Image

താമ്പാ ക്‌നാനായ സമുദായത്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരം

ജയിംസ്‌ പുളിക്കത്തൊട്ടിയില്‍ Published on 26 September, 2011
താമ്പാ ക്‌നാനായ സമുദായത്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരം
താമ്പാ: അമേരിക്കന്‍ ക്‌നാനായ കുടിയേറ്റത്തിന്റെ ഏടുകളില്‍ സ്ഥാനംപിടിച്ചുകൊണ്ട്‌ ക്‌നാനായ കൂട്ടായ്‌മയുടെ പ്രതീകമായി സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ കമ്യൂണിറ്റി സെന്ററിന്റെ ഉദ്‌ഘാടനം സെപ്‌റ്റംബര്‍ 17-ന്‌ നിര്‍വ്വഹിക്കപ്പെട്ടു. എഴുനൂറില്‍പ്പരം അംഗങ്ങള്‍ സാക്ഷ്യംവഹിച്ച ആ ധന്യ മുഹൂര്‍ത്തത്തില്‍ ഫ്‌ളോറിഡാ സ്റ്റേറ്റ്‌ സെനറ്റര്‍ റോണ്ടാ സ്റ്റോംസ്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു.

തമ്പി ഇലവുങ്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റേയും, വിമന്‍സ്‌ ഫോറത്തിന്റെ നേതൃത്വത്തിലുള്ള താലപ്പൊലിയുടേയും അകമ്പടിയോടുകൂടി വിശിഷ്‌ടാതിഥികളെ ഓഡിറ്റോറിയത്തിലേക്ക്‌ ആനയിച്ചു. നാടമുറിക്കല്‍ ചടങ്ങിനുശേഷം ബില്‍ഡിംഗ്‌ നിര്‍മ്മാണത്തിന്‌ സഹായിച്ചവരുടെ 'വാള്‍ ഓഫ്‌ ഹോണര്‍' ഡി.കെ.സി.സി പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം, കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ഷീന്‍സ്‌ ആകശാല എന്നിവര്‍ അനാച്ഛാദനം ചെയ്‌തു. എം.സി ഡെന്നി ഊരാളില്‍ വിശിഷ്‌ടാതിഥികളെ സദസ്സിന്‌ പരിചയപ്പെടുത്തി. സുനില്‍ മാധവപ്പള്ളിലിന്റെ സ്വാഗത പ്രസംഗത്തിനും, കെ.സി.സി.സി.എഫ്‌ പ്രസിഡന്റ്‌ ജോസ്‌ ഉപ്പൂട്ടിലിന്റെ അധ്യക്ഷ പ്രസംഗത്തിനുംശേഷം ഫ്‌ളോറിഡാ സ്റ്റേറ്റ്‌ സെനറ്റര്‍ റോണ്ടാ സ്റ്റോംസ്‌ നിലവിളക്കിന്റെ ആദ്യ തിരികൊളുത്തി കമ്യൂണിറ്റി സെന്റര്‍ താമ്പാ നിവാസികള്‍ക്ക്‌ സമര്‍പ്പിച്ചു. കെ.സി.സി.എന്‍.എ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബേബി ഇല്ലിക്കാട്ടില്‍, ഫിനാന്‍സ്‌ ചെയര്‍മാന്‍ ജയിംസ്‌ ഇല്ലിക്കല്‍, കണ്‍സ്‌ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോമി ചെറുകര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കെ.സി.സി.എഫ്‌ ട്രഷറര്‍ അനില്‍ കാരത്തുരുത്തിലിന്റേയും മുന്‍ കെ.സി.സി.എഫ്‌ പ്രസിഡന്റും ഫിനാന്‍സ്‌ ചെയറുമായ റ്റോമി മ്യാല്‍ക്കരപ്പുറത്തിന്റേയും നേതൃത്വത്തില്‍ കെട്ടിടനിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്ന എല്ലാ കോണ്‍ട്രക്‌ടേഴ്‌സിനേയും, മറ്റെല്ലാ സംഘടനാ ഭാരവാഹികളേയും പ്ലാക്ക്‌ നല്‍കി ആദരിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജോബി ഊരാളിയുടെ നേതൃത്വത്തില്‍ ക്‌നാനായ ചരിത്രത്തെ ആസ്‌പദമാക്കി നടത്തിയ പ്രസംഗ മത്സര വിജയികളെ കാഷ്‌ അവാര്‍ഡ്‌ നല്‍കി അനുമോദിച്ചു.

ജയിംസ്‌ ഇല്ലിക്കല്‍, ഡെയ്‌സി ഇറപുറത്ത്‌, അലക്‌സ്‌ നെടുമ്പള്ളില്‍, ജയ്‌മോന്‍ കട്ടിണശ്ശേരില്‍, ജയിംസ്‌ പവ്വത്ത്‌, സോജി പുതുപ്പറമ്പില്‍, ജോമോന്‍ ചെമ്മരപ്പള്ളില്‍ എന്നിവര്‍ നേതൃത്വം കൊടുത്ത സ്‌നേഹവിരുന്ന്‌ ഗംഭീരമായി.

മത്തായി പഴുക്കായില്‍, ജോയി വട്ടപ്പറമ്പില്‍, ജോമി ചെറുകര, റ്റോമി പവ്വത്ത്‌, സേവ്യര്‍ വണ്ടംകുഴിയില്‍, ഫെലിക്‌സ്‌ മച്ചാനിക്കല്‍ എന്നിവര്‍ അടങ്ങിയ ഡെക്കറേഷന്‍ കമ്മിറ്റി ഓഡിറ്റോറിയത്തെ കമനീയമായി അലങ്കരിച്ചു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി മറ്റമന, ക്‌നാനായ യാക്കോബായ പള്ളി വികാരി ഫാ. മാത്യു തൈക്കുട്ടത്തില്‍, ഗള്‍ഫ്‌ കോസ്റ്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സുനില്‍ മാധവപ്പള്ളില്‍, മുന്‍ കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ സിറിയക്‌ വെട്ടുപാറപ്പുറം, അറ്റ്‌ലാന്റാ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാക്കശ്ശേരില്‍, മയാമി ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ റോജി മണിയാപറമ്പില്‍, അറ്റ്‌ലാര്‍ജ്‌ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ സാജു ചെമ്മലക്കുഴി, വര്‍ക്കി കോരത്‌ എന്നിവര്‍ ആശംകള്‍ അര്‍പ്പിച്ചു.

ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ തുടങ്ങിയ ഉദ്‌ഘാടന സമ്മേളനം മറ്റ്‌ കലാപരിപാടികളോടെ, സ്‌നേഹവിരുന്നിനുശേഷം ഏകദേശം 11.30-ഓടെ സമാപിച്ചു. സജി കടിയമ്പള്ളില്‍, തമ്പി ഇലവുങ്കല്‍ എന്നിവര്‍ നിയന്ത്രിച്ച ശബ്‌ദവും വെളിച്ചവും കണ്ണിനും കാതിനും ഇമ്പമേകി. കെ.സി.സി.സി.എഫിലെ എല്ലാ സബ്‌ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു.
താമ്പാ ക്‌നാനായ സമുദായത്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക