Image

അമേരിക്കന്‍ മലയാളികളുടെ കേരള സ്‌നേഹം: മാത്യു മൂലേച്ചേരില്‍

Published on 03 June, 2013
അമേരിക്കന്‍ മലയാളികളുടെ കേരള സ്‌നേഹം:  മാത്യു മൂലേച്ചേരില്‍
നാട്ടില്‍ പ്രയാസത്തില്‍ ജീവിച്ച കുഞ്ഞിച്ചേട്ടനും കുഞ്ഞിപ്പെണ്ണും അമേരിക്കയില്‍ എത്തിയ നാള്‍ തൊട്ട് വളരെ കഷ്ടപ്പെട്ട് ജോലി ചെയ്താണ് ജീവിച്ചത്. മറ്റുള്ള അമേരിക്കക്കാര്‍ നല്ല വീടുകളിള്‍ ജീവിച്ചപ്പോള്‍ ഇവരും ഇവരുടെ മൂന്നു മക്കളുമടങ്ങുന്ന കൊച്ചുകുടുംബം ഏറ്റവും മോശം സ്ഥലത്തുള്ള ഒരു വൃത്തികെട്ട ഒരു ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ ജീവിച്ചു. വറ്റല്‍ മുളകും വിലകുറഞ്ഞ അരിയുടെ കഞ്ഞിയും മാത്രമായിരുന്നു പലപ്പോഴും അവരുടെ ആഹാരം. വിലകൂടിയ തുണിത്തരങ്ങളോ ഒരു നല്ല കാറോ അവര്‍ ഉപയോഗിച്ചിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്.

അവരുടെ നാട്ടിലുള്ള കുടുംബത്തില്‍ ധാരാളം അംഗങ്ങളുണ്ട്. അവര്‍ക്കാര്‍ക്കും പ്രത്യേകിച്ച് നല്ല ജോലികളൊന്നുമില്ല. ഒരു പരിധിവരെ ജോലിചെയ്യാന്‍ അധികം താത്പര്യമുള്ളവരല്ല എന്ന് പറയുന്നതാവും ശരി. അവരെല്ലാം വാ പൊളിച്ച് നോക്കിയിരിക്കുന്നത് ഈ അമേരിക്കന്‍ കുഞ്ഞിക്കുടുംബത്തെയാണ്. അവരെ സഹായിക്കുന്നതിന് ഈ കുഞ്ഞിക്കുടുംബത്തിനാകട്ടെ യാതൊരു പരാതികളുമില്ല.

അരവയര്‍ മുറുക്കിയുടുത്ത് അവര്‍ നാട്ടിലെ തറവാടു വീടുകള്‍ മോടിപിടിപ്പിച്ചു, വസ്തുവകകള്‍ വാങ്ങിക്കൂട്ടി, സഹോദരിമാരെ നല്ല നിലയില്‍ കെട്ടിച്ചയച്ചു, സഹോദരന്മാര്‍ക്ക് നല്ല ഭവനങ്ങള്‍ നിര്‍മ്മിച്ചു കൊടുത്തു. നാട്ടില്‍ പോകുമ്പോഴൊക്കെയും കൈനിറയെ പണവും സമ്മാനങ്ങളും എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു. സ്വന്തം കുടുംബത്തെ മാത്രമല്ല ചാര്‍ച്ചക്കാരെയും അവര്‍ സഹായിച്ചു. സഹായം ലഭിച്ചുകഴിഞ്ഞപ്പോള്‍ അവരില്‍ പലരും ഇവരെ തള്ളിപ്പറകയും ചെയ്തു. എന്നിരുന്നാലും നാട്ടിലുള്ള എല്ലാവരും വളരെ സന്തൊഷത്തില്‍ ജീവിക്കുന്നത് കണ്ട് അവര്‍ ഇവിടെ അമേരിക്കയിലും സന്തോഷമായി ജീവിക്കുന്നു.

അവര്‍ക്കാകട്ടെ കേരളമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഹരമായിരുന്നു. അമേരിക്കയില്‍ വന്ന് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട മാതൃ രാജ്യത്തെ തള്ളിപ്പറഞ്ഞ്, അവിടുത്തെ സകല അവകാശങ്ങളും ത്യജിക്കുന്നുവെന്നും, പെറ്റമ്മയായ ഇന്‍ഡ്യക്കെതിരെ യുദ്ധം വരെ ചെയ്തുകൊള്ളാമെന്നുമുള്ള സത്യവാചകം സ്വന്തം ഹൃദയത്തില്‍ കൈവെച്ച് ഹൃദയമിടുപ്പുകളെ അറിഞ്ഞ് ചൊല്ലി ഏറ്റെടുത്തിട്ടുള്ളവരായിരുന്നു അവര്‍. അങ്ങനെ അവര്‍ അമേരിക്കന്‍ പൗരന്മാരാണെങ്കില്‍ തന്നെയും അവര്‍ പ്രവാസികളായി വിദേശത്തുള്ളവരെന്നും ഇപ്പോഴും കേരളമാണ് നാടെന്നും സ്വയം വിശ്വസിക്കുകയും, മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും മലയാളക്കരയെ വളരെ സ്‌നേഹിക്കുകയും ചെയ്യുന്നു.

അങ്ങനെ അമേരിക്കയില്‍ ജീവിക്കുന്ന അവര്‍ നാട്ടില്‍ സ്വന്തമായി കുറച്ച് സ്ഥലം വാങ്ങി ഒരു വീടുവെക്കണമെന്ന് ആഗ്രഹിച്ചു. തങ്ങളുടെ ഈ ആഗ്രഹം അവരുടെ പ്രീയ സുഹൃത്തായിരുന്ന ആന്‍ഡ്രുവിനോട് പറഞ്ഞപ്പോഴേ അദ്ദേഹം അവരെ വിലക്കി. നിങ്ങള്‍ക്ക് നാട്ടില്‍ അതിന്റെയൊന്നും ആവശ്യമില്ല. ഇവിടെ ഒരു നല്ല ചെറിയ വീടു വാങ്ങി നന്നായി ജീവിക്കുക, അതാണ് നല്ലത്. ആന്‍ഡ്രുവിന്റെ വിലക്കുകളും ഉപദേശങ്ങളും അവര്‍ സ്വീകരിച്ചില്ല. കേരളത്തോടുള്ള സ്‌നേഹവും പ്രതിപദ്യതയും പ്രകടിപ്പിക്കണമെങ്കില്‍, ജനിച്ച നാടിനെ എന്നെന്നും ഓര്‍മ്മിക്കണമെങ്കില്‍, ഭാവിയില്‍ മക്കളും കേരളനാടിനെ മറക്കാതിരിക്കണമെങ്കില്‍ അവിടെ സ്ഥലവും വീടും ഉണ്ടായേ മതിയാവൂ എന്നവര്‍ തീരുമാനിച്ചു. രണ്ടും മൂന്നും ജോലിചെയ്ത്, ഒരു അഞ്ചേക്കര്‍ ഭൂമിയും വാങ്ങി അതില്‍ ആ ദേശത്തിലെ തന്നെ മനോഹരവും വലുതുമായ ഒരു ഭവനവും നിര്‍മ്മിച്ച് ആ ആഗ്രഹവും അവര്‍ സാധിച്ചു. എല്ലാത്തിനും കോടികള്‍ ആകുകയും ചെയ്തു.

നാട്ടിലെ വീടിന്റെ കൂദാശക്ക് നാട്ടില്‍ പോകുവാന്‍ അവര്‍ തീരുമാനിച്ചു. മക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴേ അവര്‍ പറഞ്ഞു, നിങ്ങള്‍ പോയി കൂദാശ കഴിഞ്ഞു വാ, ഞങ്ങള്‍ ആ നാട്ടിലോട്ടേ വരുന്നില്ല. അവിടെ ഭയങ്കര ചൂടും, പാമ്പും പല്ലിയും കൊതുകുകളും വൃത്തികേടുകളും ഒക്കെത്തന്നെ. അങ്ങനെ കുഞ്ഞികള്‍ കുടുംബം മുഴുവനില്ലാതെ നാട്ടില്‍ കടന്നുപോയി വീട് നല്ലവണ്ണം ഫര്‍ണീഷ് ചെയ്ത്, വീടിന്റെ കൂദാശയും നടത്തി, അടുത്തുള്ള കീഴ് ജാതിയിലുള്ള രങ്കനെ അതിന്റെ താക്കോലും, കാവല്‍ ജോലിയുമേല്പിച്ചിട്ട് തിരികെ ഇവിടെ വന്ന് ആ ഒറ്റമുറി വീട്ടില്‍ ജീവിക്കുന്നു.

രങ്കനാകട്ടെ ആ സ്ഥലത്തെ കൃഷികളില്‍ നിന്നുള്ള ആദായം അനുഭവിക്കുകയും, സന്ധ്യയാകുമ്പോള്‍ തന്റെ കൂട്ടുകാരെയും കൂട്ടി ആ വീട്ടില്‍ കള്ളടിയും, ചീട്ടുകളിയും, ആട്ടും പാട്ടും കൂത്തും പിന്നെ വല്ലപ്പോഴും അല്പസ്വല്പം വ്യഭിചാരവുമൊക്കെയായി സസ്സുഖം ജീവിക്കുന്നു.

വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. വല്ലപ്പോഴുമൊരിക്കല്‍ നാട്ടിലേക്ക് കടന്നു പോകുമ്പോള്‍ ഈ കുഞ്ഞി ദമ്പതിമാര്‍ അവിടെപ്പോയി താമസിക്കും. അതിന്റെ മനോഹാരിത കണ്ട്, തങ്ങളുടെ വിയര്‍പ്പിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും, പട്ടിണിയുടെയും ഫലമാണല്ലോ ഇതെന്നുള്ള ചാരിതാര്‍ത്ഥ്യത്തില്‍ അവര്‍ ആയിത്തീരുകയും ചെയ്യും.

വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി. കുഞ്ഞി ദമ്പതിമാരുടെ മക്കളെല്ലാം വളര്‍ന്നു. നന്നായി പഠിച്ച് ബിരുദ ധാരികളായ അവര്‍ക്ക് സ്വന്തമായി ജോലികളും, അമേരിക്കയില്‍ നിന്ന് ബന്ധവും ഒക്കെയായി. അവരെല്ലാം കുഞ്ഞി ദമ്പതിമാരെ വിട്ട് സ്വന്തം വീടുകളിലേക്ക് മാറിത്താമസിച്ചു. കാലം കടന്നുപോയി അങ്ങനെയിരിക്കെ ഒരു നാള്‍ കുഞ്ഞിച്ചേട്ടന്‍ മരിച്ചു. വിവരം അറിഞ്ഞയുടനെ തന്റെ പ്രീയതമന്റെ വേര്‍പാടില്‍ മനംനൊന്ത് കുഞ്ഞിപ്പെണ്ണും ഇഹലോകവാസം വെടിഞ്ഞു. മക്കള്‍ രണ്ടാളുടെയും ശവങ്ങള്‍ അമേരിക്കയില്‍ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെയുള്ള ഒരു ശവപ്പറമ്പില്‍ മറവുചെയ്യുകയും ചെയ്തു.

മക്കളോ ഇവരുടെ നാട്ടിലുള്ള ബന്ധുമിത്രാതികളുമായി യാതൊരു ബന്ധവുമില്ലാത്തവരും, കേരളമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു തരം വെറുപ്പുമുള്ളവരായിരുന്നു. ഒരിക്കലും അവിടേക്ക് പോകുന്നതിന് യാതൊരുവിധ ആഗ്രഹവും പ്രകടിപ്പിക്കുകയുമുണ്ടായില്ല.

നാട്ടിലെ വീട്ടില്‍ താമസിക്കുന്ന രങ്കനാകട്ടെ ഇവരുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ വളരെ സന്തോഷത്തില്‍ ജീവിക്കുന്നു. അതിനു പ്രധാന കാരണം, പണ്ടൊക്കെ ഇവര്‍ വല്ലപ്പോഴുമ്മൊരിക്കല്‍ അവിടെയെത്തുമ്പോള്‍ തന്റെ കലാ പരിപാടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അവ ആ സമയങ്ങളില്‍ നിര്‍ത്തിവെക്കേണ്ടതായും വന്നിട്ടുണ്ട്, ഇനിയും അതിന്റെ ആവശ്യമില്ലല്ലോ. പണ്ടത്തെ തന്റെ ആഭാസ ജീവിതം ഒന്നുകൂടിക്കൊഴുപ്പിച്ച് ഇപ്പൊള്‍ അവിടെ നാട്ടിലുള്ള അറിയപ്പെടുന്ന തേവിടിശ്ശികളെ സംഘടിപ്പിച്ച് ചെറിയതോതില്‍ ഒരു വ്യഭിചാരശാലയും തുടങ്ങിയിരിക്കുന്നു. കൂടാതെ ആ സ്ഥലത്തേക്ക് തന്റെ സുഹൃത്തുക്കളെ ക്ഷണിച്ച് അവര്‍ കുറേശ്ശേ തിരിച്ചെടുത്ത് കുടുലുകളും കുട്ടികളും ഒക്കെയായി സസന്തോഷം വാഴുന്നു.

ഇതൊരു കഥ! ഇതാണ് അമേരിക്കന്‍ മലയാളികളായ പലരുടെയും ചിന്താഗതികളും പ്രവര്‍ത്തനങ്ങളും. ആര്‍ക്കും അവരെ തിരുത്താന്‍ സാധിക്കില്ല. എല്ലാം വെറും പാഴ് ശ്രമങ്ങളായിത്തീരും. എങ്കില്‍ തന്നെയും നിങ്ങളെപ്പോലെ ഒരു അമേരിക്കന്‍ മലയാളിയായ ഈ എളിയ എഴുത്തുകാരന്‍ നിങ്ങള്‍ ചെവിക്കൊണ്ടാലും ഇല്ലെങ്കിലും രണ്ടുവാക്ക് ചുവടെ ചേര്‍ക്കുന്നു.

ആദ്യമേ പറയട്ടെ, ഈ കഥയിലെ കുഞ്ഞികള്‍ക്ക് സംഭവിച്ചത് ചില തെറ്റായ അറിവുകള്‍ കൊണ്ടും ചിന്താഗതികള്‍ കൊണ്ടുമാണ്. അമേരിക്കയില്‍ വന്ന് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നാട്ടിലെ രൂപയുമായി തട്ടിച്ചുനോക്കി, നല്ല ആഹാരം കഴിക്കാതെയും, നല്ല ഭവനത്ത് താമസിക്കാതെയും ഉണ്ടാക്കുന്നതെല്ലാം നാട്ടിലോട്ട് അയച്ച് സഹോദരങ്ങളെയും ചാര്‍ച്ചക്കാരെയും സഹായിച്ച് അവരെ ആളുകളാക്കുകയും, നിങ്ങള്‍ക്കോ നിങ്ങളുടെ മക്കള്‍ക്കോ ആവശ്യമില്ലാത്ത സ്ഥലങ്ങളും കൊട്ടാരങ്ങളും നാട്ടിലുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കുള്ള അനുഭവമാണിത്.

അമേരിക്കയിലേക്ക് നീയമപരമായി കുടിയേറ്റം ചെയ്യുന്ന ആരും ഒരിക്കലും ഒരു പ്രവാസിയാകുന്നില്ല. നിങ്ങള്‍ നിങ്ങളുടെ മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞ് അമേരിക്കന്‍ പൗരന്മാരാകുന്ന നിമഷം മുതല്‍ ഒരു കാര്യം ഓര്‍ക്കുക, ആ നിമിഷം മുതല്‍ നിങ്ങള്‍ ഇന്ത്യാക്കാര്‍ അല്ലെന്ന്. ഭാരതത്തില്‍ യാതൊരു അവകാശവും ഇല്ലെന്ന്. നിങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് വിലപിക്കുവാനോ, അവിടുത്തെ നീതിന്യായ, സാമൂഹിക വ്യവസ്ഥകളെയോ, ഒരു രാഷ്ട്രീയക്കാരനെയോ, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയോ, ആരെയും ചോദ്യം ചെയ്യുവാനോ, ഉപദേശിക്കുവാനോ ഉള്ള അവകാശമാണ് ഇവിടുത്തെ പൗരത്വ സത്യപ്രതിജ്ഞയിക്കൂടെ ഇല്ലാതാക്കിയതെന്ന്. നിങ്ങള്‍ മലയാളികള്‍ തന്നെ, നിങ്ങളുടെ കേരളത്തോടുള്ള സ്‌നേഹം അനുമോദനീയം തന്നെ. പക്ഷെ അത് നിങ്ങളുടെ മനസ്സില്‍ മാത്രമേ നിലനില്‍ക്കുകയുള്ളു.

ഇന്നിവിടെ അമേരിക്കയില്‍ ഒ.സി.ഐ കാര്‍ഡും മറ്റു പ്രശ്‌നങ്ങളും ഒക്കെ എടുത്ത് കാട്ടി പത്രപ്രസ്താവനകളുമായി നടക്കുന്നവര്‍ പോലും മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. അവര്‍ ഇന്ത്യന്‍ ഭരണാധിപന്മാരെ കുറ്റം പറഞ്ഞും തെറിവിളിച്ചും നടത്തുന്ന പ്രസ്താവനകള്‍ എന്നത് വെറും ഒരു ഷോ മാത്രമാണ്. നാട്ടിലുള്ളവര്‍ ഇത്തരക്കാരുടെ പരാതികള്‍ക്കും, ആരോപണങ്ങള്‍ക്കും ചെവികൊടുക്കാത്തതിന്റെ പ്രധാന കാരണം ഇവരാരും ഇന്ത്യാക്കാര്‍ അല്ല എന്നുള്ളതുകൊണ്ട് മാത്രമാകുന്നു. എന്തിനിവര്‍ ഇന്ത്യയെ തള്ളിപ്പറഞ്ഞിട്ട്, ഇന്ത്യയില്‍ നിന്ന് അവകാശങ്ങള്‍ക്കായി മുറവിളി കൂട്ടുന്നു.

ലോകത്തിലെ മറ്റ് നാടുകളെപ്പോലെയോ, അതിലുപരിയായോ മനുഷ്യരുടെ ചൂഷണത്താല്‍ കേരളത്തിന്റെ പരിസ്ഥിതിയും നശിച്ചുകൊണ്ടിരിക്കുന്നു. മലകളും കുന്നുകളും ഇടിച്ചുനിരത്തിയും, പാടങ്ങള്‍ നികത്തിയും, പുഴകള്‍ വറ്റിച്ചും മണിമാളികകളും, അംബരചുംബികളായ ആര്‍ഭാട സൗധങ്ങളും നിര്‍മ്മിക്കുന്നു. പ്രവാസി മലയാളികള്‍ നാട്ടില്‍ അനാവശ്യമായി വസ്തുവകകള്‍ വാങ്ങിക്കൂട്ടി സ്ഥലങ്ങളുടെ വിലകൂട്ടുന്നു. നാട്ടിലുള്ള സാധാരണക്കാരായ ആളുകള്‍ക്ക് താങ്ങാന്‍ പറ്റാത്തവിധം എല്ലാത്തിന്റെയും വിലകള്‍ ദൈനം ദിനം ഏറിവരുന്നു. അടിഞ്ഞുകൂടുന്ന മാലിന്യത്തിന്റെ ചീഞ്ഞു നാറ്റത്താല്‍ ജീവിതം ദുസ്സഹമായ് തീരുന്നു. പതിവിനു വിപരീതമായി താപനിലയില്‍ പലതരം മാറ്റങ്ങളും സംഭവിക്കുന്നു. പുതിയപുതിയ രോഗങ്ങള്‍ കേരളത്തെ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. നിലവിലുള്ള റോഡുകള്‍ക്ക് താങ്ങാനാവാത്ത വിധത്തില്‍ വാഹനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. ഇതിലെല്ലാം പ്രവാസി മലയാളികളുടെയും അമേരിക്കന്‍ മലയാളികളുടെയും പങ്ക് വളരെ വലുതാണ്.

ഇന്ന് ആറന്മുളയില്‍ ഒരു വിമാനത്താവളം എന്ന പ്രമേയവുമായി അമേരിക്കന്‍ മലയാളികളും പ്രവാസികളും മുറവിളികൂട്ടിക്കൊണ്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. 600 കിലോമീറ്റര്‍ നീളവും 15000 ചതുരശ്രമൈല്‍ വിസ്ത്രിതിയുമുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ എന്തിന് ഒരുപാട് വിമാനത്താവളങ്ങള്‍. നിലവിലുള്ള വിമാനത്താവളങ്ങളില്‍ നിന്ന് വീട്ടിലെത്തുന്നതിനുള്ള യാത്രാക്ലേശം ലഘൂകരിക്കുവാനാണെങ്കില്‍ വിമാനത്താവളമല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലേ? കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരു നല്ല സ്പീഡ് വേ നിര്‍മ്മിച്ചാല്‍ അതു പരിഹരിക്കപ്പെടില്ലേ? അങ്ങനെ ചെയ്താല്‍ കേരളത്തിലെ യാത്രാക്ലേശങ്ങള്‍ക്ക് പകുതി പരിഹാരമാകും. അതിനായി ആറന്മുളയിലുള്ള മലകളും, പാടങ്ങളും, കുന്നുകളും നശിപ്പിക്കണോ? വാഹനകുടുക്കുകളില്‍ മണിക്കൂറുകള്‍ ദിനവും ചിലവഴിക്കുന്ന പ്രവാസി അല്പനേരം കാറില്‍ ഇരുന്നത് കൊണ്ട് അധിക കുറവുകള്‍ ഒന്നും സംഭവിക്കില്ല. അങ്ങനെ നിരവധി കാരണങ്ങളാല്‍ പ്രവാസികള്‍ കേരളത്തിന് നാശം സൃഷ്ടിക്കുന്നു.

അവസാനമായി, പ്രവാസികളെ നിങ്ങള്‍ എന്തിനിങ്ങനെ നാട്ടില്‍ കോടികള്‍ മുടക്കി കൊട്ടാരങ്ങള്‍ പണിതുണ്ടാക്കുന്നു. നിനക്കോ നിന്റെ തലമുറക്കോ അത് അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചെന്ന് വരില്ല. പിന്നെ പിറന്ന നാടിനോടുള്ള സ്‌നേഹം കൊണ്ടാണ് അതെങ്കില്‍ അതിനായി മറ്റെന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും... വെറുതെ പാറ്റക്കും, പൂച്ചക്കും, വാവലിനും, മരപ്പട്ടിക്കും, എട്ടുകാലിക്കും, എലികള്‍ക്കും പെറ്റുകൂട്ടാന്‍ എന്തിന് നിങ്ങള്‍ നിങ്ങളുടെ അദ്ധ്വാനം മുടക്കി, മലകള്‍ നിരത്തി, പുഴകള്‍ വറ്റിച്ച്, പാടങ്ങള്‍ നികത്തി സൗധങ്ങള്‍ നിര്‍മ്മിക്കുന്നു? ചിന്തിക്കൂ! നിനക്കും നിന്റെ കുഞ്ഞുങ്ങള്‍ക്കും ആവശ്യമില്ലാത്തത് ദയവുചെയ്ത് കേരളത്തില്‍ ചെയ്ത് ഭൂമിയെ മലിനമാക്കാതിരിക്കൂ. നിങ്ങള്‍ക്ക് ഓര്‍ക്കാനെങ്കിലും ആ ഭൂമി അവിടുണ്ടാവട്ടേ! മനുഷ്യനായി ചിന്തിച്ച് മനുഷ്യത്വത്തോട് പ്രകൃതിയെ സ്‌നേഹിച്ചു ജീവിക്കൂ!

വായിച്ചതില്‍ നന്ദി! മാത്യു മൂലേച്ചേരില്‍
Join WhatsApp News
andrewsmillenniumbible [andrews.c] 2013-06-03 14:02:08
well written. Hope someone will learn from Sri.Mathew's wisdom
agitha 2013-06-03 14:23:58
ജീവിതത്തിൽ ഉറപ്പായുള്ളത് ഒന്ന് മാത്രം അതാണ്‌ present  അതിൽ ജീവിക്കാതെ ഭാവി,ഭൂതം ഇവ ഒക്കെ പറഞ്ഞും സ്വപ്നം കണ്ടും ജീവിച്ചാല് ഇതല്ല ഇത്നപ്പുരവും ഉണ്ട്ടകും ..സ്വന്തം ആയി കരുതി സമ്പാതിക്കുന്നവ  ഒക്കെ മറ്റുള്ളവര്കായി ഉപേഷിച്ച് പോകണം എന്ന് മറക്കാതിരിക്കുക
Padma 2013-06-03 14:34:28
നല്ല സന്ദേശം Mr. Moolacheril, well -written
SONY 2013-06-03 14:55:28
so true.. wake up call..
Rebin Rapheal 2013-06-03 15:00:19
Mathew Moolecheril: വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു.വാക്കുകളുടെ ബലവും ദീർഘവീക്ഷണവും എന്റെ മനസിൽ വല്ലാത്ത മാറ്റം ഉണ്ടാക്കി. ലോകത്തിനും പരിസ്ഥിതിക്കും മാതൃകയാകുവാൻ ഓരോ മലയാളിക്കും ആകട്ടെ. വളരെയധികം നന്ദി
usman 2013-06-03 15:03:29
നല്ല എഴുത്ത് .........
P.P.Cherian 2013-06-03 15:13:56
സരസവും ഘനഗംഭിരവും ആയ അവതരണം പി. പി.ചെറിയാൻ .
Sudhir Panikkaveetil 2013-06-03 19:30:47
പ്രവാചകാ പറയു.. പ്രഭാതം അകലെയാണോ?
VN 2013-06-03 19:34:16
Interesting perspective!
വിദ്യാധരൻ 2013-06-03 20:13:51
ചെകുത്താന്റെം കടലിന്റേം നടുക്ക് അകപെട്ട മലയാളിയുടെ കപട  ജീവിതത്തിന്റെ നേർക്കാഴ്ച 


Parameswaran Puthuvelil 2013-06-04 09:45:03
പാവങ്ങളായ 'കുഞ്ഞിച്ചേട്ടനും കുഞ്ഞിപ്പെണ്ണും' മൂന്നു പിള്ളേരുമായി അമേരിക്കയിൽ വന്നു,  താമസിയാതെ അഞ്ചേക്കർ പുരയിടവും കോടികൾ മുടക്കി വീടും പണിയാൻ അവർക്ക് കഴിഞ്ഞ ചിത്രീകരണം കഥയിൽ ഒക്കുന്നില്ല. ശേലുകേടു പലതുണ്ട്. വീടിന്റെ 'കൂദാശ' എന്നത് 'ഒരച്ചായാൻ പ്രയോഗ(പദം)മാണ്. പള്ളി മലയാളം. ഹിന്ദുക്കൾ കൂദാശ ചെയ്യാൻ പോവില്ല. കഥയിൽ പൊരുത്തത്തിന് അത്തരത്തിൽ പറയാതെ അവരെ 'കുഞ്ഞൂട്ടിയെന്നും, കുഞ്ഞൂഞ്ഞമ്മയെന്നും ആക്കി എഴുതാമായിരുന്നില്ലേ മൂലേച്ചേരില്‍ മാത്തച്ചയാന് ? നാട്ടിൽ വീട് വെക്കുന്നതു തെറ്റ് എന്നു ബുദ്ധി പറഞ്ഞുകൊടുക്കുന്ന ആൻഡ്രൂ അച്ചായനെ കാണിച്ചിരിക്കുന്നതും ഒത്തില്ല. കണ്ടുവരുന്ന രീതി അതല്ലാലോ? പിന്നെ, "സന്ധ്യയാകുമ്പോള്‍ തന്റെ കൂട്ടുകാരെയും കൂട്ടി ആ വീട്ടില്‍ കള്ളടിയും, ചീട്ടുകളിയും, ആട്ടും പാട്ടും കൂത്തും പിന്നെ വല്ലപ്പോഴും അല്പസ്വല്പം വ്യഭിചാരവുമൊക്കെയായി സസ്സുഖം ജീവിക്കുന്ന", "കീഴ് ജാതി"യിലുള്ള, രങ്കനെ അത്രയും വലിയ വീടു നല്കിയതും ഒത്തില്ല. 'കീഴ്ജാതി'ക്കാരാൻ എന്നതിനു പുറമേ എന്തെല്ലാം വൃത്തികേടുകളാ അയാളു നടത്തുന്നതേ...  അയാളെ ആരെങ്കിലും അത്രയും വലിയ വീടു അങ്ങ് ഏൽപ്പിക്കുമോ? ആ പോട്ടെ, വന്നതു വന്നു... 



അമേരിക്കയിലെയും ലോകമെമ്പാടുമുള്ള ജൂതന്മാരെ നോക്കൂ, നഷ്ടപ്പെട്ട രാജ്യം ഉണ്ടാക്കാൻ ഇന്നും പെടുന്ന പാട് ! ഇസ്രയേൽ അവരുടെ മനസ്സിലെ സ്വന്തരാജ്യം, അമേരിക്ക രണ്ടാമതെയുള്ളൂ. ഇറ്റാലിയാൻമാരും, ഐറിഷ് കാരും, വിവിധ രാജ്യങ്ങളിൽ നിന്നു വന്ന സ്പാനിഷ് കാരും () ചൈനാക്കാരും അമേരിക്കയിലെ അപ്പം തിന്നുകൊണ്ട് ഇങ്ങനെ പറയുമോ? ഒരു കാലത്ത് അടിച്ചിറക്കി വിട്ടാൽ അന്ന് നിങ്ങൾ ഈ നാട്ടിലേക്കായിരിക്കുമല്ലോ ആദ്യം കടക്കാൻ നോക്കുക? മറക്കല്ലേ അക്കാര്യം. ചരിത്രം വീണ്ടും ആവർത്തിക്കുന്നു... എവിടെയും... ആരെയും ഒന്നിനെയും താഴ് ത്തിപ്പറയേണ്ട അതുകൊണ്ട് എന്നു പറഞ്ഞു കൊള്ളട്ടെ.

joseph 2013-06-04 10:56:30
you said it.
naseer o 2013-06-04 13:03:54
അനുഭവിക്കാന്‍ ആരും ഇല്ലാതെ കോടികള്‍ മുടക്കി, പ്രകൃതിയെ ഇടിച്ചു പിഴിഞ്ഞ് എന്തിനാണ് ഈ കൊട്ടാരങ്ങള്‍  /////നല്ല ചിന്തകള്‍////
ഉടക്ക് വാസു 2013-06-04 15:58:05
കുഞ്ഞിചെട്ടനും കുഞ്ഞിപെണ്ണും ഹിന്ദു ആണെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞോ? അവരുടെ വിവാഹം മിശ്രവിവാഹം ആയിരുന്നു. കുഞ്ഞിചെട്ടാൻ നല്ല ഒന്നാന്തരം പാരമ്പര്യം ഒള്ള ക്രിസ്ത്യാനി കുടുംബത്തിൽ പിറന്നത വേലയ്ക്കു നിന്ന കുഞ്ഞുപെണ്ണിന്റെ വയറ്റിൽ ഒണ്ടാക്കി രക്ഷപെടാൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തലേൽ കേറിയതാ .കീഴ് ജാതിക്കാരന് വലിയ വീട് ഒണ്ടാക്കാൻ വയ്യാ എന്ന് ആര് പറഞ്ഞു ? ഇപ്പോൾ റബർ വെട്ടാൻ വരുന്നവാൻ മാരുതിയിൽ പറന്നു നടന്നാ വെട്ടുന്നത്. കഥാ കൃത്ത് പലതും ആനുകാലികമായ വന്ന മാറ്റങ്ങളെ ആധാരമാക്കി എഴുതുന്നതുകൊണ്ട്  നിങ്ങൾ എന്പതു വയസിനു മേളിൽ ഉള്ളവർക്ക്  പലതും മനസ്സിൽ ആകില്ല. അതിനു കഥാ കൃത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 


sujan kakkanatt 2013-06-04 20:02:43
ശരാശരി മലയാളിയുടെ സ്വപ്നം സ്വത സിദ്ധമായ ആഖ്യാന ശൈലിയിലുടെ അവതരിപ്പിച്ച ശ്രി. മാത്യു ത്തികച്ചും അഭിനന്നനം  അര്ഹിക്കുന്നു.  വീണ്ടും ഇത്തരത്തിലുള്ള ഈടുറ്റ ലേഖനങ്ങൾ ഉണ്ടാകട്ടെയെന്നാസംസിക്കുന്നു. അമെരിക്കൻ മലയാളികൾ ഒരിക്കലും പ്രവാസികൾ അല്ലെ അല്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക