Image

ഇന്‍ഡ്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍: അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്നോട്ട്

അനിയന്‍ ജോര്‍ജ് Published on 26 September, 2011
ഇന്‍ഡ്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍: അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്നോട്ട്

ഇന്‍ഡ്യാ ഗവണ്‍മെന്റില്‍ നിന്നും പ്രവാസി ഇന്‍ഡ്യാകാര്‍ക്ക് ലഭ്യമാകേണ്ട സംരക്ഷണവും അവകാശങ്ങളും പ്രവാസികളെ ബോധ്യപ്പെടുത്തുവാനും, ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും, പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അനാവശ്യ ഫീസുകളും പെനാലിറ്റി ഫീകളും ഒഴിവാക്കാനും വേണ്ടി പ്രവാസി സംഘടനകളെയും മതസംഘടനകളെയും പ്രവാസികളെയും ഒന്നിച്ചു നിര്‍ത്തി മുന്നോട്ടു പോകുവാന്‍ സംഘടനാ നേതാക്കള്‍ തീരുമാനമെടുത്തതായി അനിയന്‍ ജോര്‍ജ് അറിയിച്ചു.

ഇതിന്റെ മുന്നോടിയായി ദേശീയ തലത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ സംഘടനാ നേതാക്കളായ അലക്‌സ് കോശി(NJ), തോമസ് ടി.ഉമ്മന്‍ (NY), ജോണ്‍ .സി.വര്‍ഗീസ് (NY), തോമസ്  കൂവള്ളൂര്‍ (NY), ബാബു സക്കറിയാ (TX), പി.സി. മാത്യൂ (TX), സുഗണന്‍ ഞെക്കാട് (CA), സാം ഉമ്മന്‍ (CA), ജോസഫ് ഔസോ (CA)പത്രമാധ്യമങ്ങളെ പ്രതിനിധീകരിച്ച് മധു കൊട്ടാരക്കര, ജോയിച്ചന്‍ പുതുക്കുളം, മൊയ്‌തീന്‍ പുത്തന്‍ചിറ തുടങ്ങിയവയും പങ്കെടുത്തു.

ഇതിന് മുന്‍പ് പല സംഘടനകളും നേതാക്കളും വ്യക്തിപരമായും, സംയുക്തമായും പ്രവാസികളുടെ ആവശ്യങ്ങളുന്നയിച്ച് നിവേദനങ്ങള്‍ കൊടുത്തുവെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് എല്ലാ സംഘടനകളെയും ഒന്നിപ്പിച്ച് മുന്നോട്ടു പോകുവാന്‍ തീരുമാനമെടുത്തത്.

ഈ മൂവ്‌മെന്റിന്റ് പ്രധാന ലക്ഷ്യങ്ങളിലൊന്ന് പ്രവാസികാര്യ വകുപ്പും ഇന്‍ഡ്യന്‍ എംബസിയും കോണ്‍സുലേറ്റുകളും പ്രവാസി ഇന്‍ഡ്യക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ആനുകൂല്യങ്ങളും വെബ്‌സൈറ്റിലൂടെയും ദൃശ്യ വാര്‍ത്താ മാധ്യമങ്ങളിലൂടെയും ജനങ്ങളെ അറിയിക്കുക എന്നുള്ളതാണ്.
മറ്റൊരു ലക്ഷ്യം പ്രവാസികളുടെ ആവശ്യങ്ങള്‍ ഇലക്‌ട്രോണിക്ക് സംവിധാനത്തിലൂടെ വോട്ട് ചെയ്ത് അധികാരികള്‍ക്ക് നല്‍കുക എന്നുള്ളതുമാണ്.

പ്രവാസികളുടെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ചില്ലെങ്കില്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകളുമായി യോജിച്ച് സമര പരിപാടികള്‍ക്ക് രൂപം നല്‍കുവാനും ഉദ്ദേശിക്കുന്നതായും അനിയന്‍ ജോര്‍ജ് അറിയിച്ചു.

പ്രധാന ആവശ്യങ്ങള്‍

1.പ്രവാസികള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന സറണ്ടര്‍ സെര്‍ട്ടിഫിക്കറ്റ് ഫീയും പെനാല്‍റ്റി എന്ന പേരില്‍ 250 ഡോളര്‍ ചുമത്തുന്നതും നിര്‍ത്തലാക്കുക.
2.നിലവിലുള്ള ഓ.സി.ഐ.കാര്‍ഡ് ഡിജിറ്റല്‍ സംവിധാനത്തിലാക്കി (ഡ്രൈവേര്‍സ് ലൈസന്‍സ് പോലെ) പ്രവാസികള്‍ക്ക് ഇന്‍ഡ്യയില്‍ പ്രൂഫ് ഓഫ് ഐഡി (അഡ്രസ്) ആയി ഉപയോഗിക്കുവാനുള്ള സംവിധാനത്തിലാക്കുക.
3.സന്ദര്‍ശനത്തിനും ദീര്‍ഘകാലാവധിയിലും ഇന്‍ഡ്യയിലേക്ക് പോകുന്ന പ്രവാസികളുടെ മേല്‍ ഡബിള്‍  ടാക്‌സാക്ഷന്‍ ചുമത്താതിരിക്കുക.
4.ഇന്‍ഡ്യയിലുള്ള പ്രവാസികളുടെ വസ്തുവകകള്‍ സംരക്ഷിക്കുവാനായി നിയമനിര്‍മ്മാണം നടത്തുക.
5.ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുകളില്‍ ഇമെയിലിലൂടെയും ടെലിഫോണിലൂടെയും ബന്ധപ്പെടുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കുക.
6.കോണ്‍സുലേറ്റ് അധികാരികള്‍ എല്ലാ മാസവും പത്രക്കാരെയും കമ്മ്യൂണിറ്റി ലീഡേര്‍സിനേയും ഉള്‍പ്പെടുത്തിയുള്ള മീറ്റിംഗില്‍ പുതുതായി ഉണ്ടാകുന്ന മാറ്റങ്ങള്‍ അപ്പ്‌ഡേറ്റ് ചെയ്യുകയും അങ്ങനെയുണ്ടാകുന്ന മാറ്റങ്ങള്‍ മാധ്യമങ്ങള്‍ മുഖേനെ ജനങ്ങളെ അറിയിക്കുക.
7.കോണ്‍സുലേറ്റുകളിലം പ്രത്യേകിച്ച് ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക. മഴയും മഞ്ഞും ഉണ്ടാകുമ്പോള്‍ സന്ദര്‍ശകരെ കോണ്‍സുലേറ്റിന് വെളിയില്‍ നിര്‍ത്താതെ, ബില്‍ഡിംഗിനുള്ളില്‍ തന്നെ ഇരിക്കുവാനുള്ള സൗകര്യമൊരുക്കുക.
8.കോണ്‍സുലേറ്റിലെ വരവും ചിലവും ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗിലൂടെ സുതാര്യമാക്കുക. ഓ.സി.ഐ കാര്‍ഡിന്റെയും സറണ്ടര്‍ ഫീയുടെയും പേരില്‍ ശേഖരിക്കുന്ന മില്യണ്‍ കണക്കിന് ഡോളര്‍ , ആഭാസങ്ങളിലൂടെ ധൂര്‍ത്തടിക്കാതെ പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുക.
9.ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളുടെ കള്‍ച്ചറല്‍ ആഘോഷങ്ങള്‍ (കേരള പിറവി, ഓണം) കോണ്‍സുലേറ്റില്‍ ആഘോഷിക്കാന്‍ കോണ്‍സുലേറ്റ് സൗകര്യമേര്‍പ്പെടുത്തുക.
10.പ്രവാസികള്‍ക്കോ ഇന്‍ഡ്യയില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കോ, അത്യാഹിതമോ മരണങ്ങളോ സംഭവിക്കുമ്പോള്‍ പ്രവാസി വകുപ്പും, കോണ്‍സുലേറ്റും, എയര്‍ ഇന്‍ഡ്യയും ഒരുമിച്ച് പ്രവര്‍ത്തിച്ച് സഹായ സഹകരണങ്ങള്‍ എത്തിക്കുക. ഇതിനായി കോണ്‍സുലേറ്റില്‍ ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തുക.
11.ഇന്‍ഡ്യയുടെ മഹത്തായ സംസ്‌കാരിക പൈതൃകവും, ടൂറിസവും, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ വളര്‍ച്ചയും വിദേശികളെ അറിയിക്കുവാന്‍ പ്രവാസി സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുക.
12.മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരും ഇന്‍ഡ്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും എത്തുമ്പോള്‍ , സംഘനാ നേതാക്കളെയും പത്രക്കാരെയും ഉള്‍പ്പെടുത്തി പ്രവാസികളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന ചര്‍ച്ചയ്ക്ക് കോണ്‍സുലേറ്റില്‍ വേദിയൊരുക്കുക.
മേല്‍പ്പറഞ്ഞ ആവശ്യങ്ങളടങ്ങുന്ന നിവേദനം ഇലക്‌ട്രോണിക് മീഡിയയിലെ എല്ലാ പ്രവാസികളുടെയും അടുക്കലെത്തിച്ച് വോട്ട് രേഖപ്പെടുത്തി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ ആവശ്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളോ അല്ലെങ്കില്‍ കൂടുതല്‍ ആവശ്യങ്ങളോ ഉള്‍പ്പെടുത്തണമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ ദയവായി ഇമെയിലിലൂടെ അ
ിയിക്കുക.
പ്രവാസി ഇന്‍ഡ്യക്കാര്‍ ഒത്തൊരുമിച്ച് സംഘടിക്കുകയും ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്തുകയും ചെയ്താല്‍ കോണ്‍സുലേറ്റില്‍ നിന്നും പ്രവാസികാര്യ വകുപ്പില്‍ നിന്നും എയര്‍ ഇന്ത്യയില്‍ നിന്നും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

ഇന്‍ഡ്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ (IPAC)എന്ന പേരില്‍ ജന്മമെടുക്കുന്ന ഈ മൂവ്‌മെന്റിന്റെ വിജയത്തിനായി എല്ലാ പ്രവാസി സംഘടനകളുടെയും പ്രവാസികളുടെയും സഹകരണം വിവിധ കമ്മറ്റിയിലേക്ക് ആവശ്യമുണ്ട്.
താല്‍ക്കാലിക ഇമെയില്‍ അഡ്രസ്: anyiang@gmail.com, akvilanilane@hotmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക