Image

പെരുമാറ്റ രീതികളില്‍ക്കൂടി വെളിപ്പെടുന്ന വ്യക്തിത്വം (ജോണ്‍ മാത്യു)

Published on 02 June, 2013
പെരുമാറ്റ രീതികളില്‍ക്കൂടി വെളിപ്പെടുന്ന വ്യക്തിത്വം (ജോണ്‍ മാത്യു)
ഒരു സാംസ്‌ക്കാരിക വേര്‍പിരിയലിന്റെ ആദ്യത്തെ വെടി പൊട്ടിയെന്ന്‌ പറയാമോ? ശരിയാണ്‌, ഇന്നത്തെ ചര്‍ച്ചകള്‍ കേട്ടാല്‍ തോന്നും അമേരിക്കക്കാരെല്ലാം കൃത്യമായി നിയമങ്ങള്‍ പാലിക്കുന്നവരും ഇന്ത്യാക്കാരെല്ലാം നിയമം ലംഘിക്കുന്നവരുമാണെന്ന്‌.

കൊമ്പത്ത്‌ പിടിപാടുണ്ട്‌, തൊട്ടുകളിക്കരുതെന്ന്‌ പറയുന്നത്‌ കേരളീയവും ഭാരതീയവുമായ സ്വഭാവം. കഥ.

ഞങ്ങളുടെ നാട്ടില്‍ ഒരു കാരണവരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ ചന്ദ്രശേഖരന്‌ തിരുവനന്തപുരത്ത്‌ കാര്യാലയത്തില്‍ ഹേഡായി പാറാവുഡ്യൂട്ടി. തിരുവനന്തപുരവുമായുള്ള ഞങ്ങളുടെ സമ്പര്‍ക്കം മുഴുവനും അക്കാലത്ത്‌ ചന്ദ്രശേഖരന്‍ വഴിയും.

ഒരു ദിവസം നാട്ടുകാരണവരുടെ കീശ ആരോ ഒന്ന്‌ തപ്പി, അല്ലെങ്കില്‍ പോക്കറ്റടിച്ചു. അദ്ദേഹം നേരെയങ്ങ്‌ പോലീസ്‌ സ്റ്റേഷനില്‍ ചെന്നു. പരാതിനല്‌കുന്നതിനുമുന്‍പ്‌ ഇങ്ങനെപറഞ്ഞ്‌ പരിചയപ്പെടുത്തിയത്രേ.

``ഞാന്‍ തിരുവനന്തപുരത്തുള്ള ചന്ദ്രശേഖരേഡിന്റെ അമ്മാവന്‍.....'' എന്നിട്ട്‌ നെഞ്ചു വിരിച്ചങ്ങ്‌ നിന്നു. ഞാനാരാണെന്ന്‌ മനസ്സിലായോ എന്ന ഭാവത്തില്‍.

ഇതുതന്നെയല്ലേ വരിതെറ്റിക്കേറിനിന്നവളും ചെയ്‌തത്‌. വിളിപ്പുറത്ത്‌ ഹേഡേമാനന്മാരുണ്ടുപോലും!

കുറേ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഞാന്‍ നാട്ടിലേക്ക്‌ പോകാന്‍ ന്യൂയോര്‍ക്കില്‍ എത്തി. എയര്‍ ഇന്ത്യയുടെ ഗേറ്റ്‌ തുറക്കുന്നതും കാത്ത്‌ പത്തുനാനൂറ്‌ ആത്മാക്കള്‍! അവസാനം ഗേറ്റ്‌ തുറന്നപ്പോഴാണ്‌ എങ്ങനെയെങ്കിലും ലൈനില്‍ മുന്നിലെത്താനുള്ള ഇടി തുടങ്ങിയത്‌.. തനി ഭാരതീയം അഥവാ കേരളീയമായ ഇടി. പറക്കുംപക്ഷി ഇന്ത്യനല്ലേ. അതൊരു വശം.

തോളത്ത്‌ നക്ഷത്രങ്ങള്‍ പതിച്ച എയര്‍ഇന്ത്യാപ്രമാണിയുടെ ഒപ്പം ഇതാ വരുന്നു ഒരു സേട്ട്‌. സേട്ടിന്‌ ഇടിക്കാനുള്ള കരുത്തില്ല. പക്ഷേ പിടിപാടിന്റെ കരുത്തുപയോഗിച്ച്‌ വേഗം വിമാനത്തില്‍ കേറിപ്പറ്റണംപോലും. ഇതും സ്വാധീനത്തിന്റെയും പണക്കൊഴുപ്പിന്റെയും കഥ.

അമേരിക്കയിലെ ഒരു അത്യാധുനിക ഫ്രീവേയില്‍ക്കൂടി കാറോടിക്കുകയാണെന്ന്‌ കരുതുക. തുറന്നകാറില്‍ ബ്ലോണ്ട്‌മുടിയും പറപ്പിച്ച്‌ ഒരു മദാമ്മക്കൊച്ച്‌ ചാട്ടുളിപോലെ നമ്മുടെ മുന്നില്‍ വന്നുകയറുന്നു. നിങ്ങള്‍ `വൈരാഗ്യമേറിയ വൈദീകനാണെങ്കിലും' വികടസരസ്വതി നാവിന്‍തുമ്പില്‍ തത്തിക്കളിച്ചെന്നിരിക്കും.

മറ്റൊരു കഥ

നാട്ടില്‍ക്കൂടി ഒരുവന്‍ കാറില്‍ യാത്ര ചെയ്യുന്നു. എവിടെനിന്നോ ഞാലിപ്പൂവിന്റെ ഒരു പടല പഴവും വാങ്ങി.

അമേരിക്കയില്‍ ദീര്‍ഘയാത്ര ചെയ്യുമ്പോള്‍ കാറിനകത്ത്‌ ആദ്യം കരുതിവെക്കുന്നത്‌ ഒരു ട്രാഷ്‌ ബാഗാണ്‌, ഉച്ഛിഷ്‌ടങ്ങള്‍ നിക്ഷേപിക്കാന്‍. നാട്ടില്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലല്ലോ.

അയാള്‍ ഗ്ലാസ്‌ താഴ്‌ത്തി പഴത്തൊലി പുറത്തേക്ക്‌ വലിച്ചെറിയുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം തന്നത്‌ ദൈവത്തിനുതന്നെ ഇരിക്കട്ടെ.

യാത്ര തുടരുന്നു. കുറേച്ചെന്നപ്പോള്‍ മൂത്രശങ്ക. അപ്പോള്‍ പറഞ്ഞു

``എടോ, തങ്കച്ചാ സൗകര്യംനോക്കി കാറൊന്ന്‌ നിര്‍ത്ത്‌.....''

തങ്കച്ചന്‌ കാര്യം പിടികിട്ടി.

പെരുവഴിക്കരുകില്‍ കുറ്റിച്ചെടിയുടെ മറവില്‍ മൂത്രമൊഴിച്ചു.

കേരളരീതിയില്‍ അങ്ങനെയാണ്‌.

ഇപ്പറഞ്ഞതൊക്കെ കഥകള്‍. ഇതെന്തിന്‌ ഇവിടെ ഓര്‍മ്മിപ്പിച്ചു. ഇന്ന്‌ കൂട്ടത്തോടെ പാമ്പിനെ തല്ലുകയാണ്‌. വരുന്നവര്‍ക്കെല്ലാം ഒന്നെങ്കിലും തല്ലണംപോലും. ഞങ്ങളെല്ലാം പുതിയ സാംസ്‌ക്കാരിക രീതികള്‍ പഠിച്ചെടുത്ത്‌ തല്ലാന്‍ യോഗ്യതനേടിയെന്നോ?

രണ്ടും മൂന്നും തലമുറകള്‍ വളര്‍ന്നുവന്നപ്പോഴേക്കും കുടിയേറ്റ മലയാളികള്‍ കേരളരീതികളില്‍നിന്ന്‌ മാറിക്കൊണ്ടിരിക്കുന്നത്‌ നേര്‌. അവര്‍ തങ്ങളുടേതായ രീതികള്‍ സ്വയമേ സൃഷ്‌ടിച്ചെടുക്കുന്നതും നേര്‌. നെഞ്ചത്ത്‌ കൈവെച്ചുകൊണ്ട്‌ പാടുന്നത്‌ ``ലാന്‍ഡ്‌ ഒഫ്‌ ദ ഫ്രീ ആന്‍ഡ്‌ ദ ഹോം ഒഫ്‌ ദ ബ്രേവ്‌'' എന്നാണല്ലോ.

ഇവിടെ പ്രശ്‌നം അതല്ല. പണത്തിന്റെയും സൗന്ദര്യത്തിന്റെയും പദവിയുടെയും മാടമ്പിത്തരത്തിന്റെ അഹങ്കാരംനിറഞ്ഞ പ്രദര്‍ശനത്തെ പൊതുജീവിതത്തില്‍ വെച്ച്‌ പൊറുപ്പിക്കുന്നത്‌ ആധുനിക മാന്യതയുടെ രീതിയല്ലെന്നതുതന്നെ, അത്‌ ലോകത്തെവിടെയായാലും. ആ മാന്യതതന്നെയാണ്‌ ഒരു വ്യക്തിയുടെ പെരുമാറ്റത്തിന്റെ അളവുകോലും. നിയമം ലംഘിക്കാനുള്ള വ്യഗ്രതതന്നെ മനുഷ്യസ്വഭാവം. ഞാന്‍, ഞാനാരാണെന്നറിയാമോ? ഓ, കിരാതമനസ്സും തലപൊക്കുന്നു.

കാലങ്ങളെത്തിയപ്പോഴേക്കും, തലമുറകള്‍ മാറി വന്നപ്പോഴേക്കും തങ്ങള്‍ ജീവിക്കുന്ന നാടിന്റെ നല്ല രീതികള്‍ കുടിയേറ്റക്കാര്‍ അഭ്യസിച്ചു തുടങ്ങിയോ? അങ്ങനെയാണ്‌ മനസ്സ്‌ പറയുന്നത്‌.

കണ്ടോ, അമേരിക്കയിലെ മലയാളിയുടെ ഒരു ജാഡയേ, ഞങ്ങടെ ഏമാന്മാരെ ചോദ്യം ചെയ്യുന്നോ? കേരളത്തില്‍നിന്നെത്തുന്ന ചില സാംസ്‌ക്കാരിക നായകരെങ്കിലും ഇങ്ങനെ ചോദിക്കുമോ, എന്തോ?

ചിലപ്പോള്‍ നിസാര സംഭവങ്ങളും വലിയ ചര്‍ച്ചക്ക്‌ കാരണമാകും. ഇവിടെ അമേരിക്കയിലെ മലയാളി കുടിയേറ്റക്കാരുടെ സാംസ്‌ക്കാരിക വേര്‍പിരിവ്‌ തന്നെയാകട്ടെ ചര്‍ച്ച. ഒരു വീതംവെക്കലുണ്ടായാല്‍ നമുക്ക്‌ കിട്ടിയത്‌ കലര്‍പ്പില്ലാത്ത മലയാളംതന്നെ. ഇന്ന്‌ അമേരിക്കയിലെ ഒരു സാധാരണ മലയാളിക്ക്‌ ഇംഗ്ലീഷ്‌ വാക്കുകളുടെ ഊന്നുവടികളില്ലാതെ മലയാളം പറയാന്‍ കഴിയും, എഴുതാനും.

കേരളത്തില്‍നിന്നുവരുന്ന ടെലിവിഷന്‍ പരിപാടികള്‍ ശ്രദ്ധിച്ചാല്‍ കാണാം നമ്മള്‍ ഇന്നലെ ഇവിടെക്കണ്ടതിന്റെ, ഫാഷന്‍ ഉള്‍പ്പെടെ, തനി അനുകരണം കാണിച്ചാണ്‌ അവിടെ അവര്‍ പ്രേക്ഷകരെ പറ്റിക്കുന്നത്‌.

കേരളത്തില്‍ പല രംഗങ്ങളിലും തിളങ്ങിനില്‌ക്കുന്ന മാടമ്പിമാര്‍ക്ക്‌, മന്ത്രി മെത്രാന്‍ താരന്‍-താരി തുടങ്ങിയവര്‍ക്ക്‌ അമേരിക്കയില്‍ വന്നേ തീരൂ. അവരുടെ സദാചാരസൂക്തങ്ങള്‍ കേള്‍പ്പിച്ച്‌ നമ്മെയൊക്കെ നല്ലശീലം പഠിപ്പിക്കാന്‍. നമുക്ക്‌ സ്വര്‍ഗവും അവര്‍ക്ക്‌ പേരും പെരുമയും, പിന്നെ കാശും!

ഇനിയും ഇതിനോടൊക്കെ ചേര്‍ത്ത്‌ വായിക്കുക അമേരിക്കയിലെ ചട്ടക്കൂട്ടിനുള്ളില്‍ ശ്വാസംമുട്ടി നടന്നിട്ട്‌ സ്വന്തം തട്ടകത്തില്‍ ചെന്ന്‌ വേണ്ടപ്പെട്ടവരെക്കണ്ടപ്പോള്‍ പാറപ്പുറത്തിരുന്ന്‌ മാനത്ത്‌ തെളിഞ്ഞുനില്‌ക്കുന്ന അമ്പിളിഅമ്മാവനെ നോക്കി പഴയ പാരമ്പര്യത്തില്‍ ധൈര്യമായി ഒന്ന്‌ കൂവിപ്പോയത്‌. അത്‌ തെറ്റാണെന്നൊന്നും പറയുന്നില്ല, അങ്ങനെയുള്ളവരുടെ സാംസ്‌ക്കാരികവളര്‍ച്ച മുരടിച്ചുവെന്ന്‌ കരുതിയാല്‍മതി.
പെരുമാറ്റ രീതികളില്‍ക്കൂടി വെളിപ്പെടുന്ന വ്യക്തിത്വം (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക