Image

യാത്ര കഴിഞ്ഞു. ഇനിയൊന്ന്‌ വിശ്രമിക്കണം; മന്ത്രിക്കസേരയില്‍

Published on 19 May, 2013
യാത്ര കഴിഞ്ഞു. ഇനിയൊന്ന്‌ വിശ്രമിക്കണം; മന്ത്രിക്കസേരയില്‍
മാധ്യമങ്ങള്‍ ശ്രീശാന്തിനും, രഞ്‌ജിനി ഹരിദാസിനും പിന്നാലെ പോയപ്പോള്‍ കേരളത്തിലെ യു.ഡി.എഫ്‌ രാഷ്‌ട്രീയം നാണം കെട്ട സമുദായ പ്രീണനങ്ങളിലേക്കും ഗ്രൂപ്പ്‌ വഴക്കുകളിലേക്കും കടന്നു പോകുകയാണ്‌ ഇപ്പോള്‍. രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസ്ഥാനമാണ്‌ ഇവിടെ പ്രധാന പ്രശ്‌നം.

കെ.പി.സി.സി പ്രസിഡന്റ്‌ പാര്‍ട്ടി ജോലികള്‍ക്കൊപ്പം എം.എല്‍.എ കൂടിയാവാന്‍ വിനയത്തോടെ സന്നദ്ധനായത്‌ മന്ത്രിയാവാനാണെന്ന്‌ നാട്ടിലുള്ള കൊച്ചുകുട്ടികള്‍ക്ക്‌ വരെയറിയാം. പക്ഷെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ മാത്രം അറിയില്ല. `ചെന്നിത്തലക്ക്‌ അങ്ങനെയൊരു ആഗ്രഹമില്ല. പക്ഷെ അദ്ദേഹം വന്നാല്‍ ഗംഭീരമാകും. വന്നാല്‍ പിന്നെ മന്ത്രിസഭ തകര്‍ക്കും' എന്നൊക്കെ തരാതരം പോലെ വെച്ചുകാച്ചാറുണ്ടെന്ന്‌ മാത്രം. ഇപ്പോ തന്നെ ലക്കും ലഗാനുമില്ലാതെ പോകുന്ന മന്ത്രിമാരുടെ കൂട്ടം ഇനി ചെന്നിത്തല കൂടി വന്നാലും പ്രത്യേകിച്ചു ഒന്നും സംഭവിക്കാനില്ല. ചിലപ്പോള്‍ കുറച്ചു കൂടി ഓഫ്‌ റോഡ്‌ കയറിപ്പോകാനും മതി. പിന്നെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും മറ്റു സൗകര്യങ്ങളുമായി പാവപ്പെട്ടവന്റെ കുറെ നികുതിപ്പണം കൂടി പൊടിച്ചു തീര്‍ക്കുകയും ചെയ്യാം.

പക്ഷെ ചെന്നിത്തലയുടെ ആഗ്രഹം വെറും മന്ത്രിസ്ഥാനമല്ല. ഉപമുഖ്യമന്ത്രി സ്ഥാനമാണ്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പു തന്നെ അങ്ങനെയൊരു ധാരണ ഉണ്ടായിരുന്നു എന്നതാണ്‌ യഥാര്‍ഥ്യം. ലിഗും കേരളാ കോണ്‍ഗ്രസും ഇടയുമെന്നതിനാല്‍ അത്‌ അല്‌പം മാറ്റിവെച്ചു എന്നു മാത്രം. എങ്കിലും അധികം വൈകാതെ ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാം എന്ന്‌ സുകുമാരന്‍ നായര്‍ക്ക്‌ വാക്കു കൊടുത്തിരുന്നു കോണ്‍ഗ്രസ്‌ നേതൃത്വം.

പതിയെ പതിയെ അതിനുള്ള കളമൊരുക്കി വരുമ്പോഴാണ്‌ ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിസ്ഥാനാരോഹണവും അതുവഴി നായര്‍ സമുദായത്തിന്റെ ഉന്നമനവും ലക്ഷ്യം സ്വപ്‌നം കണ്ട സുകുമാരന്‍ നായര്‍ പടിക്കല്‍ക്കൊണ്ട്‌ കലമുടച്ചത്‌.

കാത്തിരുന്ന കണ്ണു കഴച്ച സുകുമാരന്‍ നായര്‍ ചെന്നിത്തലയെ വേഗം മന്ത്രിസഭയിലെടുക്കണമെന്ന്‌ പൊതുവേദിയില്‍ വിളിച്ചുകൂവി. അടുക്കളയില്‍ ആരുമറിയാതെ രൂപം നല്‍കിയ ഉടമ്പടി അങ്ങനെ നാട്ടാരെല്ലാമറിഞ്ഞു. തിരുവനന്തപുരത്ത്‌ നടന്ന എന്‍.എസ്‌.എസ്‌ ചടങ്ങില്‍ അദ്ദേഹം പ്രസംഗിച്ചത്‌, അടിയന്തരമായി രമേശ്‌ ചെന്നിത്തലയെ മന്ത്രിസഭയുടെ താക്കോല്‍ സ്ഥാനത്ത്‌ കൊണ്ടുവരണമെന്നായിരുന്നു. അല്ലെങ്കില്‍ യു.ഡി.എഫ്‌ അധികകാലം അധികാരത്തില്‍ തുടരില്ലെന്നും വെച്ചുകാച്ചി. ഈ താക്കോല്‍ സ്ഥാനം എന്നാല്‍ ഉപമുഖ്യമന്ത്രിസ്ഥാനമാണെന്ന്‌ ഇപ്പോഴേ മാധ്യമങ്ങള്‍ക്ക്‌ മനസിലായുള്ളു എന്നു മാത്രം.

സംസാര സ്വാതന്ത്രമുള്ള നാട്ടില്‍ സുകുമാരന്‍ നായര്‍ക്ക്‌ എന്തും പറയാം. പക്ഷെ പത്രക്കാര്‍ പുറകെ ചെന്നപ്പോഴാണ്‌ `പെരുന്ന നായര്‍' ബാക്കികൂടി തുറന്നു പറഞ്ഞത്‌. ചെന്നിത്തലയെ മന്ത്രിയാക്കാമെന്ന്‌ എന്‍.എസ്‌.എസും കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡും തമ്മില്‍ മുന്‍ധാരണയുണ്ടെന്നായിരുന്നു സുകുമാരന്‍ നായരുടെ വെളിപ്പെടുത്തല്‍. മാത്രമല്ല തിരുവഞ്ചൂരിന്‌ വകുപ്പുകള്‍ വാങ്ങിക്കൊടുത്തതൊക്കെ താനാണെന്നും പറഞ്ഞു.

കോണ്‍ഗ്രസും, യു.ഡി.എഫും മത സാമൂദായിക ശക്തികളുമായി നടത്തുന്ന കൂട്ടുകെട്ട്‌ അറിയാത്തവരല്ല കേരളത്തിലെ ജനങ്ങള്‍. എന്നാല്‍ ഭരണകാര്യങ്ങളും പാര്‍ലമെന്ററി കാര്യങ്ങളും വരെ സമുദായ സംഘടനകളുമായി നേരത്തെ ചര്‍ച്ച ചെയ്‌തു ഉറപ്പിച്ചിരുന്നു എന്നത്‌ അല്‌പം അമ്പരപ്പ്‌ സമ്മാനിച്ച കാര്യമായിരുന്നു. പക്ഷെ സുകുമാരന്‍ നായരുടെ ഈ വെളിപ്പെടുത്തല്‍ കൊണ്ട്‌ നഷ്‌ടമുണ്ടായത്‌ ചെന്നിത്തലക്ക്‌ മാത്രമായിരുന്നു. സുകുമാരന്‍ നായരുടെ വിളിച്ചു പറച്ചില്‍ കൊണ്ട്‌ ചെന്നിത്തല `കേവല നായര്‍' മാത്രമാണെന്നും കെ.പി.സി.സി പ്രസിഡന്റാവാന്‍ യോഗ്യതയുള്ള `മതേതരന്‍' അല്ലെന്നും സ്ഥാപിക്കപ്പെട്ടു.

ഉമ്മന്‍ചാണ്ടി മനസില്‍ ചിരിച്ചിട്ടുണ്ടാവണം അന്ന്‌ എലിപ്പെട്ടിയില്‍ വീണ പോലെയുള്ള രമേശിന്റെ വെപ്രാളം കണ്ടിട്ട്‌. അവസാനം താന്‍ കേവല നായരല്ലെന്നും തനിക്ക്‌ മന്ത്രിയാവേണ്ടെന്നും പറഞ്ഞ്‌ രമേശ്‌ കാലുമാറി. എന്‍.എസ്‌.എസുമായി ഹൈക്കമാന്‍ഡിന്റെ കരാര്‍ അറിയില്ലെന്നും പറയേണ്ടി വന്നു. അല്ലെങ്കില്‍ നാട്ടിലിറങ്ങി ജനത്തിന്റെ മുഖത്ത്‌ നോക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ അതോടെ ചെന്നിത്തലയും എന്‍.എസ്‌.എസും തമ്മില്‍ തെറ്റി. തെറ്റിയെന്ന്‌ പറഞ്ഞാല്‍ നല്ലത്‌ പോലെ തെറ്റിയെന്ന്‌ തന്നെ പറയണം. അടുത്ത തവണ മത്സരിക്കാന്‍ വന്നാല്‍ കാണിച്ചുതരാം എന്ന്‌ സുകുമാരന്‍ നായര്‍ ചെന്നിത്തലയെ വെല്ലുവിളിക്കുകയും ചെയ്‌തു. സുകുമാരന്‍ നായരുടെ ഇപ്പോഴത്തെ ഇഷ്‌ടക്കാരനായ വെള്ളാപ്പള്ളിയാവട്ടെ, ചെന്നിത്തല നന്ദിയില്ലാത്ത നായരാണെന്ന്‌ പറഞ്ഞുകൊണ്ട്‌ ഒന്നുകൂടി തിളങ്ങി. അങ്ങനെ മൊത്തത്തില്‍ ചെന്നിത്തല സമുദായ ഭ്രഷ്‌ടനായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ചെന്നിത്തലയോടുള്ള വിരോധം കാരണം സുകുമാരന്‍ നായര്‍ സകല നായര്‍മന്ത്രിമാരെയും ചീത്ത പറയുന്ന അവസ്ഥയിലെത്തി. വര്‍ഷങ്ങളായി കോണ്‍ഗ്രസും എന്‍.എസ്‌.എസും തമ്മിലുള്ള ഒരു സൗഹാര്‍ദ്ദം ഏതാണ്ട്‌ പൂര്‍ണ്ണമായും തകര്‍ന്നു വീണു എന്നും കരുതാം.

സമുദായ ബലമില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഒരു മണ്‌ഡലം പ്രസിഡന്റ്‌ പോലുമാവാന്‍ കഴിയില്ല ഇന്നത്തെ കാലത്ത്‌. അപ്പോഴാണ്‌ സ്വന്തം സമുദായവും, സ്വന്തം സമുദായത്തിന്റെ ചങ്ങാതി സമുദായവും തള്ളിപ്പറഞ്ഞ ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിട്ട്‌ ഇരിക്കുന്നത്‌. കെ.പി.സി.സി പ്രസിഡന്റിന്റെ ഏകജോലി തന്നെ സമുദായ പ്രീണനമാണ്‌. അതിനായി പെരുന്ന, കണിച്ചുകുളങ്ങര, പിന്നെ തരാതരം പോലെ അരമനകള്‍ എന്നിവിടെ കയറിയിറങ്ങുന്നതാണ്‌ ആകെയുള്ള അധ്വാനം. പക്ഷെ സമുദായത്തില്‍ നിന്ന്‌ ഊരുവിലക്ക്‌ കിട്ടിയ ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായി തുടര്‍ന്നാല്‍ സുകുമാരന്‍ നായരെ കാണാന്‍ പെരുന്നയിലോ, വെള്ളാപ്പള്ളിയെ കാണാന്‍ കണിച്ചുകുളങ്ങരയിലോ പോകാന്‍ കഴിയില്ല. ഇവരൊന്നുമില്ലാതെ ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ ഇറങ്ങിയാല്‍ കേരളത്തിന്റെ മധ്യതിരുവതാംകൂര്‍ ദേശത്തും പിന്നെ തെക്കോട്ടും പച്ചതൊടാന്‍ പോകുന്നില്ല. അപ്പോള്‍ പിന്നെ മുമ്പേ തുന്നിവെച്ച മന്ത്രിക്കുപ്പായം എടുത്തിട്ട്‌ ചെന്നിത്തല പ്രസിഡന്റ്‌ പദവിയില്‍ നിന്ന്‌ താഴെ ഇറങ്ങുന്നതാണ്‌ ബുദ്ധിയെന്ന്‌ ചെന്നിത്തലക്കും അറിയാം, ഉമ്മന്‍ചാണ്ടിക്കുമറിയാം. അതാണ്‌ തകൃതിയായി കേരളയാത്ര നടത്താനും മന്ത്രിക്കസേരയുടെ ചര്‍ച്ച തുടങ്ങാനുമൊക്കെ കാരണം.

എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം ഇതൊന്നുമല്ല, ചെന്നിത്തലയെ മന്ത്രിയാക്കി എന്‍.എസ്‌.എസിനെ ഒന്ന്‌ സന്തോഷിപ്പിച്ച്‌ ഒതുക്കാമെന്ന തന്ത്രവും നടക്കാനിടയില്ല. ചെന്നിത്തലയുടെ മന്ത്രിസ്ഥാനം തങ്ങളുടെ അക്കൗണ്ടില്‍ വേണ്ടെന്ന്‌ സുകുമാരന്‍ നായര്‍ അദ്യമേ പറഞ്ഞു. ഇങ്ങനെയൊരു ഡയലോഗ്‌ സുകുമാരന്‍ നായര്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ചെന്നിത്തല കണ്ണുമടച്ച്‌ ഉപമുഖ്യമന്ത്രിയായേനെ. സാമുദായിക സന്തുലിതാവസ്ഥയുടെ സംസ്ഥാപനം നടക്കുകയും ചെയ്യുമായിരുന്നു. പക്ഷെ സുകുമാരന്‍ നായര്‍ക്കും, വെള്ളാപ്പള്ളിക്കുമൊന്നും ബോധ്യമല്ലെങ്കില്‍ പിന്നെ വെറുതെ ടിയാനെ പിടിച്ച്‌ ഉപമുഖ്യമന്ത്രിയാക്കിയിട്ട്‌ എന്തുകാര്യം. ഒരു കാര്യവുമില്ല, ഉമ്മന്‍ചാണ്ടിയുടെ ഗ്ലാമര്‍ അല്‌പം ഇടിയുമെന്നല്ലാതെ.

ഉപമുഖ്യമന്ത്രിയാവാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ആഭ്യന്തരം കിട്ടണം. അതില്‍ താഴെയുള്ളതെല്ലാം വെറും സാദാമന്ത്രിക്കസേരകളാണ്‌. പക്ഷെ ആഭ്യന്തരം ഇപ്പോള്‍ തിരുവഞ്ചൂരിന്റെ കൈയ്യില്‍ ഭദ്രമാണല്ലോ. അത്‌ മേടിച്ചെടുക്കുക എന്നത്‌ അത്ര എളുപ്പവുമല്ല.

അതേ സമയം ഉപമുഖ്യമന്ത്രിയാവാന്‍ തനിക്കും യോഗ്യതയുണ്ടെന്ന്‌ കെ.എം മാണി പറയുന്നു. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തിന്‌ മോഹിച്ച്‌ മുല്ലപ്പള്ളിയും സുധാകരനും നടക്കുന്നു. ഗണേഷ്‌കുമാറിന്റെ ഒഴിവില്‍ മന്ത്രിസഭയില്‍ ഇടം കിട്ടാന്‍ മുരളിധരനും, വി.ഡി സതീശനും നടത്തുന്ന ചരടുവലികള്‍ വേറെ. ഇതൊന്നും പോരാഞ്ഞിട്ട്‌ എനിക്ക്‌ വീണ്ടും മന്ത്രിയാകണമെന്ന്‌ ഗണേഷ്‌കുമാറും. പിന്നെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും ഗ്രൂപ്പിലെ ഗ്രൂപ്പുകളും വേറെ. അവരെയെല്ലാം സമാധാനിപ്പിച്ചു വേണം ചെന്നിത്തലക്ക്‌ ഒന്ന്‌ മന്ത്രിയാവാന്‍. ഒന്നുകില്‍ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും വനംവകുപ്പ്‌ മന്ത്രിയായി ഒതുങ്ങാനാവും ചെന്നിത്തലയുടെ വിധി. ചിലപ്പോ റവന്യു കൂടി കിട്ടിയേക്കും. പക്ഷെ മന്ത്രിസഭയിലെ രണ്ടാമനോ, മൂന്നാമനോ ആകാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ അത്‌ സുകുമാരന്‍ നായരുടെ ശാപം തന്നെ. ഇനി ഉപമുഖ്യമന്ത്രിസ്ഥാനമോ, തിരുവഞ്ചുരില്‍ നിന്ന്‌ ആഭ്യന്തരമോ കിട്ടിയാല്‍ നന്ന്‌. പക്ഷെ അത്‌ അത്ര എളുപ്പം നടക്കുമെന്ന്‌ തോന്നുന്നില്ല.

ഇങ്ങനെയാണെങ്കില്‍ നാണക്കേടില്‍ നിന്ന്‌ രക്ഷപെടാന്‍ ഒറ്റവഴിയേ ഉള്ളു. എല്ലാം ഹൈക്കമാന്‍ഡ്‌ തീരുമാനിക്കും എന്ന പതിവ്‌ പല്ലവി പറഞ്ഞ്‌ തലയില്‍ മുണ്ടിട്ട്‌ നടക്കുക. മുക്കിന്‌ താഴെയുള്ള ഡെല്‍ഹിയില്‍പോലും എന്താണ്‌ സംഭവിക്കുന്നതെന്നറിയാത്ത ഹൈക്കമാന്‍ഡിന്‌ കേരളത്തിലെന്തുകാര്യമെന്ന്‌ ആരും ചോദിക്കാന്‍ വരില്ല. കോണ്‍ഗ്രസിലെ രാജഭക്തി അങ്ങനെയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക