Image

പനി പിടിച്ച കേരളം (ജോസ്‌ കാടാപുറം)

Published on 08 June, 2013
പനി പിടിച്ച കേരളം (ജോസ്‌ കാടാപുറം)
ഒരു ജനതയുടെ ആരോഗ്യപരിപാലനം ആരുടെ ഉത്തരവാദിത്വമാണ്‌? ഭരിക്കുന്നവരുടെയോ അതോ സാധാരണ ജനങ്ങളുടെയോ? പനിയും പകര്‍ച്ചവ്യാധിയും കേരളത്തെ തളര്‍ത്തുമ്പോള്‍ കണക്കുകളില്‍ കൃത്രിമംകാട്ടിയാണ്‌ ഭരണം മുന്നോട്ടുപോകുന്നത്‌. കേരളത്തില്‍ 15 ലക്ഷം പേര്‍ക്കാണ്‌ പനി ബാധിച്ചിരിക്കുന്നത്‌. എന്നാല്‍ സര്‍ക്കാരിന്റെ കണക്കുകളില്‍ പനി ബാധിച്ചിട്ടുണ്ടെന്ന്‌ സമ്മതിച്ചത്‌ ഭാഗ്യം! പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 40, ആകെ മരിച്ചവരുടെ എണ്ണം നൂറു കടന്നെന്ന്‌ മറ്റൊരു കണക്ക്‌. പുറം ലോകം അറിയാത്ത മരണം വേറെയുമുണ്ട്‌. ഡെങ്കിപ്പനി, മലേറിയ, ചിക്കന്‍ഗിനിയ, എലിപ്പനി, എച്ച്‌ 1 എന്‍ 1 തുടങ്ങി പലതരം രോഗങ്ങള്‍ നിയന്ത്രണമില്ലാതെ പടര്‍ന്നു പിടിക്കുന്നു. ഡെങ്കി ഹെമറേജ്‌ ഫീവര്‍, ഡെങ്കി ഷോക്ക്‌ സിന്‍ഡ്രോം എന്നിവ സംസ്ഥാനത്ത്‌ വ്യാപിക്കുന്നുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ സമ്മതിക്കുന്നു. കേരളത്തില്‍ ഡെങ്കി ഹെമറേജ്‌ പനി വ്യാപകമാകുന്നെന്ന ദേശീയ സാംക്രമികരോഗ നിയന്ത്രണ യൂണീറ്റിന്റെ മുന്നറിയിപ്പ്‌ സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ്‌ മരണ സംഖ്യ ഉയര്‍ന്നത്‌.

നാട്ടില്‍ ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ മാത്രമല്ല പനിയുണ്ടാകുന്നത്‌. ഈ ഭരണത്തിന്റെ ഒന്നാംവര്‍ഷം പടര്‍ന്നുപിടിച്ച്‌ കേരളം വിറച്ചപ്പോള്‍ ഈ ലേഖകന്‍ ആരോഗ്യ വകുപ്പിന്റേയും സര്‍ക്കാരിന്റേയും നിസ്സംഗതയെക്കുറിച്ച്‌ എഴുതിയിരുന്നു. ഇപ്പോഴും ശങ്കരന്‍ തെങ്ങില്‍ തന്നെ. മതിയായ ചികിത്സ ഒരുക്കാനോ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനോ സര്‍ക്കാരിന്‌ കഴിയുന്നില്ല. ജാഗ്രത പുലര്‍ത്താനും കൊതുകിനെ കൊല്ലാനും ഉപദേശം നല്‍കി തടിയൂരാനാണ്‌ ആരോഗ്യവകുപ്പിന്റെ ശ്രമം. കേരളം അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌ മാലിന്യം. സ്വയം മലിനമായ ഒരു സര്‍ക്കാരിനെങ്ങനെ നാട്ടിലെ മാലിന്യം നിര്‍മ്മാര്‍ജ്ജം ചെയ്യാന്‍ പറ്റും! പകര്‍ച്ചവ്യാധി ആകസ്‌മികമായി കടന്നുവന്നതല്ല. പടര്‍ന്നു പിടിക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതു മനസിലാക്കി മാലിന്യ പ്രശ്‌നം പരിഹരിക്കാനോ, മഴയ്‌ക്കുമുമ്പ്‌ അവശ്യംവേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാരിന്‌ താത്‌പര്യമില്ല. അധികാരം പങ്കിടുന്നതിന്റേയും പടിച്ചെടുക്കുന്നതിന്റേയും തര്‍ക്കത്തിനും തിരക്കിനും യാത്രകള്‍ക്കുമിടയില്‍ പനി പോയിട്ട്‌ മരണം പോലും സര്‍ക്കാര്‍ കാണുന്നില്ല.

ആശുപത്രികളില്‍ വേണ്ടത്ര ഡോക്‌ടര്‍മാരില്ല. നേഴ്‌സുമാരും മരുന്നുമില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട്‌ വീര്‍പ്പുമുട്ടുകയാണ്‌. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഏറ്റവും എളുപ്പം പഞ്ചായത്തുകള്‍ക്കാണ്‌. ഈ സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണത്തിന്‌ എതിരായതിനാല്‍ പഞ്ചായത്തുകള്‍ക്ക്‌ വേണ്ടത്ര ഫണ്ട്‌ അനുവദിക്കുന്നില്ല. മാലിന്യനിര്‍മ്മാര്‍ജ്ജനം, ഫോഗ്ഗിംഗ്‌, ഉറവിട കൊതുകു നശീകരണം എന്നിവ ഏറ്റെടുക്കാന്‍ പഞ്ചായത്തുകളെ നിര്‍ബന്ധിക്കണം. ഇതിനുള്ള ഫണ്ട്‌ സര്‍ക്കാര്‍ അടിയന്തരമായി നല്‍കണം.

അതെങ്ങനെ അധികാരത്തിനുവേണ്ടിയുള്ള തര്‍ക്കം തീര്‍ക്കാന്‍ ഖജനാവ്‌ മുടിപ്പിക്കുന്ന സര്‍ക്കാര്‍. കേരളത്തില്‍ തീര്‍ക്കാന്‍ പറ്റാതെവന്നപ്പോള്‍ മുഖ്യന്‍ ഡല്‍ഹിക്ക്‌ പോയി. അവിടെയും തീരാതെവന്നപ്പോള്‍ വീണ്ടും കേരളത്തില്‍ തീര്‍ക്കണമെന്നായി. ഇതിനിടയില്‍ ഭരിക്കാന്‍ എവിടെ സമയം? പനിക്കുള്ള മരുന്നു വാങ്ങാനുള്ള പണം പോലും ഓരോ ജില്ലയ്‌ക്കും അനുവദിച്ചിട്ടില്ല. അതുകൊണ്ട്‌ പനിമരണങ്ങളുടെ എണ്ണവും കൂടി. മഴ കനക്കുന്നതിനു മുമ്പുതന്നെ രോഗം എത്തിക്കഴിഞ്ഞു. മാലിന്യം കുന്നുകൂടി കിടക്കുന്നു. ശുദ്ധ ജലം ലഭിക്കാത്തുമൂലം മഞ്ഞപ്പിത്തം പകരുന്നു. ഇതൊന്നും ശ്രദ്ധിക്കാന്‍ മന്ത്രിമാര്‍ക്ക്‌ സമയമില്ല. മന്ത്രിമാരുടെ എണ്ണം കുറവാണെന്ന്‌ ആരും പറയില്ല.

സമഗ്ര വികസന മന്ത്രം ചൊല്ലി ചെന്നിത്തല കാസര്‍കോട്ട്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ യാത്ര നടത്തി. യാത്ര ശുഷ്‌കമായെങ്കിലും പിരിവ്‌ കൃത്യമായി നടന്നു. 1000 രൂപയുടെ നോട്ടുമാലകള്‍ യൂത്തും മൂത്തതും ഒന്നിച്ചു അമുക്കിയതുകൊണ്ട്‌ കണക്കൊന്നും ലഭിക്കില്ല!

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്‌. വേണ്ടത്ര ഫണ്ട്‌ അനുവദിക്കാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്നില്ല. സ്വകാര്യ ആശുപത്രികള്‍ രോഗികളെ പിഴിയുന്നു. ഇതൊന്നും ശ്രദ്ധിക്കാന്‍ മന്ത്രിമാര്‍ക്ക്‌ സമയമില്ല. പനി മരണങ്ങളുടെ വാര്‍ത്ത വന്നപ്പോഴാണ്‌ യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ തീരുമാനിച്ചത്‌. പനി അനിയന്ത്രിതമായി പടര്‍ന്നുപിടിച്ചപ്പോള്‍ ആരോഗ്യമന്ത്രി തീര്‍ത്ഥാടനത്തിലായിരുന്നു. തിരികെ വന്ന്‌ അവലോകനം കഴിഞ്ഞ്‌ അനുവദിച്ചത്‌ പാരസെറ്റമോള്‍ വാങ്ങാന്‍ പോലും തികയാത്ത പണം!

മന്ത്രിമാരുടെ പ്രവര്‍ത്തനം ഏകീകരിക്കേണ്ട മുഖ്യമന്ത്രി സമുദായ നേതാക്കളുടേയും സഖ്യകക്ഷി പാര്‍ട്ടികളേയും കൂട്ടി ഭരണം നിലനിര്‍ത്താന്‍ വേണ്ടി അവരുടെ കാല്‌ കഴുകി വെള്ളംകുടിക്കുന്നു. ചുരുക്കത്തില്‍ കേരളത്തിലേക്ക്‌ പോകാന്‍ പേടിയാകുന്നുവെന്ന്‌ പ്രവാസികള്‍ പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. കാരണം ഭരണം നയിക്കുന്നവരുടെ മനസ്സിനാണ്‌ പകര്‍ച്ചവ്യാധി പടിച്ചിരിക്കുന്നത്‌.....
പനി പിടിച്ച കേരളം (ജോസ്‌ കാടാപുറം)പനി പിടിച്ച കേരളം (ജോസ്‌ കാടാപുറം)
Join WhatsApp News
andrewsmillenniumbible [andrews.c] 2013-06-09 16:33:10
With regard to all things going in Kerala,it seems we here in US are more concerned about the future of our Mother land. Keralites; they don't give a dam.
Vineethu V. 2013-06-10 01:23:49
ഇതു മാത്രമല്ല, ഫോണ്‍ വിളിക്കുന്നതു ഒളിച്ചുകേൾക്കുക, ഈ-മെയിലുകൾ മോഷ്ടിക്കുക, പോലീസിനെക്കൊണ്ട് തല്ലിക്കുക തുടങ്ങിയ നാറിത്തരങ്ങളും ചെറ്റത്തരങ്ങളും ചെയ്യുന്നു. പോലീസ് കൂലിത്തല്ലുകാരായി മാറി പിന്നെയും! ആലിബാബയും അംഗങ്ങൾ തമ്മിലും ഫോണ്‍ ചോർത്തുന്നു. രമേശ് സംസ്ഥാന പാർട്ടി പ്രസിഡണ്ട്‌ കളിച്ച ശേഷം മന്ത്രി കളിക്കണമെന്നു പറഞ്ഞു വട്ടംകറങ്ങുന്നു. ജനസേവനം പറഞ്ഞു തന്നെ! ജപ്പാൻ സഹായം, ജർമ്മിനി സഹായം, അമേരിക്കാ, ഗൾഫു എന്നെല്ലാം പറഞ്ഞു വിദേശത്തു ഒളിച്ചുവെച്ചിരിക്കുന്ന കള്ളപ്പണം ശിങ്കിടികളായ ചിലരിൽക്കൂടി എൻ. ആർ. ഐ. ഇൻവെസ്റ്റ്മെന്റു എന്നു പറഞ്ഞു മടക്കിക്കൊണ്ടുവന്നു വൻകിടപദ്ധതികൾ (മാനത്തു) തുടങ്ങുന്നു, വലിയ തോതിൽ അഴിമതികൾ നടത്തുന്നു. ഓസ്കാർ അവാർഡു നടത്താൻ കൊച്ചിയിൽ വൻകിട പദ്ധതി വരുന്നത്രേ! ഓസ്കാർ അവാർഡു നടത്താൻ കേരളമോ? വന്നാൽത്തന്നെ മുപ്പതുവർഷ പാട്ടഭൂമിയിൽ കെട്ടിടം പണിയണമോ? സർവീസ് അപ്പാർട്ടുമെന്റുകൾ അതിൽ പണിയുമോ? വലിയ കെട്ടിടം പണിഞ്ഞു കഴിഞ്ഞാൽ പിന്നെ കൊച്ചിയിൽ ആയിരിക്കുമത്രെ ഒസ്കാർ! ലക്ഷക്കണക്കിന്‌ മാക്രികൾക്ക് ജോലി കിട്ടുമത്രേ (?) ഓസ്കാർ നടത്താൻ പറ്റിയ ഒരു സ്ഥലമേ! ജനജീവിതം പാടെ തകർത്തുകൊണ്ട് പരസ്യമായി അഴിമതിഭരണം കൊണ്ഗ്രസ്സു കേരളത്തിൽ നടത്തുന്നു. ചോദിക്കാൻ ആളില്ല. പത്രങ്ങളെ പണത്തിൽ മുക്കി മരവിപ്പിച്ചു. പെണ്‍കുട്ടികൾക്കും  പ്രായംചെന്ന സ്ത്രീകള്ക്കും പുറത്തിറങ്ങി നടക്കാനോ ബസ്സിൽ യാത്ര ചെയ്യാനോ പോലും വയ്യാത്തവിധം ക്രമസമാധാനവും തകർന്നു. എല്ലാ വിധത്തിലും അധർമ്മവും അക്രമവും നടത്തി രാജ്യത്ത് ജനജീവിതം ദുഷ്കരമാക്കിയിരിക്കുന്നു. ക്രിമിനലായി ജയിലിൽ പോയ കൊട്ടാരക്കരയിലെ തന്ത-പിള്ളയെ ക്യാബിനറ്റ് റാങ്കിൽ നിയമനം നല്കി മോഷ്ടിക്കാൻ വിട്ടു. അടിപിടി, പെണ്ണുകേസ്, ഭാര്യാമർദ്ദനം ഒക്കെകാരണം മന്ത്രിപദത്തിൽ നിന്ന് ഇറക്കിവിട്ട ഇയാളുടെ മകൻ പിള്ളയായ 'പുഷ്കരനെ' വീണ്ടും മന്ത്രിയാക്കണമെന്നു പറഞ്ഞു നായർ സമുദായ സർട്ടിഫിക്കറ്റും നല്കി യോഗ്യനാക്കുന്നു. 'ഒറ്റസീറ്റ് ' പാർട്ടി നേതാവായ തന്തപിള്ള വകുപ്പ് പറഞ്ഞാണ് പരസ്യമായി തന്റെ മകൻ പുഷ്ക്കരൻ പിള്ളയെ വീണ്ടു മന്ത്രിയാക്കാൻ നിർദ്ദെശിക്കുന്നതും! പാവം മലയാളി വയറും തിരുമ്മി പരതി നടക്കുന്നു. പട്ടിണി മരണം ആരംഭിച്ചു കഴിഞ്ഞു. അക്കൂടെ പണ്ടെങ്ങും കേട്ടിട്ടില്ലാത്ത പനികളും പരക്കുന്നു. ദൈവതോ രക്ഷതു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക