Image

നെറ്റിപ്പട്ടം കെട്ടിയ മെത്രാന്മാര്‍

Published on 01 June, 2013
നെറ്റിപ്പട്ടം കെട്ടിയ മെത്രാന്മാര്‍

നെറ്റിപ്പട്ടം കെട്ടിയ എഴുന്നുള്ളത്ത്

കേരളത്തിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലെ അഭിവന്ദ്യനായ ഒരു മെത്രാപ്പോലീത്തയെ 'നികൃഷ്ട ജീവി' എന്നു വിളിച്ചു. ആ വിളി, സഭാവിശ്വാസികളെ പ്രകോപിതരാക്കി. കാരണം, തങ്ങളുടെ ആത്മീയ നേതാവിനെ അപമാനിച്ചത് അവരെ ഒന്നടങ്കം അപമാനിക്കുന്നതിനു തുല്യമായി അവര്‍ക്കു തോന്നി. ആ തോന്നലിന്റെ പിന്നിലുള്ള വികാരമെന്നു പറയുന്നത് ഇന്നും അജഗണങ്ങള്‍ക്ക് തങ്ങളുടെ വലിയ ഇടയന്മാരോടു ആദരവും ബഹുമാനവും സ്‌നേഹവും ഉണ്ട് എന്നുള്ളതാണ്.

വലിയ സ്ഥാനത്തിരിക്കുന്നവരെ സാധാരണക്കാര്‍ അസാധാരണരായിട്ടാണ് കാണുന്നത്. അവരുടെ വരവും പോക്കും കാറും സിംഹാസനവും വേഷങ്ങളും ഭൂഷണങ്ങളും എല്ലാം അവരെ സാധാരണക്കാരില്‍ നിന്നു വ്യത്യസ്തരാക്കുന്നു. വ്യത്യസ്തരായ അവര്‍ അതിനാല്‍ത്തന്നെ ജാടയും മോടിയും ഉള്ളവരായി ഭവിക്കുന്നു. രാജവാഴ്ചയും മാടമ്പി സംസ്‌കാരവും ഇല്ലാതായപ്പോള്‍ അവ മറ്റൊരു രൂപത്തില്‍ സഭാ ഭരണസംവിധാനത്തിലും സഭാ ഭരണതനയന്മാരിലും കയറിക്കൂടി. ഞങ്ങള്‍ മെത്രാന്മാര്‍ സാധാരണക്കാരല്ല എന്ന വിളംബരം അങ്ങനെ അവര്‍ പൂര്‍ത്തിയാക്കി.

മെത്രാന്മാര്‍ ഒരിക്കല്‍ ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരായിരുന്നു. അന്നൊക്കെ ഡീക്കന്‍, ആര്‍ച്ച്ഡീക്കന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നവരാണ് സഭയുടെ ഭൗതികകാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. സഭയുടെ സമ്പത്ത് അളവറ്റതാകുകയും അതിനു രഹസ്യസ്വഭാവം കൈവരികയും ചെയ്തപ്പോള്‍ ഡീക്കന്മാരെ മാറ്റി. ഭൗതികമായ ചുമതലകള്‍ കൂടി മെത്രാന്മാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ ഭൗതികം മാത്രമായി.

ഭൗതികകാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുന്നവരായി മെത്രാന്മാരും മെത്രാപ്പോലീത്തമാരും വേഷം മാറിയെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ സംബന്ധിച്ച് മെത്രാന്മാരും മെത്രാപ്പോലീത്തമാരും ഇന്നും ആത്മീയാചാര്യന്മാര്‍ തന്നെയാണ്. പ്രാധാന്യമര്‍ഹിക്കാത്ത ഭൗതികകാര്യങ്ങളില്‍ നിന്നുമകന്ന്, നിരന്തരമായ വിദേശയാത്രകളുടെ തിരക്കുകളില്‍ നിന്നുമൊഴിഞ്ഞ്, ധ്യാനവും മനനവും വായനയും ചിന്തയുമൊക്കെയായി കഴിയേണ്ടവരാണവര്‍. കാരണം മെത്രാന്‍, വിശ്വാസികള്‍ക്ക്, വിശ്വാസമാതൃകയാണ്, ആദരണീയനായ ഗുരുവാണ്, സ്‌നേഹനിധിയായ പിതാവാണ്, ഉത്കൃഷ്ടനായ പ്രബോധകനാണ്.
പക്ഷേ, ഇന്ന് കേരളത്തിലെ ഒട്ടുമിക്ക മെത്രാന്മാരും എഴുന്നള്ളിവരുന്ന ഗജവീരന്മാരെപ്പോലെയാണ്. ഉത്സവത്തിനും പൂരത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും ഗുരുവായൂര്‍ കേശവനും കൊച്ചുകൊമ്പന്മാരും വേണം. അവരുടെ സാന്നിധ്യം ചടങ്ങുകള്‍ക്ക് ഒരു കൊഴുപ്പേകും. ആ കൊഴുപ്പിന്റെ സാന്നിദ്ധ്യാലങ്കാരമായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ മെത്രാന്മാര്‍. അവര്‍ക്കതിനു നിശ്ചിത ഫീസുണ്ട്. വിവാഹത്തിനിത്ര, സംസ്‌കാരത്തിനിത്ര, പൊതുചടങ്ങുകള്‍ക്കിത്ര, ഇങ്ങനെയൊക്കെ. ഇപ്പോഴിതാ വിദേശവിവാഹങ്ങള്‍ക്കും മെത്രാപ്പോലീത്തായുടെ സാന്നിധ്യം വേണം. വിദേശത്തുള്ള മലയാളിധനവാന്മാര്‍ക്ക് തങ്ങളുടെ മക്കളുടെ വിവാഹങ്ങള്‍ക്ക് കേരളത്തില്‍ നിന്നു സ്‌പെഷ്യലായി വലിയ ഓഫര്‍ കൊടുത്തു കൊണ്ടുവരുന്ന മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വവും വചനശുശ്രൂഷയും ഇന്നു അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. സന്യാസിയുടെ ലളിത പശ്ചാത്തലമുള്ള ക്‌നാനായ പരമാധ്യക്ഷനെ അമേരിക്കന്‍ കല്യാണങ്ങള്‍ക്കു വാടകയ്ക്കു കിട്ടും എന്ന അവസ്ഥവരെ വന്നിരിക്കുന്നു. ഇനിയങ്ങോട്ട്, അമേരിക്കന്‍, യു.കെ. ക്‌നാനായ മുതലാളിമാര്‍ക്ക് ക്‌നാനായ മെത്രാപ്പോലീത്തായുടെ വിവാഹകാര്‍മ്മികത്വം ഒരു അഭിമാന മത്സരമായിത്തീരും. മെത്രാപ്പോലീത്ത മുടിവച്ച് വടിപിടിച്ച് തങ്ങളുടെ മക്കളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും അവരുടെ പ്രതാപത്തെ വര്‍ദ്ധിപ്പിക്കും. പതിനായിരക്കണക്കിനു ഡോളര്‍ ഈ ഒറ്റക്കാര്യത്തിനു പോയാലെന്താ അതിലൂടെ കിട്ടുന്ന മാനമുണ്ടല്ലോ അതു മാനംമുട്ടെ പൊങ്ങി നില്‍ക്കും.

ക്‌നാനായ സമുദായത്തില്‍ കുടുംബ/ദാമ്പത്യ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളെക്കുറിച്ച് ഒരു പഠനമെങ്കിലും നടത്തുവാന്‍ ആരും തയ്യാറല്ല. ക്‌നാനായക്കാരനല്ലാത്ത ഒരു സീറോമലബാര്‍ വൈദികന്‍ യു.കെ.യിലെ ക്‌നാനായ കുടുംബങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ചു പറഞ്ഞു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നാണ് സഭാനേതൃത്വത്തിന്റെ കാഴ്ചപ്പാട്. അവര്‍ക്കു നാലാള്‍ കൂടുന്നിടത്തുനിന്നു കിട്ടുന്ന സ്തുതിയും പുകഴ്ചയും മതി.

കേരളത്തിലെ സാധാരണ ജനങ്ങളെ സംബന്ധിച്ച് തികച്ചും അപ്രാപ്യരാണ് അരമനയില്‍ വാഴുന്നവര്‍. ഏതെങ്കിലും ഒരു മെത്രാന്‍ ഏതെങ്കിലും ഒരു പാവപ്പെട്ടവന്റെ വിവാഹത്തിനോ സംസ്‌കാരത്തിനോ പോയിട്ടുണ്ടോ. വിളിക്കാത്തിടത്തു എങ്ങനാ പോവുക എന്നൊരു ചോദ്യം വരാം. മെത്രാപ്പോലീത്ത ക്ഷണിക്കപ്പെടാത്ത അതിഥിയാകുന്നിടത്താണു ക്രിസ്തു സാക്ഷ്യം.

സക്കോവൂസിന്റെ വിരുന്നുവീട്ടിലേക്കു യേശു ചെന്നതു ക്ഷണിക്കപ്പെട്ടതു കൊണ്ടല്ല. ഞാനിന്നു നിന്റെ ഭവനത്തില്‍ വരുന്നു എന്നു പറഞ്ഞു ചെല്ലുകയായിരുന്നു. എന്തിനാ ചെന്നത്, ആ ഭവനത്തിന്റെ രക്ഷയ്ക്ക്. പണ്ടൊരു തഥാഗതന്‍ ക്ഷണിക്കപ്പെടാതെ ചെന്നു ബിംബിസാരന്റെ കൊട്ടാരത്തിലെ യാഗോത്സവത്തിലേയ്ക്ക്. ആയിരം കുഞ്ഞാടുകളെ ബലിയര്‍പ്പിക്കുന്ന യാഗത്തറയിലേയ്ക്ക്. എന്തിനാ ചെന്നത്; അജഗണത്തെ രക്ഷിക്കാന്‍, സ്വയം ബലിവസ്തുവായി തന്നെത്തന്നെ സമര്‍പ്പിക്കാന്‍. രാജാവും പ്രജകളും അങ്ങനെ ആ ബുദ്ധന്റെ അനുയായികളായി.

ഈ മെത്രാപ്പോലീത്തമാരുടെ വരവുകൊണ്ട് അവര്‍ക്ക് വരവുണ്ടാകുമെന്നല്ലാതെ മറ്റുള്ളവര്‍ക്കു എന്തു വരം കിട്ടും? കാണികള്‍ക്ക് കാണാനും പറയാനും ഒരു പൊങ്ങച്ചബിംബമായി ഇവര്‍ എഴുന്നള്ളി വരും. അവരുടെ സാന്നിദ്ധ്യം എന്തു ആത്മീയ ഉണര്‍വാകും. അവരുടെ പ്രബോധനം ആരു ചെവിക്കൊള്ളും. എല്ലാം ഒരു മേളം.

മേളം മസാല!


(ഒക്‌ടോബര്‍ 2010 ലക്കം സ്നേഹസന്ദേശത്തില്‍ നിന്ന്)
Join WhatsApp News
Thomas K.Varghese 2013-06-01 21:19:18
It is true. Time to think with respect.
james kottoor 2013-06-05 17:26:45
Very grafaic description of what is happening to leadership in the church, especially  in the Syromalabar community.Thanks be to God if it helps those who are supposed to reflect and correct themselves to become real spiritual leaders.
ഉടക്ക് വാസു 2013-06-05 19:47:27
ഒരു പട്ടിക്കു വേറൊരു പട്ടിയെ കാണുമ്പോൾ മുറുമുറുപ്പ് 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക