Image

ഏകാന്തചിന്തകള്‍ - ജി. പുത്തന്‍കുരിശ്

ജി. പുത്തന്‍കുരിശ് Published on 19 May, 2013
ഏകാന്തചിന്തകള്‍ - ജി. പുത്തന്‍കുരിശ്
ആരും കാണില്ലല്ലോ തന്‍കണ്ണുനീര്‍ കണങ്ങളെ
മാരിയില്‍ കരഞ്ഞാലീ കോമാളിവേഷക്കാരന്‍
ഓര്‍ത്തുപോയ് ചാര്‍ലി ചാപ്ലിന്‍ മൊഴിഞ്ഞാ സത്യത്തെ ഞാന്‍
പേര്‍ത്ത് ചിന്തിച്ചിരുന്നൂ ഘനത്ത വ്യഥയോടെ
കരകാണാതെ ഞാനും കൈകാലിട്ടടിക്കുമ്പോള്‍
കരയാറുണ്ടു ചില ഏകാന്ത നിമിഷത്തില്‍
അന്യന്റെ ദുഃഖം കാണാന്‍ ആരുണ്ടീയവനിയില്‍
അന്യന്റെ ചുമലില്‍ നാം ചവുട്ടി നിന്നീടുമ്പോള്‍
കുതിച്ചീടുന്നു മര്‍ത്ത്യന്‍ പ്രകാശ വേഗതയില്‍
കുതികാല്‍വെട്ടി ചുറ്റും അധര്‍മ്മ കൊടിനാട്ടി
വേട്ടയാടീടുന്നവര്‍ സ്ത്രീകളെ കുഞ്ഞുങ്ങളെ
കാട്ടിലെ മൃഗത്തെക്കാള്‍ ഹീനമായി കഷ്ടം! കഷ്ടം!
അഹന്ത കൊടികുത്തി വാഴുമ്പോള്‍ മനുജരില്‍
വിഹതി വിളയാടും സംസ്‌കൃതി ക്ഷയിച്ചിടും
കാരുണ്യം സഹജീവി സ്‌നേഹവും ബഹുമാനോം
പാരിനെ വിട്ടുപോയോ? കലിയിന്‍ തേര്‍വാഴ്ചയോ?
ഉത്തരം കിട്ടാതെ ഞാന്‍ ചിന്തിച്ചിരുന്നീടുമ്പോള്‍
മുത്തുമണികളായി കണ്ണുനീര്‍ പൊഴിയുന്നു
ആ മണിമുത്തിനുള്ളില്‍ കാണുന്നു പ്രതീക്ഷതന്‍
തൂമന്ദഹാസം വീശും ഭാവിതന്‍ സുമങ്ങളെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക