൊണ്ടു തന്നെ.

സുധീര്‍ പണിക്കവീട്ടിലിന്റെ ഈ കൃതി അമേരിക്കന്‍ മലയാള സാഹിത്യത്തെ പരിചയപ്പെടുത്തുക എന്ന ജനനോദ്ദേശ്യം ഭംഗിയായി സാക്ഷാത്കരിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. കേരളത്തിലെ ആനുകാലികങ്ങളിലൂടെ പരിചയപ്പെട്ടവര്‍ മാത്രമല്ല അമേരിക്കയിലെ എഴുത്തുകാര്‍ എന്ന് മലയാളി വായനക്കാര്‍ വിസ്മയത്തോടെ മനസ്സിലാക്കുന്നു. താന്ധനമല്ല, തലോടലാണ് വിമര്‍ശനം എന്ന് ഒരു പക്ഷേ വിശ്വസിക്കുന്ന സുധീറിന്റെ നിരൂപണ കുറിപ്പുകള്‍ ഓരോ കൃതിയും വായിക്കുവാനുള്ള ത്വര വായനക്കാരിലുണര്‍ത്തുന്നു. ഒരവകാശവാദങ്ങളുമില്ലാതെ സുധീര്‍ വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്ന ഈ പുസ്തകം തീര്‍ച്ചയായും അമേരിക്കന്‍ മലയാള സാഹിത്യത്തെ ആഴത്തില്‍ പഠന വിധേയമാക്കുന്ന പ്രവണതയുടെ തുടക്കമാണ്.

ഈ ജാലകദൃശ്യങ്ങള്‍ക്ക് സുധീര്‍ പണിക്ക വീട്ടിലിന് നന്ദി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക