Image

സ്റ്റാര്‍പവര്‍ ജാഡകള്‍ അതിരുകടക്കുമ്പോള്‍

Published on 17 May, 2013
സ്റ്റാര്‍പവര്‍ ജാഡകള്‍ അതിരുകടക്കുമ്പോള്‍
എന്തായാലും ശ്രീശാന്ത്‌, രഞ്‌ജനി ഹരിദാസിനെയും കലാഭവന്‍ മണിയെയും രക്ഷിച്ചു എന്നു തന്നെ പറയണം. അല്ലെങ്കില്‍ ഈ ദിവസങ്ങളിലെല്ലാം ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കേണ്ടവര്‍ രഞ്‌ജിനി ഹരിദാസും കലഭാവന്‍ മണിയുമായിരുന്നു. എങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളിലും വാര്‍ത്തകളിലും സ്റ്റാര്‍ പവര്‍ പ്രകടനത്തിന്റെ പേരില്‍ രഞ്‌ജിനിയും മണിയും വിമര്‍ശനങ്ങളേറ്റുവാങ്ങുന്നുണ്ടായിരുന്നു.

ഡ്യൂട്ടിയിലായിരുന്ന വനംവകുപ്പ്‌ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിന്റെ പേരിലാണ്‌ കലാഭവന്‍ മണിക്കെതിരെയുള്ള പരാതി. അതിരപ്പള്ളി വഴി പോകുകയായിരുന്ന മണിയുടെ വാഹനം വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥിരം വാഹന പരിശോധനക്കായി കൈകാണിച്ചു തടഞ്ഞു. എന്നാല്‍ പരിശോധനക്ക്‌ കലാഭവന്‍ മണി വിസമ്മതിച്ചു. ഈ സമയം വാഹനത്തില്‍ മണിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. തുടര്‍ന്ന്‌ മണിയും സുഹൃത്തുക്കളും തങ്ങളെ കയ്യൈറ്റം ചെയ്‌തെന്നാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പോലീസിന്‌ പരാതി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്‌ അപമാനിച്ചതെന്ന്‌ മണിയും പരാതി നല്‍കിയിട്ടുണ്ട്‌. സംഭവത്തിന്റെ നിജസ്ഥിതി ഇനിയും അറിയാനിരിക്കുന്നതേയുള്ളു.
എന്നാല്‍ രഞ്‌ജിനി ഹരിദാസിന്റെ കാര്യത്തില്‍ നിജസ്ഥിതി എല്ലാവര്‍ക്കും വെളിപ്പെട്ടു കഴിഞ്ഞു. താരപ്പകിട്ടിന്റെ അഹങ്കാരത്തില്‍ പ്രവാസിമലയാളിക്കെതിരെ അവഹേളനവും അസഭ്യവും ചൊരിഞ്ഞ രഞ്‌ജിനി ഹരിദാസ്‌ നെടുമ്പാശി എയര്‍പോര്‍ട്ടിലെ സി.സി.ടി.വി വീഡിയോകളില്‍ വ്യക്തമായും പതിഞ്ഞിട്ടുണ്ടെന്നാണ്‌ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരില്‍ നിന്നും അനൗദ്യോഗികമായി അറിഞ്ഞ വിവരം. `ഉന്നതന്‍മാര്‍ക്കിടയിലെ' ബന്ധങ്ങള്‍ ഉപയോഗിച്ച്‌ രഞ്‌ജിനി കേസ്‌ തിരിച്ചു മറിച്ചെടുത്തില്ലെങ്കില്‍ പ്രവാസി മലയാളി ബിനോയി പറഞ്ഞതെല്ലാം സത്യമെന്ന്‌ ജനങ്ങള്‍ അറിയുക തന്നെ ചെയ്യും.

കോട്ടയം പള്ളിക്കത്തോട്‌ സ്വദേശിയും ന്യുയോര്‍ക്കില്‍ നിര്‍മ്മാണ കമ്പിനി നടത്തുകയും ചെയ്യുന്ന ബിനോയിയും മലയാള ടെലിവിഷന്‍ രംഗത്തെ പ്രമുഖയുമായ രഞ്‌ജിനി ഹരിദാസും തമ്മില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ പ്രശ്‌നങ്ങള്‍ മലയാളികള്‍ അല്‌പം അമ്പരപ്പോടെയാണ്‌ കേട്ടത്‌. രണ്ടു മൂന്നു ദിവസങ്ങളായി മലയാളികളെക്കൊണ്ട്‌ മലയാളികള്‍ നാണക്കേട്‌ സാമ്പാദിച്ചുകൊണ്ടിരിക്കുകയാണല്ലോ.

നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ ക്യൂവില്‍ ബിനോയിയും കുടുംബവും നില്‍ക്കുമ്പോള്‍ ക്യൂ തെറ്റിച്ച്‌ കടന്നു കയറാന്‍ ശ്രമിച്ച രഞ്‌ജിനിയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. രഞ്‌ജിനിക്കൊപ്പം സുരാജ്‌ വെഞ്ഞാറമൂടും മറ്റൊരു സീരിയല്‍ നടിയും ഏതാനും സുഹൃത്തുക്കളുമുണ്ടായിരുന്നു. എന്നാല്‍ ക്യൂവില്‍ മര്യാദകള്‍ തെറ്റിച്ച്‌ കടന്നു കയറിയ രഞ്‌ജിനിയെ ചോദ്യം ചെയ്‌ത ബിനോയിയെ രഞ്‌ജിനി അസഭ്യം പറയുകയായിരുന്നു എന്ന്‌ ബിനോയിയുടെ ഭാര്യ രഞ്‌ജിനിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ബിനോയി തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാണ്‌ രഞ്‌ജിനി പോലീസില്‍ നല്‍കിയ പരാതി.

എന്നാല്‍ രഞ്‌ജിനി പറഞ്ഞത്‌ പച്ചക്കള്ളമാണെന്ന്‌ എയര്‍പോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. ബിനോയിയുമായി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ രഞ്‌ജിനി ആദ്യം സൂപ്പര്‍താരം സുരേഷ്‌ഗോപിയുമായി മൊബൈല്‍ ബന്ധപ്പെട്ടുവെന്നും തുടര്‍ന്ന്‌ സംസ്ഥാനത്തെ ഒരു ഉന്നത ഐ.പി.എസ്‌ ഉദ്യോഗസ്ഥനുമായും ഫോണില്‍ ബന്ധപ്പെട്ടുവെന്നും പറയപ്പെടുന്നു. തുടര്‍ന്ന്‌ എയര്‍പോട്ടിലുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി രഞ്‌ജിനയുടെ വക്കാലത്ത്‌ ഏറ്റെടുക്കുകയായിരുന്നു.

ഇവിടെയാണ്‌ ആരാണ്‌ രഞ്‌ജിനി ഹരിദാസ്‌ എന്ന ചോദ്യമുയരുന്നത്‌. സ്റ്റാര്‍സിംഗര്‍ എന്ന റിയാലിറ്റി ഷോയിലെ അവതാരക എന്നത്‌ മാത്രമാണ്‌ രഞ്‌ജിനിക്ക്‌ എടുത്തു പറയാനുള്ള മേല്‍വിലാസം. ഒപ്പം നാട്ടിലും വിദേശത്തുമായി നിരവധി സ്റ്റേജ്‌ ഷോകളിലെ അവതാരക സ്ഥാനവും. സ്റ്റാര്‍സിംഗര്‍ മലയാളി വീടുകളിലെ പ്രധാന പോഗ്രമായപ്പോള്‍ അതുവഴി താരമായത്‌ രഞ്‌ജിനി കൂടിയായിരുന്നു. എന്നാല്‍ എന്നും തരംതാണ വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു രഞ്‌ജിനി.

മലയാള ഭാഷയുടെ തന്നെ വികലമായ സംസാരം കൊണ്ടാണ്‌ രഞ്‌ജിനി എപ്പോഴും ശ്രദ്ധ നേടിയത്‌. ഇംഗ്ലീഷ്‌ കലര്‍ത്തിയുള്ള രഞ്‌ജിനിയുടെ സംസാരം ജാഡകള്‍ നിറഞ്ഞ ഒരു ശതമാനം മലയാളി ഏറ്റെടുത്തു. സുരാജ്‌ വെഞ്ഞാറമൂട്‌ `തിരുവന്തോരം' മലയാളം പറയുമ്പോഴുള്ള ഒരു ചിരിക്കപ്പുറത്ത്‌ ഭൂരിപക്ഷം മലയാളിക്കും ഇതില്‍ വലിയ മികവൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ വികലമലയാളത്തിന്റെ പ്രധാന വക്താവായ രഞ്‌ജിനിയെ പിന്നീട്‌ കേരളത്തിലെ വുമണ്‍ ഐക്കണായി രഞ്‌ജിനിയുടെ സ്വന്തം ചാനല്‍ തന്നെ ഉയര്‍ത്തിക്കൊണ്ടു വരുകയായിരുന്നു. മലയാളം അറിയില്ലെന്നും വായിക്കാന്‍ കഴിയില്ലെന്നും പറയുന്നത്‌ വലിയൊരു സ്റ്റാറ്റസ്‌ സിംബലായി കാണുന്ന ഒരു വിഭാഗത്തെ സൃഷ്‌ടിക്കാന്‍ മാത്രമാണ്‌ രഞ്‌ജിനിയുടെ താരപരിവേഷം കൊണ്ട്‌ സാധിച്ചത്‌. എന്നാല്‍ വമ്പന്‍ പാര്‍ട്ടികളെ സ്ഥിരം സാന്നിധ്യമായ രഞ്‌ജിനിയെ തുറന്നെതിര്‍ക്കാന്‍ അധികമാരുമുണ്ടായിരുന്നില്ല.

അവസാനം ഒരു ചാനല്‍ വേദിയില്‍ മലയാളിയുടെ അഭിമാനം ജഗതി ശ്രീകുമാറാണ്‌ അതിന്‌ ധൈര്യം കാണിച്ചത്‌. രഞ്‌ജിനിയുടെ വികലമലയാളം ശുദ്ധമലയാളത്തെ വഴിതെറ്റിക്കുമെന്ന്‌ തുറന്നു പറയാനും രഞ്‌ജിനിയെ രഞ്‌ജിനിയുടെ സാന്നിധ്യത്തില്‍ തന്നെ വിമര്‍ശിക്കാനും ജഗതി അന്ന്‌ തയാറായി. ആരോഗ്യകരമായ വിമര്‍ശനമായിരുന്നു അന്ന്‌ ജഗതിയുടേത്‌.

എന്നാല്‍ ഇതിനെതിരെ രഞ്‌ജിയുടെ വിമര്‍ശനം ഏറെ തരംതാണു പോയിരുന്നു. ഒരു ഇംഗ്ലീഷ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ജഗതി ശ്രീകുമാറിനെ `മിസ്റ്റര്‍ മൂണ്‍' (ജഗതിയെ എല്ലാവരും സ്‌നേഹത്തോടെ `അമ്പിളി' എന്നും വിളിക്കാറുണ്ട്‌) എന്ന്‌ വിളിച്ച്‌ പരിഹസിക്കുകയായിരുന്നു രഞ്‌ജിനി ചെയ്‌തത്‌. മാത്രമല്ല ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു എന്ന അഹങ്കാരമാണ്‌ ജഗതിക്കെന്നും രഞ്‌ജിനി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന്റെ വിമര്‍ശനം അന്ന്‌ ആവോളം ഏറ്റുവാങ്ങിയിരുന്നു രഞ്‌ജിനി.

ഇതിനൊപ്പം പൊതുവേ സദാചാര വാദികളായ മലയാളികളുടെയും വിമര്‍ശനത്തിന്‌ പാത്രമായിട്ടുണ്ട്‌ രഞ്‌ജിനി മുമ്പും. രണ്ടു വര്‍ഷം മുമ്പ്‌ കൊല്ലത്തെ പ്രമുഖ ഫൈവ്‌ സ്റ്റാര്‍ ഹോട്ടല്‍ ഉദ്‌ഘാടനത്തിന്റെ നൈറ്റ്‌ പാര്‍ട്ടിയില്‍ പ്രമുഖനായ ഒരു രാഷ്‌ട്രീയ നേതാവിനൊപ്പം ലഹരിയില്‍ നൃത്തമാടിയ രഞ്‌ജിനിയുടെ കഥ പരസ്യമായ രഹസ്യമായിരുന്നു. സൈബര്‍ ലോകത്ത്‌ പ്രചരിച്ച രഞ്‌ജിനിയുടേത്‌ എന്ന്‌ കരുതപ്പെടുന്ന ഒരു യുവാവുമൊത്തുള്ള ലിപ്‌ലോക്ക്‌ ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇത്‌ രഞ്‌ജിനിയുടേതല്ലെന്ന വെളിപ്പെടുത്തലും പിന്നാലെയെത്തി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗിനായെത്തി ക്യൂ തെറ്റിച്ച്‌ ആദ്യം വോട്ട്‌ ചെയ്യാന്‍ ശ്രമിച്ച കാവ്യ മാധവനേക്കാള്‍ ഒട്ടും പിന്നിലല്ല രഞ്‌ജിനി എന്ന്‌ നെടുമ്പാശേരി എയര്‍പോര്‍ട്ട്‌ സംഭവം തെളിയിക്കുന്നു. എന്നാല്‍ കാവ്യയുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ രഞ്‌ജിനി ആരെന്ന ചോദ്യമാണ്‌ ഇവിടെ പ്രസക്തമാകുന്നത്‌. ചാനല്‍ പോഗ്രാം അവതാരക എന്നതിനപ്പുറം എന്ത്‌ പ്രസക്തിയാണ്‌ രഞ്‌ജിനിക്ക്‌ നല്‍കേണ്ടത്‌. കഴിഞ്ഞ വര്‍ഷം ചാനല്‍ പരിപാടികളെല്ലാം നിര്‍ത്തി രഞ്‌ജിനി സിനിമാ അഭിനയം തുടങ്ങിയിരുന്നു. ബാബുരാജ്‌ നായകനായ എന്‍ട്രി എന്ന സിനിമയിലാണ്‌ രഞ്‌ജിനി അഭിനയിച്ചത്‌. ഈ സിനിമ തീയേറ്ററില്‍ റിലീസ്‌ ചെയ്‌ത്‌ വമ്പന്‍ പരാജയമായിരുന്നു. പിന്നീട്‌ കാര്യമായ ഒരു ചിത്രം പോലും രഞ്‌ജിനിക്ക്‌ ലഭിച്ചില്ല.

പിന്നെന്തിന്റെ പേരിലാണ്‌ എയിര്‍പോര്‍ട്ട്‌ അധികൃതരും പോലീസുകാരും രഞ്‌ജിനിക്ക്‌ മുമ്പില്‍ വിനയാന്വതരാകുന്നത്‌. വെറും ഒരു വാക്കു തര്‍ക്കത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ്‌ ഉദ്യോഗസ്ഥനെ നേരിട്ട്‌ വിളിച്ച്‌ പരാതി പറയാന്‍ രഞ്‌ജിനിക്ക്‌ കഴിയുന്നുവെങ്കില്‍ ഇതിനെ എങ്ങനെയാണ്‌ ജനാധിപത്യ സംവിധാനമായി കരുതുക. ഇതൊക്കെ അനുവദിച്ചു കൊടുക്കുന്ന പോലീസ്‌ ഏമാന്‍മാരെ പറഞ്ഞാല്‍ മതിയല്ലോ.

ഒരു താരമാകുന്നത്‌ പലവിധമാണ്‌. അതില്‍ മികച്ച പ്രതിഭയില്‍ വന്നവര്‍ ഏറെപ്പേരുണ്ട്‌ കേരളത്തില്‍. എന്നാല്‍ ഇതേ കേരളത്തില്‍ നിന്നാണ്‌ സന്തോഷ്‌ പണ്‌ഡിറ്റും വന്നത്‌. കോപ്രായങ്ങള്‍ കാണിച്ച്‌ അയാളും താരമാകുന്നു. വികല മലയാളം പറഞ്ഞും വിവരക്കേട്‌ പറഞ്ഞും രഞ്‌ജിനിയും താരമായി എന്നതാണ്‌ യഥാര്‍ഥ്യം. അതിനപ്പുറം ആരാണ്‌ ഈ രഞ്‌ജിനി ഹരിദാസ്‌?

പിന്‍കുറിപ്പ്‌ - ഹൈദ്രബാദിലെ പൊതു നിരത്തില്‍ തന്റെ കാറിന്‌ വഴിമാറിയില്ല എന്ന കാരണം പറഞ്ഞ്‌ ഐ.ടി കമ്പിനി ജീവനക്കാരനെ, ചിരംഞ്‌ജീവി പുത്രനും യുവചലച്ചിത്രതാരവുമായ രാം ചരണ്‍ തേജ വാഹനം തടഞ്ഞ്‌ സെക്യൂരിറ്റി ജീവനക്കാരെക്കൊണ്ട്‌ മര്‍ദ്ദിപ്പിച്ചു. അടികൊണ്ട പാവം ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌. - സ്റ്റാര്‍ പവറും തെമ്മാടിത്തരങ്ങളും അതിരുകടക്കുകയാണ്‌ ഇന്ത്യയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക