Image

ലാലേട്ടന് സ്‌നേഹപൂര്‍വ്വം

Published on 25 May, 2013
ലാലേട്ടന് സ്‌നേഹപൂര്‍വ്വം
കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ തന്നെയാണ് മോഹന്‍ലാല്‍, അല്ലെങ്കില്‍ ലോകത്തിന് മുമ്പില്‍ മലയാളിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ഇന്ത്യയൊട്ടുക്കും പിന്നെ ലോക വേദികളിലും കേരളത്തെയും മലയാളത്തെയും ഇത്രത്തോളം കൈപിടിച്ചുയര്‍ത്തിയ മറ്റൊരു ഇഷ്ടതാരമില്ല. അതുകൊണ്ട് തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ലാല്‍ ജനപ്രീയകനാകുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്റ്റേറ്റിനെക്കാള്‍ പോപ്പുലറാണ് മോഹന്‍ലാല്‍ എന്ന താരം.

മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം തന്റെ 53ാമത് ജന്മദിനം ആഘോഷിച്ചിരിക്കുന്നു. നമ്മുടെ ലാലേട്ടന്, അദ്ദേഹം പകര്‍ന്നു തന്നിരിക്കുന്ന ലാലിസത്തിന് പ്രായമേറിയിരിക്കുന്നു. അതുപോലെ തന്നെ പക്വതയും. അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ വരളച്ച പിടിമുറുക്കുന്നതിനെയും പ്രകൃതിസംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചും തന്റെ ജന്മദിനത്തില്‍ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിപ്പെഴുതിയപ്പോള്‍ ഒരു ഗുരുമുഖത്തു നിന്നും കേള്‍ക്കുന്നത് പോലെ മലയാളി അത് കേട്ടത്.

കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയെക്കുറിച്ചാണ് കഴിഞ്ഞ മെയ് 21ന് സ്വന്തം ബ്ലോഗില്‍ സ്വന്തം കൈയ്യപ്പടയില്‍ മോഹന്‍ലാലിന്റെ കുറിപ്പ് എത്തിയത്. ഏറെക്കാലം മലയാളിയുടെ എല്ലാ വേഷങ്ങളും ജീവിതമെന്നപോലെ ആടിത്തിര്‍ത്ത ലാല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് പുതിയൊരു തലത്തിലാണ് എന്ന് കാണാം ഈ കുറുപ്പിലൂടെ.

ഏറെക്കാലമായുള്ള നടനകലയുടെ സഞ്ചാരവും, നിരവധി പ്രതിഭകളുമായുള്ള സമ്പര്‍ക്കവും, ജീവിത അനുഭവങ്ങളും ലാലിനെ ഇരുത്തം വന്ന ഒരു മനുഷ്യനാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെയാവും ഗ്ലാമറില്‍ നിന്നും താഴേക്കിറങ്ങി ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന താരശരീരം ഉപേക്ഷിച്ച് ജനകീയ പ്രശ്‌നങ്ങളിലേക്ക് വരാന്‍ മോഹന്‍ലാലിന് കഴിയുന്നത്. കാരണം സമീപകാലത്തായി ഇത്തരം പല പ്രതികരണങ്ങളും മോഹന്‍ലാല്‍ എന്ന നടനില്‍ കാണാന്‍ കഴിയും. അതിന് അദ്ദേഹം ഉപയോഗിക്കുന്നത് സ്വന്തം ബ്ലോഗും.

ടി.പി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം അമ്മയുടെ കണ്ണീര്‍ എന്ന തലക്കെട്ടോടെ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ്കുറിപ്പ് മലയാളി സമൂഹത്തെ ഇരുത്തി ചിന്തിപ്പിച്ചിരുന്നു. ഇങ്ങനെ പലപ്പോഴും പുരോഗമന പരമായ ഓര്‍മ്മപ്പെടുത്തലുകള്‍ മോഹന്‍ലാലില്‍ നിന്ന് സമീപകാലത്ത് സംഭവിക്കുന്നു. ദീര്‍ഘകാലത്തെ ഗ്ലാമര്‍ ജീവിതത്തില്‍ നിന്നും വീട്ടുമാറി സമൂഹത്തിലേക്ക് കണ്ണു തുറന്നു നോക്കുന്ന ഒരു ലാലിനെയാണ് ഇവിടെ കാണുന്നത്. തീര്‍ച്ചയായും ഈ ലാലിനെയാണ് സമൂഹം ആഗ്രഹിക്കുന്നതും. ബോളിവുഡില്‍ അമീര്‍ഖാന്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സത്യമേവ ജയതേ എന്ന റിയാലിറ്റി ഷോയിലൂടെ അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചതും, കോര്‍പ്പറേറ്റുകളുടെ കടന്നു വരവിനെതിരെ കമലഹാസന്‍ കവിതയെഴുതി പ്രതികരിച്ചതും, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി സുരേഷ്‌ഗോപി സമരപന്തലില്‍ ചെല്ലുന്നതും, ഇപ്പോള്‍ മോഹന്‍ലാല്‍ ചെയ്യുന്നതും സമാനമായ കാര്യങ്ങള്‍ തന്നെ.

അഭിനന്ദങ്ങള്‍ മോഹന്‍ലാല്‍ .

ഇനി മോഹന്‍ലാലിന്റെ എഴുത്തിലേക്ക് പോകാം. കേരളം നേരിടുന്ന വരള്‍ച്ചയാണ് ലാല്‍ മുമ്പോട്ടു വെച്ചിരിക്കുന്ന വിഷയം. നാല്പത്തിനാല് നദികളുള്ള, നിരവധി തടാകങ്ങളുള്ള നമ്മുടെ നാട്ടില്‍ കുടിവെള്ളത്തിനായി ഭൂരിപക്ഷം ജനതയും വലയുന്നു എന്നതാണ് മോഹന്‍ലാല്‍ മുമ്പോട്ടു വെക്കുന്ന വിഷയം. കേരളത്തെ സംബന്ധിച്ചിടത്തോളം വരള്‍ച്ചാ വര്‍ഷമാണ് കടന്നു പോകുന്നത്. കുടിവെള്ളത്തിനായി ജനങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതും സമരം ചെയ്യുന്നതും എന്തിന് അടിപിടിയില്‍ വരെ എത്തുന്നതും നിത്യസംഭവമായിരിക്കുന്നു. കുടിവെള്ളമെന്നത് കിട്ടാക്കനിയായിരിക്കുന്നു എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിയാകുന്നു.

എ.സി വീട്ടില്‍ നിന്ന് എ.സി കാറിലേക്കും അവിടെ നിന്നും എ.സി നിറഞ്ഞ നിയമസഭയിലേക്കും പിന്നെ എ.സി മന്ത്രിഭവനങ്ങളിലേക്കും കടന്നു പോകുന്ന മന്ത്രിമാര്‍ക്ക് വരള്‍ച്ചയും ജലദൗര്‍ലഭ്യവും ഒരിക്കലും മനസിലാവില്ല. ഇത്രയും കൊടുംവരള്‍ച്ചയുണ്ടായിട്ടും അതിനെ ലാഘവത്തോടെ ഭരണാധികാരികള്‍ നോക്കി കാണുന്നതും അതുകൊണ്ടു തന്നെ. വിശക്കുന്നവനേ ഭക്ഷണത്തിന്റെ വിലയറിയു എന്ന ചൊല്ല് നമ്മുടെ ഭരണാധികാരികളുടെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്.

മണല്‍ വാരല്‍, അമിതമായ ജലമൂറ്റല്‍, വനനശീകരണം, കുന്നുകള്‍ ഇടിച്ചു നിരത്തല്‍ തുടങ്ങിയവ നിര്‍ബോധം നടക്കുമ്പോഴും ഭരണകൂടം വെറും നോക്കുകൂത്തിയാണ്. മാത്രമല്ല ജലമലിനീകരണം ചെറുതും വലുതുമായ തോതില്‍ എവിടെയും അരങ്ങേറുന്നു. ഇതിനെതിരെ നിമയങ്ങളുണ്ടെങ്കിലും എവിടെയും നിയമം നടപ്പിലാക്കി കാണാറില്ല. അങ്ങനെ അലക്ഷ്യമായി ഭരണം നടത്തി നമ്മുടെ പ്രകൃതിയും ജലവും നഷ്ടമായി എന്നതാണ് സത്യം. നദികളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ തുടങ്ങി സാധാരണ ജനവും ഇതില്‍ പങ്കാളികളായി.

മോഹന്‍ലാല്‍ തന്റെ കുറിപ്പിലൂടെ പങ്കുവെക്കുന്ന പ്രധാന വിമര്‍ശനവും ഇതൊക്കെ തന്നെ. ഉള്‍കാഴ്ചയും തന്റേടവുമുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ഉണ്ടെങ്കിലേ ഇത്തരം വിപത്തില്‍ നിന്നും കരകയറാന്‍ കഴിയു എന്നാണ് ലാല്‍ പറഞ്ഞുവെക്കുന്നത്. ഇവിടെ രാഷ്ട്രീയ നേതൃത്വങ്ങളെ ലാല്‍ നിശിതമായി വിമര്‍ശിക്കുമ്പോള്‍ അത് ശരിയാണെന്ന് നമുക്ക് ചുറ്റും നോക്കിയാല്‍ വ്യക്തം.

 കേരളത്തിലെ രണ്ട് പ്രമുഖ മുന്നണികളെ നോക്കു. എല്‍.ഡി.എഫ് ചേരിതിരഞ്ഞ് പോരടിക്കുന്നു. യുഡിഎഫ് ആവട്ടെ രമേശ് ചെന്നിത്തലയുടെ മന്ത്രി പദവിയും ഗ്രൂപ്പ് പോരിലുമാണ്. ഇപ്പോള്‍ ഈ വിഷയങ്ങളാണെങ്കില്‍ നാളെ വേറൊരു വിഷയം. രാഷ്ട്രീയ വഴക്കുകളും അധികാര മല്‍പ്പിടുത്തങ്ങളും നിര്‍ബോധം തുടര്‍ന്നുകൊണ്ടിരിക്കും. മാധ്യമങ്ങള്‍ ഈ തല്ലിപ്പൊളി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്ത് കാലംകഴിക്കുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അപചയമാണ് ഇതിന്റെ പ്രധാന കാരണം. ഇതൊക്കെ തകൃതിയായി നടക്കുമ്പോള്‍ അട്ടപ്പാടിയിലെ ശിശുമരണവും നാട്ടില്‍ കുടിവെള്ളം കിട്ടാത്ത പാവങ്ങളും എങ്ങനെയാണ് പ്രശ്‌നമാകുന്നത്.

സിപിഎമ്മിന്റെ നേതാക്കള്‍ ഇപ്പോള്‍ പറഞ്ഞു നടക്കുന്നത് എന്തുവിലകൊടുത്തും പാര്‍ട്ടിയെ സംരക്ഷിക്കുമെന്നാണ്. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് സത്യത്തില്‍ പാര്‍ട്ടികള്‍ രൂപപ്പെടുന്നത്. ആ കര്‍ത്തവ്യം ചെയ്യുമ്പോള്‍ പാര്‍ട്ടികള്‍ സ്വയം ശക്തരാകുമെന്നതാണ് ചരിത്രം. എന്നാല്‍ ഇവിടെ പാര്‍ട്ടിയെ രക്ഷിക്കാന്‍ ആയുധമെടുക്കുന്ന അവസ്ഥയാണുള്ളത്. ചിന്തിക്കുന്നത് പാര്‍ട്ടി സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ചാണ്, അല്ലാതെ ജനം സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ചല്ല. ഇതിനിടയില്‍ കേരളം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളില്‍ നിന്നും നമ്മുടെ രാഷ്ട്രീയ കാഴ്ച വഴിമാറിപ്പോകുന്നു. യഥാര്‍ഥ പ്രശ്‌നങ്ങളെ പാര്‍ട്ടികള്‍ മറക്കുമ്പോള്‍ പ്രതികരിക്കേണ്ട ജനങ്ങളുടെ കണ്ണില്‍ ശ്രീശാന്ത് കോഴപ്പണം വാങ്ങിയത് മാത്രമാണ് പ്രശ്‌നമാകുന്നത്.

'രാഷ്ട്രീയക്കാര്‍ വ്യക്തിതാത്പര്യങ്ങളിലേക്ക് പാര്‍ട്ടികളെ കുറിക്കിക്കെട്ടുകയാണ്' എന്ന് മോഹന്‍ലാല്‍ വിമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ പാര്‍ട്ടികളിലും നേതാക്കളുമായി വ്യക്തബന്ധമുള്ള ലാലിനെപ്പോലെയൊരാള്‍ ഇത്രത്തോളം തുറന്നു പറയാന്‍ മുമ്പോട്ടു വന്നത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഇനിയെങ്കിലും ജനം കണ്ണുതുറക്കട്ടെ.

ഇതിനൊപ്പം പൊടുന്നനെ കൗതുകം തോന്നിപ്പോകുന്ന ഒരു ആക്ഷേപഹാസ്യ വിമര്‍ശനവും ലാല്‍ അവതരിപ്പിക്കുന്നുണ്ട്. എപ്പോഴാണ് നമ്മുടെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ജലദൗര്‍ലഭ്യതയെക്കുറിച്ച് ബോധ്യം വരുകയെന്ന് ലാല്‍ പറയുന്നതാണത്. സൂര്യാഘാതത്തെ പോലും അവഗണിച്ച് മദ്യശാലകള്‍ക്ക് മുമ്പില്‍ ക്യൂ നിന്ന് മദ്യക്കുപ്പികള്‍ വാങ്ങി കഴിയുമ്പോള്‍ അതിലൊഴിച്ച് കഴിക്കാന്‍ തുള്ളിവെള്ളമില്ലാത്ത അവസ്ഥ വരുമ്പോള്‍ മലയാളിയും മലയാളികളുടെ സര്‍ക്കാരും ജലമില്ലാത്ത അവസ്ഥയെക്കുറിച്ച് ബോധവാന്‍മാരാകും എന്നാണ് ലാല്‍ പറയുന്നത്.
ഇത് ഒരേ സമയം ചിരിപ്പിക്കുന്നതും എന്നാല്‍ ഗൗരവത്തോടെ ചിന്തിപ്പിക്കുന്നതുമായ വിഷയമാണ്. ശുദ്ധ ജലം തീര്‍ത്തും ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന ദുരന്തത്തെ മറികടക്കാന്‍ ഇപ്പോള്‍ തന്നെ ശ്രമങ്ങള്‍ ആരംഭിക്കാന്‍ ലാല്‍ ആഹ്വാനം ചെയ്യുന്നു. അന്ന് ഇവിടെ മഴ പെയ്യിക്കാന്‍ ഏത് 'ഋഷിശ്രൃഗന്‍' വരും എന്ന് ലാല്‍ ആശങ്കപ്പെടുന്നു. എന്തായാലും മോഹന്‍ലാല്‍ എന്ന നടന്റെ പൊതുബോധം സാമൂഹികമായ കരുതല്‍ എല്ലാം നമ്മെ ഇരുത്തി ചിന്തിപ്പിക്കട്ടെ.

ഇനി പറയാനുള്ളത് മോഹന്‍ലാലിനോട് തന്നെയാണ്. സമൂഹത്തില്‍ ഉന്നതമായ ഒരു താരപദവയില്‍ ഇരിക്കുമ്പോഴും സമൂഹത്തിലെ യഥാര്‍ഥ പ്രശ്‌നത്തെക്കുറിച്ച് താങ്കളുടെ ബോധ്യവും അത് പങ്കുവെക്കാന്‍ കാണിച്ച ധൈര്യവും അഭിനന്ദനം അര്‍ഹിക്കുന്നത് തന്നെ. പക്ഷെ ജലവും മണ്ണും നശിപ്പിക്കുന്ന ഇന്നത്തെ സമൂഹത്തെ സൃഷ്ടിച്ചതില്‍ താങ്കള്‍ക്കും ഒരു ചെറിയ പങ്കുണ്ട് എന്നും ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.

പലരും പറയാറുള്ളത്‌പോലെ താങ്കളുടെ സിനിമകളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. സിനിമയില്‍ മാടമ്പി ആക്ഷന്‍ റോളുകള്‍ ചെയ്യുന്ന മോഹന്‍ലാല്‍, അത് സ്വന്തം ജോലിയുടെ ഭാഗമായി ചെയ്യുന്നതാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. ലാലിന്റെ മാടമ്പി റോളുകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നു എന്ന വിലകുറഞ്ഞ ജല്പനങ്ങളൊന്നും ഞങ്ങള്‍ മുഖവിലക്കെടുക്കാറുമില്ല. സിനിമയെ അങ്ങനെ തന്നെ കാണാന്‍ കഴിവുള്ളവനാണ് മലയാളി.

എന്നാല്‍ വളര്‍ന്നുവരുന്ന മധ്യവര്‍ത്തി സമൂഹത്തില്‍ സിനിമകളിലൂടെ താരപ്രഭാവം നേടിയ താങ്കള്‍, സിനിമ ഇതര പ്രവര്‍ത്തനങ്ങളിലൂടെ മുമ്പോട്ടു വെക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ശരിയാണെന്ന് ചിന്തിക്കണം എന്നാണ് ഇവിടെ പറയാനുള്ളത്.

ഇന്ന് കേരളത്തില്‍ വിപണിയുടെ ഏറ്റവും വലിയ സഹായിയാണ് മോഹന്‍ലാല്‍ എന്ന താരം. ഷോപ്പിംഗ് ഭ്രമത്തെ വര്‍ദ്ധിപ്പിക്കുന്നതില്‍ താങ്കളുടെ പരസ്യങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. 'വൈകിട്ടെന്താ പരിപാടി' എന്നത് മദ്യകമ്പിനിയുടെ പരസ്യമാണെന്ന് താങ്കള്‍ക്കും വ്യക്തമായി അറിയാം. 'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിനാണ് പണം അന്വേഷിച്ച് നടക്കുന്നത്' എന്നു പറഞ്ഞ് പലിശക്കാരുടെ മുമ്പിലേക്ക് താങ്കള്‍ തന്നെയാണ് ജനങ്ങളെ ക്ഷണിക്കുന്നത്. അതെ മലയാളിയെ തന്നെ സ്വര്‍ണ്ണം വാങ്ങാനും, വിവാഹം സ്വര്‍ണ്ണത്താല്‍ ആഡംബരമാക്കാനും പറയുന്നതും താങ്കള്‍ തന്നെ. ഇങ്ങനെ വിപണിക്ക് പിന്നാലെ ജനത്തെ തള്ളിവിടുന്ന എത്രയോ പരസ്യങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡറാണ് താങ്കള്‍.

ഒരു വശത്ത് ഇത്തരം ഉപഭോഗ സംസ്‌കാരത്തെ കണക്കറ്റ് പ്രോല്‍സാഹിപ്പിക്കുന്ന മോഹന്‍ലാലുമുണ്ട് എന്നതും വിസ്മരിക്കാന്‍ കഴിയില്ല. കേരളത്തില്‍ ഒരു കൈവിട്ട ഷോപ്പിംഗ് സംസ്‌കാരത്തിലേക്ക് നമ്മുടെ ചലച്ചിത്ര താരങ്ങള്‍ മലയാളിയെ കൈപിടിച്ചുകൊണ്ടുപോകുമ്പോള്‍ അതിലൂടെ നശിപ്പിക്കപ്പെടുന്നത് പ്രകൃതി തന്നെയാണ്. ഉപഭോഗ സംസ്‌കാരത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്നത് നശിപ്പിക്കപ്പെട്ട പ്രകൃതിയിലൂടെയായിരിക്കും.

ഈ വസ്തുത തിരിച്ചറിയേണ്ടവരില്‍ പ്രധാനി കൂടിയാണ് താങ്കള്‍. ജനങ്ങളോടുള്ള താങ്കളുടെ കരുതല്‍ മനസിലാക്കി കൊണ്ടു തന്നെ പറയട്ടെ, പുത്തന്‍ വിപണിയെ പ്രോല്‍സാഹിപ്പിക്കുന്ന താരത്തിളക്കത്തില്‍ നിന്നും കുറച്ചെങ്കിലും മാറി നില്‍ക്കുവാനും താങ്കള്‍ ശ്രമിക്കണം. തമിഴകത്ത് രജനികാന്തും, കമലഹാസനും ഇന്നുവരേക്കും ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചിട്ടില്ല എന്നതും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ. അതുപോലെ നല്ല സിനിമകളും, നല്ല കാഴ്ചപ്പാടുകളുമായി താങ്കള്‍ ഇനിയും മലയാളിക്കൊപ്പമുണ്ടാകട്ടെ എന്ന് തീര്‍ച്ചയായും ആശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക