Image

ക്യൂ തെറ്റിച്ചത് സുരാജും മുക്തയും; നിരപരാധിത്വം അവകാശപ്പെട്ട് രഞ്ജിനി ഹരിദാസ്‌

Published on 28 May, 2013
ക്യൂ തെറ്റിച്ചത് സുരാജും മുക്തയും; നിരപരാധിത്വം അവകാശപ്പെട്ട് രഞ്ജിനി ഹരിദാസ്‌
(from Deepika)

പ്രവാസി മലയാളിയെ അപമാനിച്ചുവെന്ന തരത്തില്‍ തനിക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അവതാരക രഞ്ജിനി ഹരിദാസ്. തനിക്കെതിരേ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യാവസ്ഥ മനസിലാക്കാതെയാണെന്നും അവര്‍ അവകാശപ്പെടുന്നു. അമേരിക്കയില്‍ ബിസിനസ് നടത്തുന്ന പൊന്‍കുന്നം സ്വദേശി ബിനോയി എന്ന പ്രവാസി മലയാളിയെ രഞ്ജിനി ഹരിദാസ് അപമാനിച്ചതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ക്യൂ തെറ്റിച്ച് മുന്നില്‍ കയറിയ രഞ്ജിനിയെ ചോദ്യം ചെയ്ത ബിനോയിക്കെതിരേ അവര്‍ പരാതി നല്‍കുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഭാര്യയുടെയും മക്കളുടെയും മുന്നില്‍വച്ച് ബിനോയിയെ രഞ്ജിനി അവഹേളിച്ചു സംസാരിച്ചതായും വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി രഞ്ജിനി മുന്നോട്ടു വന്നിരിക്കുന്നത്. താനല്ലെന്നും സുരാജ് വെഞ്ഞാറമ്മൂടും മുക്തയും അരുണ്‍ ഗോപനുമാണ് ക്യൂ തെറ്റിച്ചതെന്നും രഞ്ജിനി വെളുപ്പെടുത്തി.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയി സ്‌റ്റേജ് ഷോ കഴിഞ്ഞ് വരും വഴിയായിരുന്നു സംഭവം. ദുബായില്‍നിന്ന് പുറപ്പെട്ട രഞ്ജിനി മേയ് പതിനാറിന് പുലര്‍ച്ചെയാണ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. ഇമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് ബാഗേജ് ക്ലിയറന്‍സ് ക്യൂവില്‍ എത്തിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. ക്യൂ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് താന്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ നടി ആശാ ശരത്തിനെ കണ്ടു. തങ്ങള്‍ ഒരുമിച്ചാണ് ക്യൂവില്‍ നിന്നത്.

തന്റൊപ്പമുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂട്, മുക്ത, അരുണ്‍ ഗോപന്‍ എന്നിവരും ഈ സമയം അവരുടെ ക്യൂവില്‍നിന്ന് മാറി തങ്ങളുടെ അടുക്കല്‍ വന്നുനിന്നു. ഇത് താന്‍ തമാശയ്ക്ക് എതിര്‍ത്തിരുന്നു. അല്‍പസമയത്തിനു ശേഷം അസഹനീയമായ ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ കുറച്ചുമുന്നിലേയ്ക്ക് മാറി നില്‍ക്കാന്‍ താന്‍ തീരുമാനിച്ചതാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്ന് രഞ്ജിനി പറയുന്നത്. ക്യൂ നീങ്ങി മുന്നിലെത്തുമ്പോള്‍ ഒപ്പം കൂടാമെന്നാണ് കരുതിയത്. ഇത് ചിലര്‍ തെറ്റിദ്ധരിച്ചു.

നിങ്ങള്‍ ക്യൂതെറ്റിയ്ക്കുന്നത് ഞങ്ങള്‍ കാണുന്നില്ലെന്ന് കരുതരുത് എന്ന് പിന്നില്‍ നിന്നും ഒരാള്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ ഞാന്‍ ക്യൂ തെറ്റിച്ചിട്ടില്ലെന്ന് മറുപടി പറഞ്ഞു. എന്നാല്‍ അയാള്‍ സംസാരം നിര്‍ത്താന്‍ തയ്യാറായില്ല, മറ്റ് ചിലയാളുകള്‍ക്കൊപ്പം കൂടി വളരെ മോശമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ വീണ്ടും ക്യൂ തെറ്റിച്ചിട്ടെന്നും എന്റെ ഒപ്പമുള്ളവരാണ് ക്യൂതെറ്റിച്ച് മുന്നില്‍ കയറിയത് നിങ്ങള്‍ക്ക് വേണമെങ്കില്‍ അവരോട് സംസാരിക്കാമെന്നും പറഞ്ഞതായും രഞ്ജിനി പറയുന്നു.

മറ്റെല്ലാവരും പ്രശ്‌നം വിട്ടുകളഞ്ഞശേഷവും ബിനോയിയും ഭാര്യയും വീണ്ടും ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് താന്‍ ഉച്ചത്തില്‍ സംസാരിച്ചത്. തുടര്‍ന്ന് ബിനോയ് തീര്‍ത്തും മോശമായ രീതിയില്‍ സംസാരം തുടങ്ങി. അയാള്‍ തന്നെയും തന്റെ ജോലിയെയും അച്ഛനമ്മമാരെയുമെല്ലാം അസഭ്യം പറഞ്ഞു. ഇതോടെ ബഹളം രൂക്ഷമായി. ഇമിഗ്രേഷന്‍ അധികൃതര്‍ ഇടപെട്ടു. തുടര്‍ന്ന് ബിനോയി അപമാനിച്ചുവെന്ന് കാണിച്ച് പരാതിയും നല്‍കുകയായിരുന്നുവെന്നും രഞ്ജിനി പറയുന്നു.

എയര്‍പോര്‍ട്ട് ടെര്‍മിനില്‍ മാനേജരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പ്രശ്‌നം മാപ്പു പറഞ്ഞ് ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ താന്‍ ത യാറായില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു. ബിനോയിയാണ് തന്നെ അസഭ്യം പറഞ്ഞതെന്നും ഇപ്പോള്‍ എല്ലാവരും അയാള്‍ക്കൊപ്പമാണെന്നും രഞ്ജിനി പരിഭവിക്കുന്നു. താനൊരു സ്ത്രീയാണ്, തന്നെയും തന്റെ കുടുംബത്തെയും അസഭ്യം പറയാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാവരെയും പോലെ ജീവിക്കാന്‍ അവകാശമുള്ള വ്യക്തിയാണ് താനെന്നും രഞ്ജിനി ചൂണ്ടിക്കാട്ടുന്നു.
Deepika
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക