Image

ഈ കളി എന്തിനായിരുന്നു ശ്രീശാന്ത്‌

Published on 16 May, 2013
ഈ കളി എന്തിനായിരുന്നു ശ്രീശാന്ത്‌
എല്ലാ മലയാളികളും ഇന്ന്‌ അല്‌പമെങ്കിലും ലജ്ജിച്ചിട്ടുണ്ടാകുമെന്ന്‌ ഉറപ്പ്‌. ഒരുപാട്‌ വിമര്‍ശനങ്ങള്‍ ശ്രീശാന്തിനെതിരെ നടത്തിയിട്ടുണ്ടെങ്കിലും മലയാളിക്ക്‌ അഭിമാനിക്കാന്‍ ഒരു ശ്രീശാന്ത്‌ വേണമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകം അടക്കി ഭരിക്കുന്ന ഉത്തരേന്ത്യന്‍ ലോബിയിലേക്ക്‌ ഒരു മലയാളി കടന്നു കയറിയത്‌ അത്ര നിസാര കാര്യമായിരുന്നില്ല. ഇതിനു മുമ്പ്‌ ഒരു മലയാളിക്കും ശ്രീശാന്ത്‌ ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വന്തമാക്കിയത്‌ പോലെയൊരു നേട്ടമുണ്ടായിട്ടുമില്ല. ലോക മൈതാനങ്ങളില്‍ ഇന്ത്യക്ക്‌ വേണ്ടി പന്തെറിയാന്‍ മലയാളിക്കും കഴിയുമെന്ന ആത്മവിശ്വാസമായിരുന്നു കളത്തിലെ ശ്രീശാന്ത്‌. അതുകൊണ്ടു തന്നെ പറഞ്ഞു കേട്ടതും ചിലപ്പോളൊക്കെ കണ്ടുപഴകിയതുമായ ശ്രീശാന്ത്‌ ജാഡകള്‍ കണ്ടില്ലെന്ന്‌ നടിച്ചിട്ടുണ്ട്‌ മലയാളി.

കളിക്കളത്തില്‍ ഓസ്‌ട്രേലിയന്‍ ബാസ്റ്റ്‌മാന്‍മാരെ വിറപ്പിച്ച പന്തുകള്‍ പായിച്ചിട്ടുണ്ട്‌ ശ്രീശാന്ത്‌. വെള്ളക്കാരന്റെ ധാര്‍ഷ്‌ട്യത്തിന്‌ മുമ്പില്‍ അല്‌പവും കൂസാതെ തന്നെ. അറിയാതെയെങ്കിലും ശ്രീശാന്തിനെ കടുപ്പിച്ചൊന്ന്‌ നോക്കിയാല്‍ തിരിച്ചും അതേ നാണയത്തില്‍ മറുപടി കൊടുത്തിരിക്കും ശ്രീ. ചിലപ്പോള്‍ അയാളെ അധിക്ഷേപിക്കാനും മടികാണിക്കില്ല. അപ്പോഴൊക്കെ ഇന്ത്യക്കാര്‍ ഉള്ളാലെ ശ്രീശാന്തിനെ അഭിനന്ദിച്ചു കാണും. വെള്ളക്കാരനെ നാല്‌ തെറിപറയാന്‍ ഒരു മലയാളിയെങ്കിലുമുണ്ടല്ലോ എന്ന്‌. കളിക്കളത്തില്‍ ആഘോഷം ഏതറ്റം വരെയും കൊണ്ടുപോകുമായിരുന്നു ശ്രീശാന്ത്‌. കളിക്കളത്തില്‍ തന്ന അധിക്ഷേപിച്ച അന്ദ്രേ നെല്ലിനെ സിക്‌സര്‍ അടിച്ചപ്പോള്‍ ക്രീസില്‍ നൃത്തം ചെയ്‌തുകൊണ്ടാണ്‌ ശ്രീ ആഘോഷിച്ചത്‌. അതുപോലെ തന്നെ ബാസ്റ്റ്‌മാന്‍മാരെ കൊഞ്ഞനം കുത്തുന്നതും കൂവി വിളിക്കുന്നതുമൊക്കെ ശ്രീയുടെ പതിവായിരുന്നു. എങ്കിലും അതിനൊക്കെയൊരു വീരപരിവേഷം ചെറുപ്പക്കാരുടെ മനസില്‍ ശ്രീശാന്തിന്‌ കിട്ടിയിരുന്നു.

ഒപ്പം നല്ലൊരു നര്‍ത്തകനും കൂടിയാണ്‌ ശ്രീശാന്ത്‌ എന്ന്‌ വരുമ്പോള്‍ യുവാക്കളുടെ ഐക്കണായി മാറാന്‍ ശ്രീശാന്തിന്‌ എളുപ്പമായിരുന്നു. ഷാരൂഖിനൊപ്പം പൊതുവേദിയില്‍ നൃത്തം വെച്ച ശ്രീശാന്തിന്റെ മികവ്‌ ആരും ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.

പക്ഷെ എല്ലാ നേട്ടങ്ങളും പ്രശസ്‌തിയും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴാന്‍ ഒരു നിമിഷം മതിയാകും. മുമ്പ്‌ മുഹമ്മദ്‌ അസ്‌ഹറുദിനും, അജയ്‌ ജഡേജക്കുമൊക്കെ സംഭവിച്ചതു പോലെ ഇന്ന്‌ ശ്രീശാന്തിന്റെ കരിയറിലും ജീവിതത്തിലും ഒരുപോലെ കരിനിഴല്‍ വീണിരിക്കുന്നു. അത്രവേഗമൊന്നും രക്ഷപെടാന്‍ കഴിയാത്ത കുരുക്ക്‌ തന്നെ. ജീവനു തുല്യം സ്‌നേഹിക്കേണ്ട കളിയെ നാല്‌പത്‌ വെള്ളിക്കാശിന്‌ ഒറ്റു കൊടുത്തവന്‍ എന്നു മാത്രമല്ല രാജ്യത്തെയും ആരാധകരെയും വഞ്ചിച്ചവന്‍ എന്ന കളങ്കം കൂടി ഇനി ശ്രീശാന്തിന്‌ മേലുണ്ടാകും.

മുമ്പ്‌ ഒരു വിദേശ ക്രിക്കറ്റ്‌ മത്സരത്തിനായി പോകുന്നതിന്‌ മുമ്പ്‌ ടെലിവിഷന്‍ ചാനലില്‍ ശ്രീശാന്ത്‌ എത്തിയപ്പോള്‍ അയാള്‍ക്ക്‌ എടുത്തു പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമായിരുന്നു. `രാജ്യത്തിന്‌ വേണ്ടി കളിക്കാനാണ്‌ ഞാന്‍ പോകുന്നത്‌, നന്നായി കളിക്കാന്‍ നിങ്ങള്‍ എല്ലാവരും എനിക്കായി പ്രാര്‍ഥിക്കണം'. ആരാധകര്‍ തന്നെ പ്രാര്‍ഥനയില്‍ ഓര്‍മ്മിക്കണമെന്ന്‌ പലകുറി എടുത്തു പറഞ്ഞിരുന്നു ശ്രീശാന്ത്‌.

ഇവിടെ ശ്രീശാന്ത്‌ വിക്കെറ്റെടുക്കാനും, സിക്‌സര്‍ പായിക്കാനും ആരാധകര്‍ പ്രാര്‍ഥിക്കുമ്പോള്‍ - അതും ക്രിക്കറ്റ്‌ ഒരു മതം തന്നെയായ ഇന്ത്യയില്‍, ഒരോ തെരുവിലും ക്രിക്കറ്റ്‌ അരങ്ങേറുന്ന ഇന്ത്യയില്‍ - ആ പ്രാര്‍ഥനകള്‍ക്ക്‌ തെല്ലും വിലകൊടുക്കാതെ ഒറ്റുകാരന്റെ കുപ്പായം അണിയുകയായിരുന്നു ശ്രീശാന്ത്‌ എന്നത്‌ ശരിക്കും നിരാശപ്പെടുത്തുന്നത്‌ തന്നെ. മാന്യന്‍മാരുടെ കളിയെന്ന ക്രിക്കറ്റിന്റെ ലേബല്‍ ഒരിക്കല്‍ കൂടി കൈമോശം വന്നിരിക്കുന്നു ഇവിടെ.

താരപരിവേഷം ഉള്ളപ്പോഴും അശ്രദ്ധയുടെയും, അല്‌പം അഹംഭാവത്തിന്റെയും കഥകള്‍ ഏറെ പറയാനുണ്ട്‌ ശ്രീശാന്തിന്‌. മുമ്പ്‌ ബാംഗ്ലൂരില്‍ ശ്രീശാന്തും കൂട്ടുകാരും അവരുടെ ഫ്‌ളാറ്റില്‍ മദ്യപിച്ച്‌ അലമ്പുണ്ടാക്കിയപ്പോള്‍ അയല്‍ക്കാര്‍ പോലീസിനെ ഫോണ്‍ ചെയ്‌തുവരുത്തിയ ഒരു സംഭവമുണ്ട്‌. അന്ന്‌ പോലീസിന്റെ കാലുപിടിച്ചാണ്‌ ശ്രീയും സുഹൃത്തുക്കളും രക്ഷപെട്ടത്‌. അതുപോലെ തന്നെ കൊച്ചി നഗരത്തിലും ഒരുതവണ സ്റ്റാര്‍പവര്‍ കാണിച്ച്‌ ഇളഭ്യനാകേണ്ടി വന്നിട്ടുണ്ട്‌ ശ്രീശാന്തിന്‌. കൊച്ചിയിലെ ഷോപ്പിംഗ്‌ മാളില്‍ തനിക്കടുത്ത്‌ വന്ന ആരാധകനെ പരിഹസിച്ചുകൊണ്ടായിരുന്നു അന്ന്‌ ശ്രീശാന്ത്‌ സ്റ്റാര്‍ പവര്‍ കാണിക്കാന്‍ ശ്രമിച്ചത്‌. സംഭവം അത്യാവശ്യം വാര്‍ത്തയാകുകയും ചെയ്‌തു.

അന്തരാഷ്‌ട്ര ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ പോലും പല തവണ ഗ്രൗണ്ടിലെ അതിരുവിട്ട പ്രകടനങ്ങള്‍ക്കും എതിര്‍ ടീമിലെ ബാസ്റ്റ്‌മാന്‍മാരെ ചീത്ത വിളിച്ചതിനുമെല്ലാം ശ്രീശാന്ത്‌ പഴികേട്ടിട്ടുണ്ട്‌. എന്നാല്‍ ഗ്രൗണ്ടിലെ പ്രകടനങ്ങള്‍ തന്റെ സ്‌പോര്‍ട്ട്‌സ്‌മാന്‍ സ്‌പിരിറ്റിന്റെ ഭാഗമാണെന്ന ന്യായീകരണമാണ്‌ എപ്പോഴും ശ്രീ നിരത്തിയിട്ടുള്ളത്‌.

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരമായി വിലസിയിരുന്ന ശ്രീ പിന്നീട്‌ രഞ്‌ജി ടീമിന്റെ പരിശീലനത്തില്‍ പങ്കെടുക്കാതെ മുങ്ങി നടന്നതും ഒരു സമയത്ത്‌ വിവാദമായിരുന്നു. അന്ന്‌ കോഴിക്കോട്ടെ പ്രശസ്‌തമായ വുമന്‍സ്‌ കോളജില്‍ ആരാധികമാര്‍ക്ക്‌ നടുവില്‍ നിന്നാണ്‌ മാധ്യമങ്ങള്‍ ശ്രീശാന്തിനെ പൊക്കിയത്‌.

ഈ വികൃതിപയ്യന്‍ തന്നെയാണ്‌ 2008ലെ ഐ.പി.എല്‍ മത്സരത്തിനിടയില്‍ ഹര്‍ഭജന്‍ സിംഗിന്റെ കൈയ്യില്‍ നിന്നും അടിവാങ്ങിയതും, ഗ്രൗണ്ടില്‍ നിന്നു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞതും. അന്ന്‌ മലയാളി ശ്രീശാന്തിനൊപ്പം നിന്നു. ശ്രീയുടെ എല്ലാ കുറവുകളും മറന്ന്‌ ശ്രീശാന്തിന്‌ നേരിട്ട അപമാനത്തെ മലയാളി വിമര്‍ശിച്ചു. എന്നാല്‍ അവസാനിച്ചു പോയ ഈ വിവാദം സമീപകാലത്ത്‌ വീണ്ടും ശ്രീശാന്ത്‌ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. അന്ന്‌ കളത്തില്‍ ഹര്‍ഭജന്‍ തന്നെ അടിച്ചിരുന്നില്ലെന്നും, എന്നാല്‍ മോശമായി ഹര്‍ഭജന്റെ ഇടപെടലുകള്‍ എവിടെയും തുറന്നു പറയാതിരുന്നത്‌ ടീമിനെ അത്‌ ബാധിക്കരുതെന്ന്‌ കരുതിയിട്ടാണെന്നുമായിരുന്നു ശ്രീശാന്ത്‌ ട്വിറ്ററില്‍ കമന്റ്‌ ചെയ്‌തത്‌. എന്നാല്‍ ഇത്‌ വലിയ വിവാദമാകാതെ കെട്ടടങ്ങി. പക്ഷെ ശ്രീശാന്തിന്റെ ഈ ട്വിറ്റിന്‌ പിന്നില്‍ വലിയ കാര്യമുണ്ടെന്ന്‌ ഇപ്പോള്‍ വ്യക്തമാകുന്നുമുണ്ട്‌.

ശ്രീശാന്തിന്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുമായും ഹര്‍ഭജന്‍ സിംഗുമായും വ്യക്തി വിരോധമുണ്ടെന്ന്‌ ശ്രീശാന്തിന്റെ അച്ഛന്റെ വാക്കുകളില്‍ വ്യക്തം. ശ്രീശാന്തിനെ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ ഇത്‌ ധോണിയുടെയും ഹര്‍ഭജന്റെയും ഗൂഡാലോചനയാണെന്നായിരുന്നു ആദ്യം ശ്രീശാന്തിന്റെ അച്ഛന്‍ പ്രതികരിച്ചത്‌. ശ്രീശാന്തിന്‌ ധോണിയും ഹര്‍ഭജനുമായി വ്യക്തിപരമായ എന്തൊക്കെയോ വിരോധങ്ങള്‍ നിലനില്‍ക്കുന്നു എന്ന്‌ തന്നെയാണ്‌ ഇതില്‍ നിന്നും മനസിലാക്കേണ്ടത്‌. 2008ല്‍ ഹര്‍ഭജന്‍ ശ്രീശാന്തിനെ കളത്തില്‍ വെച്ച്‌ അടിച്ചത്‌ മുതല്‍ തുടങ്ങിയതായിരിക്കില്ല ഈ പ്രശ്‌നങ്ങള്‍. അതിനും മുമ്പു തന്നെ ഇവര്‍ക്കിടയില്‍ പുകുഞ്ഞു കൊണ്ടിരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ അടിയില്‍ കലാശിച്ചതാവാനേ വഴിയുള്ളു. ഇതേ പ്രശ്‌നം ഇപ്പോഴും പല രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നു എന്നും മനസിലാക്കണം. ശ്രീശാന്തിനെ ഇനി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കില്ലെന്ന്‌ ഭീഷണിപ്പെടുത്തിയതായും ശ്രീയുടെ വീട്ടുകാര്‍ പറയുന്നുണ്ട്‌.

എന്നാല്‍ ഈ സംഭവങ്ങളുമായി ഇപ്പോഴത്തെ വാതുവെയ്‌പ്പിന്‌ ബന്ധമില്ല എന്ന്‌ തന്നെ വേണം മനസിലാക്കാന്‍. അതുകൊണ്ടു തന്നെയാണ്‌ കേസിന്റെ ഗൗരവം മനസിലാക്കയപ്പോള്‍ ധോണിക്കും ഹര്‍ഭജനുമെതിരെയുള്ള ആരോപണങ്ങള്‍ ശ്രീയുടെ വീട്ടുകാര്‍ പിന്‍വലിച്ചത്‌. ഡല്‍ഹി പോലീസ്‌ കമ്മീഷണറും ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു.

ഐ.പി.എല്‍ എന്നത്‌ പണത്തിന്റെ മാമാങ്കമാണെന്ന്‌ ഏവര്‍ക്കുമറിയാം. ടെസ്റ്റ്‌ ക്രിക്കറ്റിന്റെയും ഏകദിനക്രിക്കറ്റിന്റെയും കായിക സൗന്ദര്യം നശിപ്പിക്കുന്ന ഒന്നായിട്ട്‌ മാത്രമേ ഐ.പി.എല്‍ എന്ന പണക്കൊഴുപ്പ്‌ മേളയെ നല്ല ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ കാണു. മാധ്യമങ്ങളിലൂടെ കിട്ടുന്ന അമിത പ്രശസ്‌തിയാണ്‌ യഥാര്‍ഥത്തില്‍ ഐ.പി.എല്ലിനെ വളര്‍ത്തിയത്‌. അവിടം വാതുവയ്‌പ്പിന്റെ പ്രധാന കേന്ദ്രമാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഇന്ത്യയില്‍ ഇപ്പോഴും വാതുവയ്‌പ്പ്‌ നിയന്ത്രിക്കുന്നതും പഴയ മുംബൈ അധോലോകത്തിലെ ദാവൂദ്‌ ഇബ്രാഹീം കമ്പിനി തന്നെയെന്നതും പരസ്യമായ രഹസ്യം. വാതുവയ്‌പ്പിനായി തങ്ങള്‍ക്ക്‌ ഇണങ്ങിയ താരങ്ങളെ പണം നല്‍കിയും പണത്തിന്‌ വഴങ്ങാത്തവരെ ഭീഷിണിപ്പെടുത്തിയുമാണ്‌ അധോലോകം തങ്ങളുടെ മാഫിയ പ്രവര്‍ത്തനം നടത്തുന്നത്‌. അതിനെ എതിര്‍ത്തു നില്‍ക്കുന്ന മാന്യമാരായ കളിക്കാര്‍ നിരവധിയുണ്ട്‌. വീണു പോകുന്നവരും സുലഭം. ശ്രീശാന്തിനും കുട്ടുകാര്‍ക്കും പറ്റിയതും അതു തന്നെ. എന്നാല്‍ രാജ്യത്തിന്റെ ശത്രുവായി പ്രഖ്യാപിച്ച അധോലക നായകനുമായി നടത്തിയ ഇടപാട്‌ വാതുവയ്‌പ്പ്‌ കേസും കടന്ന്‌ പോകുമെന്ന സൂചനയാണ്‌ ഇപ്പോഴുള്ളത്‌. ദേശവിരുദ്ധ പ്രവര്‍ത്തനമായി കരുതിയിട്ടുള്ള നടപടികള്‍ പോലും ഉണ്ടായേക്കാമെന്നാണ്‌ സൂചനകള്‍. അങ്ങനെയെങ്കില്‍ ശ്രീശാന്തിന്‌ മേല്‍ വീണ കുരുക്കുകള്‍ കൂടുതല്‍ മുറുകുമെന്ന്‌ ഉറപ്പ്‌. ക്രിക്കറ്റില്‍ നിന്നും ആജിവനാന്ത വിലക്ക്‌, മറ്റു ശിക്ഷകള്‍ എന്നിവയാണ്‌ അങ്ങനെയെങ്കില്‍ ശ്രീശാന്തിനെ കാത്തിരിക്കുന്നത്‌.

എല്ലാത്തിനുമപരി ക്രിക്കറ്റിനെ ഒരു നല്ല കളിയില്‍ നിന്നും വാതുവെയ്‌പ്പിന്റെ ചൂതാട്ടമാക്കി മാറ്റിയതില്‍ ക്രിക്കറ്റ്‌ ബോര്‍ഡിനും, താരങ്ങള്‍ക്കും, മാധ്യമങ്ങള്‍ക്കുമെല്ലാം പങ്കുണ്ട്‌. ഐ.പി.എല്‍ പോലുള്ള ചിയര്‍ ഗേള്‍സ്‌ മാമാങ്കള്‍ നിയന്ത്രിച്ചു നിര്‍ത്തേണ്ടതും അനാവശ്യ പബ്ലിസിറ്റി കൊടുക്കുന്നതുമെല്ലാം ഒഴിവാക്കേണ്ടത്‌ തന്നെ. സാധാരണക്കാരന്റെ പണമാണ്‌ ഇവിടെ ചൂഷണം ചെയ്‌ത്‌ വന്‍കിട കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക്‌ പോകുന്നത്‌. അങ്ങനെയെങ്കില്‍ ഐ.പി.എല്‍ മാമാങ്കം ക്രിക്കറ്റിനെ ചൂഷണത്തിന്റെ കളിയാക്കി മാറ്റിയിരിക്കുന്നുവെന്നും പറയാം.

പിന്‍കുറിപ്പ്‌ - രാജ്യം ഒരു അഗ്നിപര്‍വ്വതത്തിനു മുകളില്‍ ഇരിക്കുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ ജനങ്ങളില്‍ ക്രിക്കറ്റ്‌, മതം, സിനിമ, ഫാഷന്‍ മുതലായ മയക്കുമരുന്നുകള്‍ കുത്തിവെക്കുന്നു. അവരുടെ ലക്ഷ്യം വളരെ ലളിതമാണ്‌. ദാരിദ്രത്തിനും അഴിമതിക്കും അനീതിക്കുമെതിരെ പ്രതികരിക്കുന്നവരെ ഈ മയക്കുമരുന്നുകള്‍ കുത്തിവെച്ച്‌ നിശബ്‌ദമാക്കുക. - ജസ്റ്റിസ്‌ മാര്‍ക്കണ്‌ഡേയ കട്‌ജു പറഞ്ഞത്‌.
ഈ കളി എന്തിനായിരുന്നു ശ്രീശാന്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക