Image

ഒബാമ ബുഷിനേക്കാള്‍ കേമനല്ലെന്ന്‌ സര്‍വെ (അങ്കിള്‍ സാം വിശേഷങ്ങള്‍)

Published on 25 September, 2011
ഒബാമ ബുഷിനേക്കാള്‍ കേമനല്ലെന്ന്‌ സര്‍വെ (അങ്കിള്‍ സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: യുഎസ്‌ പ്രസിഡന്റെന്ന നിലയില്‍ ബറാക്‌ ഒബാമയുടെ പ്രവര്‍ത്തനം തന്റെ മുന്‍ഗാമിയായ ജോര്‍ജ്‌ ബുഷിനേക്കാള്‍ ഒട്ടും മെച്ചപ്പട്ടതല്ലെന്ന്‌ സര്‍വെ. ഒബാമ ഭരണം ബുഷിന്റേതിന്‌ സമാനമോ അതിനേക്കാള്‍ മോശമോ ആണെന്നാണ്‌ യുഎസ്‌എ ടുഡേ/ഗ്യാലപ്‌ പോള്‍ സര്‍വെയില്‍ പങ്കെടുത്ത 56 ശതമാനം അമേരിക്കക്കാരുടെയും അഭിപ്രായം. സര്‍വെയില്‍ പങ്കെടുത്ത 34 ശതമാനം പേരും ഒബാമ ഭരണം ബുഷ്‌ കാലഘട്ടത്തേക്കാള്‍ മോശമാണെന്ന്‌ പറഞ്ഞപ്പോള്‍ 22 ശതമാനം പേരും ബുഷ്‌ ഭരണത്തിന്‌ സമാനമാണെന്ന്‌ അഭിപ്രായപ്പെട്ടു.

സ്വതന്ത്ര വോട്ടര്‍മാരില്‍ 67 ശതമാനം പേരും ഒബാമ ഭരണം ബുഷ്‌ ഭരണത്തിന്‌ സമാനമോ അതിനേക്കാള്‍ മോശമോ ആണെന്ന്‌ അഭിപ്രായപ്പെട്ടപ്പോള്‍ 85 ശതമാനം പേര്‍ ഒബാമ ഭരണം ബില്‍ ക്ലിന്റന്‍ ഭരത്തേക്കാള്‍ മോശമാണെന്ന്‌ അഭിപ്രായപ്പെട്ടു. 12 ശതമാനം പേര്‍ മാത്രമെ ഒബാമ ഭരണം ക്ലിന്റന്‍ ഭരണത്തേക്കാള്‍ മെച്ചമാണെന്ന്‌ അഭിപ്രായപ്പെട്ടുള്ളു. സെപ്‌റ്റംബര്‍ 15നും 18നും ഇടയില്‍ 1004 അമേരിക്കക്കാരെ പങ്കെടുപ്പിച്ചാണ്‌ സര്‍വെ നടത്തിയത്‌.

ഉയരക്കുറവില്‍ യുഎസ്‌ പൂച്ചയ്‌ക്ക്‌ ഗിന്നസ്‌ റെക്കോര്‍ഡ്‌

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചയെന്ന റെക്കോര്‍ഡ്‌ കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലുള്ള `ഫിസ്‌ ഗേള്‍' എന്ന പൂച്ചയ്‌ക്ക്‌. സാധാരണ പൂച്ചകളുടെ ഉയരം പത്ത്‌ ഇഞ്ചാണെങ്കില്‍ വെറും ആറിഞ്ചാണ്‌ ഫിസിന്റെ ഉയരം.

ചെറിയ കാലുകള്‍ക്ക്‌ പേരുകേട്ട മഞ്ച്‌കിന്‍ ബ്രീഡില്‍ പെടുന്നതാണ്‌ ഫിസ്‌.പൂച്ചയ്‌ക്ക്‌ മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഗിന്നസ്‌ ബുക്കില്‍ ഇടം നേടാനായതില്‍ സന്തോഷമുണ്‌ടെന്നും പൂച്ചയുടെ ഉടമയായ ടിഫാനി ജെല്‍ഡര്‍ഗാര്‍ഡ്‌ പറഞ്ഞു.

കറുത്തവര്‍ഗക്കാര്‍ തന്റെ പിന്നില്‍ അണിനിരക്കണമെന്ന്‌ ഒബാമ

വാഷിംഗ്‌ടണ്‍:രാജ്യത്തെ കറുത്ത വര്‍ഗക്കാര്‍ തന്റെ പിന്നില്‍ ശക്തമായി അണിനിരക്കണമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ. തളര്‍ച്ചയിലായ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കുതിപ്പേകാന്‍ കറുത്ത വംശജരും തന്റെ പിന്നില്‍ അണിനിരക്കണമെന്നും കൗക്കസ്‌ അംഗങ്ങളെ അഭിസംബോധന ചെയ്യവെ ഒബാമ പറഞ്ഞു. പരാതികള്‍ പറയുന്നതും അതൃപ്‌തി പ്രകടിപ്പിക്കുന്നതും കരയുന്നതും നിര്‍ത്തി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക്‌ കറുത്ത വംശജര്‍ പൂര്‍ണപിന്തുണ നല്‍കണമെന്നും ഒബാമ പറഞ്ഞു.

അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ക്കിടയിലെ തൊഴിലില്ലായ്‌മാ നിരക്ക്‌ 16.7 ശതമാനമാണ്‌. ദേശീയ ശരാരശരിയുടെ ഇരട്ടിയാണിത്‌. ഇതിനു പുറമെ 40 ശതമാനം അഫ്രോ-അമേരിക്കന്‍ കുട്ടികളും ദാരിദ്ര്യരേഖക്ക്‌ താഴെയാണ്‌ ജീവിക്കുന്നത്‌. കറുത്ത വംശജര്‍ക്കായി കാര്യമായൊന്നും ചെയ്യാത്തതില്‍ ഡമോക്രാറ്റ്‌ പാര്‍ട്ടിയില്‍ നിന്നു തന്നെ ഒബാമയ്‌ക്ക്‌ നേരത്തെ എതിര്‍പ്പ്‌ നേരിടേണ്‌ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന.

ഇനി നിങ്ങളെ ഇഷ്‌ടമില്ലാത്തവരെയും ഫേസ്‌ബുക്കില്‍ കണ്‌ടെത്താം

ന്യൂയോര്‍ക്ക്‌: ഗൂഗിള്‍ പ്ലസിന്റെ വെല്ലുവിളി അതിജീവിക്കാന്‍ ഫേസ്‌ബുക്ക്‌ ഒരുങ്ങിത്തന്നെയാണ്‌. ഓരോ ദിവസവും പുതിയ സവിശേഷതകളുമായി എത്തുന്ന ഫേസ്‌ബുക്കിലെ ഏറ്റവും പുതിയ സവിശേഷതയാണ്‌ നിങ്ങളെ ഫ്രണ്‌ട്‌സ്‌ ലിസ്റ്റില്‍ നിന്ന്‌ ഒഴിവാക്കിയവരെയും കണ്‌ടെത്താമെന്നത്‌. ഫേസ്‌ബുക്കിലെ `ടൈംലൈന്‍' ഫീച്ചറാണ്‌ യൂസര്‍മാര്‍ക്ക്‌ ഈ സൗകര്യം നല്‍കുന്നത്‌.

യൂസര്‍മാര്‍ തങ്ങളുടെ അക്കൗണ്‌ടില്‍ ഇതുവരെ ചെയ്‌ത എല്ലാ കാര്യങ്ങളും ടൈംലൈനിലൂടെ അറിയാനാവും. നിലവില്‍ തങ്ങളെ സൗഹൃദ ലിസ്റ്റില്‍ നിന്ന്‌ ഒഴിവാക്കിയതാരെന്ന്‌ അറിയാന്‍ യൂസര്‍മാക്ക്‌ കഴിയുമായിരുന്നില്ല. ലോകവ്യാപകമായി 800 മില്യണ്‍ യൂസര്‍മാരാണ്‌ ഇപ്പോള്‍ ഫേസ്‌ബുക്കിനുള്ളത്‌.

നെവാഡ കാസിനോ വെടിവെയ്‌പ്പില്‍ ഒരാള്‍ മരിച്ചു

ലോസ്‌എയ്‌ഞ്ചല്‍സ്‌: മോട്ടോര്‍ സൈക്കിള്‍ ടീം അംഗങ്ങള്‍ തമ്മില്‍ നടന്ന വെടിവെയ്‌പ്പില്‍ പടിഞ്ഞാറന്‍ നെവാഡയിലെ സ്‌പാര്‍ക്കില്‍ ഒരാള്‍ മരിച്ചു. രണ്‌ടു പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ്‌ വെടിവെയ്‌പ്പുണ്‌ടായത്‌.

ഹെല്‍സ്‌ എയ്‌ഞ്ചല്‍സ്‌ ക്ലബ്ബ്‌ അംഗങ്ങളും വാഗോസ്‌ ക്ലബ്ബ്‌ അംഗങ്ങളും തമ്മിലാണ്‌ വെടിവെയ്‌പ്പുണ്‌ടായത്‌. ഇരു ക്ലബ്ബിലെയും മുപ്പതോളം അംഗങ്ങളായിരുന്നു പരസ്‌പരം ഏറ്റുമുട്ടിയത്‌. സംഭവത്തെത്തുടര്‍ന്ന്‌ സ്‌പാര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ബൈക്ക്‌ റേസ്‌ നിരോധിക്കുകയും ചെയ്‌തു.

വനേസ ഹഡ്‌ജന്‍സും `ഓം' കാരത്തില്‍

നെവാഡ: `ഓം'കാരത്തിന്‌ ഹോളിവുഡ്‌ സെലിബ്രിറ്റികള്‍ക്കിടയില്‍ പ്രിയമേറുന്നു. ഹോളിവുഡ്‌ നടിയും ഗായികയുമായ വനേസ ഹഡ്‌ജന്‍സാണ്‌ ഒടുവിലായി ശരീരത്തില്‍ `ഓം' എന്ന ടാറ്റു പതിച്ചിരിക്കുന്നത്‌.മറ്റൊരു ഹോളിവുഡ്‌ താരമായ ആഷ്‌ലി ടിസ്‌ഡാലെയ്‌ക്കൊപ്പമാണ്‌ വനേസയും `ഓം' എന്ന ടാറ്റൂ ശരീരത്തില്‍ പതിച്ചത്‌.

മാന്‍ഹട്ടനിലെ പ്രശസ്‌ത ടാറ്റു കലാകരനായ ബാംഗ്‌ ബാംഗ്‌ ആണ്‌ വനേസയുടെ കൈയ്‌ക്ക്‌ പുറകില്‍ `ഓം'കാരം പതിപ്പിച്ചത്‌. പ്രശസ്‌ത അമേരിക്കന്‍ ഗായിക മൈലി സൈറസും അടുത്തിടെ `ഓം' എന്ന ടാറ്റു ശരീരത്തില്‍ പതിച്ചിച്ചിരുന്നു. ഇത്തരം ടാറ്റു പതിക്കല്‍ വെറും ഫാഷനു വേണ്‌ടി മാത്രമാകരുതെന്നും ഹിന്ദു മതത്തിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അതിനെ ഉള്‍ക്കൊള്ളാന്‍ ഇത്തരത്തില്‍ `ഓം' ടാറ്റു പതിക്കുന്നവര്‍ക്ക്‌ കഴിയണമെന്നും നെവാഡയിലെ ഹിന്ദു സ്റ്റേറ്റ്‌സ്‌മെന്‍ ആയ രാജന്‍ സെഡ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക