Image

ലോകത്ത്‌ എല്ലാവരും പ്രവാസികള്‍ മധുസൂദനന്‍ നായര്‍

Published on 27 September, 2011
ലോകത്ത്‌ എല്ലാവരും പ്രവാസികള്‍ മധുസൂദനന്‍ നായര്‍
അബൂദബി: ലോകത്ത്‌ എല്ലാവരും പ്രവാസികളാണെന്ന്‌ പ്രശസ്‌ത കവി പ്രഫ. വി. മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഏതോ മേഘം എവിടെ നിന്നോ കൊണ്ടുവന്ന്‌ എവിടെയോ പെയ്‌ത്‌ മറ്റെവിടെയോ ചെന്നെത്തുന്ന ഒരു തുള്ളി വെള്ളം പോലും പ്രവാസി ആണ്‌. ദാര്‍ശനികമായി നോക്കുമ്പോള്‍ എല്ലാവരും പ്രവാസികളാണ്‌ അല്‌ളെങ്കില്‍ ആരും പ്രവാസികളല്ല. പ്രവാസി എഴുത്ത്‌ എന്നൊന്നില്ല. എഴുത്തിനെ കള്ളികള്‍ തിരിക്കേണ്ടതില്ല. അദ്ദേഹം പറഞ്ഞു.

അബൂദബി മലയാളി സമാജം സാഹിത്യവിഭാഗം സംഘടിപ്പിച്ച കാവ്യസന്ധ്യ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വയം തിരുത്താനും സ്വയം ശുദ്ധീകരിക്കാനും അവസരം നല്‍കുന്ന അധ്യാപനമാണ്‌ ജീവിതത്തില്‍ ഏറ്റവും പുണ്യമായ കര്‍മ്മം. പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്നായിരുന്നു ആഗ്രഹം. അത്രക്ക്‌ പുണ്യമായാണ്‌ അധ്യാപനത്തെ കാണുന്നത്‌.

കവിതയില്‍ അന്നന്ന്‌ ജനിക്കുന്ന വാക്ക്‌ അന്നന്ന്‌ പൊലിഞ്ഞുപോകുന്നു. അത്‌ സാര്‍വ്വലൗകികമായി നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്നു. അങ്ങിനെ പ്രയോഗിക്കാന്‍ കഴിയുന്നവനാണ്‌ സമര്‍ഥനായ എഴുത്തുകാരന്‍. അവന്‍ കാലങ്ങളുടെ അധ്യാപകനാണ്‌. അവന്‍െറ വാക്ക്‌ അവന്‍േറതോ ഇന്നിന്‍േറതോ മാത്രമല്ല. ഇന്നലെകളില്‍ നിന്നും ഇന്നില്‍ നിന്നുമെല്ലാമെടുത്തിട്ട്‌ നാളേക്ക്‌ പ്രക്ഷേപണം ചെയ്യുകയാണ്‌ എഴുത്തുകാരന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലെ ഓണം എന്ന കവിതയും അദ്ദേഹം ആലപിച്ചു. സമാജം പ്രസിഡന്‍റ്‌ ഡോ. മനോജ്‌ പുഷ്‌കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച്‌. താഹിര്‍, യേശുശീലന്‍, അമര്‍സിങ്‌ എന്നിവര്‍ സംസാരിച്ചു.

അസ്‌മൊ പുത്തന്‍ചിറ, സുരേഷ്‌ പാടൂര്‍, താഹിര്‍ ഇസ്‌മായില്‍, അഷറഫ്‌ ചമ്പാട്‌, നസീര്‍ കടിക്കാട്‌, ടി.എ. ശശി, രാജേഷ്‌ ചിത്തിര, രാജീവ്‌ മുലക്കുഴ, സജു ജോണ്‍, റഫീഖ്‌ തിരുവള്ളൂര്‍, സജിത്ത്‌, ഗോമസ്‌ മേപ്പുള്ളി, അനുഗ്രഹ, അനുഷ്‌മ എന്നിവര്‍ സ്വന്തം കവിതകളും ഇഷ്ട കവിതകളും അവതരിപ്പിച്ചു. കെ.കെ. മൊയ്‌തീന്‍ കോയ, അജി രാധാകൃഷ്‌ണന്‍, അഡ്വ. ആയിഷ സക്കീര്‍ എന്നിവര്‍ കവിതകളെ വിലയിരുത്തി സംസാരിച്ചു. സമാജം സാഹിത്യവിഭാഗം സെക്രട്ടറി എം.യു. ഇര്‍ഷാദ്‌ സ്വാഗതവും കലാവിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.

ചിത്രകാരന്മാരുടെ സംഘടനയായ ആര്‍ടിസ്റ്റയിലെ കലാകാരന്മാരായ ശശിന്‍സാ, രാജീവ്‌ മുളക്കുഴ, കാര്‍ട്ടൂണിസ്റ്റ്‌ അജിത്‌, ജോഷി ഒഡേസ, ജയന്‍ ക്രയോണ്‍, ശിഖാ ശശിന്‍സാ എന്നിവര്‍ മധുസൂദനന്‍ നായരുടെ നാറാണത്ത്‌ ഭ്രാന്തന്‍, ഭാരതീയം, ഗാന്ധി എന്നീ കവിതകളിലെ കഥാപാത്രങ്ങളെ കാന്‍വാസിലേക്കു പകര്‍ത്തിയത്‌ കാവ്യസന്ധ്യക്ക്‌ വര്‍ണ്ണപ്പൊലിമയേകി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക